Sunday, September 5, 2010

അന്യന്റെ വിശപ്പിനുമേല്‍ 'ആര്‍മാദി'ക്കുന്നവര്‍

ചില കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. പലരും ശ്രദ്ധിച്ചിരിക്കാനിടയില്ലാത്ത കാര്യവുമാവും. ഇതെക്കുറിച്ച് പറയുകയോ, അല്‍പം രോഷം കൊള്ളുകയോ ചെയ്താല്‍ പഴിക്കാന്‍ പലരുമുണ്ടാകും. നമ്മളാണോ നാടുനന്നാക്കുന്നത്. പോകുന്നവഴിക്ക് തെളിയുന്നതല്ലേ ബുദ്ധി. വേണ്ടാത്ത കാര്യത്തില്‍ മിണ്ടാതിരുന്നൂടെ? ഇത്രയുമൊക്കെ കേട്ടാല്‍ ഒരുവകപ്പെട്ടവന്റെയൊക്കെ പ്രതികരണശേഷി തകരും. അതാണ് സമൂഹത്തിനു വേണ്ടതുതാനും.

എന്താണിങ്ങനെ വട്ടംചുറ്റിക്കുന്ന ആമുഖമെന്നാവും വായനക്കാരന്‍. അവനവന്റെ അനുഭവമായതുകൊണ്ട് പറഞ്ഞുതുടങ്ങുകയാണ്. ഈയ്യിടെ ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍പോയി. കക്ഷി പൊതുപ്രവര്‍ത്തകനാണ്. നല്ല എളിമ. ലാളിത്യത്തിന്റെ ആള്‍രൂപം. ഒരു ശരാശരി പൊതുപ്രവര്‍ത്തകന്റെ ചിത്രം മനസ്സിലുണ്ടെങ്കില്‍ അതുതന്നെ. കല്യാണം രാവിലെ ഒമ്പതര മണിക്ക്. തുടര്‍ന്ന് സദ്യയും. അതിനിടയ്‌ക്കൊരു ദിവസം കണ്ടപ്പോള്‍ ടിയാനോട് ചോദിച്ചു. ''എന്തിനാ രാവിലെ സദ്യ''. വല്ല പ്രഭാതഭക്ഷണത്തിലൊതുക്കിയാല്‍ അതല്ലേ നല്ലത്. എന്റെ വിവരക്കേടില്‍ കക്ഷി ഒന്നു ചിരിച്ചു.

കല്യാണം കഴിഞ്ഞ് കൈപിടിച്ചു കുലുക്കലും, ഫോട്ടോയില്‍ തലവെയ്ക്കലും കഴിഞ്ഞ്, കാണികള്‍ അരങ്ങൊഴിയാന്‍ തുടങ്ങി. അല്‍പം ചില ഭോജനവിശാരദന്മാരൊഴികെ ബാക്കി പേര്‍ സ്ഥലം കാലിയാക്കി. രാവിലെ ഒമ്പതരയ്ക്ക് വയറുനിറയെ തട്ടാനുള്ള ധൈര്യക്കുറവ് തന്നെ കാരണം. ഏതാണ്ടൊരു മൂവായിരം പേര്‍ക്ക് സദ്യ ഒരുക്കിയിരുന്നു. ഒട്ടു അതിശയോക്തിയില്ലാതെ പറയാം, ആകെ ഭക്ഷണം കഴിച്ചത് മുന്നൂറില്‍ ചോടെ. ബാക്കി ഭക്ഷണമൊക്കെ എന്തു ചെയ്തു. ഒരു താല്‍പര്യംകൊണ്ട് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരാളോട് ഈ ചോദ്യം ചോദിച്ചു. കുറച്ച് ഭക്ഷണം ആരൊക്കെയോ കൊണ്ടുപോയി. കല്യാണ വീട്ടുകാര്‍ മുഹൂര്‍ത്തത്തിനുമുമ്പ് ഗൃഹപ്രവേശത്തിനായി തിരക്കിട്ടുപോയി. ആര്‍ക്കും വേണ്ടാത്ത ഒന്നാന്തരം സദ്യ പകുതിയിലധികവും കുഴി കുത്തി മൂടി.

ലോകത്തിലെ മൊത്തം പട്ടിണിക്കാരില്‍ 27 ശതമാനം വരുന്ന ഇന്ത്യാ രാജ്യത്തെ ഒരനുഭവമാണ് എഴുതിയത്. അതിശയോക്തിയില്ല. ഇന്ത്യയിലെ ശിശുമരണങ്ങളില്‍ പകുതി പോഷകാഹാരക്കുറവുമൂലമാണത്രെ. ഈ രാജ്യത്ത് പോഷകാഹാരമില്ലാത്ത ഏതാണ്ട് 230 ദശലക്ഷം പേരുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം, വാങ്ങാന്‍ ശേഷിയില്ലാതെ ഇനിയും 1.5 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് മൂലമുള്ള ദുരിതമനുഭവിക്കും. കണക്ക് തീരുന്നില്ല. ഇന്ത്യയിലെ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ 70 ശതമാനവും പോഷകാഹാരക്കുറവുമൂലമുള്ള വിളര്‍ച്ചയിലാണ്. ഈ അനുഭവം 40 ശതമാനം സ്ത്രീകള്‍ക്കുമുണ്ട്.

ഭക്ഷ്യസുരക്ഷാ ബില്ല് വരുന്നു. ഭക്ഷണം അവകാശമാണെന്ന പ്രഖ്യാപനം വരുന്നു. എന്തൊക്കെ പുകിലുകള്‍ ഉണ്ടായാലും, എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ എന്ന അവസ്ഥയ്ക്ക്, നിയമപരമല്ലാത്ത മുഖങ്ങളുണ്ട്. അതിലൊരു മുഖമാണ് നേരത്തെ സൂചിപ്പിച്ചത്. ഒരു സമൂഹത്തിന്റെ ദൃഢീകൃതമായ അസ്തിത്വ നിയമത്തിലും ബില്ലിലും ആഹ്വാനത്തിലുമല്ല. അതിന്റെ തന്നെ ധാര്‍മികമായ ആത്മബലത്തിലും തിരിച്ചറിവിലുമാണ്. നേരത്തെ പറഞ്ഞ ധൂര്‍ത്ത് ഈ പശ്ചാത്തലത്തില്‍ കാണുമ്പോഴാണ് ദുഖവും, ദേഷ്യവും വരുന്നത്.

നാം പാഴാക്കുന്ന ഓരോ വറ്റും, ഓരോ ഭക്ഷണസാധനവും, ആരുടെയോ വിശപ്പിന്റെ പരിഹാരമാണ് എന്നറിയുന്നതല്ലേ മനുഷ്യത്വം. ആയിരത്തഞ്ഞൂറു പേര്‍ക്കുണ്ടാക്കിയ ഒന്നാന്തര സദ്യ കുഴിയിലിട്ടാല്‍ അതൊരു ഭീകര പ്രവര്‍ത്തനമാണ്. അതിനെതിരെ നിയമമില്ല. ആര്‍ക്കും പരാതിയില്ല. പരാതി പരിഭവമായി പറഞ്ഞാല്‍ മണ്ടനായി. വേണ്ടാത്തതു പറയലായി. കല്യാണത്തിന് നാടടക്കി നടന്നുവിളിക്കും. ഒരു ബന്ധവും പരിചയവുമില്ലാത്തവന്റെ വീട് കേറി ക്ഷണ ചുരട് കൊണ്ട് ബന്ധിക്കും. വന്നുകയറി വിളിച്ചാല്‍ ഒരുവക കഷ്ടപ്പെട്ടാണെങ്കിലും പോകാതെ പറ്റുമോ. ക്ഷണിക്കുന്നവന്‍ ആരെയോ തോല്‍പ്പിക്കാന്‍ ആളെക്കൂട്ടുകയാണ്.

സദ്യക്കു പോയിവന്നാല്‍ ആദ്യം ചോദിക്കുക തിരക്കുണ്ടായിരുന്നോ എന്നാണ് തിരക്കുകൂടുന്തോറും, ആതിഥേയന്റെ റേറ്റിങ്ങ് കൂടും. നിന്നു തിരിയാനാവാത്ത സ്ഥിതിവരണം. വന്നവരെ സ്വീകരിക്കാനാവാതെ നട്ടംതിരിയണം. കുറേ തിന്നണം, കുറെ കുഴികുത്തി മൂടണം. സാധനങ്ങളും പണവും പൊടിക്കണം. വേണ്ടുന്നവരെ മാത്രം ക്ഷണിച്ചാല്‍ മതി. പണം ചെലവു കുറഞ്ഞാല്‍, അത്രയും കടം കുറയ്ക്കാം. ക്ഷണിതം കിട്ടിവരാതിരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം. പലരും ടെലഫോണ്‍ ഡയറക്ടറി എടുത്തുവെച്ചങ്ങ് ക്ഷണക്കത്തയയ്ക്കും. ബന്ധപ്പെട്ടവരെ മാത്രം ക്ഷണിച്ചാല്‍ പോരെ. എത്ര ചെലവു കുറയ്ക്കാം. എത്രപേരെ വരുത്തി, തീറ്റി ബുദ്ധിമുട്ടിക്കുന്നതൊഴിവാക്കാം.

സര്‍വോപരി എത്ര ഭക്ഷണസാധനങ്ങള്‍ മറ്റുള്ളവര്‍ക്കായി മാറ്റിവെയ്ക്കാം. പണ്ടേ പറയും ഒരു വറ്റ് കളഞ്ഞാല്‍, ഏഴു ജന്മം പട്ടിണിയെന്ന്. അതൊക്കെ കേട്ടുവളര്‍ന്നതാണ് കുട്ടിക്കാലം. അതുകൊണ്ടാണ് ഒന്നാന്തരം ഭക്ഷണം. കുഴിയിലിടുന്നത് കണ്ട് ദേഷ്യവും, വ്യസനവും വന്നത്. ഇതൊക്കെ നടക്കുന്നത് 13.5 കോടി ജനങ്ങള്‍ മുഴുപട്ടിണിയില്‍ നരകിക്കുന്ന നാട്ടിലാണ് എന്നോര്‍ക്കുക. ഇന്ത്യയിലെ ഭൂരിഭാഗവും അറുപട്ടിണിയിലാണെന്നാണ് ലോക ബാങ്ക് പഠനം പറയുന്നത്. ഈ പട്ടിണിക്കാരില്‍ 75 ശതമാനം ഗ്രാമങ്ങളിലുമാണ്. വൈരുധ്യമതല്ല. ധാന്യം ഉല്‍പ്പാദിപ്പിക്കുന്നത് ഗ്രാമങ്ങളിലാണ്. അതാണ് ചുരുങ്ങിയ വിലയ്ക്ക് നഗരങ്ങളിലേയ്ക്കു കടത്തുന്നത്. അതേ ധാന്യം ഇങ്ങിനെ ധൂര്‍ത്തടിച്ചു നശിപ്പിക്കുമ്പോള്‍, അതുല്‍പ്പാദിപ്പിച്ചവര്‍ പട്ടിണിയിലും. എന്തൊരു സങ്കീര്‍ണമായ വൈരുധ്യത്തിലാണ് നം ജീവിക്കുന്നത്.

ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, ജനസംഖ്യ കൂടിയതുകൊണ്ടോ അല്ല പട്ടിണി. പണ്ട് മാല്‍ത്തേസ് ചൂണ്ടിക്കാട്ടിയ ജനസംഖ്യ-ഭക്ഷ്യധാന്യ ഉല്‍പ്പാദന വര്‍ധനവിലെ വ്യത്യാസവുമല്ല. മാല്‍ത്തേസ് പറഞ്ഞതായിരുന്നു ശരിയെങ്കില്‍, ഭൂമിയിലെ മനുഷ്യര്‍ മുഴുവനും, എന്നോ പട്ടിണികൊണ്ട് ഒടുങ്ങിപ്പോയേനെ. അതല്ലാത്ത മറ്റൊരു ശരിയാണ് നാം ഈ കല്യാണസദ്യയില്‍ നിന്ന് ഉള്‍ക്കൊള്ളുന്നപാഠം. ധനികരായ വലിയൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നു. ഈ വിഭാഗത്തിന് യാതൊരു ധാര്‍മികബോധവും, മര്യാദയുമില്ല. എന്തും എത്രയും ആവാം. എന്തും ധൂര്‍ത്തടിക്കാം. ആരാന്റെ ഓഹരികൂടി നശിപ്പിക്കാം. പണം കൊടുത്താല്‍ മതിയല്ലോ. അവര്‍ തിന്നും കുടിച്ചും ആര്‍മാദിച്ചും കഴിയുന്നു. ഒരാള്‍ പത്താളുടെ ഓഹരി തിന്നുതീര്‍ക്കുന്നു.

പിന്നെ ആയിരം പേരുടെ ഭക്ഷണം നശിപ്പിക്കുന്നു. അവിടെ നിന്നാരംഭിക്കുന്നു ദുരിതങ്ങള്‍. നശിപ്പിക്കുന്ന ഓരോ മണി ധാന്യത്തിനും തുള്ളി വെള്ളത്തിനും കണക്കുപറയുന്ന നാള്‍വരണം.

അങ്ങിനെയൊരുനാള്‍ വരണം.

പി എ വാസുദേവന്‍ ജനയുഗം 04092010

2 comments:

  1. ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, ജനസംഖ്യ കൂടിയതുകൊണ്ടോ അല്ല പട്ടിണി. പണ്ട് മാല്‍ത്തേസ് ചൂണ്ടിക്കാട്ടിയ ജനസംഖ്യ-ഭക്ഷ്യധാന്യ ഉല്‍പ്പാദന വര്‍ധനവിലെ വ്യത്യാസവുമല്ല. മാല്‍ത്തേസ് പറഞ്ഞതായിരുന്നു ശരിയെങ്കില്‍, ഭൂമിയിലെ മനുഷ്യര്‍ മുഴുവനും, എന്നോ പട്ടിണികൊണ്ട് ഒടുങ്ങിപ്പോയേനെ. അതല്ലാത്ത മറ്റൊരു ശരിയാണ് നാം ഈ കല്യാണസദ്യയില്‍ നിന്ന് ഉള്‍ക്കൊള്ളുന്നപാഠം. ധനികരായ വലിയൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നു. ഈ വിഭാഗത്തിന് യാതൊരു ധാര്‍മികബോധവും, മര്യാദയുമില്ല. എന്തും എത്രയും ആവാം. എന്തും ധൂര്‍ത്തടിക്കാം. ആരാന്റെ ഓഹരികൂടി നശിപ്പിക്കാം. പണം കൊടുത്താല്‍ മതിയല്ലോ. അവര്‍ തിന്നും കുടിച്ചും ആര്‍മാദിച്ചും കഴിയുന്നു. ഒരാള്‍ പത്താളുടെ ഓഹരി തിന്നുതീര്‍ക്കുന്നു.

    ReplyDelete
  2. "ധനികരായ വലിയൊരു വിഭാഗം രൂപം കൊണ്ടിരിക്കുന്നു...... ഒരാള്‍ പത്താളുടെ ഓഹരി തിന്നുതീര്‍ക്കുന്നു."

    ഇന്ത്യക്കാരുടെ ഇന്നത്തെ ഈ “ഉന്നത” ആവസ്ഥയെ കുറിച്ച് ബുഷ് മറ്റൊരു രീതിയില്‍ പറഞ്ഞപ്പോള്‍ നാം പ്രതിഷേധിച്ചു :)

    ReplyDelete