വടകര സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാനും ഗൂഢാലോചന കണ്ടെത്താനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെയും ഉള്‍പ്പെടെ ചോദ്യം ചെയ്യണമെന്ന് ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ചെങ്കല്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലന്‍. പിറവം ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ സെല്‍വരാജിന്റെ "രാഷ്ട്രീയ കൊലപാതകത്തിന്" നേതൃത്വം കൊടുത്ത യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ ജയിക്കാന്‍ ക്രൂരമായ കൊലപാതകം നടത്തിയെന്ന സംശയം ബലപ്പെടുന്നതാണ് പിന്നീട് നടന്ന ഓരോ സംഭവ വികാസവും.
കേരള രാഷ്ട്രീയത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഗൂഢാലോചനയാണ് വടകരയില്‍ നടന്നത്. രാത്രി 10.30ന് ശേഷമാണ് വടകരയില്‍ കൊലപാതകം നടന്നത്. മണിക്കൂറുകള്‍ക്കകം യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനംചെയ്തു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ എന്നപോലെ എല്ലാ യുഡിഎഫ് നേതാക്കളും ഒരേ രീതിയില്‍ പ്രതികരിക്കുകയും അവിടെ എത്തുകയും ചെയ്തു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂരും ഇത് ആവര്‍ത്തിച്ചു. അക്രമത്തിനു പിന്നില്‍ സിപിഐ എം ആണെന്ന നുണക്കഥകളും ഒരുപോലെ പ്രചരിപ്പിച്ചു. സെല്‍വരാജ് ഇപ്പോള്‍ പറയുന്ന നുണകള്‍ ഒന്നും നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ല- നീലന്‍ പറഞ്ഞു.
ജനവിരുദ്ധ സര്‍ക്കാരിനെ ജനങ്ങള്‍ പുറന്തള്ളും : ഇ പി
നെയ്യാറ്റിന്‍കര: മാഫിയകളെ സംരക്ഷിച്ചുകൊണ്ട് കൊലപാതകരാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന ഈ ജനവിരുദ്ധസര്‍ക്കാരിനെ ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനാണ് എല്‍ഡിഎഫ് തത്വാധിഷ്ഠിതമായി തീരുമാനിച്ചത്. ഇതിനര്‍ഥം കാഴ്ചക്കാരായി നോക്കിനില്‍ക്കുമെന്നല്ലെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചറിയണമെന്നും എല്‍ഡിഎഫ് ഉദിയന്‍കുളങ്ങര മേഖലാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്ത് ഇ പി പറഞ്ഞു.
തത്വാധിഷ്ഠിത നിലാപാടിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ കയറൂരി വിടാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നില്ല. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ യുഡിഎഫ് ഭരണം അവസാനിപ്പിക്കും. ചതിയുടെയും വഞ്ചനയുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഇപ്പോള്‍ പി സി ജോര്‍ജിനെ മുന്നില്‍നിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ കളികള്‍. പി സി ജോര്‍ജ് പൊട്ടുമെന്ന് പറഞ്ഞത് കൊലപാതകത്തിന്റെ ബോംബാണെന്ന് എല്‍ഡിഎഫ് കരുതിയില്ല. നേരായ രാഷ്ട്രീയം ചിന്തിക്കുന്നവരായതുകൊണ്ടാണ് എല്‍ഡിഎഫിന് അതു മുന്‍കൂട്ടി കാണാന്‍ കഴിയാത്തത്.
ഇതുപോലൊരു ബോംബാണ് 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പൊട്ടിക്കാന്‍ നോക്കിയത്. കെപിസിസി സെക്രട്ടറി കെ സുധാകരന്‍ മത്സരിച്ചപ്പോള്‍ സിപിഐ എമ്മില്‍നിന്ന് കോണ്‍ഗ്രസിലേക്കുപോയ അബ്ദുള്ളക്കുട്ടിയെ തട്ടാനാണ് അന്ന് ശ്രമിച്ചത്. തെരഞ്ഞെടുപ്പുദിവസം രാവിലെതന്നെ കൊല്ലാനാണ് തൃശൂരില്‍നിന്ന് കോണ്‍ഗ്രസ് എത്തിച്ച ഗുണ്ടകള്‍ പദ്ധതിയിട്ടത്. ഭാഗ്യത്തിന് അവര്‍ പൊലീസ് പിടിയിലായി. അല്ലായിരുന്നെങ്കില്‍ ജനം എല്‍ഡിഎഫിനെ തെറ്റിദ്ധരിക്കുമായിരുന്നു. ആ ഗുണ്ടകളെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി വിമാനത്തില്‍ പറന്നാണ് കണ്ണൂരില്‍ എത്തിയത്. പിണറായി വിജയനെ വധിക്കാനും ക്വട്ടേഷന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തി. ഒപ്പമുണ്ടായിരുന്ന എനിക്കാണ് വെടിയേറ്റത്. എന്തിനാണ് സെല്‍വരാജ് ഇടയ്ക്കിടെ മാഹിയില്‍പോകുന്നതെന്ന് അന്വേഷിക്കണം. തിരുനെല്‍വേലിയിലെ വലിയ ഇറച്ചിക്കോഴി വ്യാപാരിയുമായി എ ടി ജോര്‍ജിനും സെല്‍വരാജിനും എന്താണ് ബന്ധമെന്നും അന്വേഷിക്കണം. പി സി ജോര്‍ജിന്റെ ബോംബും ഇതുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ഇത്തരം കഴുകന്‍മാര്‍ക്ക് രാഷ്ട്രീയത്തെ ഇനി വിട്ടുകൊടുക്കാനാവില്ല- ഇ പി പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ വഞ്ചനയ്ക്ക് മറുപടി നല്‍കും: സി ദിവാകരന്‍
നെയ്യാറ്റിന്‍കര: ജനങ്ങളോട് കൊടിയ വഞ്ചന കാണിച്ച സെല്‍വരാജിന് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ പറഞ്ഞു. ചെങ്കവിള മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി ദിവാകരന്‍.
മണ്ഡലത്തിലെ ജനങ്ങളോടു മാത്രമല്ല, ഇടതുമുന്നണിയോടും സിപിഐ എമ്മിനോടും കൊടിയ വഞ്ചനയാണ് സെല്‍വരാജ് കാണിച്ചത്. അഞ്ചു വര്‍ഷം എംഎല്‍എ ആയ സെല്‍വരാജിനെ പാര്‍ടി വീണ്ടും മത്സരിപ്പിച്ചു ജയിപ്പിച്ചു. എന്നിട്ടും ഒരു സുപ്രഭാത്തില്‍ ഒരു കാരണവും പറയാതെ മറുകണ്ടം ചാടിയതിന് നീതീകരണമില്ല. മുങ്ങുന്ന കപ്പലിലേക്കാണ് സെല്‍വരാജ് പോയത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുര്‍ബലനായി. ആഭ്യന്തരവും വിജിലന്‍സും കൈയൊഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടി അധികാരമില്ലാത്ത മുഖ്യമന്ത്രിയായി. അധികാര വടംവലിക്കിടയിലും ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. പൊതുവിതരണ സംവിധാനം പാടെ തകര്‍ന്നു. മന്ത്രിമാര്‍ തമ്മിലടിച്ച് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കിയെന്നും സി ദിവാകരന്‍ പറഞ്ഞു.
സെല്‍വരാജിന്റെ വഞ്ചനയ്ക്ക് മറുപടി നല്‍കണം
നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എംഎല്‍എ സ്ഥാനം രാജിവച്ച് വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് കൊണ്ടെത്തിച്ച സെല്‍വരാജിനെ ഉപതെരഞ്ഞെടുപ്പില്‍ ശിക്ഷിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന യുഡിഎഫിനും തിരിച്ചടി നല്‍കണം. സംസ്ഥാന കമ്മിറ്റി അംഗം എം പി ജയകുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി വി ജയചന്ദ്രന്‍, കഴക്കൂട്ടം പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ സര്‍വകലാശാല തുടങ്ങേണ്ടിവരും: വിജയരാഘവന്‍
നെയ്യാറ്റിന്‍കര: ചീഫ് വിപ്പ് പി സി ജോര്‍ജിനെ നുണപരിശോധനക്ക് വിധേയനാക്കേണ്ടിവന്നാല്‍ അതിനുമാത്രമായി കേരളത്തില്‍ സര്‍വകലാശാല തുടങ്ങേണ്ടിവരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു.
സെല്‍വരാജിന്റെ രാജിയെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറഞ്ഞ പി സി ജോര്‍ജ് അക്കാര്യം പിന്നീട് മാറ്റിപ്പറഞ്ഞത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. പിറവത്ത് ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ നല്‍കിയവര്‍ നെയ്യാറ്റിന്‍കരയില്‍ അതിനു തയ്യാറല്ലെന്ന പ്രഖ്യാപിച്ചു. ഒരച്ഛനും മകനും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയ്ക്ക് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് എന്‍എസ്എസാണ്.
അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ വര്‍ഗീയവാദികള്‍ക്ക് കീഴ്പ്പെട്ട സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ലീഗ് നേതാക്കള്‍ക്ക് പതിച്ചുകൊടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തീവണ്ടിക്ക് സമയമായെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പാണക്കാട് തങ്ങള്‍ ഒപ്പിട്ട അപേക്ഷയുടെ പേരിലാണ് ഏക്കറു കണക്കിന് ഭൂമി നല്‍കിയത്. ഈ അപേക്ഷയില്‍ ഒപ്പിട്ടില്ലെന്ന് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജനം ഇളകിയപ്പോള്‍ സിന്‍ഡിക്കേറ്റ് കൂടി തീരുമാനം പിന്‍വലിച്ചു. പക്ഷേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
കുഞ്ഞാലിക്കുട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ ജോലി. ലീഗിന്റെ എല്ലാ അവസരവാദത്തിനും കോണ്‍ഗ്രസ് കീഴ്പ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുകൊല്ലം ഭരണം തുടര്‍ന്നാല്‍ കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളും ഇല്ലാതാകും. കുപ്രചാരണത്തിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റേയും മോഹത്തിന് നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ തിരിച്ചടി നല്‍കിന്നും എ വിജയരാഘവന്‍ പറഞ്ഞു.
ഒഞ്ചിയത്ത് ചുറ്റിക്കറങ്ങി യൂത്ത് കോണ്‍ഗ്രസ് ജാഥാസമാപനം
നെയ്യാറ്റിന്‍കര: ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള യൂത്ത്കോണ്‍ഗ്രസ് യാത്രയുടെ സമാപനത്തില്‍ വിഷയം ഒഞ്ചിയം മാത്രം. സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുതല്‍ സ്വാഗതപ്രാസംഗികനുവരെ പറയാനുണ്ടായിരുന്നത് ഇക്കാര്യം മാത്രം. പത്തുമാസമെത്തിയ ഭരണത്തിന്റെ നേട്ടങ്ങള്‍ പറയാനോ വിലക്കയറ്റത്തിന് ന്യായീകരണങ്ങള്‍ നിരത്താനോ മിനക്കെടാതെ എല്ലാവരും ഒഞ്ചിയത്തെ ചന്ദ്രശേഖരന്റെ കൊലപാതകം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ലാക്കാക്കി യാത്ര നയിച്ച പി സി വിഷ്ണുനാഥ് അധ്യക്ഷപ്രസംഗത്തില്‍ ഒഞ്ചിയം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയാകട്ടെ ഭരണം നിലനിര്‍ത്താന്‍ ഭൂരിപക്ഷം പ്രശ്നമല്ലെന്ന മുഖവുരയോടെ ഒഞ്ചിയം സംഭവത്തിലെത്തുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തിലും ഗ്രൂപ്പ് പോരിലും ബലിയാടായവരെ വിസ്മരിച്ചുനടത്തിയ പ്രസംഗത്തില്‍ പക്ഷേ ഒഞ്ചിയം സംഭവത്തിലെ പ്രതികളെ എന്നു പടികൂടുമെന്നു മാത്രം പറഞ്ഞില്ല. എത്ര വൈകിയാലും അന്വേഷണം പക്ഷപാതരഹിതമായിരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ശേഷമേ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരൂ എന്ന് പറയാതെ പറയുകയും ചെയ്തു. മന്ത്രിമാരായ വി എസ് ശിവകുമാര്‍, പി കെ ജയലക്ഷ്മി, കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 090512
വടകര സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാനും ഗൂഢാലോചന കണ്ടെത്താനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെയും ഉള്‍പ്പെടെ ചോദ്യം ചെയ്യണമെന്ന് ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ചെങ്കല്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലന്‍. പിറവം ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ സെല്‍വരാജിന്റെ "രാഷ്ട്രീയ കൊലപാതകത്തിന്" നേതൃത്വം കൊടുത്ത യുഡിഎഫ് നെയ്യാറ്റിന്‍കരയില്‍ ജയിക്കാന്‍ ക്രൂരമായ കൊലപാതകം നടത്തിയെന്ന സംശയം ബലപ്പെടുന്നതാണ് പിന്നീട് നടന്ന ഓരോ സംഭവ വികാസവും
ReplyDelete