Saturday, May 5, 2012

ഒഡെ കൂട്ടക്കൊലക്കേസില്‍ 9 പേര്‍ക്ക് ജീവപര്യന്തം


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഒഡെ ഗ്രാമത്തില്‍ മൂന്ന് മുസ്ലിങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ ഒമ്പത് സംഘപരിവാറുകാര്‍ക്ക് ജീവപര്യന്തം. 21,500 രൂപ വീതം പിഴയും പ്രത്യേക കോടതി ജഡ്ജി ആര്‍ എം സരിന്‍ വിധിച്ചു. ഒരാള്‍ക്ക് ആറുമാസം തടവും 500 രൂപ പിഴയും വിധിച്ചു. 30 പേരെ വെറുതെവിട്ടു. 17 പേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് വിലയിരുത്തിയും 13 പേര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയുമാണ് വിട്ടയച്ചത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കൈകാര്യംചെയ്യുന്ന 10 കേസില്‍ ഒന്നാണിത്.

2002ലെ വംശഹത്യക്കിടെ മാര്‍ച്ച് ഒന്നിന് ഒഡെ ഗ്രാമത്തിലെ മാല്‍വ ബഗോലില്‍ മൂന്നുപേരെ ചുട്ടുകൊന്നതാണ് കേസ്. ഈ കേസില്‍ 41 പ്രതികളാണുണ്ടായിരുന്നത്. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു. 67 സാക്ഷികളെ കോടതി വിസ്തരിച്ചു. 68 രേഖയും പരിശോധിച്ചു. വംശഹത്യക്കിടെ ഒഡെയില്‍ 23 മുസ്ലിങ്ങളെ ചുട്ടുകൊന്ന മറ്റൊരു കേസില്‍ 18 പേര്‍ക്ക് ജീവപര്യന്തവും അഞ്ചുപേര്‍ക്ക് ഏഴു വര്‍ഷം തടവും കഴിഞ്ഞമാസം വിധിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ 5800 രൂപ വീതവും മറ്റുള്ളവര്‍ 3800 രൂപ വീതവും പിഴയൊടുക്കണമെന്നും ആനന്ദ് സെഷന്‍സ് കോടതി ജഡ്ജി പൂനം സിങ് വിധിച്ചിരുന്നു. 33 പേരെ ജീവനോടെ കത്തിച്ച സര്‍ദാര്‍പുര കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

deshabhimani 050512

1 comment:

  1. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഒഡെ ഗ്രാമത്തില്‍ മൂന്ന് മുസ്ലിങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ ഒമ്പത് സംഘപരിവാറുകാര്‍ക്ക് ജീവപര്യന്തം. 21,500 രൂപ വീതം പിഴയും പ്രത്യേക കോടതി ജഡ്ജി ആര്‍ എം സരിന്‍ വിധിച്ചു. ഒരാള്‍ക്ക് ആറുമാസം തടവും 500 രൂപ പിഴയും വിധിച്ചു. 30 പേരെ വെറുതെവിട്ടു. 17 പേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് വിലയിരുത്തിയും 13 പേര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കിയുമാണ് വിട്ടയച്ചത്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കൈകാര്യംചെയ്യുന്ന 10 കേസില്‍ ഒന്നാണിത്.

    ReplyDelete