Wednesday, May 9, 2012

നുണപ്രചാരണം വിലപ്പോകില്ല: പിണറായി


 ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫോ ഏതാനും മാധ്യമങ്ങളോ വിചാരിച്ചാല്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി പറഞ്ഞ കാര്യങ്ങള്‍ ഇന്ന് സമൂഹം അംഗീകരിക്കുന്ന നിലയാണ്. സിപിഐ എം ഒറ്റപ്പെട്ടുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്. ഇത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രചാരണമാണ്. എല്‍ഡിഎഫിലും പാര്‍ടി നിലപാടിനോട് എതിര്‍പ്പില്ല. വി എസ് അച്യുതാനന്ദന് പാര്‍ടി നിലപാടില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമാണെന്നത് തെറ്റായ പ്രചാരണമാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് ആര്‍ക്കാണ് നേട്ടമെന്ന് നിഷ്പക്ഷസമൂഹം വിലയിരുത്തണം. ഈ അരുംകൊല സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടി നെയ്യാറ്റിന്‍കരയില്‍ നേട്ടമുണ്ടാക്കാമെന്ന് യുഡിഎഫ് വ്യാമോഹിക്കേണ്ടെന്നും തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പിണറായി പറഞ്ഞു.

പ്രതികളെ പിടികൂടി വസ്തുത പൂര്‍ണമായി പുറത്തുവരുമ്പോള്‍ ചന്ദ്രശേഖരന്റെ കൂടെയുള്ള പ്രവര്‍ത്തകരും കാര്യങ്ങള്‍ മനസ്സിലാക്കും. സിപിഐ എമ്മിനെ അധിക്ഷേപിച്ചതിനും പാര്‍ടി പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതിനും മറ്റും അവര്‍ പശ്ചാത്തപിക്കും. സിപിഐ എമ്മിന് കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഒരു നിലയ്ക്കും പാര്‍ടിക്ക് ഇതുമായി ബന്ധമില്ലാത്തതുകൊണ്ടുതന്നെ ചന്ദ്രശേഖരന്റെ വീട്ടില്‍ പാര്‍ടിനേതാക്കള്‍ പോകുന്നത് തടഞ്ഞിട്ടില്ല. എല്‍ഡിഎഫ് എംഎല്‍എമാര്‍ ഒഞ്ചിയത്ത് പോകാന്‍ നിശ്ചയിച്ചപ്പോള്‍ സ്വാഭാവികമായും ചന്ദ്രശേഖരന്റെ വീട്ടിലും പോകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍, ഇവിടെ വന്നാല്‍ വിവരമറിയും എന്ന വിധത്തിലുള്ള ചിലരുടെ പ്രസ്താവന വന്ന സാഹചര്യത്തില്‍ അതുപേക്ഷിക്കുകയായിരുന്നുവെന്ന് പിണറായി ചോദ്യത്തിന് മറുപടി പറഞ്ഞു.

ക്വട്ടേഷന്‍സംഘമാണ് കൊലയ്ക്കുപിന്നിലെന്ന് ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. തീവ്രവാദബന്ധവും സംശയിക്കാം. ഏതുതരം അന്വേഷണത്തിലും ആശങ്കയില്ല. അന്വേഷണത്തെ നിയന്ത്രിക്കുന്ന യുഡിഎഫ് നേതാക്കളുടെ സമീപനത്തെയാണ് ഞങ്ങള്‍ വിമര്‍ശിച്ചത്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ ആവശ്യം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ദുഷ്ടലാക്ക് ഉപേക്ഷിക്കണം. പൊലീസ് സംശയിക്കുന്ന റഫീഖും കാറുടമ നവീന്‍ദാസും സിപിഐ എമ്മുകാരാണെന്ന് പ്രചരിപ്പിക്കാനുള്ള യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ശ്രമവും പൊളിഞ്ഞു. നവീന്‍ദാസിന്റെ ഭാര്യാപിതാവ് പ്രകാശനും അച്ഛന്‍ കൃഷ്ണന്‍കുട്ടിയുമെല്ലാം തലമുറകളായി കോണ്‍ഗ്രസുകാരാണ്. നവീന്‍ദാസ് ബന്ധുവല്ലെന്ന് വയലാര്‍ രവി പറഞ്ഞാലും ആലപ്പുഴക്കാരനായ കൃഷ്ണന്‍കുട്ടിയെയും പ്രകാശനെയുമൊന്നും അറിയില്ലെന്നു പറയാന്‍ രവിക്കാവില്ല.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു കാരണമായ ധാര്‍മികപ്രശ്നങ്ങള്‍ ജനം കണക്കിലെടുക്കും. ഒരു ദുര്‍മോഹിയെ യുഡിഎഫ് പലതും നല്‍കി സ്വാധീനിച്ചു, ഭാവിവാഗ്ദാനങ്ങള്‍ വേറെയും. ഇത്തരം ഒരു വഞ്ചകന് അര്‍ഹിക്കുന്ന പരാജയം സമ്മാനിക്കാന്‍ ജനം തയ്യാറെടുത്ത ഘട്ടത്തിലാണ് ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത്. എന്നാല്‍, അതുകൊണ്ടൊന്നും യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ രക്ഷപ്പെടില്ല. കനത്ത പരാജയം ഏറ്റുവാങ്ങും. ചന്ദ്രശേഖരന്‍ വിഷയത്തില്‍ സിപിഐക്ക് സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്ന സമീപനമാണെന്ന് അഭിപ്രായമില്ലെന്ന് പിണറായി ചോദ്യത്തിനു മറുപടി നല്‍കി. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ശാരീരികമായി ഇല്ലായ്മചെയ്യുന്ന പ്രസ്ഥാനമല്ല സിപിഐ എം എന്ന് വ്യക്തമായി അറിയാവുന്ന പാര്‍ടിയാണ് സിപിഐ. വി എസ് അച്യുതാനന്ദന്റെ പ്രസ്താവന പാര്‍ടിനയത്തിന്റെ വ്യതിചലനമായി കാണുന്നില്ല. വി എസിന്റെ മറുപടി വി എസിനോടുള്ള ചോദ്യം എന്താണെന്നറിയാതെ വിലയിരുത്താനാവില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം വിട്ടുപോകുന്നവര്‍ കുലംകുത്തികളാണെന്ന മുന്‍ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തിന് ദ്രോഹമുണ്ടാക്കിയവരെ കുടുംബദ്രോഹികള്‍ എന്നു പറയുന്നതുപോലെയാണ് പാര്‍ടിയെ വഞ്ചിച്ചവരെ കുലംകുത്തികളെന്ന് വിശേഷിപ്പിച്ചതെന്ന് മറുപടി നല്‍കി. എന്നാല്‍, ഇപ്പോള്‍ അത്തരം കാര്യങ്ങളല്ല, പ്രസക്തം. ചന്ദ്രശേഖരന്റെ കൊലയാളികളെ കണ്ടെത്തുന്നതാണ് മുഖ്യമെന്ന് പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫോ ഏതാനും മാധ്യമങ്ങളോ വിചാരിച്ചാല്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി പറഞ്ഞ കാര്യങ്ങള്‍ ഇന്ന് സമൂഹം അംഗീകരിക്കുന്ന നിലയാണ്. സിപിഐ എം ഒറ്റപ്പെട്ടുവെന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്. ഇത് ചില മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന പ്രചാരണമാണ്. എല്‍ഡിഎഫിലും പാര്‍ടി നിലപാടിനോട് എതിര്‍പ്പില്ല. വി എസ് അച്യുതാനന്ദന് പാര്‍ടി നിലപാടില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായമാണെന്നത് തെറ്റായ പ്രചാരണമാണ്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് ആര്‍ക്കാണ് നേട്ടമെന്ന് നിഷ്പക്ഷസമൂഹം വിലയിരുത്തണം. ഈ അരുംകൊല സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടി നെയ്യാറ്റിന്‍കരയില്‍ നേട്ടമുണ്ടാക്കാമെന്ന് യുഡിഎഫ് വ്യാമോഹിക്കേണ്ടെന്നും തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പിണറായി പറഞ്ഞു.

    ReplyDelete