Sunday, February 27, 2011

അലിയാത്ത ഐസ്ക്രീമും തകര്‍ത്ത പൊതുമേഖലയും

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ ഏഴാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

ആറാം ഭാഗം റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു 

വര്‍ഷം കുറേയായിട്ടും ഐസ്ക്രീം അലിയുന്നില്ലെന്നാണ് മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരിഭവം. ഓരോ ദിവസം കഴിയുമ്പോഴും വിവാദം കത്തിപ്പിടിക്കുന്നു. എന്താണിതിന്റെ കാര്യമെന്ന് പിടി കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് കാര്യമറിയാം. അദ്ദേഹത്തിന്റെ കാപട്യം എല്ലാവരും തിരിച്ചറിയുന്നുവെന്നതാണ് പ്രശ്നം. ഇപ്പോള്‍ ഉയരുന്ന അലയൊലി ഐസ്ക്രീമിന്റേതല്ല, അതിന്റെ നാണക്കേട് മാറ്റാന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ചതിന്റെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

തന്റെ സന്തതസഹചാരിയും അടുത്ത ബന്ധുവുമായ ആള്‍ ഒരുനാള്‍ പെട്ടെന്ന് ശത്രുവായത് എന്തുകൊണ്ട്? റൌഫ് തന്നെ കൊല്ലാന്‍ നടക്കുകയാണെന്നും ബോംബ് പൊട്ടിക്കാന്‍ പോവുകയാണെന്നും പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ വീണ്ടും തുറന്നത്. ഉടന്‍ വന്നു റൌഫിന്റെ മറുപടി. പിന്നീടങ്ങോട്ട് കേരളരാഷ്ട്രീയം സാക്ഷ്യം വഹിച്ചത് നാണംകെട്ട പൊതുപ്രവര്‍ത്തനത്തിന്റെ കഥകള്‍ക്കാണ്. കുഞ്ഞാലിക്കുട്ടി ആദ്യംതന്നെ പറഞ്ഞത് താന്‍ വഴിവിട്ട് പലതും ചെയ്തെന്നും ഇനി അതുണ്ടാകില്ലെന്നുമാണ്. ഒരു മുന്‍മന്ത്രി താന്‍ വഴിവിട്ടുചെയ്തെന്ന് തുറന്ന് പറയുകയും അതിന്റെ തുടര്‍ച്ചയായി വഴിവിട്ട സഹായം ലഭിച്ച വ്യക്തി അതിന്റെ പിന്നാമ്പുറ കഥകള്‍ പറയുകയും ചെയ്തതിന് യുഡിഎഫ് കുറ്റപ്പെടുത്തുന്നത് എല്‍ഡിഎഫിനെയെന്നത് വിരോധാഭാസം. ഈ പിന്നാമ്പുറ അപസര്‍പ്പകകഥകള്‍ അപ്പാടെ പുറത്തുവിട്ടത് സ്വന്തം പാര്‍ട്ടിനേതാവിന്റെ ചാനലും.

നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കുന്നതിനും ഇരകളെയും സാക്ഷികളെയും വിലയ്ക്കെടുക്കുന്നതിനുമെല്ലാമായി 25 കോടി രൂപ ചെലവഴിച്ചെന്നാണ് റൌഫ് പറയുന്നത്. ഈ പണം എവിടുന്ന് കിട്ടി? ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ശമ്പളം കൊടുക്കാന്‍ കാശില്ലാത്ത അവസരം വരുമ്പോള്‍ കുഞ്ഞാലിക്കുട്ടി പാലക്കാട്ടെ വ്യവസായിയെ വിളിക്കും. ഈ വ്യവസായി ഉടന്‍ പണവുമായി കോഴിക്കോട്ടേക്ക് കുതിക്കും.

ഇതെങ്ങനെ സംഭവിക്കുന്നു? 1991-96, 2001-2006 കാലയളവില്‍ കേരളത്തിലെ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ തകര്‍ച്ചയുടെ ചരിത്രമാണ് ഇതിനുത്തരം. അതിലൊന്നാണ് മലബാര്‍ സിമന്റ്സ്. 1996 മുതല്‍ 2001 വരെ എല്‍ഡിഎഫ് ഭരിച്ച കാലഘട്ടത്തില്‍ മലബാര്‍ സിമന്റ്സിന്റെ ലാഭം 80 കോടി കവിഞ്ഞിരുന്നു. യുഡിഎഫിന്റെ അഞ്ച് വര്‍ഷം കൊണ്ട് ലാഭം ഇടിഞ്ഞ് രണ്ട് കോടിയിലെത്തി. 2006ല്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയശേഷം ലാഭം കുതിച്ചുയര്‍ന്നു. നാല് വര്‍ഷത്തിനകം 137 കോടിയുടെ ലാഭം. അഴിമതിയും കൊള്ളയും ഇല്ലാതാക്കിയും മികച്ച ധനമാനേജ്മെന്റിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

മലബാര്‍ സിമന്റ്സിന്റെ കുറയുന്ന ലാഭവും കോടികളുടെ കൊള്ളയും ഭരണ-രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടലുകളും പരസ്പരപൂരകങ്ങളാണ്. ഫ്ളൈ ആഷ് ഇറക്കുമതി കേസില്‍ ഫെബ്രുവരി 14നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളില്‍ പ്രമുഖനായ വ്യവസായി കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയായി അറിയപ്പെടുന്നു. ഈ ഇടപാടില്‍ 2.78 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. യുഡിഎഫ് ഭരണകാലത്ത് 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി ടെന്‍ഡര്‍ വിളിക്കാതെയാണ് ഫ്ളൈ ആഷ് ഇറക്കുമതിചെയ്യാന്‍ കരാര്‍ നല്‍കിയത്. 16.25 കോടി രൂപയ്ക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്ത മറ്റൊരു കേസ്, 25.61 ലക്ഷം രൂപയുടെ ചണ്ണാമ്പുകല്ല് ഇടപാട് കേസ് എന്നിവയില്‍ നേരത്തെ കുറ്റപത്രം നല്‍കി. മുക്കാല്‍ കോടിയുടെ യന്ത്രസാമഗ്രി ഇറക്കുമതി കേസാണ് നാലാമത്തേത്. എല്ലാ കേസിലും പ്രതികള്‍ ഒരേ ആളുകള്‍.

കല്‍ക്കരി, ചുണ്ണാമ്പ്, കാലിച്ചാക്ക്, ഫ്ളൈ ആഷ് എന്നിവ വാങ്ങിയതിലെല്ലാം അഴിമതിയുടെ കറപുരണ്ട നാളുകളാണ് യുഡിഎഫ് ഭരണകാലം. 2005-06ല്‍ 127 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സ് വാങ്ങിയതിന് പിന്നിലെ ക്രമക്കേടുകളും വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ അന്വേഷണത്തിന്റെ മുനയും നീളുന്നത് യുഡിഎഫ് കാലത്ത് നടന്ന അഴിമതിയുടെ പിന്നാമ്പുറ കഥകളിലേക്കാകും. ചവറ കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രാവന്‍കൂര്‍ സിമന്റ്സ്, കെഎസ്ഐഡിസി തുടങ്ങി ഏതാണ്ടെല്ലാ പൊതുമേഖലാസ്ഥാപനങ്ങളും കൈയിട്ട്വാരി തകര്‍ത്തു. ഈ സ്ഥാപനങ്ങളിലെ അഴിമതിക്കഥകളിലേക്ക് പിന്നീട്.

എം രഘുനാഥ് ദേശാഭിമാനി 270211

എട്ടാം ഭാഗം പാലാഴി കടഞ്ഞ് മാണിസാറിന്റെ റബര്‍ വിപ്ളവം

2 comments:

  1. വര്‍ഷം കുറേയായിട്ടും ഐസ്ക്രീം അലിയുന്നില്ലെന്നാണ് മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരിഭവം. ഓരോ ദിവസം കഴിയുമ്പോഴും വിവാദം കത്തിപ്പിടിക്കുന്നു. എന്താണിതിന്റെ കാര്യമെന്ന് പിടി കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് കാര്യമറിയാം. അദ്ദേഹത്തിന്റെ കാപട്യം എല്ലാവരും തിരിച്ചറിയുന്നുവെന്നതാണ് പ്രശ്നം. ഇപ്പോള്‍ ഉയരുന്ന അലയൊലി ഐസ്ക്രീമിന്റേതല്ല, അതിന്റെ നാണക്കേട് മാറ്റാന്‍ നടത്തിയ അധികാരദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ചതിന്റെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്.

    ReplyDelete
  2. ഐസ്ക്രീം കേസ്: അന്വേഷണം പുരോഗതിയില്‍- മുഖ്യമന്ത്രി
    പ്രത്യേക ലേഖകന്‍
    തിരു: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എഡിജിപി വിന്‍സ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവിദഗ്ധരുമായി അദ്ദേഹം കൂടിയാലോചന നടത്തിവരുന്നു. തുടര്‍ന്ന് ആവശ്യമായ നടപടി എടുക്കും. ജയിലിലേക്ക് പോകുമ്പോള്‍ ഓടിക്കളയാതിരിക്കാന്‍ വിലങ്ങ് വയ്ക്കുമോയെന്ന് അപ്പോള്‍ കാണാം. തന്റെ മകന്റെ വിദേശയാത്രകള്‍ സംബന്ധിച്ച ആക്ഷേപത്തിന്അടിസ്ഥാനമില്ല. മകനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് കരുതുന്നില്ല. ആരോപണങ്ങള്‍ മകന്‍ നിയമപരമായി നേരിടും. പരാതി ഉള്ളവര്‍ക്കും നിയമസംവിധാനത്തെ സമീപിക്കാം. അധികാരം ദുരുപയോഗിക്കുകയോ പൊതുപണം കട്ടുമുടിക്കുകയോ ചെയ്തതായി തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിക്കാന്‍ യുഡിഎഫ് സബ്കമ്മറ്റി ഉണ്ടാക്കിയിരിക്കുകയാണ്. ജയില്‍ ഘോഷയാത്രയില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ അവര്‍ എന്ത് ആക്ഷേപവും ഉന്നയിക്കും. അരുകുമാര്‍ ഗോള്‍ഫ് ക്ളബ്ബില്‍ അംഗമായതില്‍ തെറ്റില്ലെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ആരോപണവിധേയനായ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്ററെ മുഖ്യമന്ത്രി സംരക്ഷിച്ചെന്ന ആക്ഷേപം അസംബന്ധമാണ്. സിസിഎഫിനെ സസ്പെന്‍ഡ് ചെയ്ത് ജനുവരി 22ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    ReplyDelete