Thursday, May 3, 2012

അരങ്ങുവാഴുന്നത് മാധ്യമ രാഷ്ട്രീയം: എന്‍ മാധവന്‍കുട്ടി


കേരളത്തില്‍ മാധ്യമ രാഷ്ട്രീയമാണ് അരങ്ങുവാഴുന്നതെന്ന് ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി കമ്യൂണിസ്റ്റ്വിരുദ്ധ ആശയഗതികളുടെ പ്രചാരണത്തിന് കുത്തക പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മത്സരിക്കുയാണെന്നും അദ്ദേഹംപറഞ്ഞു. തിരുനല്ലൂര്‍ കാവ്യോത്സവത്തിന്റെ ഭാഗമായി കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍കുട്ടി. "മാധ്യമങ്ങളുടെ രാഷ്ട്രീയം" എന്നതായിരുന്നു വിഷയം.

മാധ്യമങ്ങളുടെ ചാലക ശക്തിയിലാണ് കേരള രാഷ്ട്രീയം ഇന്ന് മുന്നോട്ടുപോകുന്നത്. സിപിഐ എം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരായ രാഷ്ട്രീയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ ഭാഗമായ അതിനോടുചേര്‍ന്നു നില്‍ക്കുന്ന വരേണ്യ വര്‍ഗവും ഒരുമിച്ച് രാഷ്ട്രീയം തീരുമാനിക്കുന്നു. മാധ്യമങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം സ്വയം കോര്‍പറേറ്റുകളായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്തയല്ല, വരുമാനമാണ് മാധ്യമ മുതലാളിമാരുടെ പുതിയ വ്യവസായ മാതൃക. ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ടിവി കാണുകയും പ്രതിമാസം 18 ലക്ഷം പേര്‍ മൊബൈല്‍ വരിക്കാരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യത്ത് മാധ്യമരംഗവും ലാഭത്തില്‍ അധിഷ്ടിതമായ വ്യവസായമാണ്. പത്രവായനക്കാരെയും ചാനല്‍ പ്രേക്ഷകരെയും വില്‍പ്പനച്ചരക്കാക്കി മുതലാളിത്തത്തിനുമുന്നില്‍ അവതരിപ്പിക്കുന്നു. പത്രത്തിന്റെ പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള ഉപാധിയായാണ് വരിക്കാരനെ കാണുന്നത്. മുതല്‍മുടക്കുന്നവന്റെ നന്മയാണ് മാധ്യമ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന താല്‍പര്യം. വാര്‍ത്തയുടെ സ്രോതസാണ് വാര്‍ത്ത തീരുമാനിക്കുന്ന മുഖ്യ ഘടകമെന്നും മാധവന്‍കുട്ടി പറഞ്ഞു.

60 ശതമാനം വാര്‍ത്തയുടെയും സ്രോതസ് ഭരണാധികാരി വര്‍ഗമാണ്. മാധ്യമപ്രവര്‍ത്തകന്റെ അഭിരുചിയും വാര്‍ത്തയില്‍ പ്രതിഫലിക്കും. വാര്‍ത്താ മൂല്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നടപ്പുരീതികളും സ്വാധീനിക്കുന്നു. പുതിയത് കണ്ടെത്താന്‍ ആരും മിനക്കെടാറില്ല. സത്യം പറയാന്‍ മുതലാളിക്ക് സമ്മര്‍ദമുണ്ടാകാറില്ല. തുറന്നു പറയാന്‍ ധൈര്യംകാട്ടുന്ന പക്ഷപാതിത്വമാണ് കപട നിഷ്പക്ഷതയേക്കാള്‍ നല്ലതെന്നും എന്‍ മാധവന്‍കുട്ടി പറഞ്ഞു. ഡോ. പി ഗീത, സിന്ധുസൂര്യകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കോശി പി മാത്യു മോഡറേറ്ററായി.

deshabhimani 030512

1 comment:

  1. മാധ്യമങ്ങളുടെ ചാലക ശക്തിയിലാണ് കേരള രാഷ്ട്രീയം ഇന്ന് മുന്നോട്ടുപോകുന്നത്. സിപിഐ എം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരായ രാഷ്ട്രീയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മുതലാളിത്തത്തിന്റെ ഭാഗമായ അതിനോടുചേര്‍ന്നു നില്‍ക്കുന്ന വരേണ്യ വര്‍ഗവും ഒരുമിച്ച് രാഷ്ട്രീയം തീരുമാനിക്കുന്നു. മാധ്യമങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം സ്വയം കോര്‍പറേറ്റുകളായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്തയല്ല, വരുമാനമാണ് മാധ്യമ മുതലാളിമാരുടെ പുതിയ വ്യവസായ മാതൃക.

    ReplyDelete