ഗോത്രായനത്തിന്റെ പേരില്‍ നടക്കുന്നത് പകല്‍കൊള്ളയാണെന്ന് ഹരിതസേന ജില്ലാ എക്സിക്യുട്ടീവ് ആരോപിച്ചു. ആദിവാസി സംസ്കാരത്തെയും ജീവിത ശൈലികളെയും അട്ടിമറിച്ചവര്‍ അവരെ പ്രദര്‍ശന വസ്തുവാക്കി മേനിനടിക്കുകയാണ്. ആദിവാസികളുടെ സംഗമ ഭൂമിയായ വള്ളിയൂര്‍ക്കാവ് ഉത്സവത്തോടനുബന്ധിച്ച് കുറഞ്ഞ ചെലവില്‍ നടത്താന്‍ കഴിയുന്ന സാംസ്കാരിക പരിപാടികള്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പണം കൊള്ളയടിക്കുന്നതിനുള്ള പരിപാടിയാക്കി മാറ്റിയത്. ഇതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.ഗോത്രായനത്തിന്റെ മുഴുവന്‍ ചെലവുകളും പരസ്യപ്പെടുത്തണമെന്നും ഹരിതസേന ആവശ്യപ്പെട്ടു.
ഗോത്രായനം ജനപങ്കാളിത്തം കുറയുന്നു
മാനന്തവാടി: ഗോത്രായനത്തിന്റെ വേദിയിലെ ജനപങ്കാളിത്തം ദിവസം തോറും കുറയുന്നു. ഉദ്ഘാടന ദിവസം കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തിയാണ് സംഘാടകര്‍ രക്ഷപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനങ്ങള്‍ ഗോത്രായനത്തിന്റെ പരിസരത്തുപോലും എത്തുന്നില്ല. ആദിവാസികളുടെ പങ്കാളിത്തവും കുറയുകയാണ്. സമീപത്തുള്ള കോളനികളില്‍ നിന്നുപോലും ആദിവാസികള്‍ എത്താതിരിക്കുന്നത് സംഘാടകരെ കുഴക്കുകയാണ്. ആദിവാസികളുടെ വികാസത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ആദിവാസികള്‍ ഈപരിപാടിയില്‍ നിന്നും മാറിനില്‍ക്കുകയാണ്. ഒരു പറ്റം ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ്സിന്റെയും പരിപാടിയായി ഗോത്രായനം മാറി.
ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ഗോത്രായനമെന്നാണ് ആദിവാസികോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്തെന്നറിയാന്‍ കോടികള്‍ ചെലവഴിച്ച് മാമാങ്കം തന്നെ നടത്തണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. കയറികിടക്കാന്‍ കൂരയില്ലാത്തവരുടെ കണക്ക് പഞ്ചായത്തിന്റെയും പട്ടികവര്‍ഗ്ഗവകുപ്പിന്റെയും കൈയ്യിലുണ്ട്. രോഗശയ്യയില്‍ കിടക്കുന്നവരുടെ വിവരങ്ങള്‍ പ്രമോട്ടര്‍മാര്‍ ശേഖരിച്ച് വകുപ്പിന് നല്‍കിയിട്ടുണ്ട്. ആദിവാസികളുടെ എല്ലാവിവരങ്ങളും സര്‍ക്കാരിന്റെ പക്കലുണ്ട്. പക്ഷേ വകുപ്പ് മന്ത്രിക്ക് ഇവരെക്കുറിച്ചറിയാന്‍ മാമാങ്കം തന്നെവേണമെന്ന് പറയുന്നതിലെ വിവേകം ചോദ്യം ചെയ്യപ്പെടുകയാണ്.
ഗോത്രായനത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന പരാതി മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ട്. ഇത് പരിഹരിക്കാന്‍ കോഴിക്കോടു നിന്നും പത്രക്കാരെ കൊണ്ടുവന്നിട്ടുണ്ട്. ജില്ലക്കകത്തുപോലും ഈ മാമാങ്കം ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഈ കുറവുകൂടി പരിഹരിക്കാനാണ് മാധ്യമസംഘത്തെ കോഴിക്കോടു നിന്നും വരുത്തിയതെന്നാണ് അറിയുന്നത്.
deshabhimani 030512
No comments:
Post a Comment