Monday, September 6, 2010

നീതിരഹിതമായ നടപടി

തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായ പ്രഫ ടി ജെ ജോസഫ് കഴിഞ്ഞ കുറച്ചുമാസങ്ങളായി മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തതായി ഇക്കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് രേഖാമൂലം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തിരിക്കുന്നതായി ന്യൂമാന്‍സ് കോളജ് മാനേജര്‍ മോണ്‍ തോമസ് മലേക്കുടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

തീര്‍ത്തും മനുഷ്യത്വരഹിതവും ന്യായീകരണമില്ലാത്തതുമായ നടപടിയാണിത്. വിവാദ ചോദ്യപേപ്പര്‍ വിഷയം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പ്രഫ ടി ജെ ജോസഫിനെ പതിനഞ്ചു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി പിരിച്ചുവിടല്‍ നോട്ടീസും നല്‍കിയിരിക്കുന്നു.

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനു പിന്നില്‍ പ്രഫ ടി ജെ ജോസഫിന്റെ ആസൂത്രിതമായ പരിശ്രമങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. ഒരു വിഖ്യാത സിനിമാ തിരക്കഥയുടെ ഭാഗങ്ങള്‍ ഭേദഗതികളോടെ ചോദ്യപേപ്പറില്‍ ഉള്‍ക്കൊള്ളിക്കുകയായിരുന്നു ടി ജെ ജോസഫ് ചെയ്തത്. അത് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണോ എന്ന് അവധാനതയോടെ ശ്രദ്ധിക്കുവാന്‍ കഴിയാതെ പോയത് വലിയ വീഴ്ച തന്നെയാണ്. അധ്യാപക സമൂഹം പുലര്‍ത്തേണ്ട ജാഗ്രത പ്രഫ ടി ജെ ജോസഫില്‍ നിന്നുണ്ടായില്ലെന്നുള്ളത് എല്ലാവരും അംഗീകരിക്കും. അതിനുള്ള നിയമനടപടികളെ അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ടുതാനും.

തന്റെ അവധാനതക്കുറവിന്റെ പേരില്‍, പൊലീസ് കസ്റ്റഡിയിലാവുകയും റിമാന്റില്‍ കഴിയുകയും കോടതി വ്യവഹാരങ്ങളില്‍ ചെന്നു പെടുകയും ചെയ്ത പ്രഫ ടി ജെ ജോസഫിന്റെ മകന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. ഒടുവില്‍ പള്ളിയില്‍ ആരാധനയ്ക്കുപോയ ടി ജെ ജോസഫിനെ നിരത്തിലിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തികച്ചും ആസൂത്രിതമായ നിലയില്‍ അദ്ദേഹത്തിന്റെ വലതുകൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു അക്രമകാരികള്‍.

മതഭീകരവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് കൈപ്പത്തി വെട്ടിമാറ്റലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരില്‍ കൃത്യം നിര്‍വഹിച്ചവരെയും ആസൂത്രണം നടത്തിയവരെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച വരെയും പൊലീസ് പിടികൂടിക്കൊണ്ടിരിക്കുകയാണ്. അമ്പത്തിയൊന്ന് ക്രിമിനലുകളാണ് ഈ ക്രൂരകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യം നിര്‍വഹിച്ചശേഷം കേരളം വിട്ടുപോയവരെയടക്കം പൊലീസ് വിദഗ്ദ്ധമായ നിലയില്‍ പിടികൂടി.

കൈപ്പത്തി വെട്ടിമാറ്റിയതിന്റെ ശാരീരിക ക്ലേശത്തിലും അതിലേറെ മാനസിക ആഘാതത്തിലും കഴിയുകയാണ് പ്രഫ ടി ജെ ജോസഫ്. അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും ചെറുതൊന്നുമല്ല. എന്നാല്‍ കൈപ്പത്തി വെട്ടിമാറ്റിയതിന് രണ്ടു മാസം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള രേഖാമൂലമായ ഉത്തരവ് മാനേജ്‌മെന്റ് പുറപ്പെടുവിക്കുന്നത്.

അറിഞ്ഞോ അറിയാതെയോ വന്നുപോയ ഒരു തെറ്റിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ എന്ന ശിക്ഷാ നടപടി ഏറ്റുവാങ്ങുകയും നിയമനടപടികള്‍ നേരിടുകയൂം ചെയ്യുന്ന ഒരാളോട് സ്വീകരിച്ചുകൂടാത്ത നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. പ്രത്യേകിച്ചും കൈപ്പത്തി വെട്ടിമാറ്റപ്പെട്ട നിലയില്‍ കഴിയുന്ന ഒരധ്യാപകനോട് ഇത്തരമൊരു സമീപനം ഉണ്ടാകരുതായിരുന്നു.

മനുഷ്യത്വവും കാരുണ്യവും അവശേഷിക്കുന്ന ആരും കൈക്കൊള്ളാത്ത നടപടിയാണ് ന്യൂമാന്‍സ് കോളജ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. തികച്ചും തെറ്റായ ഈ നടപടി തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ അവരുടെ ഔന്നത്യം വീണ്ടെടുക്കാന്‍ കഴിയും. അല്ലെങ്കില്‍ ഏറ്റുവാങ്ങേണ്ടിവരുന്ന അപമാനം ചെറുതൊന്നുമായിരിക്കില്ലതാനും.

janayugom editorial 05092010

ജോസഫിനു നല്‍കിയ ശിക്ഷ കൂടിപ്പോയി: ഫാ. പോള്‍ തേലക്കാട്ട്

പ്രഫ. ടി ജെ ജോസഫിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിന്റെ നടപടി അദ്ദേഹം അര്‍ഹിക്കുന്നതിലും വലിയ ശിക്ഷയാണോ എന്നു സംശയമുണ്ടെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ട്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രഫ. ജോസഫ് ചെയ്ത തെറ്റിന് ആനുപാതികമായ ശിക്ഷയല്ല ഇതെന്നാണ് എന്റെ തോന്നല്‍. ശിക്ഷ കൂടിപ്പോയി എന്നാണ് വ്യക്തിപരമായ അഭിപ്രായം. സഭയുടെ അഭിപ്രായമായി ഇതിനെ കാണേണ്ടതില്ല. സര്‍വകലാശാലാ ചട്ടങ്ങള്‍ അനുസരിച്ചാണോ കോളജ് മാനേജ്‌മെന്റ് ഈ നടപടി സ്വീകരിച്ചതെന്ന് പരിശോധിക്കും. മാനേജ്‌മെന്റിന്റെ നടപടിെക്കതിരെ പ്രഫ. ജോസഫിന് സര്‍വകലാശാലയെയോ കോടതിയെയോ സമീപിക്കാം. ഇത്തരത്തില്‍ നീങ്ങുന്നത് ഒരു തരത്തിലും സഭാ വിരുദ്ധമല്ല. പിരിച്ചുവിട്ട നടപടി ചട്ടവിരുദ്ധമാണെങ്കില്‍ തിരുത്താവുന്നതേയുള്ളൂ. പ്രഫ. ജോസഫ് ചെയ്ത തെറ്റിന് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതുണ്ട്.

അല്ലെങ്കില്‍ മതമൗലിക വാദികളുടെ ആക്രമണത്തെ സാധൂകരിക്കലാകുമതെന്നും ഫാ. തേലക്കാട്ട് പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമാണ് തൊടുപുഴ ന്യൂമാന്‍ കോളജ്. കോതമംഗലം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയാണ് കോളജിന്റെ മാനേജ്‌മെന്റ്.

janayugom 06092010

1 comment:

  1. തൊടുപുഴ ന്യൂമാന്‍സ് കോളജിലെ അധ്യാപകനായ പ്രഫ ടി ജെ ജോസഫ് കഴിഞ്ഞ കുറച്ചുമാസങ്ങളായി മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാവിഷയങ്ങളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തതായി ഇക്കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് രേഖാമൂലം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ അദ്ദേഹത്തെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തിരിക്കുന്നതായി ന്യൂമാന്‍സ് കോളജ് മാനേജര്‍ മോണ്‍ തോമസ് മലേക്കുടിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

    തീര്‍ത്തും മനുഷ്യത്വരഹിതവും ന്യായീകരണമില്ലാത്തതുമായ നടപടിയാണിത്. വിവാദ ചോദ്യപേപ്പര്‍ വിഷയം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പ്രഫ ടി ജെ ജോസഫിനെ പതിനഞ്ചു ദിവസത്തേയ്ക്ക് സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി പിരിച്ചുവിടല്‍ നോട്ടീസും നല്‍കിയിരിക്കുന്നു

    ReplyDelete