Thursday, September 2, 2010

ക്വിറ്റ് ഇന്ത്യാ സമരത്തെപ്പറ്റി അല്പം

ഒരു ക്വിറ്റിന്ത്യാ ദിനം കൂടി

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ അന്തിമഘട്ടമായിരുന്നു ക്വിറ്റിന്ത്യാസമരമെന്നും അതേ തുടര്‍ന്നാണ് സ്വാതന്ത്ര്യലബ്ധി സാദ്ധ്യമായതെന്നുമാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു പോരുന്നത്. സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച ചരിത്ര രചന നടത്തിയ ഒരു ചരിത്രകാരനും ഇത്തരത്തില്‍ ഒരവകാശവാദം ഉന്നയിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ക്കും വായനാശീലമുള്ള അനുയായികള്‍ക്കും അറിവുള്ള കാര്യമാണത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് കക്ഷിക്ക് ഭരിക്കാനുള്ള അവകാശം പൈതൃകമായി കിട്ടിയതാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രചരിപ്പിച്ചു പോന്ന ഒരു നുണയാണത്. അതോടൊപ്പംതന്നെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മുഖ്യപ്രതിപക്ഷകക്ഷിയായതും അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതും രണ്ടാംലോക മഹായുദ്ധാനന്തരമുള്ള ഒരു ദശകത്തിനകം തെക്കു കിഴക്കന്‍ യൂറോപ്പിലും ചൈനയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നതും ഇന്ത്യയിലെ ഭരണവര്‍ഗത്തിനെ അമ്പരപ്പിച്ചിരുന്നു. അതിനാല്‍ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് കക്ഷിയുടെ കുത്തകാവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടതും കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരാണെന്ന് സ്ഥാപിക്കേണ്ടതും അവര്‍ക്ക് ആവശ്യമായിരുന്നു. ആ ലക്ഷ്യത്തോടു കൂടിയാണ് ക്വിറ്റിന്ത്യാസമരകാലത്ത് കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. ക്വിറ്റിന്ത്യാസമരകാലത്തും അതിനുതൊട്ടു പിന്നാലേയും കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയാമായിരുന്ന സമകാലികരായ കോണ്‍ഗ്രസുകാരോ ചരിത്രകാരന്മാരോ അത്തരത്തില്‍ ഒരാക്ഷേപം ഉന്നയിക്കാന്‍ ധൈര്യം കാട്ടിയില്ല. വായന വരളുകയും പ്രചരണം കൊഴുക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ യുവാക്കളെ വഴി തെറ്റിക്കാനായി ക്ഷീരബലപോലെ ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്ന വായ്ത്താരിയായിത്തീര്‍ന്നിരിക്കുന്നു കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലകള്‍.

കൊളോണിയല്‍ തീസിസ്

കോളനി രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗ പാര്‍ടികളുടെ കടമയെന്താണ്? യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പ്രവര്‍ത്തന പരിപാടികളില്‍നിന്നും എത്രമാത്രം ഭിന്നമാണ് കോളനി രാജ്യങ്ങളിലെ കക്ഷികളുടെ പരിപാടി? ഈ പ്രശ്നം സമഗ്രമായി അപഗ്രഥിക്കുന്ന രേഖയാണ് കൊളോണിയല്‍ തീസിസ്. ശിഥിലമായിപ്പോയിരുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനഃസംഘാടനം റഷ്യയിലെ ഒക്ടോബര്‍ വിപ്ളവാനന്തര കാലഘട്ടത്തില്‍ നടക്കുകയുണ്ടായി. അതാണ് 1919ല്‍ രൂപീകൃതമായ മൂന്നാം ഇന്റര്‍നാഷണല്‍ എന്ന കോമിന്റേണ്‍. ലെനിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രസ്തുത സംഘടന ലോകത്തെ വിനാശത്തിലേക്കു നയിച്ച രണ്ടു മഹായുദ്ധങ്ങള്‍ക്കിടയിലുള്ള രണ്ടു പതിറ്റാണ്ടുകാലത്ത് ലോകരാജ്യങ്ങളിലെങ്ങുമുള്ള തൊഴിലാളിവര്‍ഗ പാര്‍ടികള്‍ക്ക് ദിശാബോധം നല്‍കിയ മഹത്തായ പ്രസ്ഥാനമായിരുന്നു.

മൂന്നാം ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ് 1920ല്‍ താഷ്ക്കെന്റില്‍ ചേര്‍ന്നു. ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കുവന്ന പ്രധാനപ്പെട്ട പ്രമേയമായിരുന്നു പിന്നീട് കൊളോണിയല്‍ തീസിസ് എന്ന പേരില്‍ അറിയപ്പെട്ട രേഖ. എം എന്‍ റോയി അവതരിപ്പിച്ച പ്രമേയത്തിലെ ദൌര്‍ബല്യങ്ങള്‍ ദൂരീകരിച്ചും വസ്തുനിഷ്ഠ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടും ലെനിന്‍ അവതരിപ്പിച്ച പ്രമേയമാണ് കോണ്‍ഗ്രസ് അവസാനം അംഗീകരിച്ചത്. കോളനിരാജ്യങ്ങളിലെ തൊഴിലാളിവര്‍ഗപ്പാര്‍ട്ടികളുടെ ആദ്യത്തെ കടമ ദേശീയ വിമോചനപ്പോരാട്ടമാണെന്നും ആ ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി ദേശീയ ബൂര്‍ഷ്വാസിയുമായി ചേര്‍ന്ന് സാമ്രാജ്യത്വവിരുദ്ധ മുന്നണി രൂപീകരിക്കണമെന്നുമായിരുന്നു തീസിസ് ആഹ്വാനം ചെയ്തത്. ഇതിലേക്കായി തൊഴിലാളി - കര്‍ഷക സംഘടനകള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ബഹുഭൂരിപക്ഷം കോളനിരാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടികള്‍ രൂപീകൃതമായത് ഇതിനുശേഷമാണെന്നുള്ള കാര്യം സ്മരണീയമാണ്.

ഈ ദൌത്യം നിര്‍വഹിക്കുന്നതിനുവേണ്ടിയാണ് ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ അംഗങ്ങളായിനിന്നുകൊണ്ട് ദേശീയ വിമോചനപ്പോരാട്ടത്തില്‍ പങ്കാളികളായത്. ഒന്നാംലോക മഹായുദ്ധം കഴിഞ്ഞ് ഒരു പതിറ്റാണ്ടായപ്പോഴേക്കും സാമ്രാജ്യത്വരാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിലമര്‍ന്നതും എന്നാല്‍ സോവിയറ്റ് യൂണിയന്‍ അതിനെ അതിജീവിച്ചതും അടുത്ത ഒരു പതിറ്റാണ്ടിനകം ആസൂത്രിത വികസനനയം സ്വീകരിക്കുക വഴി വമ്പിച്ച പുരോഗതി കൈവരിച്ചതും ഇന്ത്യയിലെ തൊഴിലാളി - കര്‍ഷക വിഭാഗങ്ങളെ ഹഠാദാകര്‍ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, ജയപ്രകാശ് നാരായണ്‍, സുഭാഷ് ചന്ദ്രബോസ്, ആചാര്യ നരേന്ദ്രദേവ്, അച്യുത് പട്വര്‍ദ്ധന്‍ തുടങ്ങിയ പലരും സോഷ്യലിസത്തിലേക്ക് ആകൃഷ്ടരാവുകയും സോവിയറ്റ് വികസന നയത്തിന്റെ പ്രചാരകരാവുകയും ചെയ്തു. അങ്ങിനെയാണ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം ഇതുണ്ടാക്കിക്കൊടുത്തു. ഈ അവസരം ഉപയോഗിച്ചുകൊണ്ടാണ് അവര്‍ തൊഴിലാളിസംഘടനകളും കര്‍ഷകസംഘങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും രൂപീകരിച്ചതും 1937-38 കാലമാവുമ്പോഴേക്കും ഇവയുടെ അഖിലേന്ത്യാസംഘടനകള്‍ നിലവില്‍ വന്നതും. ദേശീയ വിമോചനം എന്ന ലക്ഷ്യം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതെല്ലാം തന്നെ.

ഇത്തരത്തില്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ കോളനികളില്‍ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് 1930-കളുടെ നടുവില്‍ ഫാസിസം ഒരു ഭീഷണിയായി ഉയര്‍ന്നുവരുന്നത്. ഇറ്റലിയില്‍ ഒരു പതിറ്റാണ്ടിനു മുമ്പുതന്നെ മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ഭരണം ആരംഭിച്ചിരുന്നുവെങ്കിലും അത് ആക്രാമകമായ സ്വഭാവത്തോടുകൂടി അധികാരമുറപ്പിക്കുന്നത് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മ്മനിയിലായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്ന പാര്‍ലമെന്റിനെ ഹിറ്റ്ലര്‍ പിരിച്ചുവിടുകയും പാര്‍ലമെന്റ് മന്ദിരത്തിന് തീയിടുകയും അതിന്റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് കുറ്റവിചാരണ നടത്തുകയും ചെയ്തു. ജൂതവംശ വിദ്വേഷവും ആര്യവംശമഹിമയും പ്രചരിപ്പിക്കുന്ന ഭരണയന്ത്രം രൂപപ്പെടുത്തുകയും ചെയ്തു. ജൂതന്മാരും കമ്യൂണിസ്റ്റുകാരുമാണ് തന്റെ പ്രധാന ശത്രുക്കളെന്നും അവരെ ഉന്മൂലനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്നും പരസ്യമായി ഹിറ്റ്ലര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ സ്പെയിനില്‍ ജനറല്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് ഭരണം സ്ഥാപിതമായി. കമ്യൂണിസ്റ്റുകാരുടെയും ജനാധിപത്യവാദികളുടെയും നേതൃത്വത്തില്‍ അവിടെ ചെറുത്തുനില്‍പുസമരം ആരംഭിച്ചു. ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നെഹ്റു സ്പെയിന്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് എന്ന സംഘടന രൂപീകരിച്ച് ഇംഗ്ളണ്ടില്‍ പ്രവര്‍ത്തിക്കുകയായിരുന്ന വി കെ കൃഷ്ണമേനോനെപ്പോലുള്ളവരും സ്പെയിനിലെ ഫാസിസ്റ്റ്വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളായി. ഇതേ സമയത്തുതന്നെയാണ് കിഴക്ക് ജപ്പാനില്‍ പ്രധാനമന്ത്രിയായിരുന്ന തനാക്ക സ്ഥാനമൊഴിഞ്ഞ് ടോജോ പ്രധാനമന്ത്രിയായത്. ജാപ്പനീസ് ഫാസിസത്തിന്റെ ആക്രമണമുഖം മംഗോളിയയുടെയും ചൈനയുടെയും നേര്‍ക്ക് തിരിയുകയും ചെയ്തു.

ഫാസിസ്റ്റ്വിരുദ്ധ പോരാട്ടവും ഇന്ത്യയും

ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളും സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ഫാസിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജര്‍മ്മനിയും ഇറ്റലിയും ചേര്‍ന്ന് റോം - ബര്‍ലിന്‍ അച്ചുതണ്ട് രൂപീകരിച്ച് സ്പെയിനിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണച്ചു. അതിനുമുമ്പുതന്നെ മൂന്നാം ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് 1935ല്‍ മോസ്കോയില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഫാസിസത്തെ സാമ്രാജ്യത്വത്തിന്റെ വൃത്തികെട്ടതും ആക്രമണപരവുമായ മുഖമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിനാല്‍ ഫാസിസത്തെ എതിര്‍ക്കാന്‍ സന്നദ്ധരാകുന്ന സാമ്രാജ്യത്വശക്തികളുമായിപ്പോലും യോജിച്ചുകൊണ്ട് ഐക്യമുന്നണി രൂപീകരിക്കണമെന്നും ആഹ്വാനം ചെയ്തു. ഹിറ്റ്ലര്‍ ആത്യന്തികമായി ലക്ഷ്യമിടുന്നത് സോവിയറ്റ് യൂണിയനെ ആയിരിക്കുമെന്നും നിരീക്ഷിക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ പിറവിയെടുത്ത അന്നുമുതല്‍ ആ രാഷ്ട്രത്തെ ശ്വാസംമുട്ടിച്ച് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയായിരുന്ന ആംഗ്ളോ - അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് വീണു കിട്ടിയ അവസരമായിരുന്നു ഹിറ്റ്ലറുടെ ജര്‍മ്മനി. ജര്‍മ്മനിയും റഷ്യയും തമ്മില്‍ യുദ്ധം ചെയ്തു നശിച്ചുകൊള്ളുമെന്നും അതിനാല്‍ ഭാവിലോകം തങ്ങള്‍ക്ക് പങ്കുവയ്ക്കാമെന്നും അവര്‍ മോഹിച്ചു. അതുകൊണ്ടാണ് ജര്‍മ്മനി ആസ്ട്രിയയേയും ചെകോസ്ളോവാക്യയേയും കീഴടക്കിയപ്പോഴും ഇറ്റലി അബിസീനിയ കീഴടക്കിയപ്പോഴും അവര്‍ മൌനാനുവാദം നല്‍കിയത്. ഇതു മനസ്സിലാക്കിയിട്ടാണ് സോവിയറ്റ് യൂണിയനായിരിക്കും ഹിറ്റ്ലറുടെ ലക്ഷ്യം എന്ന് ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചത്.

സാമ്രാജ്യത്വവിരുദ്ധ - ഫാസിസ്റ്റ് വിരുദ്ധ സമരത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്ന ഇന്ത്യയിലെ ദേശീയ വിമോചന പ്രസ്ഥാനം, ഈ സാര്‍വദേശീയ സംഭവവികാസങ്ങളോട് സമയോചിതമായി പ്രതികരിച്ചു. 1938ല്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ നെഹ്റു പ്രമേയമവതരിപ്പിക്കുകയും ഫാസിസ്റ്റ് ആക്രമണത്തിന് ഇരകളായ സ്പെയിനിലേയും ചൈനയിലെയും പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളിലേക്കും സഹായമെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങിനെയാണ് ഡോ. കോട്നിസിന്റെ നേതൃത്വത്തിലുള്ള ഒരു വൈദ്യസഹായ സംഘത്തെ ചൈനയിലേക്ക് അയച്ചത്. ഫാസിസത്തെ തോല്‍പിക്കുന്നതിനുവേണ്ടി ആരുമായും യോജിക്കാമെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. അദ്ദേഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയില്‍ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ ആവശ്യകത പ്രചരിപ്പിക്കണമെന്ന ധാരണയില്‍ എത്തുകയും ചെയ്തു. പിന്നീടൊരു ഘട്ടത്തില്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പ്രത്യേക ക്ഷണിതാവായി നെഹ്റുവിനെ പങ്കെടുപ്പിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്തതായി രേഖകള്‍ സൂചിപ്പിക്കുന്നു.

ആസ്ട്രിയ, ചെക്കോസ്ളോവാക്യ എന്നീ രാജ്യങ്ങളെ ജര്‍മ്മനി വിഴുങ്ങിയപ്പോള്‍ മൌനാനുവാദം നല്‍കിയ ബ്രിട്ടനും ഫ്രാന്‍സും 1939 സെപ്തംബര്‍ 1ന് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചപ്പോള്‍ പ്രതിഷേധിക്കുകയും 3ന് ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു തൊട്ടുമുമ്പ് ജര്‍മ്മനിയും സോവിയറ്റ്യൂണിയനും ഒരു അനാക്രമണ സന്ധിയില്‍ ഒപ്പുവെച്ചതാണ് ബ്രിട്ടന്റേയും ഫ്രാന്‍സിന്റേയും പ്രകോപനത്തിനു കാരണം. അതോടുകൂടി ജര്‍മ്മനിയെ ശത്രുവായി പ്രഖ്യാപിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. എങ്കിലും യുദ്ധം തുടങ്ങാന്‍ അവര്‍ തയ്യാറായില്ല. ഇത് ഒരു "ഫോണ്‍യുദ്ധം'' ആയിരുന്നുവത്രെ! തുടര്‍ന്ന് ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളെ നാസികള്‍ പൂര്‍ണമായി കീഴടക്കുകയും ബ്രിട്ടനെ നിരന്തരാക്രമണത്തിനു വിധേയമാക്കുകയും ചെയ്തിട്ടും ജര്‍മ്മനിക്കെതിരെ ഒരു യുദ്ധമുന്നണി തുറക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല. 1941 ജൂണില്‍ അനാക്രമണ സന്ധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് ജര്‍മ്മനി റഷ്യയെ ആക്രമിച്ചു.പതിനഞ്ച് ദശലക്ഷത്തോളം ജൂതര്‍ പാര്‍ക്കുന്ന രാജ്യമായിരുന്നു റഷ്യ. ജൂതരും കമ്യൂണിസ്റ്റുകാരും നാസികളുടെ ശത്രുക്കളായതിനാല്‍ ജര്‍മ്മനിക്ക് യുദ്ധത്തെ ന്യായീകരിക്കാന്‍ കഴിഞ്ഞു. യുദ്ധത്തിന്റെ ഗതിയില്‍ വന്ന ഈ മാറ്റത്തെ ഇന്റര്‍നാഷണല്‍ വിലയിരുത്തിയത് ജനകീയ യുദ്ധമെന്നായിരുന്നു. കാരണം കോളനിരാജ്യങ്ങളിലെ വിമോചനപ്പോരാട്ടങ്ങള്‍ക്കും മറ്റു രാജ്യങ്ങളിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കിയിരുന്നത് സോവിയറ്റ് യൂണിയനായിരുന്നു. അതിനാല്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കേണ്ടത് ഈ ജനവിഭാഗങ്ങളുടെ ആവശ്യമായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിലെന്നപോലെ ഇത് സാമ്രാജ്യത്വ യുദ്ധമല്ല. അന്ന് ലെനിന്‍ ആഹ്വാനം ചെയ്തതുപോലെ സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തര യുദ്ധമാക്കി മാറ്റാനും പാടില്ല. എന്തെന്നാല്‍ അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തും.

1939ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയും യുദ്ധത്തില്‍ പങ്കാളിയാണെന്ന് വൈസ്രോയിയായിരുന്ന ലിന്‍ലിത്ഗോ പ്രഭു പ്രഖ്യാപിച്ചു. അതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. യുദ്ധമുണ്ടായ സാഹചര്യത്തില്‍ ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് യുദ്ധത്തെ നേരിടുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പൂര്‍ണ സ്വാതന്ത്ര്യ പ്രമേയം കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നുവെങ്കിലും നേതാക്കളുടെ മനസ്സിലുണ്ടായിരുന്നത് ബ്രിട്ടീഷ് വൈസ്രോയിയുടെ കീഴില്‍ മന്ത്രിസഭ രൂപീകരിച്ച് ഭരിക്കാന്‍ കഴിയുന്ന പുത്രികാരാജ്യ (ഡൊമിനിയന്‍) പദവിയായിരുന്നു. എന്നു മാത്രമല്ല പ്രവിശ്യകളില്‍ മന്ത്രിസഭകള്‍ രൂപീകരിച്ച് ഭരണം നടത്തിയതിന്റെ അനുഭവം അവര്‍ക്കുണ്ടായിരുന്നുതാനും. എന്നാല്‍, ദേശീയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രവിശ്യകളിലെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവെച്ചു. തങ്ങളെ മന്ത്രിസഭ രൂപീകരിക്കാന്‍ അനുവദിക്കാമെങ്കില്‍ ബ്രിട്ടന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് ഹിന്ദു മഹാസഭ നേതാവ് സവര്‍ക്കര്‍ വൈസ്രോയിക്ക് കത്തെഴുതി. (എ ജി നുറാനി: സവര്‍ക്കറും ഹിന്ദുത്വവും). ദേശീയ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ കൂട്ടാക്കാത്തതില്‍ പ്രതിഷേധിച്ച് 1922ലും 1930ലുമെന്നപോലെ ബഹുജനസമരമാരംഭിക്കണമെന്നായിരുന്നു ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും അഭിപ്രായം. എന്നാല്‍, ഗാന്ധിജി തീരുമാനിച്ചത് വ്യക്തിസത്യഗ്രഹം നടത്താനാണ്. കാരണം ഒരു ദേശീയ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ ഗാന്ധിജിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സന്നദ്ധമായാല്‍ ബ്രിട്ടന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് 1941 ജൂണില്‍ ജര്‍മ്മനി റഷ്യയെ ആക്രമിക്കുന്നത്. അതേവര്‍ഷം ഡിസംബറില്‍ ജപ്പാന്‍ അമേരിക്കയുടെ കൈവശമായിരുന്ന ഹവായിലെ പേള്‍ഹാര്‍ബര്‍ ആക്രമിച്ചു. ഇതോടെ യൂറോപ്പില്‍ മാത്രമൊതുങ്ങിനിന്നിരുന്ന യുദ്ധം ആഗോളയുദ്ധമായി പരിണമിച്ചു. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ജപ്പാന്‍ കിഴക്കുനിന്നും പടിഞ്ഞാറേക്ക് മുന്നേറി. തെക്കുകിഴക്കനേഷ്യയിലെ ബ്രിട്ടീഷ് - ഫ്രഞ്ച് - ഡച്ച് കോളനികള്‍ ജപ്പാന്റെ കീഴിലമര്‍ന്നു. 1942 മാര്‍ച്ച് ആയപ്പോഴേക്കും ജപ്പാന്‍ ഇന്ത്യയുടെ അയല്‍രാജ്യമായ ബര്‍മ്മയിലെത്തി. ഏതു നിമിഷവും ഇന്ത്യ ആക്രമിക്കപ്പെട്ടേക്കാമെന്ന സ്ഥിതി വന്നു. ബ്രിട്ടീഷ് സാമ്രാജ്യം ദുര്‍ബലമാവുകയാണെന്നും ആഞ്ഞടിക്കാനുള്ള അവസരം ഇതാണെന്നും ഗാന്ധിജി മനസ്സിലാക്കി. പ്രവര്‍ത്തക സമിതിയിലെ മറ്റുള്ളവരില്‍ ഭൂരിപക്ഷത്തിനും ഇതിനോടു യോജിപ്പില്ലായിരുന്നു. ബ്രിട്ടനെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമരം ഇപ്പോള്‍ പാടില്ലെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലെ ജയപ്രകാശ് നാരായണ്‍, ആചാര്യ നരേന്ദ്രദേവ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കള്‍ക്കും ആദ്യം ഈ അഭിപ്രായമായിരുന്നു. എന്നാല്‍ മിനുമസാനി, അശോക്മേത്ത എന്നീ മാര്‍ക്സിസ്റ്റ് വിരുദ്ധര്‍ ശക്തമായ സമരം വേണമെന്ന അഭിപ്രായക്കാരായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുവരുന്ന ജപ്പാന്റെ ആക്രമണത്തെ നേരിടാന്‍ ബ്രിട്ടനെ പിന്തുണയ്ക്കണമെന്ന നിലപാടെടുത്തു. അതിനുകാരണം ഫാസിസ്റ്റ് അച്ചുതണ്ടു ശക്തികളുടെ സംഗമസ്ഥാനമായി കമ്യൂണിസ്റ്റുകാര്‍ കാണുന്നത് ഇന്ത്യയെ ആണെന്നതായിരുന്നു. മദ്ധ്യേഷ്യ വഴി റഷ്യയെ കീഴടക്കി ജര്‍മ്മനിയും പണ്ട് അലക്സാണ്ടര്‍ ചക്രവര്‍ത്തി സഞ്ചരിച്ച വഴിയിലൂടെ ഉത്തരാഫ്രിക്ക, പലസ്തീന്‍, മെസപൊട്ടേമിയ, ഇറാന്‍ വഴി ഇറ്റലിയും കിഴക്കുനിന്ന് ജപ്പാനും ഇന്ത്യയിലെത്താമെന്നായിരുന്നു അച്ചുതണ്ടു പ്രതീക്ഷ. അതില്‍ ജപ്പാന്‍ ഇന്ത്യയുടെ പടിവാതില്‍ക്കലെത്തി.

ബ്രിട്ടനെ ആഞ്ഞടിക്കാനുള്ള അവസരമിതാണെന്നു കണ്ട ഗാന്ധിജിയാണ് ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത്. ജപ്പാന്‍, ഇന്ത്യയെ ആക്രമിക്കാന്‍ കാരണം ബ്രിട്ടീഷ് സാന്നിദ്ധ്യമാണെന്നും അതിനാല്‍ ജപ്പാന്റെ ആക്രമണമൊഴിവാക്കാന്‍ ബ്രിട്ടന്‍ ഇന്ത്യ വിടണമെന്നും ഉള്ള ലളിത സമവാക്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ബ്രിട്ടന്‍ ഇന്ത്യ വിട്ടുപോയാല്‍ ഇന്ത്യയ്ക്ക് ആരുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇന്ത്യയെ ദൈവത്തിന്റെ കരങ്ങളിലേല്‍പിക്കാനാണ്. "ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ അരാജകത്വം'' എന്നാണ് ഗാന്ധിജിയുടെ നിലപാടിനെ വിശേഷിപ്പിക്കേണ്ടത്. ആഗസ്ത് 8ന് ബോംബെയില്‍ പ്രവര്‍ത്തക സമിതി ചേര്‍ന്ന് ക്വിറ്റിന്ത്യാ പ്രമേയം അംഗീകരിച്ചു. അതിനു മുമ്പുതന്നെ വാര്‍ദ്ധയില്‍വച്ച് ഗാന്ധിജി അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. അടുത്ത ദിവസം പുലര്‍ന്നപ്പോഴേക്കും നേതാക്കളെയെല്ലാം തുറുങ്കിലടച്ചു. "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക'', "ഓരോരുത്തരും അവരവരുടെ നേതാവാകുക'' തുടങ്ങിയ ഉദ്ബോധനങ്ങള്‍ ജയിലില്‍നിന്നും ഗാന്ധിജി പുറത്തുവിട്ടു. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഉള്‍പ്പെടെയുള്ളവര്‍ വളര്‍ത്തിക്കൊണ്ടുവന്ന സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം ഈ ഘട്ടത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഫാസിസ്റ്റ് വിരുദ്ധ സമരം കോണ്‍ഗ്രസുകാര്‍ ഉപേക്ഷിച്ചു. അന്നേവരെ ഗാന്ധിജി അനുവര്‍ത്തിച്ചിരുന്ന അക്രമരഹിതമാര്‍ഗം അദ്ദേഹമിപ്പോള്‍ ഉപേക്ഷിച്ചു. ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തക്കവണ്ണം ബ്രിട്ടനെ ശ്വാസംമുട്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ക്വിറ്റിന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ പങ്കെടുത്തില്ല എന്നതായിരുന്നു കമ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള ആക്ഷേപം. ഇന്ത്യയിലെത്താനുള്ള ജപ്പാന്റെ നീക്കം തടസ്സപ്പെടുത്തുക എന്നതായിരുന്നു പാര്‍ട്ടി നയം. അതിന് ബ്രിട്ടന് സഹായിക്കുക എന്നതായിരുന്നു തല്‍ക്കാലം ചെയ്യേണ്ടത്. ജപ്പാന്‍ കീഴടക്കിയ രാജ്യങ്ങളിലെ ജനങ്ങളെ അവര്‍ ക്രൂരമായി കൈകാര്യം ചെയ്ത വാര്‍ത്തകള്‍ ഇന്ത്യയിലെത്തുന്നുണ്ടായിരുന്നു. ജപ്പാന്‍ ഇന്ത്യയെ ആക്രമിക്കുകയാണെങ്കില്‍ അവരെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന ഗാന്ധിജിയുടെ പ്രഖ്യാപനം വിശ്വസനീയമായിരുന്നില്ല. എന്നു മാത്രമല്ല സോവിയറ്റ് യൂണിയന്‍ വിജയിക്കേണ്ടത് കോളനിരാജ്യങ്ങളിലെ ജനങ്ങളുടെ മോചനത്തിന്റെ മുന്നുപാധിയായിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വിജയിക്കാനായില്ല. പാര്‍ട്ടി പിന്നീട് പ്രസ്താവിച്ചതുപോലെ ഒഴുക്കിനെതിരെ നീന്തുന്ന സ്ഥിതിയായിരുന്നു. അതുവരെയും ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്ന പാര്‍ടിയും നേതാക്കളും പൊടുന്നനെ ജനമധ്യത്തിലെത്തി ജാപ് വിരുദ്ധ പ്രസംഗം ചെയ്യുന്നതില്‍ ജനങ്ങള്‍ക്ക് വിശ്വാസം തോന്നിയില്ല. എന്നാല്‍ യുദ്ധാനന്തര സംഭവവികാസങ്ങള്‍ കമ്യൂണിസ്റ്റുകാരുടെ ആത്മാര്‍ത്ഥത തെളിയിച്ചു. യുദ്ധം കഴിഞ്ഞപ്പോള്‍ പാര്‍ടി നിരോധിക്കപ്പെട്ടുവെങ്കിലും പാര്‍ടി അംഗങ്ങളും അനുയായികളും നേതൃത്വം കൊടുത്തു നടത്തിയ പ്രക്ഷോഭങ്ങള്‍ ബ്രിട്ടനെ വശംകെടുത്തി. നാവികസേനയും പട്ടാളവും പ്രാദേശിക പോലീസ് സേനയും റയില്‍വെ ജീവനക്കാരും തപാല്‍ ജീവനക്കാരും കര്‍ഷകരും തുടരെത്തുടരെ നടത്തിയ സമരങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിളക്കി. "ഇന്ത്യയിലെ സമരങ്ങളെ അടിച്ചമര്‍ത്താനാവശ്യമായ സൈന്യത്തെ അയക്കാനുള്ള ജനസംഖ്യ ബ്രിട്ടനില്ലായെന്ന്'' പ്രധാനമന്ത്രി ക്ളമന്റ് ആറ്റ്ലി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രക്ഷോഭങ്ങളുടെ വ്യാപ്തിയും ഗൌരവവും ഈ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്.

സ്വാതന്ത്ര്യപൂര്‍വകാലത്തും അതിനുശേഷവും സന്ധിയില്ലാത്ത സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭം നടത്തിയതും നടത്തുന്നതും ആരാണ്? ആഗോളമൂലധന ശക്തികളെയും ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന സാമ്രാജ്യത്വ ചങ്ങാതിമാര്‍ ആരാണ്? ക്വിറ്റിന്ത്യാസമരകാലത്ത് സാമ്രാജ്യത്വവുമായി വില പേശി അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍, ഇപ്പോള്‍ അധികാരത്തില്‍ തുടരാനായി അവര്‍ രാജ്യത്തിന്റെ കവാടങ്ങള്‍ ആഗോള മൂലധന ശക്തികള്‍ക്ക് തുറന്നിട്ടു കൊടുക്കുകയാണ്. അന്നും ഇന്നും സാമ്രാജ്യത്വത്തോട് സന്ധിയില്ലാത്ത സമരം ചെയ്യുന്നത് കമ്യൂണിസ്റ്റുകാരും തൊഴിലാളിവര്‍ഗവുമാണ്.

പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക 20082010

1 comment:

  1. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ അന്തിമഘട്ടമായിരുന്നു ക്വിറ്റിന്ത്യാസമരമെന്നും അതേ തുടര്‍ന്നാണ് സ്വാതന്ത്ര്യലബ്ധി സാദ്ധ്യമായതെന്നുമാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചു പോരുന്നത്. സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച ചരിത്ര രചന നടത്തിയ ഒരു ചരിത്രകാരനും ഇത്തരത്തില്‍ ഒരവകാശവാദം ഉന്നയിച്ചിട്ടില്ല. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാര്‍ക്കും വായനാശീലമുള്ള അനുയായികള്‍ക്കും അറിവുള്ള കാര്യമാണത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ് കക്ഷിക്ക് ഭരിക്കാനുള്ള അവകാശം പൈതൃകമായി കിട്ടിയതാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രചരിപ്പിച്ചു പോന്ന ഒരു നുണയാണത്. അതോടൊപ്പംതന്നെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മുഖ്യപ്രതിപക്ഷകക്ഷിയായതും അഞ്ചുകൊല്ലം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതും രണ്ടാംലോക മഹായുദ്ധാനന്തരമുള്ള ഒരു ദശകത്തിനകം തെക്കു കിഴക്കന്‍ യൂറോപ്പിലും ചൈനയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നതും ഇന്ത്യയിലെ ഭരണവര്‍ഗത്തിനെ അമ്പരപ്പിച്ചിരുന്നു. അതിനാല്‍ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് കക്ഷിയുടെ കുത്തകാവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടതും കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ചവരാണെന്ന് സ്ഥാപിക്കേണ്ടതും അവര്‍ക്ക് ആവശ്യമായിരുന്നു. ആ ലക്ഷ്യത്തോടു കൂടിയാണ് ക്വിറ്റിന്ത്യാസമരകാലത്ത് കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്.

    ReplyDelete