Sunday, September 5, 2010

മലയോര കര്‍ഷകരുടെ അവകാശം സംരക്ഷിക്കപ്പെട്ടു

കഠിനാധ്വാനത്തിലൂടെ മണ്ണില്‍ കനകം വിളയിച്ചവരാണ് മലയോര കര്‍ഷകര്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തന്നെയാണ് കര്‍ഷകരെ വനപ്രദേശങ്ങളില്‍ കുടിയേറാന്‍ പ്രോത്‌സാഹനം നല്‍കിയത്. ഭക്ഷ്യ ഉല്‍പാദന വര്‍ധനവായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥയെയും വന്യ മൃഗങ്ങളുടെ ആക്രമണങ്ങളെയും നേരിട്ട് മലയോര കര്‍ഷകര്‍ കാര്‍ഷിക ഉല്‍പാദന വര്‍ധനവില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. എന്നാല്‍ അവരില്‍ നല്ലൊരു ഭാഗത്തിനും കൈവശ ഭൂമിയില്‍ നിയമപരമായ അധികാരം ലഭിച്ചില്ല. മലയോര കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച മണിയങ്ങാടന്‍ കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ശുപാര്‍ശയില്‍ മലയോര കൃഷിക്കാര്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് യാഥാര്‍ഥ്യമാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുകളെല്ലാം പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ കോടതികളുടെ ഇടപെടലുകളും കേന്ദ്ര വനം മന്ത്രാലയത്തിന്റെ തടസ്സങ്ങളും മലയോര കൃഷിക്കാരുടെ ന്യായമായ ആവശ്യം നിറവേറ്റുന്നതിന് വിലങ്ങുതടിയായി. 1977 ജനവരി ഒന്നിനു മുമ്പ് വനഭൂമി കൈവശംവെച്ചവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നാണ് പൊതുവായ നിലപാട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് യോജിപ്പു പ്രകടിപ്പിക്കാറുണ്ടെങ്കിലും പട്ടയം മാത്രം യാഥാര്‍ഥ്യമായില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുെന്നങ്കിലും അതു കേവലമായ പ്രചരണത്തില്‍ ഒതുങ്ങി. വനം-റവന്യൂ വകുപ്പുകള്‍ പട്ടയം നല്‍കുന്ന കാര്യത്തില്‍ എടുത്ത വ്യത്യസ്ത നിലപാടുകള്‍ കൃഷിക്കാരുടെ താല്‍പര്യത്തിന് വിനയാവുകയും ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റവന്യൂ-വനം വകുപ്പുകള്‍ സംയുക്തമായി നീക്കം ആരംഭിച്ചു. സുപ്രിം കോടതിയില്‍ ഇരു വകുപ്പുകളും യോജിച്ച് സത്യവാങ്മൂലം നല്‍കി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഗത്ഭരായ അഭിഭാഷകരെ കേസിന്റെ നടത്തിപ്പിനായി നിയോഗിച്ചു. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു. ഭൂമി കൈമാറ്റ അവകാശത്തോടുകൂടി ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സുപ്രിംകോടതി അനുമതി നല്‍കി.

മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് തടസ്സമായി നില്‍ക്കുന്ന 1993 ലെ കേരള ലാന്‍ഡ് അസൈന്‍മെന്റ് സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചതോടെ പട്ടയ വിതരണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. 28,000 ത്തില്‍പരം കൃഷിക്കാര്‍ക്കാണ് പട്ടയം ലഭിക്കുക. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 28,858 ഹെക്ടര്‍ ഭൂമിയിലാണ് കൃഷിക്കാര്‍ക്ക് അവകാശം ലഭിക്കുന്നത്. ഇതില്‍ സിംഹഭാഗവും ഇടുക്കി ജില്ലയിലാണ്.

മലയോര കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ തീരുമാനിച്ചതിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ മറ്റൊരു വാഗ്ദാനം കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി.

മലയോര കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം ഉറപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികള്‍ക്ക് ഇടുക്കി ജില്ലയില്‍ എല്‍ ഡി എഫ് രൂപം നല്‍കിയിരുന്നു. മന്ത്രിസഭയുടെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ഈ സമരപരിപാടികള്‍ ഉപേക്ഷിച്ചിട്ടുണ്ട്.

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശമുള്ള മുഴുവന്‍ കൃഷിക്കാര്‍ക്കും പട്ടയം നല്‍കണം. പാലക്കാട്, മലപ്പുറം പോലുള്ള ജില്ലകളില്‍ പട്ടയത്തിന് അര്‍ഹരായ ധാരാളം കൃഷിക്കാരുണ്ട്. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കി അവര്‍ക്കും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

ജനയുഗം മുഖപ്രസംഗം 04092010

1 comment:

  1. മലയോര കൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ തീരുമാനിച്ചതിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ മറ്റൊരു വാഗ്ദാനം കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കര്‍ഷക പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി.

    ReplyDelete