അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ മൂന്നാം ഭാഗം
ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്
രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം
യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ വിദ്യാഭ്യാസ വായ്പാ കുംഭകോണത്തില്‍ സംസ്ഥാന സഹകരണബാങ്കിന് നഷ്ടപ്പെട്ടത് 50 കോടിയാണ്. വെള്ളത്തിലായതോ ഇടുക്കി ജില്ലയിലെ പാവങ്ങളും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അരങ്ങേറിയ നേഴ്സിങ് പഠന വായ്പാത്തട്ടിപ്പ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്.
സംസ്ഥാന സഹകരണബാങ്കിന്റെ ഇടുക്കി ബ്രാഞ്ച് ഒറ്റയടിക്ക് 750 പേര്‍ക്കാണ് വിദ്യാഭ്യാസവായ്പ നല്‍കിയത്. ഇത് ഓരോ വിദ്യാര്‍ഥിയും ബാങ്കില്‍വന്ന് അപേക്ഷ നല്‍കി കൊടുത്ത വായ്പയല്ല, ഒരുഇടനിലക്കാരന്‍ മുഖേന വാരിക്കോരി നല്‍കിയതാണ്. സാധാരണനിലയില്‍ വിദ്യാഭ്യാസവായ്പയെടുക്കാന്‍ സമീപിക്കുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വട്ടം കറക്കുന്ന ബാങ്ക് അധികൃതര്‍ ഇവിടെ 'ഉദാരമായ' സമീപനം സ്വീകരിച്ചു. സിഎംപി നേതാവായ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കെ ആര്‍ അരവിന്ദാക്ഷന്‍, കോണ്‍ഗ്രസ് നേതാവായ വൈസ് പ്രസിഡന്റ് എം കെ രാഘവന്‍ എം പി എന്നിവരാണ് വായ്പാത്തട്ടിപ്പിന് കളമൊരുക്കിയത്. (ഉമ്മന്‍ചാണ്ടിയുടെയും എ കെ ആന്റണിയുടെയും വിശ്വസ്തനായ എം കെ രാഘവന്റെ കടലാസ് സംഘത്തിന്റെ മറവില്‍ തട്ടിയെടുത്ത കോടികളുടെ കഥ വേറെ.) ഇടുക്കിക്ക് പുറമെ ആലപ്പുഴയില്‍ 401 പേര്‍ക്കും പത്തനംതിട്ടയില്‍ 244 പേര്‍ക്കും കൊല്ലത്ത് 362 പേര്‍ക്കും കണ്ണൂരില്‍ 151 പേര്‍ക്കും തൃശൂരില്‍ 131 പേര്‍ക്കും വായ്പ അനുവദിച്ചു.
ഇടുക്കി ജില്ലയിലെ പഴയരിക്കണ്ടം പ്ളാത്തോട്ടത്തില്‍ സെബാസ്റ്റ്യന്‍ പി ജോണ്‍ എന്ന 'വിദ്യാഭ്യാസ' പ്രേമിയുടെ രംഗപ്രവേശത്തോടെയാണ് അരങ്ങ് കൊഴുത്തത്. ഇയാള്‍ എംഡിയായി കൊച്ചിയില്‍ സ്കൈബ്ളൂ എന്റര്‍പ്രൈസസ് എന്ന കടലാസ് സ്ഥാപനം രജിസ്റര്‍ചെയ്തു. സ്കൈ ബ്ളൂ എന്റര്‍പ്രൈസസ് ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഉദ്ഘാടനം ചെയ്തതിനു പുറമെ ഉമ്മന്‍ചാണ്ടി സെബാസ്റ്റ്യന്‍ പി ജോണ്‍ ആവശ്യപ്പെടുന്നത്രയും വായ്പ കൊടുക്കണമെന്ന് ബാങ്കിന് നിര്‍ദേശം നല്‍കുകയുംചെയ്തു. പിന്നീടങ്ങോട്ട് വായ്പാപ്രളയമായിരുന്നു. നേഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം നല്‍കുന്നുവെന്ന് കാണിച്ച് സ്കൈ ബ്ളു ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി. ഈ പ്രോജക്ട് റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയോടെ സംസ്ഥാന സഹകരണബാങ്കിന് സമര്‍പ്പിച്ചു. ശുപാര്‍ശയുടെ ചുവടുപിടിച്ച് ഒരു ഈടും വാങ്ങാതെ വായ്പ വാരിക്കോരി നല്‍കി.
കര്‍ണ്ണാടകത്തിലെ പത്ത് നേഴ്സിങ് കോളേജില്‍ അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് നേഴ്സിങ് ഉന്നതപഠനത്തിന് അവസരമൊരുക്കിയെന്ന് അവകാശപ്പെടുന്ന പദ്ധതിക്ക് ഒരു പേരും നല്‍കി- 'സ്കൈ ബ്ളൂ വിദ്യാരക്ഷ'. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രതിവര്‍ഷം 30 ലക്ഷംരൂപവരെ ശമ്പളം ലഭിക്കുമെന്നും കാണിച്ച് സ്കൈ ബ്ളു തയ്യാറാക്കിയ പ്രോജക്ടിന്റെ സാധ്യത പോലും കണക്കിലെടുക്കാതെയാണ് വായ്പ നല്‍കാന്‍ തയ്യാറായത്. ഓരോ വിദ്യാര്‍ഥിയ്ക്കും നാലുലക്ഷം രൂപവരെ വായ്പ നല്‍കണമെന്ന നിര്‍ദേശവും ഒരുപരിശോധനയും കൂടാതെ അംഗീകരിച്ചു. സംസ്ഥാന സഹകരണബാങ്കിന്റെ 20 ശാഖകളും വായ്പ വാരിക്കോരി നല്‍കി. വിദ്യാര്‍ഥിയോ രക്ഷിതാവോ ബാങ്കിന്റെ അതതുശാഖകളില്‍ അപേക്ഷ നല്‍കി വായ്പ നല്‍കുന്ന പതിവ് രീതി ഉന്നതങ്ങളില്‍ നിന്നും ഇടപെട്ട് അട്ടിമറിച്ചു. ഓരോ അപേക്ഷയിലും വായ്പ അനുവദിക്കുന്നതിന് ഹെഡ് ഓഫീസില്‍നിന്നും ശാഖകളിലേക്ക് ഇടയ്ക്കിടെ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു.
2001ല്‍ യുഡിഎഫ് ബാങ്കില്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ നല്‍കിയ വിദ്യാഭ്യാസവായ്പ 25 ലക്ഷം മാത്രമായിരുന്നു. ഇത് 2004-05ല്‍ 50 കോടി കവിഞ്ഞു. 50 കോടിയും നല്‍കിയത് ഒരു സ്ഥാപനത്തിന്. ഒടുവില്‍ 50 കോടി കിട്ടിയ സ്കൈ ബ്ളൂ ആകാശ നീലിമ പോലെ അപ്രത്യക്ഷമായി. സ്കൈ ബ്ളൂ മുഖേന പഠിക്കാന്‍ ചെന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കോളേജിലും ചേരാനായില്ല. ഇവരുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സ്കൈ ബ്ളൂവിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം നടക്കുകയാണ്.
അതേസമയം, വ്യാജ രേഖ ചമച്ച് ഇല്ലാത്ത വിദ്യാര്‍ഥികളുടെ പേരില്‍ തട്ടിയെടുത്ത വായ്പയുടെ സിംഹഭാഗവും ആവിയായി. ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി. വായ്പാ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരെ വിജിലന്‍സ് അന്വേഷണവും തുടങ്ങി. വിജിലന്‍സ് അന്വേഷണവും സിബിഐ അന്വേഷണവും തുടരുകയാണ്. പ്രതിക്കൂട്ടിലേക്ക് കയറേണ്ടുന്നവരില്‍ ഉമ്മന്‍ചാണ്ടിയും കെ ആര്‍ അരവിന്ദാക്ഷനും എം കെ രാഘവന്‍ എംപിയുമെല്ലാമുണ്ട്.
ദേശാഭിമാനി 230211
നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്
യുഡിഎഫ് ഭരണകാലത്ത് അരങ്ങേറിയ വിദ്യാഭ്യാസ വായ്പാ കുംഭകോണത്തില്‍ സംസ്ഥാന സഹകരണബാങ്കിന് നഷ്ടപ്പെട്ടത് 50 കോടിയാണ്. വെള്ളത്തിലായതോ ഇടുക്കി ജില്ലയിലെ പാവങ്ങളും. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അരങ്ങേറിയ നേഴ്സിങ് പഠന വായ്പാത്തട്ടിപ്പ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്.
ReplyDelete