Saturday, May 19, 2012
8 മാസം പിന്നിട്ട വാളകം കേസ് അന്വേഷണം വഴിമുട്ടി
സെപ്തംബര്‍ 27ന്റെ നടുക്കുന്ന ഓര്‍മകളുമായി അധ്യാപക ദമ്പതികള്‍. കേരള മനഃസാക്ഷിയെ ഞെട്ടിച്ച വാളകം സംഭവം എട്ടുമാസം പിന്നിടുമ്പോഴും കൃഷ്ണകുമാര്‍ എന്ന അധ്യാപകനെ പൈശാചികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. ഈ ക്രൂരകൃത്യം ചെയ്തവരും ചെയ്യിപ്പിച്ചവരും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തണലില്‍ സമൂഹമനഃസാക്ഷിയെ നോക്കി പല്ലിളിക്കുന്നു.
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവി എച്ച്എസ്എസ് അധ്യാപകന് കൃഷ്ണകുമാറിനെ പീഡിപ്പിച്ച കഥകേട്ട് കേരളം ഞെട്ടിയ ദിനങ്ങളായിരുന്നു അത്. 2011 സെപ്തംബര്‍ 27നു രാത്രി പത്തരയോടെയാണ് മലദ്വാരത്തില്‍ കമ്പിപ്പാര കയറ്റി അധ്യാപകനെ പീഡിപ്പിച്ചത്. അതേ സ്കൂളിലെ പ്രധാന അധ്യാപികയാണ് കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര് ഗീത. കേരളം ഞെട്ടിത്തരിച്ചുനിന്ന ആ ദിനങ്ങളില്‍ വാളകം സന്ദര്‍ശിച്ച ഡിജിപി പറഞ്ഞു: സംഭവിച്ചത് എന്തെന്നറിഞ്ഞാല്‍ പ്രതികളെ പിടികൂടാന്‍ ഒരു മിനിറ്റ് മതി. പക്ഷേ, കടന്നുപോയത് മാസങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും ഉറപ്പായിരുന്നു. പിന്നീട് ബഹുജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറി ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകി. രാഷ്ട്രീയസമ്മര്‍ദം സിബിഐക്കു പിന്നാലെയുമുണ്ടായി. ഇതുവരെ സിബിഐ കേസന്വേഷണം ഏറ്റെടുത്ത് പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടില്ല. കാരണം പകല്‍പോലെ വ്യക്തം. ആര് ബാലകൃഷ്ണപിള്ളയുടെയും മന്ത്രിയായ മകന് കെ ബി ഗണേശ്കുമാറിന്റെയും സ്വാധീനവും യുഡിഎഫ് സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും കൃഷ്ണകുമാര്‍-ഗീത അധ്യാപക ദമ്പതികള്‍ക്കും കുടുംബത്തിനും സമ്മാനിച്ചത് കടലോളം ദുരിതവും കണ്ണീരും.
ഒഞ്ചിയം സംഭവത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വ്യഗ്രത വ്യക്തം. എന്നാല്‍, വാളകം സംഭവത്തില്‍ ഉമ്മന്‍ചാണ്ടി മൗനത്തിന്റെ വാല്മീകം സ്വയം സൃഷ്ടിച്ച് പരിഹാസ്യനാകുന്നു. "മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികളെ സ്വന്തം പോക്കറ്റിലിട്ട് സംരക്ഷിക്കുന്നു. ആര് ബാലകൃഷ്ണപിള്ള തന്നെയാണ് ഇതിനു പിന്നിലെന്ന് വിശ്വസിക്കുന്നു. യുഡിഎഫ് സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. കോടതിയെ സമീപിച്ച് നീതി തേടും"- കൃഷ്ണകുമാറും ഗീതയും ദേശാഭിമാനിയോടു പറഞ്ഞു. പിള്ളയ്ക്കെതിരെ ഒരു വ്യക്തിയെന്ന നിലയില്‍ താനാണ് ആദ്യമായി നിയമപോരാട്ടത്തിനു പോയത്. അതിന്റെ പകയാണ് തനിക്കു നേരെയുണ്ടായ ആക്രമണം. രാഷ്ട്രീയ സമ്മര്‍ദംമൂലമാണ് കേസ് വഴിമുട്ടി നില്‍ക്കുന്നത്- ശാരീരികക്ഷമത പൂര്‍ണമായും തിരിച്ചുകിട്ടാത്ത കൃഷ്ണകുമാര്‍ പറഞ്ഞു. സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചിലര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനും ഇതുവരെ പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല. മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സംഭവദിവസം സ്കൂളില്‍ വരികയും അസ്വാഭാവികമായി പെരുമാറിയതും മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍വേണ്ടി കൃഷ്ണകുമാറിനെതിരെ മന്ത്രിയും കൂട്ടരും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പിള്ള പൊതുവേദിയില്‍ അസഭ്യം പറഞ്ഞു.
(ജി അരുണ്‍)
deshabhimani 190512
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
സെപ്തംബര്‍ 27ന്റെ നടുക്കുന്ന ഓര്‍മകളുമായി അധ്യാപക ദമ്പതികള്‍. കേരള മനഃസാക്ഷിയെ ഞെട്ടിച്ച വാളകം സംഭവം എട്ടുമാസം പിന്നിടുമ്പോഴും കൃഷ്ണകുമാര്‍ എന്ന അധ്യാപകനെ പൈശാചികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. ഈ ക്രൂരകൃത്യം ചെയ്തവരും ചെയ്യിപ്പിച്ചവരും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തണലില്‍ സമൂഹമനഃസാക്ഷിയെ നോക്കി പല്ലിളിക്കുന്നു.
ReplyDelete