Thursday, September 2, 2010

ഒടുവില്‍ 'കൈയേറ്റ'ക്കാര്‍ പാവങ്ങളായി

ഒടുവില്‍ 'കൈയേറ്റ'ക്കാര്‍ പാവങ്ങളായി; ആദിവാസി പ്രേമവുമായി യുഡിഎഫും വീരഭൂമിയും

ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ ഭൂസമരത്തിലണിനിരന്നവര്‍ ഭൂമിയും വീടുമില്ലാത്തവരാണെന്ന് ഒടുവില്‍ പ്രതിപക്ഷം സമ്മതിക്കുന്നു. സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ അധിക്ഷേപിച്ചിറക്കിയ പ്രസ്താവനകളിലാണ് കോണ്‍ഗ്രസും മുസ്ളിംലീഗുമെല്ലാം സമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് തലചായ്ക്കാനിടം നേടിക്കൊടുക്കാന്‍ സിപിഐ എമ്മിനായില്ലെന്ന് പറഞ്ഞിരിക്കുന്നത്. കാടുംവീടുമില്ലാത്തവരായി ആദിവാസികള്‍ അനാഥരായെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ 'മുഖപത്ര'മായ മാതൃഭൂമിയും സമാനമായാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കൂരയില്ല, ഇനി കാട്ടിലേക്ക് എന്നരൂപത്തിലാണ് ആദിവാസികളുടെ ദയനീയ ചിത്രം വീരേന്ദ്രകുമാറിന്റെ പത്രം അവതരിപ്പിച്ചിരിക്കുന്നത്. കോട്ടത്തറയിലെ കരിയന്റെയും കുടുംബത്തിന്റൈയും സങ്കടം അവതരിപ്പിച്ച പത്രം സിപിഐ എം ഇവരെയെല്ലാം വഞ്ചിച്ചെന്നാക്ഷേപിച്ചിട്ടുമുണ്ട്. എന്നാല്‍ മാതൃഭൂമി തന്നെ മുമ്പ് ഇതേ ആദിവാസികളെ അച്ച്നിരത്തി ആക്ഷേപിച്ചത് കൈയേറ്റക്കാരെന്നാണ്. പാര്‍ടിക്കാരെകൊണ്ടുവന്ന് സമരനാടകം കളിക്കുന്നവര്‍, സമരത്തിലുള്ളതൊന്നും ഭൂമിയില്ലാത്തവരല്ല, എല്ലാവര്‍ക്കും സ്ഥലവും വീടുമുണ്ട്...............ഫെബ്രുവരി ആറിന് ഭൂസമരം തുടങ്ങിയപ്പോള്‍ ആദിവാസികളെക്കുറിച്ച് പ്രതിപക്ഷം ആരോപിച്ചതിങ്ങനെയൊക്കെയായിരുന്നു.

'മാതൃഭൂമി'യെന്ന വീരഭൂമിയാകട്ടെ ഇതിലുമധികം ആക്ഷേപങ്ങള്‍ ചൊരിഞ്ഞു.ഫെബ്രുവരി ആറിന് കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയടക്കിവെച്ച ഭൂമിയില്‍ ആദിവാസികള്‍ അവകാശം സ്ഥാപിച്ചു. പത്ര മുതലാളിയുടെ തട്ടിപ്പിനെതിരെ ജനം രംഗത്തുവന്നതോടെ മാനസികവിഭ്രാന്തി പിടിപെട്ട നിലയിലായി ഇവര്‍.ജനപ്രതിനിധി, പത്ര ഉടമ, സര്‍വ്വോപരി "സോഷ്യലിസ്റ്റ്''നേതാവും, - ഇങ്ങനെ പലതരം കീരീടങ്ങളണിഞ്ഞിരിക്കുന്നവര്‍ ഭൂമി തട്ടിപ്പ് നടത്തിയത് ജനം ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പാവപ്പെട്ട ആദിവാസികളെ കൈയേറ്റക്കാരാക്കി. സമരത്തിലുള്ളവരിലാരും ആദിവാസികളല്ലെന്നായിരുന്നു അടുത്തദിവസത്തെ കണ്ടെത്തല്‍.

മുതലാളിമാരായ അച്ഛന്റെയും മകന്റെയും ഭൂമികൊള്ള ന്യായീകരിക്കാന്‍ സിപിഐ എമ്മിനെതിരെ അപവാദങ്ങള്‍ നിരത്തുക മാത്രമായിരുന്നില്ല ചെയ്തത്. സമരഭൂമിയിലുള്ളവരില്‍ ഭൂരിഭാഗവും ഭൂമിയുള്ളവരാണ്. പാര്‍ടിക്കാര്‍ക്ക് ഭൂമി നല്‍കാന്‍ കണ്ടെത്തിയ സമരപ്രഹസനമാണിത്, ഇതിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണ്,വീരനും പത്രവും പറഞ്ഞുപഠിപ്പിച്ചത് പ്രതിപക്ഷത്തെ ചിലരും ഏറ്റുപാടി. ഫെബ്രുവരി 12 ന് സമരകേന്ദ്രങ്ങളിലെത്തിയ പ്രതിപക്ഷനേതാക്കളിത് ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം സമരത്തിലുള്ളത് ആദിവാസികളല്ലെന്ന് ഉദ്ഘോഷിച്ചത് അടുത്തദിവസം 'വീരഭൂമി' വെണ്ടക്കയില്‍ നിരത്തി. രാഷ്ട്രീയപകയാണ് സമരകാരണമെന്ന കുറ്റപ്പെടുത്തലും നടത്തി. പക്ഷെ വന്‍കിടകൈയേറ്റക്കാരായ ഹാരീസണ്‍ മലയാളത്തിന്റെ മേപ്പാടിയിലും അരപ്പറ്റയിലും ചുണ്ടേലും കുറിച്യാര്‍മലയിലുമുള്ള അനധികൃതതോട്ടങ്ങളില്‍ സമരം നടക്കുന്നതിനെക്കുറിച്ച് മിണ്ടിയില്ല.

ഈ രൂപത്തില്‍ സമരം നടക്കുമ്പോള്‍ സിപിഐ എമ്മും ആദിവാസിക്ഷേമസമിതിയും സ്പോണ്‍സേഡ് സമരം നടത്തുന്നതായി കുറ്റപ്പെടുത്തിയവരാണ് ഇപ്പോള്‍ 'പാവ'പ്പെട്ട ആദിവാസികളെക്കുറിച്ച് കണ്ണീരൊഴുക്കുന്നത്. സ്വന്തം വാദങ്ങള്‍ തന്നെ വീരന്റെ പത്രവും യുഡിഎഫും വിഴുങ്ങുമ്പോള്‍ തെളിയുന്നത് ഈ സമരത്തിന്റെ നൈതികതയാണ്. ശരിയായ ആവശ്യമുയര്‍ത്തിയാണ് സിപിഐ എം പിന്തുണയോടെ ഭൂസമരം നടത്തിയെന്നതെങ്കിലും കോണ്‍ഗ്രസുമടങ്ങുന്ന പ്രതിപക്ഷം സമ്മതിച്ചിരിക്കയാണ്. ഭൂമിയില്ലാത്ത നിരാശയില്‍ കരിയന്‍ എന്നെഴുതുമ്പോള്‍ മാതൃഭൂമി അംഗീകരിച്ച വസ്തുതയുണ്ട്. അത് കേറിക്കിടക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഈ സമരമെന്നതാണ്.

സമ്പന്നരായ ഭൂവുടമകളുടെ അന്യായമായ സ്വത്ത്കൈയടക്കല്‍ തുറന്നുകാട്ടാനായതോടൊപ്പം മാതൃഭൂമിയും പ്രതിപക്ഷവും ഇപ്പോള്‍ ആദിവാസികളെ ചൂണ്ടി നടത്തുന്ന കരച്ചിലും ഒരര്‍ഥത്തില്‍ സമരത്തിന്റെ നേട്ടംതന്നെയാണ്. കരിയനെയും വെളിച്ചിയെയും കുഞ്ഞനെയുംപോലെ മുകളിലാകാശം മാത്രമായി തലചായ്ക്കാനിടമില്ലാത്ത പാവങ്ങള്‍ക്കായായിരുന്നു ആറ്മാസം വയനാട്ടിലെ ജനകീയ പ്രസ്ഥാനത്തിന്റെ പിന്തുണയില്‍ ഭൂസമരസഹായസമിതിയുടെ പ്രക്ഷോഭം.പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവുമുണ്ട് ,എന്നാല്‍ ആദിവാസിക്ക് കിടന്നുറങ്ങാന്‍ ഒരു കൂരപോലുമില്ല എന്ന ലജ്ജാകരമായ സാമൂഹ്യാവസ്ഥയിലേക്ക് ജനാധിപത്യകേരളത്തിന്റെ കണ്ണ്തുറപ്പിക്കാനായത് ഈ ഭൂസമരത്തിന്റെ രാഷ്ട്രീയനേട്ടമാണ്. ഭൂപ്രമാണിമാര്‍ക്കൊപ്പം ആരെല്ലാം, കിടപ്പാടമില്ലാത്ത ജീവിക്കാനും മരിക്കാനും ഒരുതുണ്ട് മണ്ണില്ലാത്ത പാവങ്ങള്‍ക്കൊപ്പം ആരൊക്കെ. ഇത് കൃത്യമായി മനസ്സിലാക്കാനും തിരിച്ചറിയാനുംസമരം വഴിയൊരുക്കി. സമരം താല്‍ക്കാലികമായാണ് നിര്‍ത്തിയത്. പ്രമാണിമാരുടെ കൈയേറ്റം ഒഴിപ്പിച്ച് മൂന്നുമാസത്തിനകം ആദിവാസികള്‍ക്ക് നല്‍കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് ഭൂസമരസഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ട ആദിവാസികളെ വഴിയാധാരമാക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും പ്രഖ്യാപനമല്ല ചൊവ്വാഴ്ച സമരഭൂമിയില്‍ നിന്നിറങ്ങിയ എല്ലാകുടുംബങ്ങള്‍ക്കും താമസസൌകര്യമൊരുക്കി ഇത് തെളിയിച്ചുകഴിഞ്ഞു. സമരഭൂമിയില്‍ നിന്ന് സ്കൂളില്‍പോയി പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൌകര്യവുമൊരുക്കി. ഇവര്‍ക്കായി ഹോസ്റ്റല്‍ സൌകര്യമടക്കം തയ്യാറാക്കിയിട്ടുണ്ട്.

ആദിവാസികളുടെ സമരത്തെ കോടതി വഴി പൊലീസിനെ ഇറക്കി തല്ലിച്ചതക്കാമെന്ന വ്യാമോഹത്തിലായിരുന്നു പ്രതിപക്ഷവും കൈയേറ്റക്കാരന്റെ പത്രവും. എന്നാല്‍ അധികാരം പാവങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാര്‍ ഒരുതുള്ളിചോരവീഴ്ത്താതെ സമരം തീര്‍ത്തു. ആദിവാസികള്‍ക്ക് ഭൂമിനല്‍കാനും കൈയേറ്റമൊഴിപ്പിക്കാനും സമയബന്ധിതമായ നടപടിയും പ്രഖ്യാപിച്ചു.

വെള്ളാരംകുന്നില്‍ നിന്നും ഏറെ അകലെയല്ല മുത്തങ്ങ.യുഡിഎഫ് ആദിവാസികളോട് കാട്ടിയ ക്രൂരതയൂടെ അനുഭവം മുത്തങ്ങയില്‍ കണ്ടതാണ്. വെടിയുണ്ടയേറ്റ് മരിച്ച ജോഗി, ജോഗിയുടെ കുടുംബത്തിന് ഒരു സഹായവും നല്‍കാതെയാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ നിന്നിറങ്ങിയത്. ഇന്ന് ജോഗിയുടെ മകള്‍ സീത വയനാട് കലക്ടറേറ്റില്‍ ഉദ്യോഗസ്ഥയാണ്. എല്‍ഡിഎഫ് സര്‍ക്കാരാണ് ജോഗിയുടെ മകള്‍ക്ക് തൊഴിലും കുടുംബത്തിന് സഹായവും നല്‍കിയത് ."മുത്തങ്ങ സമരനായിക'' സി കെ ജാനുവിനെ എ കെ ആന്റണിയുടെ പൊലീസ് തല്ലിച്ചതച്ചതും ചോരകിനിഞ്ഞ് വീര്‍ത്ത മുഖവും മലയാളികളാരും മറക്കില്ല. ആ ജാനുവിന്റെ അമ്മ വെളിച്ചി ക്ക് ഭൂമി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം വയനാട്ടില്‍ മാത്രം നാലായിരം ആദിവാസികള്‍ക്കാണ് ഭൂമി നല്‍കിയത്. 2,845 ഏക്കര്‍ അനധികൃതകൈയേറ്റമാണ് സമരത്തിലുണ്ടാക്കി ഒത്തുതീര്‍പ്പിലൂടെ ഒഴിപ്പിച്ച് ആദിവാസികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ വാക്കിലും പ്രവര്‍ത്തനത്തിലും ആദിവാസികളടക്കമുള്ള വയനാടന്‍ ജനതക്ക് പ്രതീക്ഷയുണ്ട്, വിശ്വാസവും. അതിനാല്‍ തന്നെ കള്ളക്കണ്ണീര് തിരിച്ചറിയാനാകും. കാപട്യക്കാരുടെ ആദിവാസിപ്രേമം വയനാടിന്റെ അടുപ്പില്‍ വേവുകയുമില്ല.

'ഞങ്ങളെ പാര്‍ടി കൈവിടില്ല'

'ന്റെപാര്‍ടിക്ക് എല്ലാമറിയും ,ഞാളെ പാര്‍ടികൈവിടില്ല, അയിനാലന്നെ ഞാളക്ക് ഒന്നുംപറ്റൂല-അറുപത്തഞ്ചാംവയസ്സിലും വെളിച്ചിക്കിത് പറയുമ്പോള്‍ ന്നല്ല ആത്മവിശ്വാസം.

ആറുമാസം അന്തിയുറങ്ങി സമരം ചെയ്ത മണ്ണില്‍ നിന്നിറങ്ങുമ്പോള്‍ വെളിച്ചിയടക്കം ചിലര്‍ക്ക് നേരിയ സങ്കടമുണ്ട്. പക്ഷെ തങ്ങള്‍ തെരുവിലേക്കല്ല ഇറങ്ങേണ്ടത്, സംരക്ഷിക്കാന്‍ പാര്‍ടിയുണ്ടെന്നതില്‍ വലിയ സന്തോഷവും. പൊലീസും കോടതിയും പറഞ്ഞിട്ടും ഇറങ്ങാത്ത തങ്ങള്‍ സമരം നിര്‍ത്തിയപ്പോള്‍ പരിഹസിക്കുന്നവരോടാണ് രാജന്റെ രോഷം. മഴയും മഞ്ഞും സഹിച്ച് അട്ടകടിയുമേറ്റ് സമരത്തിലേര്‍പ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ സംരക്ഷകരായെത്തുന്നത് ഇവിടെ കഴിയുന്നവരെല്ലാം നല്ലപോലെ മനസ്സിലാക്കുന്നുണ്ടെന്നും രാജന്‍ പറഞ്ഞു. മക്കളുടെ കൈപിടിച്ചിറങ്ങുന്ന വെളിച്ചിയും സീതയുമെല്ലാം ഈ മണ്ണിന്റെ ഉടമകളായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് സമരഭൂമിയില്‍ നിന്നിറങ്ങിയത്. ചൊവ്വാഴ്ച 110കുടുംബങ്ങളാണ് വെള്ളാരങ്കുന്ന് വിട്ടത്. ഇവരില്‍ ഭൂരിഭാഗത്തിനും നാട്ടില്‍ താമസസൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാത്തവര്‍ക്ക് താല്‍ക്കാലികമായി വിവിധപ്രദേശങ്ങളില്‍ സൌകര്യമേര്‍പ്പെടുത്തി. സമരഭൂമിയില്‍ സംഗമിച്ച് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയാണ് സമരസഖാക്കള്‍ മടങ്ങിയത്. മൂന്നുമാസം കഴിഞ്ഞാല്‍ പൂര്‍വ്വാധികം കരുത്തോടെ തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചു.

ഫെബ്രുവരി ആറിനാണ് ആദിവാസിക്ഷേമസമരസമിതി നേതൃത്വത്തില്‍ കുടില്‍കെട്ടി സമരമാരംഭിച്ചത്. സമരത്തിനിടയില്‍ ആദിവാസികള്‍ക്കായി സഹായസമിതി നേതൃത്വത്തില്‍ അരിയും വസ്ത്രവുമെത്തിച്ചിരുന്നു. ഒട്ടേറെത്തവണ മെഡി. ക്യാമ്പും നടത്തി. ആദിവാസികളുടെ സംരക്ഷണം തുടര്‍ന്നും സിപിഐ എം ഏറ്റെടുക്കുമെന്ന് സമരംനിര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ ഉറപ്പ് വിശദീകരിച്ച ഭൂസമരസഹായസമിതി കവീനര്‍ സി കെ ശശീന്ദ്രന്‍ പറഞ്ഞു. മൂന്നുമാസത്തിനകം ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിശ്വാസമുണ്ട്. മാറ്റമുണ്ടായാല്‍ സമരത്തിന് പാര്‍ടി മുന്‍നിരയിലുണ്ടാകുമെന്നും പറഞ്ഞു. ചടങ്ങില്‍ ആദിവാസിക്ഷേമസമിതി ജില്ലാപ്രസിഡന്റ് സീതാബാലന്‍ അധ്യക്ഷയായി. സി ഭാസ്കരന്‍, പി കൃഷ്ണപ്രസാദ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പി എസ് ജനാര്‍ദ്ദനന്‍ സ്വാഗതവും പി വാസുദേവന്‍ നന്ദിയും പറഞ്ഞു. ആറ്മാസക്കാലത്തെ സമരത്തിനെ നയിക്കയും സഹായിക്കയും ചെയ്ത എം വേലായുധന്‍, സി യു ഏലമ്മ, കെ ശശാങ്കന്‍, എം സെയ്ദ്, പി ജെ ആന്റണി, എം ഡി സെബാസ്റ്റ്യന്‍, വി കേശവന്‍, സുരേഷ്്താളൂര്‍, എം മധു, കെ റഫീഖ് തുടങ്ങിയ ഒട്ടേറെ വര്‍ഗ ബഹുജനസംഘടനാനേതാക്കള്‍ ആദിവാസികളെ യാത്രയാക്കാനെത്തി. വൈകിട്ട് നാലുമണിയോടെ എല്ലാകുടംബങ്ങളും സമരഭൂമി വിട്ടു. എല്ലാവര്‍ക്കും താല്‍ക്കാലികമായി 25 കിലോ അരിയും വിതരണംചെയ്തിരുന്നു.

സമരം വിജയം; ആദിവാസികളെ സംരക്ഷിക്കും: സിപിഐ എം

ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ സമരത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത മുഴുവന്‍ ജനങ്ങളെയും സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. ഭൂരഹിതരായ ആദിവാസികള്‍ക്കും കര്‍ഷക-തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണമെന്നും വന്‍കിട ഭൂഉടമകള്‍ കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ആറുമാസം നീണ്ട ത്യാഗപൂര്‍ണമായ സമരം നടന്നത്. ഈ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്നും മറ്റും പ്രചരിപ്പിച്ച് എതിര്‍ത്ത ഭൂവുടമകള്‍ക്കും മാധ്യമങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുമെന്നും മൂന്ന് മാസത്തിനകം ഭൂമി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വന്‍കിടക്കാരുടെ കൈയേറ്റ ഭൂമി ചൂണ്ടിക്കാട്ടി ആദിവാസി ക്ഷേമസമിതിയും കര്‍ഷക തൊഴിലാളി യൂണിയനും നടത്തിയ സമരത്തിന്റെ ആദ്യഘട്ടത്തിന്റെ വിജയമാണിത്.

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിത ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമൊരുക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. വയനാട്ടില്‍ മാത്രം 4000ഏക്കര്‍ ഭൂമി വിതരണം ചെയ്യാനായി. വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി വയനാട്ടില്‍ കണ്ടെത്തുന്നതിന് വന്‍കിട ഭൂ ഉടമകള്‍ കൈവശം വെക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കേണ്ടത് അനിവാര്യമാണ്. സമ്പന്നരായ കൈയേറ്റക്കാര്‍ നിയമക്കുരുക്കുണ്ടാക്കിയും മറ്റും ഭൂമി വിട്ടുകൊടുക്കാത്ത സാഹചര്യത്തിലാണ് കൈയേറ്റ ഭൂമി ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സമരത്തിന് ആദിവാസി ക്ഷേമസമിതിയും കര്‍ഷക തൊഴിലാളി യൂണിയനും തയ്യാറായത്. ഈ സമരത്തിന്റെ വിജയമാണ് കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ പ്രഖ്യാപനത്തോടെയുണ്ടായത്.

ആയിരത്തിലധികം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് വയനാട്ടില്‍ ഹാരിസണ്‍ മലയാളം കമ്പനി കൈവശംവെക്കുന്നത്. ജനപ്രതിനിധികളായ എം വി ശ്രേയാംസ്കുമാറും ജോര്‍ജ്ജ് പോത്തനും ഏക്കര്‍കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്നു. ഇത് തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള ശ്രമത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ അട്ടിമറിക്കുകയായിരുന്നു സമ്പന്നരായ കൈയേറ്റക്കാര്‍. ആറുമാസക്കാലം ആദിവാസികളും കര്‍ഷക തൊഴിലാളികളും ത്യാഗോജ്വല സമരമാണ് നടത്തിയത്. കനത്തമഴയും തണുപ്പും വകവെക്കാതെ സമര വളണ്ടിയര്‍മാര്‍ സമരകേന്ദ്രങ്ങളിലെ കുടിലുകളില്‍ അന്തിയുറങ്ങി. വന്‍കിട കൈയേറ്റക്കാര്‍ക്കെതിരെ സമൂഹത്തിന്റെയാകെ പ്രതിഷേധമുണര്‍ത്താന്‍ സമരത്തിന് കഴിഞ്ഞു.

വെടിവെച്ചിട്ടായാലും ആദിവാസികളെ കുടിയിറക്കണമെന്ന കോടതി നിര്‍ദേശത്തെയും ബലപ്രയോഗത്തിലൂടെ ഇറക്കി വിടാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തെയും ചെറുക്കാനായത് ബഹുജനങ്ങളുടെ പിന്തുണയോടെയാണ്. സമരഭൂമിയിലെ നിര്‍ധനരായ മനുഷ്യര്‍ക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിച്ചുനല്‍കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വര്‍ഗബഹുജന സംഘടനകളും മറ്റും തയ്യാറായി. മൂന്ന് മാസത്തിനകം വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും ഭൂമി വിതരണം ചെയ്യുമെന്നുമുള്ള മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.

ആദിവാസികള്‍ക്കായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരില്‍ ആദിവാസികളടക്കമുള്ള ദുര്‍ബ്ബലവിഭാഗത്തിന് പരിപൂര്‍ണമായ വിശ്വാസവും പ്രതീക്ഷയുമുണ്ട്. വയനാട്ടിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത ദുരിതങ്ങളില്‍ അവരെ സഹായിക്കുന്നതിനാണ് ഭൂ സമരത്തിന് സിപിഐഎം പിന്തുണ നല്‍കിയത്. അതിനിയും കരുത്തോടെ തുടരും. സമരംനിര്‍ത്താന്‍ ലഭിച്ച ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ കൂടുതല്‍ ഉജ്വലമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും. ഭൂമിയും വീടും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ക്ക് വേണ്ടി ആദിവാസികളും ഇതര ജനവിഭാഗങ്ങളും നടത്തുന്ന സമരങ്ങള്‍ക്ക് തുടര്‍ന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.സമരം നിര്‍ത്തുന്നതിന്റെ പേരില്‍ സിപിഐ എമ്മും ആദിവാസിക്ഷേമസമിതിയും ആദിവാസികളെ വഞ്ചിച്ചെന്നും വഴിയാധാരമാക്കിയെന്നും ആക്ഷേപിക്കാന്‍ ചില മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ശ്രമമാരംഭിച്ചിട്ടുണ്ട്. ഭൂസമരത്തിലേര്‍പ്പെട്ട ഒരൊറ്റ ആദിവാസികുടംബവും വഴിയാധാരമാകില്ല. അവരുടെയെല്ലാം സംരക്ഷണം പാര്‍ടി ഏറ്റെടുക്കും. പാവപ്പെട്ട ആദിവാസിക്ക് ഭൂമികിട്ടുന്നത് തടയാനും പ്രമാണിമാരുടെ കൈയേറ്റം സംരക്ഷിക്കാനും കൂട്ടുനിന്നവരുടെ ആദിവാസിപ്രേമത്തിലെ കാപട്യംജനങ്ങള്‍ തിരിച്ചറിയും. സമരത്തിലേര്‍പ്പെട്ട ആദിവാസികളെ വെടിവെച്ചുകൊന്ന പാരമ്പര്യമാണ് യുഡിഎഫ് ഭരണത്തിലുണ്ടായിട്ടുള്ളത്. ഒരുതുള്ളിചോരവീഴ്ത്താതെ ആദിവാസികള്‍ അവകാശം നേടിയെടുത്തത് ഇടതുപക്ഷ ജനാധിപത്യമുന്നണിസര്‍ക്കാരിന്റെ ശരിയായ രാഷ്ട്രീയനിലപാടിന്റെ ഭാഗമാണ്. ആദിവാസികള്‍ക്ക് വെടിയുണ്ട സമ്മാനിച്ചവരുടെ കള്ളപ്രചരണം തള്ളിക്കളയാനും പാര്‍ടി ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 01092010

1 comment:

  1. ആദിവാസിക്ഷേമസമിതി നേതൃത്വത്തില്‍ ഭൂസമരത്തിലണിനിരന്നവര്‍ ഭൂമിയും വീടുമില്ലാത്തവരാണെന്ന് ഒടുവില്‍ പ്രതിപക്ഷം സമ്മതിക്കുന്നു. സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ അധിക്ഷേപിച്ചിറക്കിയ പ്രസ്താവനകളിലാണ് കോണ്‍ഗ്രസും മുസ്ളിംലീഗുമെല്ലാം സമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് തലചായ്ക്കാനിടം നേടിക്കൊടുക്കാന്‍ സിപിഐ എമ്മിനായില്ലെന്ന് പറഞ്ഞിരിക്കുന്നത്. കാടുംവീടുമില്ലാത്തവരായി ആദിവാസികള്‍ അനാഥരായെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete