അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ പത്താം ഭാഗം
ഇതുവരെയുള്ള ഭാഗങ്ങള്‍ ഇവിടെ
കേസ് അനന്തമായി നീളുന്നതിനാല്‍ സുഖവും ദുഃഖവും അനുഭവിക്കുന്ന ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മാനസികാവസ്ഥയില്‍നിന്ന് ഭിന്നമാണ് മുന്‍ വൈദ്യുതിമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്റേത്. 1999 ജൂലൈ 30ന് അദ്ദേഹം കൊച്ചിയില്‍ ഒരു പത്രസമ്മേളനം നടത്തി ഇങ്ങനെ പറഞ്ഞു:
"ബ്രഹ്മപുരം താപവൈദ്യുതിനിലയവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് തന്നെ തേജോവധം ചെയ്യാനാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ട് നായനാര്‍ സര്‍ക്കാര്‍ യുഡിഎഫ് നേതാക്കളെ അഴിമതിക്കേസില്‍ കുടുക്കുന്നു''
ഇങ്ങനെയൊരു കേസ് പെട്ടെന്ന് തീര്‍ക്കാന്‍ സ്വാഭാവികമായും പത്മരാജന്‍ ശ്രമിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഈ കേസ് അന്വേഷണം പത്മരാജന്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്. വിദേശത്ത് നടന്ന ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഈ കേസില്‍ അങ്ങനെ അല്ലാത്തതിനാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമായിരുന്നു പത്മരാജന്റെ ആവശ്യം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തു. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ സ്റ്റേ നീക്കാനുമായില്ല. എളുപ്പത്തില്‍ കേസ് തീര്‍ക്കണമെന്ന് പറഞ്ഞ പത്മരാജന്‍ സ്റ്റേയുടെ ബലത്തിലാണ് അകത്താകാതെ നില്‍ക്കുന്നത്.
ബ്രഹ്മപുരത്ത് ഡീസല്‍ പവര്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന് 1993ല്‍ അന്നത്തെ വൈദ്യുതിമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികള്‍ വഴിവിട്ട് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഫ്രഞ്ച് കമ്പനിയായ പില്‍സ്റ്റികിന് കരാര്‍ നല്‍കിയതിലൂടെ 71 കോടിയുടെ അനര്‍ഹമായ നേട്ടം കമ്പനിക്ക് ഉണ്ടാക്കിക്കൊടുത്തെന്ന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഭാസ്കരന്‍ നമ്പ്യാര്‍ കമീഷന്‍ കണ്ടെത്തി. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ 1995 ഡിസംബറിലാണ് നിയമസഭയില്‍ ഇതുസംബന്ധിച്ച ആരോപണം ആദ്യമായി ഉന്നയിച്ചത്്. അന്ന് ആരോപണം പുച്ഛിച്ച് തള്ളിയ പത്മരാജനും മുഖ്യമന്ത്രി എ കെ ആന്റണിയും ആരോപണം സഭയ്ക്കുപുറത്ത് ഉന്നയിക്കാന്‍ വെല്ലുവിളിച്ചു. വി എസ് സഭയക്ക് പുറത്തും ആരോപണം ഉന്നയിച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി ഉന്നയിക്കൂ, എന്നായി പത്മരാജന്‍. വി എസ് വീണ്ടും ഉന്നയിച്ചു. പത്മരാജന്‍ മാനനഷ്ടക്കേസ് കൊടുത്തു. കേസ് ചെലവ് സഹിതം തള്ളി. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് കമീഷനെ നിയോഗിച്ചത്.
അഞ്ച് കാര്യങ്ങള്‍ പരിശോധിക്കാനാണ് ടേംസ് ഓഫ് റഫറന്‍സില്‍ കമീഷനോട് ആവശ്യപ്പെട്ടത്. ഈ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ കര്‍ണാടകത്തിലെ യല്‍ഹങ്ക പദ്ധതിക്കുവേണ്ടി ഉണ്ടാക്കിയ കരാറുമായി അടിസ്ഥാനപരമായി മാറ്റമുണ്ടോ? ഉണ്ടെങ്കില്‍ അതുകൊണ്ട് കമ്പനിക്ക് നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ആദ്യത്തെ വിഷയം. കമീഷന്‍ വളരെ പ്രകടമായി വ്യത്യാസം ചൂണ്ടിക്കാട്ടുകയും അതുകൊണ്ട് കമ്പനിക്ക് 71 കോടിയുടെ നേട്ടമുണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഈ ഇടപാടില്‍ പൊതുപ്രവര്‍ത്തകരുടെയൊ ഉദ്യോഗസ്ഥരുടെയൊ പങ്ക് ഉണ്ടോ എന്നായിരുന്നു രണ്ടാമത്തെ വിഷയം. കമീഷന്‍ പത്മരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് സംശയലേശമെന്യേ വ്യക്തമാക്കി. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയതിനെയും മൂന്നാമത്തെ വിഷയമായി കമീഷന്‍ ചൂണ്ടിക്കാട്ടി. മണ്ണ് മാറ്റുന്നതിലും മറ്റുമുള്ള സിവില്‍ കരാറില്‍ 2,59,86,150 രൂപയുടെ അഴിമതി നടന്നെന്നും കമീഷന്‍ നാലാമതായി കണ്ടെത്തി. ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് നല്‍കിയ കരാറിലൂടെ 1.38,21,106 രൂപയുടെ നഷ്ടമുണ്ടായതായും കമ്മീഷന്‍ കണ്ടെത്തി. ഇങ്ങനെ 75 കോടി രൂപയുടെ അഴിമതി കണ്ടെത്തിയ കമീഷന്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. പത്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായി രജിസ്റ്റര്‍ ചെയ്ത വിസി-4-99-എസ്സിഇ നമ്പര്‍ കേസില്‍ വിജിലന്‍സ് പ്രത്യേക അന്വേഷണവിഭാഗം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പത്മരാജന്‍ സ്റ്റേ സമ്പാദിച്ചിരിക്കുന്നത്.
കരിയാര്‍കുട്ടി-കാരപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്ന കേസില്‍ മുന്‍ ജലവിഭവമന്ത്രി ടി എം ജേക്കബ്ബും കേസ് അനന്തമായി വലിച്ചുനീട്ടുന്നതില്‍ സമര്‍ഥനാണ്. വിജിലന്‍സ് ജേക്കബ്ബിന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡ് നടത്തി നിരവധി തെളിവുകള്‍ ശേഖരിച്ച് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടയില്‍ കേസ് തുടരന്വേഷണം നടത്താന്‍ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. യുഡിഎഫ് കാലത്ത് തുടരന്വേഷണം നടത്തി ജേക്കബ്ബിനെ 'കുറ്റവിമുക്തനാക്കി'. ഇതിനെ ഇപ്പോള്‍ സുപ്രീംകോടതി ചോദ്യം ചെയ്തിരിക്കുകയാണ്. ഈ 'തുടരന്വേഷണം' സംബന്ധിച്ച മുഴുവന്‍ ഫയലുകളും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന മനക്കോട്ട കെട്ടി മന്ത്രിക്കുപ്പായം തയ്ച്ച് കാത്തിരിക്കുന്ന ജേക്കബ് നടത്തിയ അഴിമതിക്കഥകള്‍ കരിയാര്‍കുട്ടിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഓരോ യുഡിഎഫ് ഭരണത്തിലും ചക്കരക്കുടത്തില്‍ കൈയിട്ട മന്ത്രിമാരുടെ നീണ്ട നിര തന്നെയുണ്ട്.
എം രഘുനാഥ് ദേശാഭിമാനി 030311
അവസാന ഭാഗം പിള്ളക്ക് പിന്‍ഗാമിയാകാന്‍ നീളന്‍ ക്യൂ
ഓരോ യുഡിഎഫ് ഭരണത്തിലും ചക്കരക്കുടത്തില്‍ കൈയിട്ട മന്ത്രിമാരുടെ നീണ്ട നിര തന്നെയുണ്ട്.
ReplyDelete