Thursday, May 3, 2012

സെല്‍വരാജിന്റെ കൂറുമാറ്റം അറിഞ്ഞിരുന്നെന്ന് ചെന്നിത്തല


ആര്‍ സെല്‍വരാജിനെ കുതിരക്കച്ചവടത്തിലൂടെ കൂറുമാറ്റി യുഡിഎഫിലെത്തിക്കുന്നത് താനും അറിഞ്ഞിരുന്നെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സെല്‍വരാജ് എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്ന് ഒരാഴ്ചമുമ്പ് അറിയാമായിരുന്നെന്ന് ഏഷ്യാനെറ്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സെല്‍വരാജും ഇതുവരെ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

താന്‍ രാജിവയ്ക്കുന്ന കാര്യം ആരോടും സംസാരിച്ചില്ലെന്നും സ്വയം എടുത്ത തീരുമാനം മാത്രമായിരുന്നെന്നുമാണ് സെല്‍വരാജ് പറഞ്ഞത്. രാജിവച്ചശേഷം മാത്രമാണ് താന്‍ കാര്യം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. രാജിക്കത്ത് കൊടുക്കുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതുള്‍പ്പെടെ സിപിഐ എം വെളിപ്പെടുത്തിയ കാര്യങ്ങളോരോന്നും ശരിയാണെന്ന് ഇതോടെ തെളിയുകയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച പി സി ജോര്‍ജ്, യുഡിഎഫ് സ്ഥാനാര്‍ഥിയായി സെല്‍വരാജ് മത്സരിക്കുമെന്ന് രാജിവച്ച നാള്‍തൊട്ട് പറഞ്ഞു നടന്നത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമായി. രണ്ട് അംഗങ്ങളുടെ നൂലിഴ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി ഉത്തരേന്ത്യന്‍ മാതൃകയില്‍ ചാക്ക് നല്‍കി ഇറക്കിയത് പി സി ജോര്‍ജിനെയാണ്.

ചെന്നിത്തലയുമായും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ജോര്‍ജ്

കോട്ടയം: സെല്‍വരാജിന്റെ രാജിയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും അക്കാര്യം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാസങ്ങളായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നു. സെല്‍വരാജ് രാജിവക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ചെന്നിത്തലയോട് സൂചിപ്പിച്ചത്. എന്നാല്‍, രാജി എന്നുണ്ടാവുമെന്ന് പറഞ്ഞിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സെല്‍വരാജ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. പിറവത്ത് യുഡിഎഫിനുണ്ടായിരുന്ന വിശ്വാസ്യത നെയ്യാറ്റിന്‍കരയില്‍ എത്തിയതോടെ നഷ്ടപ്പെട്ടു. ആവശ്യമില്ലാതെ യുഡിഎഫ് നേതാക്കളും മറ്റ് ചിലരും നടത്തിയ പ്രവര്‍ത്തനമാണ് ഇതിനു കാരണം. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാസ്ഥാനാര്‍ഥി കെ ഫ്രാന്‍സിസ് ജോര്‍ജായിരിക്കുമോ എന്നു ചോദിച്ചപ്പോള്‍ "ഇന്ത്യന്‍ പ്രസിഡന്റാകുമെന്ന് ആര്‍ക്കും സ്വയം പറയാമല്ലോ"യെന്ന് പരിഹസിച്ചു. തനിക്ക് കേരള കോണ്‍ഗ്രസിന്റെ സംസ്കാരമുണ്ട്. അതേസമയം, ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സംസ്കാരമോ പാരമ്പര്യമോ ഇല്ലെന്ന് സമ്മതിക്കാം- ജോര്‍ജ് പറഞ്ഞു.

deshabhimani 030512

1 comment:

  1. ആര്‍ സെല്‍വരാജിനെ കുതിരക്കച്ചവടത്തിലൂടെ കൂറുമാറ്റി യുഡിഎഫിലെത്തിക്കുന്നത് താനും അറിഞ്ഞിരുന്നെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സെല്‍വരാജ് എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്ന് ഒരാഴ്ചമുമ്പ് അറിയാമായിരുന്നെന്ന് ഏഷ്യാനെറ്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സെല്‍വരാജും ഇതുവരെ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

    ReplyDelete