കുട്ടനാട് പാക്കേജിന്റെ ഉദ്ഘാടനം നാളെ; യാഥാര്‍ഥ്യമാകുന്നത് ചിരകാല അഭിലാഷം
സംസ്ഥാനത്തിന്റെ ചിരകാല അഭിലാഷമായ കുട്ടനാടിന്റെ സമഗ്രവികസനം സാക്ഷാത്കരിക്കുന്ന കുട്ടനാട് പാക്കേജ് യാഥാര്‍ഥ്യമാകുന്നു. നാളെ രാവിലെ 10ന് മങ്കൊമ്പ് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ പാക്കേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നിര്‍വഹിക്കും. പാക്കേജിലെ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം കേന്ദ്ര ജലവിഭവ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ നിര്‍വഹിക്കും.
സമുദ്രനിരപ്പില്‍ നിന്നും താഴ്ചയിലുള്ള ലോകത്തിലെ തന്നെ അപൂര്‍വം കാര്‍ഷിക ഭൂമികളിലൊന്നാണ് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ കുട്ടനാട് പ്രദേശം. ഭക്ഷ്യസുരക്ഷയ്ക്ക് പ്രാപ്തമായ വിളനിലവും സമ്പൂര്‍ണമായ ഒരു ആവാസവ്യവസ്ഥയും അനുഗ്രഹീത പ്രകൃതിയും കൈമുതലായുള്ള ഈ പ്രവദേശം കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, ഭൂമി കയ്യേറ്റം, രൂക്ഷമായ മലിനീകരണം എന്നിവമൂലം കടുത്ത ഭീഷണയിലാണ്. പരിസ്ഥിതിനാശവും കൃഷിനഷ്ടവും കുട്ടനാടിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്നും ഈ അവസ്ഥയില്‍ നിന്നും ഉടന്‍ രക്ഷ വേണമെന്നുമുള്ള മുറവിളികള്‍ ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും പരിഹാരം മരീചികയായിരുന്നു. ഈ ഘട്ടത്തിലാണ് കുട്ടനാടിന്റെ ദുരവസ്ഥ ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുതുടങ്ങിയത്.
കുട്ടനാടിനെ രക്ഷിക്കാന്‍ സമഗ്രമായ പാക്കേജ് വേണമെന്ന് ഏകാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനുമായി ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കാര്‍ഷിക ശാസ്ത്രജ്ഞനും കുട്ടനാട് ജനിച്ചയാളുമായ ഡോ. എം എസ് സ്വാമിനാഥനെ ചുമതലപ്പെടുത്താന്‍ സംസ്ഥാനത്തിന്റെ താല്‍പര്യം മാനിച്ച് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തു. ദൗത്യം ഏറ്റെടുത്ത സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഇതുസംബന്ധിച്ച് വിശദ പഠനം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും നിരന്തരമായ സന്ദര്‍ശനത്തിലൂടെയും വിവര, അഭിപ്രായ ശേഖരണത്തിലൂടെയും പഠിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ വിശദമായ പാക്കേജിനും രൂപം നല്‍കി. 1840 കോടി രൂപയുടെ പാക്കേജിന് വിഭാവനം ചെയ്തതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് 2,353 കോടി രൂപയുടെ പദ്ധതികള്‍ക്കാണ്. ഇതില്‍ 2111 കോടിയുടേത് ജലവിഭവവുമായി ബന്ധപ്പെട്ടതാണ്. കുട്ടനാടിന്റെ ശക്തിയും ദൗര്‍ബല്യവും ജലസ്രോതസ്സുകളും നീരൊഴുക്കുകളും ആയതിനാല്‍ പാക്കേജില്‍ പൊതുവെ ഊന്നല്‍ അതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായിരുന്നു. കൃഷിയും അനുബന്ധ മേഖലയുമായി ബന്ധമുള്ള 242 കോടി രൂപയുടെ പദ്ധതികളും തയ്യാറാക്കിയവയിലുണ്ട്. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി 1072 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനം കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചത്. ഇതില്‍ ജലവിഭവത്തിന്റേതായി 530 കോടി രൂപയുടേതും കൃഷി മേഖലയുടെ 242 കോടിയുടേതുമായ പദ്ധതികളും 13-ാം ധനകാര്യ കമ്മിഷന്റെ അനുമതിക്കുള്ള 300 കോടിയും ഉള്‍പ്പെടുന്നു. 47 പ്രവര്‍ത്തികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വെ എന്നിവയുടെ നവീകരണവും എ സി കനാലിന്റെ ആഴംകൂട്ടലും ഉള്‍പ്പെടുന്ന മൂന്ന് പദ്ധതികളുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഉടന്‍തന്നെ നല്‍കുകയും ചെയ്യും.
വെച്ചൂര്‍ മോഡേണ്‍ റൈസ് മില്‍ യാഥാര്‍ഥ്യമാകുന്നു
ഓയില്‍ പാം ഇന്ത്യാ വൈക്കത്ത് സ്ഥാപിക്കുന്ന മോഡേണ്‍ റൈസ് മില്ലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗതയില്‍ മുന്നേറുന്നു. പ്രതിവര്‍ഷം 12000 ടണ്‍ നെല്ല് സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കി മേല്‍ത്തരം അരി ഓയില്‍ പാമിന്റെ ബ്രാന്റില്‍ വിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അഡ്വ. വി ബി ബിനു വ്യക്തമാക്കി.
കോട്ടയം ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ കുട്ടനാടന്‍ പ്രദേശത്തെ 10000ല്‍പ്പരം ഹെക്ടര്‍ സ്ഥലത്തുള്ള നെല്‍കര്‍ഷകരായിരിക്കും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. മില്ല് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കര്‍ഷകരില്‍ നിന്നും നേരിട്ട് ന്യായമായ വിലയ്ക്ക് നെല്ല് സംഭരിച്ച് മേല്‍ത്തരം അരിയാക്കി വിപണിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലാഭത്തേക്കാള്‍ ഉപരിയായ സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നിയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡ് കഴിഞ്ഞ 4 വര്‍ഷമായി 44 കോടി രൂപയുടെ ലാഭമാണ് നേടിയത്. മൂല്യവര്‍ദ്ധനവിന്റെ ഭാഗമായി കമ്പനി കെര്‍ണല്‍ ഓയില്‍ ഫാക്ടറി ഏരൂര്‍ എസ്റ്റേറ്റില്‍ ഈ വര്‍ഷം ആരംഭിച്ചു. കൂടാതെ എക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കമ്പനിയുടെ എസ്റ്റേറ്റില്‍ ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നതായും ചെയര്‍മാന്‍ അഡ്വ. വി ബി ബിനു വിശദീകരിച്ചു.
നാളികേര ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കുവേണ്ടി സൂപ്പര്‍ ബസാര്‍ ആരംഭിക്കും
നാളികേര ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്കുവേണ്ടി ഈ വര്‍ഷം സൂപ്പര്‍ ബസാര്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിനനുസരിച്ച് വൈവിധ്യവല്‍ക്കരണം ഉണ്ടാകാത്തതാണ് നാളികേരരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചത്. നാളികേര രംഗത്ത് പുതിയ ഉണര്‍വ് സൃഷ്ടിക്കുന്നതിന് കൂട്ടായ്മകള്‍ ഗുണകരമാകും. ഇത്തരത്തില്‍ ക്ലസ്റ്റര്‍ പരീക്ഷണത്തിലൂടെ പ്രവര്‍ത്തനങ്ങള്‍ വിജയപ്പിക്കുന്നതിന് തൃശൂര്‍ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പാദനക്ഷമതയിലുള്ള കുറവാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ക്ലസ്റ്ററുകളിലൂടെ കേരകാര്‍ഷികരംഗത്തെ പ്രശ്‌നങ്ങളെ മറികടക്കാന്‍ കഴിയും. ഈ മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ ഗൗരവമായ പരിഗണനയാണ് നല്‍കുന്നത്. കേരളപ്പിറവി ദിനം മുതല്‍ സംസ്ഥാന കേരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം
സംസ്ഥാനത്തെ മലയോരകര്‍ഷകരുടെ ദീര്‍ഘനാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ലാന്‍ഡ് അസൈന്‍മെന്റ് സ്‌പെഷല്‍ റൂള്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 1977 ജനുവരി ഒന്നിന് മുമ്പായി വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് ഉപാധിരഹിതമായി പട്ടയം ലഭിക്കും. ഇത് ദീര്‍ഘനാളായി മലയോരമേഖലയിലെ ജനങ്ങള്‍ ഉന്നയിച്ചുവന്ന ആവശ്യമാണ്.
നിയമഭേദഗതിയിലൂടെ ഈ മേഖലയിലെ സാധാരണ കൃഷിക്കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കിയിരുന്നെങ്കിലും നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പട്ടയം ലഭിച്ച ഭൂമി കൈമാറുന്നതിനോ പണയപ്പെടുത്തുന്നതിനോ ദാനമായി നല്‍കുന്നതിനോ സാധ്യമായിരുന്നില്ല. ബാങ്കുകളില്‍ നിന്ന് കൃഷി ആവശ്യത്തിന് വായ്പകള്‍ ലഭ്യമാക്കുന്നതിന് പോലും നിലവിലുള്ള സാഹചര്യത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. ഇതിനെതിരായി മലയോരമേഖലയിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നിരന്തരമായ പ്രക്ഷോഭങ്ങളും നിയമ നടപടികളും നടന്നുവരികയായിരുന്നു. ആദ്യകാലത്ത് പട്ടയങ്ങള്‍ക്ക് വേണ്ടിയായിരുന്നു മലയോര കര്‍ഷകര്‍ സമരം ചെയ്തിരുന്നതെങ്കില്‍ പിന്നീട് അത് ഭൂമി കൈമാറ്റം ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള സമരമായി മാറി. നിയമ നടപടികള്‍ക്ക് ഒടുവില്‍ സുപ്രിംകോടതിയും ഉപാധിരഹിതമായി കര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.
മലയോര കര്‍ഷകരുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് യു ഡി എഫ് സര്‍ക്കാര്‍ 1993ല്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സംസ്ഥാനത്താകെ 28,588 ഹെക്ടര്‍ ഭൂമിയിലെ ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതില്‍ 25,000 ഓളം ഹെക്ടര്‍ ഭൂമി ഇടുക്കി ജില്ലയിലാണ്. നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്ന് റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. 1993ലെ പ്രത്യേക നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് 1960 ലെ ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായുള്ള ഓര്‍ഡിനന്‍സ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും.
പത്തനംതിട്ടയിലെ ആറന്മുളയില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടിന് നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. ആവശ്യമായ ഭൂമി സ്വന്തം നിലയില്‍ കണ്ടെത്തണമെന്ന വ്യവസ്ഥയോടെയാണ് അംഗീകാരം നല്‍കിയത്.
തലശേരിയില്‍ 198 കോടി രൂപ ചെലവില്‍ പൈതൃക സര്‍ക്യൂട്ട് ടൂറിസം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 148 കോടി സംസ്ഥാന വിഹിതവും 50 കോടി കേന്ദ്ര വിഹിതവും ആയിരിക്കും. ആലപ്പുഴയിലെ പൈതൃക ടൂറിസം പദ്ധതിക്കും അംഗീകാരം നല്‍കി. പൂജപ്പുര സ്‌പെഷല്‍ സബ്ജയിലില്‍ 31 പുതിയ തസ്തിക സൃഷ്ടിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കണ്ണൂര്‍ പൊലീസ് മൈതാനത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ 15 ഏക്കര്‍ ഭൂമി കേരള പൊലീസ് സ്‌പോര്‍ട്‌സ് യൂത്ത് വെല്‍ഫയര്‍ സൊസൈറ്റിക്ക് നല്‍കും. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മാത്രമേ നടത്താവൂ എന്ന കോടതി വിധി അനധികൃത ലോട്ടറിക്കാരുടെ കൊള്ളയ്ക്ക് അറുതി വരുത്തുന്നതിന് സഹായകരമാകുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ലോട്ടറി പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന സിനിമാ താരങ്ങളുടെ നിലപാട് മാതൃകാപരമാണ്. ഇത് അനുകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും കൈരളി ടി വി ലോട്ടറി നറുക്കെടൂപ്പിന്റെ പരസ്യം സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൈരളി സ്വതന്ത്ര സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണനയില്‍
കേരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. കായംകുളം കൃഷ്ണപുരം തെങ്ങുഗവേഷണ കേന്ദ്രത്തില്‍ നടന്ന കല്‍പകം-2010 സാങ്കേതികവിദ്യാ വാരാചരണവും ലോക നാളികേര ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാളികേര ഉല്‍പ്പന്നങ്ങള്‍ ലോക മാര്‍ക്കറ്റുമായി മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ പുരോഗമിച്ചെങ്കില്‍ മാത്രമേ ഈ കാര്‍ഷികമേഖല കൂടുതല്‍ പരിപോഷിപ്പിക്കാന്‍ കഴിയൂ. തെങ്ങ് ഗവേഷണരംഗത്ത് ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
(ആര്‍ ശ്രീനിവാസ്)
പൊതുവിതരണ സംവിധാന മാതൃകയില്‍ കാലിത്തീറ്റ ഡിപ്പോ വരും
പൊതുവിതരണ സംവിധാനത്തിന്റെ മാതൃകയില്‍ മൃഗങ്ങള്‍ക്ക് മരുന്നും കാലിത്തീറ്റയും പച്ചപ്പുല്ലും നല്‍കുന്നതിനായി ഡിപ്പോ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണ മന്ത്രി സി ദിവാകരന്‍ പറഞ്ഞു. ബുധനൂരില്‍ പണികഴിപ്പിച്ച പുതിയ മൃഗാശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റേഷന്‍ വിതരണത്തെക്കുറിച്ചുള്ള സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ 60 ലക്ഷം പേര്‍ കേരളത്തില്‍ വഴിയാധാരമാകും. 10,400 റേഷന്‍ കടകളും ഇതുമൂലം പൂട്ടേണ്ടിവരുമെന്നും ദിവാകരന്‍ പറഞ്ഞു.
വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തെ പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാടിന്റെ വികസനത്തിന് ഭരണത്തിലെ തുടര്‍ച്ച അനിവാര്യമാണെന്നും ദിവാകരന്‍ പറഞ്ഞു. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി രാജന്‍ അധ്യക്ഷത വഹിച്ചു.
Janayugom 03092010/04092010
ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍.
ReplyDelete