Tuesday, May 1, 2012

കെ വി തോമസ് ഉള്‍പ്പെടെ 25 കേന്ദ്രമന്ത്രിമാര്‍ക്ക് പലവട്ടം വിദേശയാത്രാനുമതി നിഷേധിച്ചു


കെ വി തോമസ് അടക്കം 25 കേന്ദ്രമന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് വിദേശമന്ത്രാലയം പലവട്ടം അനുമതി നിഷേധിച്ചു. രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് തോമസിന് അനുമതി നിഷേധിച്ചത്. ഏറ്റവും കൂടുതല്‍ തവണ അനുമതി നിഷേധിക്കപ്പെട്ട കേന്ദ്രമന്ത്രി തോമസാണ്. ബജറ്റില്‍ വകയിരുത്തുന്നതിന്റെ പത്തിരട്ടിയാണ് കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രയ്ക്ക് ചെലവാകുന്നത്. ജര്‍മനി, മൊറോക്കോ, ചൈന, അമേരിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് രണ്ട് വര്‍ഷത്തിനിടെ തോമസ് അപേക്ഷിച്ചത്. 2011 ഒക്ടോബറില്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പരിപാടിയും ഇതില്‍പ്പെടുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനാനുമതി തേടിയെങ്കിലും വിദേശമന്ത്രാലയം രാഷ്ട്രീയാനുമതി നല്‍കിയില്ല.

2009 ജൂണ്‍ മുതല്‍ 25 കേന്ദ്രമന്ത്രിമാരുടെ വിദേശസന്ദര്‍ശനപരിപാടികള്‍ വിദേശമന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലം റദ്ദായതായി വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ അറിയിച്ചു. ശരദ് പവാര്‍, ആനന്ദ് ശര്‍മ, ശ്രീപ്രകാശ് ജയ്സ്വാള്‍, വീരപ്പ മൊയ്ലി, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നീ മുതിര്‍ന്ന മന്ത്രിമാര്‍ അനുമതി നിഷേധിക്കപ്പെട്ടവരില്‍ പെടുന്നു. വിദേശസന്ദര്‍ശനം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക-അനൗദ്യോഗിക വിദേശസന്ദര്‍ശനത്തിന് പ്രധാനമന്ത്രികാര്യാലയത്തിന്റെ അംഗീകാരം വേണം. ഇതിന് മുന്നോടിയായാണ് വിദേശമന്ത്രാലയത്തിന്റെ രാഷ്ട്രീയാനുമതി തേടുന്നത്. മന്ത്രിമാരുടെ വിദേശപരിപാടികള്‍, സംഘാടകരുടെ വിവരങ്ങള്‍, സമയക്രമം തുടങ്ങിയവ പരിഗണിച്ചാണ് മന്ത്രാലയം തീരുമാനമെടുക്കുക. 2011-12ല്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും മുന്‍പ്രധാനമന്ത്രിമാരുമടക്കം വിദേശസന്ദര്‍ശനത്തിന് ചെലവഴിച്ചത് 499.89 കോടി രൂപ. കേന്ദ്രമന്ത്രിമാരുടെയും മറ്റും വിദേശയാത്രയ്ക്ക് ബജറ്റില്‍ വകയിരുത്തിയിരുന്നത് 46.95 കോടി രൂപയാണ്.

deshabhimani 010512

1 comment:

  1. . 2011-12ല്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും മുന്‍പ്രധാനമന്ത്രിമാരുമടക്കം വിദേശസന്ദര്‍ശനത്തിന് ചെലവഴിച്ചത് 499.89 കോടി രൂപ. കേന്ദ്രമന്ത്രിമാരുടെയും മറ്റും വിദേശയാത്രയ്ക്ക് ബജറ്റില്‍ വകയിരുത്തിയിരുന്നത് 46.95 കോടി രൂപയാണ്.

    ReplyDelete