ബിപിഎല്‍-എപിഎല്‍ എന്നിവയെ പുനര്‍നിര്‍വചിച്ചുകൊണ്ട്, യഥാര്‍ഥത്തില്‍ ദരിദ്രര്‍തന്നെയായ വലിയ ഒരു വിഭാഗത്തെ പൊതുവിതരണസംവിധാനത്തിന്റെ പരിധിക്കു പുറത്താക്കുകയെന്ന പരിപാടി നടപ്പാക്കാന്‍ യുപിഎ ഗവണ്‍മെന്റിന് പഴുതുകള്‍ ഒരുക്കിക്കൊടുക്കുന്ന വിധത്തിലായി സുപ്രീംകോടതിയുടെ ഇതുസംബന്ധിച്ച പുതിയ ഉത്തരവ്.
ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കാനും പൊതുവിതരണം കഴിയുന്നത്ര ചുരുക്കാനും എന്തു മാര്‍ഗമെന്ന ചിന്തയിലായിരുന്നു കഴിഞ്ഞ കുറെക്കാലമായി യുപിഎ ഗണ്‍വമെന്റ്. ആ ചിന്തയാണ് എപിഎല്‍ എന്ന മുദ്രകുത്തി വലിയ ഒരു വിഭാഗം പാവപ്പെട്ടവരെക്കൂടി പൊതുവിതരണത്തിനു പുറത്താക്കാനുള്ള നീക്കത്തിന് വഴിവച്ചത്. ഈ നീക്കമാവട്ടെ, അതിശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. രാജ്യമാകെ സമരങ്ങളുയര്‍ന്നുവന്നു. അതിനുമുമ്പില്‍ യുപിഎ ഗവമെന്റ് ഒന്നു പതറിനിന്നു. ഭക്ഷ്യസുരക്ഷാനിയമം ഏത് രൂപത്തില്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നു. ആ ഘട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവ് വരുന്നത്. എപിഎല്‍ വിഭാഗത്തെ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുള്ള പച്ചക്കൊടിയായി അത്. രോഗി ഇച്ഛിച്ചതും പാല്; വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലായി. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവിലെ അശാസ്ത്രീയതയോ, അത് ആ വിധത്തിലാക്കിത്തീര്‍ത്തതിനു പിന്നിലെ ദുരുദ്ദേശമോ ഒന്നും കോടതി കണ്ട മട്ടില്ല.
ഭക്ഷ്യധാന്യവിതരണം എത്ര ചുരുക്കാമോ അത്ര ചുരുക്കുക എന്നതാണ് കേന്ദ്രനയം. ഇങ്ങനെ പൊതുവിതരണത്തെ പരിമിതപ്പെടുത്തുന്നതാകട്ടെ, അതിന്റെ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന കാര്യമാണ്. ആ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യഥാര്‍ഥത്തില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന വലിയ ഒരു വിഭാഗം ആളുകളെക്കൂടി 'എപിഎല്‍' വിഭാഗത്തിലേക്ക് നീക്കുന്ന വിധത്തില്‍ കേന്ദ്രം പുനര്‍നിര്‍വചനം നടത്തിയത്. ബിപിഎല്ലിനെ പുനര്‍നിര്‍വചിച്ച് അതില്‍പെടുന്ന വലിയ വിഭാഗത്തെ എപിഎല്‍ ആയി പ്രഖ്യാപിച്ചാല്‍ ആ വിഭാഗത്തില്‍പ്പെട്ടവരുടെ ദാരിദ്ര്യം മാറില്ല. അതേസമയം, പൊതുവിതരണ സമ്പ്രദായം ഒരു ചെറുന്യൂനപക്ഷത്തിലേക്ക് ചുരുക്കിയെടുത്ത് കേന്ദ്രത്തിന് അവരുടെ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളുമായി ബന്ധപ്പെട്ട താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചെടുക്കുകയും ചെയ്യാം. ഈ കള്ളക്കളി സുപ്രീംകോടതി കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നുവെന്നത് ദൌര്‍ഭാഗ്യകരമാണ്.
രാജ്യത്തെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ഗോഡൌണുകളെല്ലാം ഭക്ഷ്യധാന്യങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍, ഇത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള ക്രമീകരണങ്ങളില്ല എന്നാണ് കൃഷിമന്ത്രി പറഞ്ഞത്. ഈ ക്രമീകരണം ഏര്‍പ്പെടുത്താതിരുന്നതിനും, ഉണ്ടായിരുന്ന ക്രമീകരണങ്ങള്‍ തകര്‍ത്തതിനും ഉത്തരവാദി യുപിഎ ഗവണ്‍മെന്റാണ്. ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ക്രമീകരണം പൊതുവിതരണ ശൃംഖലയാണ്. പൊതുവിതരണശൃംഖല ആദ്യംതന്നെ തകര്‍ത്തിട്ട്, ഭക്ഷ്യധാന്യം വിതരണംചെയ്യാന്‍ കഴിയാത്തത്, ആ ശൃംഖലയുടെ അഭാവംമൂലമാണ് എന്നുപറയുന്നത്, അച്ഛനമ്മമാരെ കൊന്നതിന്റെ ശിക്ഷയില്‍നിന്ന് ഇളവ് ലഭിക്കാനായി അച്ഛനമ്മമാരില്ലാത്ത അനാഥനാണ് താന്‍ എന്ന് പണ്ടേതോ പ്രതി പറഞ്ഞതുപോലെയാണ്.
ബിപിഎല്‍ പരിധിയില്‍നിന്ന് വലിയ ഒരു വിഭാഗത്തെ നീക്കുന്നതും പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്നതുമെല്ലാം ഒരു ആസൂത്രിതപദ്ധതിയുടെ ഭാഗമാണ്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി ഭക്ഷ്യമേഖലയില്‍ സബ്സിഡി വെട്ടിച്ചുരുക്കാമെന്ന് വിദേശ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വാക്ക് കൊടുത്തിട്ടുള്ളവരാണ് ഭരണത്തിലുള്ളത്. ആ വാക്ക് പാലിക്കാനുള്ള വ്യഗ്രതയിലാണ് തുടര്‍ച്ചയായി പാവങ്ങളെ കൈയൊഴിയുന്നത്. ഇക്കാര്യങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിയാത്തതുകൊണ്ടാവണം ജുഡീഷ്യറി, എപിഎല്‍ വിഭാഗത്തെ പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനുള്ള പഴുതുകള്‍ കേന്ദ്രത്തിന് അനുവദിച്ചുകൊടുത്തത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടാന്‍ ബാധ്യസ്ഥമാണ്. ക്ഷേമത്തിന്റെ കാര്യം പോകട്ടെ; അവരുടെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനെങ്കിലും ഇടപെടേണ്ടതല്ലേ. അടിസ്ഥാനപരമായ ആ ഉത്തരവാദിത്തം കൈയൊഴിയുകയാണ് യുപിഎ ഗവമെന്റ് ചെയ്തുപോരുന്നത്. ഇതിന്റെ ഫലമായി പല സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭക്ഷ്യവിഹിതത്തില്‍ 80 മുതല്‍ 90വരെ ശതമാനത്തിന്റെ വെട്ടിക്കുറവുവന്നു. സംസ്ഥാനങ്ങളില്‍ രൂക്ഷമായ വിലക്കയറ്റത്തിനും ഭക്ഷ്യദൌര്‍ലഭ്യത്തിനും ഇതുവഴിവച്ചു. കേന്ദ്രമാവട്ടെ, ഭക്ഷ്യ സബ്സിഡി വെട്ടിക്കുറച്ച് ആയിരക്കണക്കിന് കോടികള്‍ ലാഭിച്ചു. ജനം പട്ടിണി കിടന്നാലും തങ്ങള്‍ക്ക് ലാഭമുണ്ടാവണമെന്ന മനുഷ്യത്വരഹിതമായ ചിന്തയാണ് യുപിഎയെ നയിച്ചത്.
കേരളം ഇതിന്റെ ദുരന്തം കാര്യമായി അനുഭവിച്ച സംസ്ഥാനമാണ്. എപിഎല്‍ ക്വോട്ടയിലെ വിഹിതം 1,13,000 ടണ്‍ ആയിരുന്നത് 13,000 ടണ്‍ ആയി കുറഞ്ഞു. കേരളത്തില്‍ ഇത് ശക്തമായ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. കേരളത്തിന്റേത് ഒറ്റപ്പെട്ട നിലയല്ല. യുപിയും ബിഹാറും മഹാരാഷ്ട്രയും മധ്യപ്രദേശും ഒക്കെ കേന്ദ്ര നയംമാറ്റത്തിന്റെ ദുരന്തം അനുഭവിച്ചു. ഇത് ഒരു ദേശീയ വിഷയമായിത്തന്നെ ഉയര്‍ന്നുവന്നു എന്നര്‍ഥം. എന്നാല്‍, സുപ്രീംകോടതി ഇക്കാര്യം കാണാന്‍ കൂട്ടാക്കിയില്ല. അല്‍പ്പം സൂക്ഷ്മത പുലര്‍ത്തിയിരുന്നുവെങ്കില്‍ സുപ്രീംകോടതിക്ക് ഇത് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.
ഭക്ഷ്യസംഭരണികളില്‍ കിടന്ന് നശിക്കാന്‍ വിടാതെ ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൌജന്യമായി വിതരണം ചെയ്യണമെന്നുള്ളത് കേവലമായ ഒരു അഭിപ്രായപ്രകടനമല്ല; തങ്ങളുടെ ഉത്തരവുതന്നെയാണെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നത് കഴിഞ്ഞ ദിവസമാണ്. സുപ്രിംകോടതി നിര്‍ദേശം അപ്രായോഗികമാണെന്ന കേന്ദ്രഗവമെന്റിന്റെ നിലപാടിനോട് പ്രതികരിച്ചുകൊണ്ടാണ് സുപ്രീംകോടതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ രണ്ടാമതും ഇടപെടേണ്ടിവന്നത്. സുപ്രീംകോടതി നിര്‍ദേശിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഗോഡൌണുകളിലെ ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാന്‍ യുപിഎ ഗവണ്‍മെന്റ് മടിക്കുന്നതെന്തുകൊണ്ടാണ്? പാവപ്പെട്ടവരെക്കുറിച്ച് യുപിഎ ഗവമെന്റിന് ഒരു കരുതലുമില്ല എന്നതുകൊണ്ട് മാത്രമാണ്. ഈ കരുതലില്ലായ്മതന്നെയാണ് സത്യത്തില്‍ ഇവിടെയും പ്രതിഫലിച്ചുകാണുന്നത് എന്നുകാണാന്‍ സുപ്രീംകോടതിക്ക് വിഷമമുണ്ടാകേണ്ട കാര്യമില്ല.
ഇത്തരം ജനകീയപ്രശ്നങ്ങളില്‍ യുപിഎ ഗവണ്‍മെന്റിന് ഒരുവിധ താല്‍പ്പര്യവുമില്ല എന്നതാണ് സത്യം. ഭക്ഷ്യസുരക്ഷാബില്ലിന്റെ കാര്യം തന്നെ എടുക്കുക. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഇരുനൂറ് ജില്ലകളില്‍ മുപ്പത്തഞ്ചുകിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് മൂന്നു രൂപാനിരക്കില്‍ ഓരോ കുടുംബത്തിനും നല്‍കണമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തുംവിധം ഭക്ഷ്യസുരക്ഷാബില്‍ പാസാക്കിയെടുക്കണമെന്ന് ദേശീയ ഉപദേശകസമിതി ശുപാര്‍ശ ചെയ്തതാണ്. സോണിയ ഗാന്ധി അധ്യക്ഷയായ സമിതിയാണത്. പക്ഷേ, ഇക്കാര്യത്തില്‍ ആത്മാര്‍ഥമായി നീങ്ങാന്‍ യുപിഎ ഗവമെന്റ് ഒരുക്കമല്ല. എന്തെല്ലാം വ്യവസ്ഥകളോടെയാവും അത് നിയമമാവുക എന്നും വ്യക്തമല്ല. ഏതായാലും യഥാര്‍ഥത്തില്‍ ബിപിഎല്‍ ആയ വലിയ ഒരു വിഭാഗത്തെ പുനര്‍നിര്‍വചിച്ച് എപിഎല്‍ ആക്കി ആ നിയമത്തിന്റെ പരിധിക്കു പുറത്തുനിര്‍ത്തും എന്ന കാര്യം തീര്‍ച്ച. ഇവിടെ വ്യക്തമാവുന്നത് സോണിയ ഗാന്ധിയുടെ ആത്മാര്‍ഥതയില്ലായ്മകൂടിയാണ്. തന്റെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശകസമിതിയുടെ ശുപാര്‍ശ തനിക്ക് നിര്‍ണായക സ്വാധീനമുള്ള യുപിഎ ഗവണ്‍മെന്റിനെക്കൊണ്ട് നടപ്പാക്കിക്കാന്‍ സോണിയക്ക് വിഷമമുണ്ടാകേണ്ട കാര്യമില്ലല്ലോ.
ദേശാഭിമാനി മുഖപ്രസംഗം 03092010
ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കാനും പൊതുവിതരണം കഴിയുന്നത്ര ചുരുക്കാനും എന്തു മാര്‍ഗമെന്ന ചിന്തയിലായിരുന്നു കഴിഞ്ഞ കുറെക്കാലമായി യുപിഎ ഗണ്‍വമെന്റ്. ആ ചിന്തയാണ് എപിഎല്‍ എന്ന മുദ്രകുത്തി വലിയ ഒരു വിഭാഗം പാവപ്പെട്ടവരെക്കൂടി പൊതുവിതരണത്തിനു പുറത്താക്കാനുള്ള നീക്കത്തിന് വഴിവച്ചത്. ഈ നീക്കമാവട്ടെ, അതിശക്തമായ പ്രതിഷേധത്തിന് വഴിവച്ചു. രാജ്യമാകെ സമരങ്ങളുയര്‍ന്നുവന്നു. അതിനുമുമ്പില്‍ യുപിഎ ഗവമെന്റ് ഒന്നു പതറിനിന്നു. ഭക്ഷ്യസുരക്ഷാനിയമം ഏത് രൂപത്തില്‍ വേണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നു. ആ ഘട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവ് വരുന്നത്. എപിഎല്‍ വിഭാഗത്തെ ഒഴിവാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കുള്ള പച്ചക്കൊടിയായി അത്. രോഗി ഇച്ഛിച്ചതും പാല്; വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന നിലയിലായി. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവിലെ അശാസ്ത്രീയതയോ, അത് ആ വിധത്തിലാക്കിത്തീര്‍ത്തതിനു പിന്നിലെ ദുരുദ്ദേശമോ ഒന്നും കോടതി കണ്ട മട്ടില്ല.
ReplyDeletedear how i get ..deshabhimani varika ..articles
ReplyDeletein aug 29 edition ...page 10 ayithathinte kannada kazchakal ...i want to share in our buzz n face book...
also if you can regularly share these articles its better...or if you already have those...kindly let me know..
regards..
shiju
http://www.deshabhimani.com/ ആണ് ദേശാഭിമാനി പത്രത്തിന്റെ ലിങ്ക്. അതില്‍ ഇടതുവശത്ത് വാരികയുടെ ലിങ്ക് ഉണ്ട്. പഴയ ലക്കങ്ങള്‍ കിട്ടില്ല. അയിത്തത്തിന്റെ കന്നടക്കാഴ്ചകള്‍ വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ ഉണ്ട്. ലിങ്ക് http://workersforum.blogspot.com/2010/08/blog-post_5846.html. കുറെ ലേഖനങ്ങള്‍ കൈവശം ഉണ്ട്. ഏതാണ് വേണ്ടതെന്ന് സൂചിപ്പിച്ചാല്‍ അയച്ചുതരാം. ഇമെയില്‍ വിലാസം നല്‍കുമല്ലോ.
ReplyDelete