Monday, May 14, 2012

കേരള സിലബസ് സിബിഎസ്ഇയേക്കാള്‍ മികച്ചതെന്ന് പഠനം


കണ്ണൂര്‍: സ്കൂള്‍ പാഠ്യപദ്ധതിയില്‍ കേരള സിലബസ് സിബിഎസ്ഇ, ഐസിഎസ്ഇയേക്കാള്‍ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ശാസ്ത്രസാഹിത്യ പരിഷത് ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 9, 10 ക്ലാസുകളിലെ ഊര്‍ജതന്ത്രം, ഗണിതം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. സിലബസ്, പാഠപുസ്തകത്തിലെ അവതരണം, രേഖകളുടെ പരിശോധന, ക്ലാസ് നിരീക്ഷണം, അധ്യാപകരുടെ അഭിപ്രായം, അഭിമുഖം എന്നിവയിലൂടെയായിരുന്നു വിവരശേഖരണം. കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. കെ എന്‍ ഗണേഷ്, ഒ എം ശങ്കരന്‍, പ്രൊഫ. കെ പാപ്പൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് പഠനം നടത്തിയത്. ഗണിതത്തില്‍ അളവുകള്‍, ത്രികോണമിതി, സംഖ്യാശാസ്ത്രം എന്നീ മേഖലകളാണ് പരിഗണിച്ചത്. 11,12 ക്ലാസുകളിലേക്ക് പര്യാപ്തമായ നിലയിലാണ് കേരളത്തില്‍ 9,10 ക്ലാസുകളിലെ ആശയങ്ങള്‍ ക്രമീകരിച്ചതെന്ന് പഠനം വിലയിരുത്തി.

കേരള സിലബസില്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ എന്‍സിഇആര്‍ടിയില്‍ ഓര്‍മപരിശോധനക്കാണ് മുന്‍തൂക്കം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പരീക്ഷണ-നിരീക്ഷണങ്ങള്‍ എന്നിവയില്‍ കേരള സിലബസാണ് മുന്നില്‍. അധ്യാപക പരിശീലനം, പഠനസമയം, നിരന്തര മൂല്യനിര്‍ണയം എന്നിവക്കും കേരള സിലബസ് പ്രാധാന്യം നല്‍കുന്നു. ഊര്‍ജതന്ത്രത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കേരള പാഠപുസ്തകങ്ങള്‍ അവസരമൊരുക്കുന്നു. എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ പ്രവര്‍ത്തനങ്ങള്‍ മിക്കതും അതിലെ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. കേരള സിലബസില്‍ കുട്ടികളുടെ പ്രാദേശിക സാഹചര്യങ്ങളുപയോഗിച്ച് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്‍സിഇആര്‍ടി ദേശീയ കാഴ്ചപ്പാടില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയതിനാല്‍ പ്രാദേശിക സാഹചര്യം പരിഗണിച്ചില്ല. എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഗുണനിലവാരമുള്ള പേപ്പറില്‍ അച്ചടിച്ചിട്ടുണ്ട്. ശാസ്ത്രകാരന്മാരുടെ ജീവചരിത്രം അധ്യായങ്ങളുമായി ബന്ധപ്പെടുത്തി നല്‍കുന്നതും ഇതിന്റെ മേന്മയാണ്. കേരള സിലബസിലും ഈ മാതൃക പിന്‍തുടരാമെന്ന് പഠനം ശുപാര്‍ശ ചെയ്യുന്നു.

നവമാധ്യമ സ്വാതന്ത്ര്യം തകര്‍ക്കാനുള്ള നീക്കം പിന്‍വലിക്കണം: പരിഷത്ത്

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെയുള്ള ആശയവിനിമയ സ്വാതന്ത്ര്യം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. നവമാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ ജനവിരുദ്ധത തുറന്നുകാട്ടാനുള്ള സ്വാതന്ത്ര്യം വിവരസാങ്കേതിക നിയമഭേദഗതിയിലൂടെ കേന്ദ്രം ഇല്ലാതാക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഓണ്‍ലൈന്‍ പൈറസി തടയാനും പേറ്റന്റ് അവകാശം സംരക്ഷിക്കാനും അമേരിക്ക കൊണ്ടുവരുന്ന നിയമങ്ങള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വിലങ്ങിടും. വിവരസാങ്കേതികനിയമം ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഭേദപ്പെട്ട സ്വാതന്ത്ര്യം നല്‍കിയിരുന്നു. 2010ലെ ഭേദഗതിവഴി ഗൂഗിള്‍, ഫെയ്സ്ബുക്ക് സേവനദാതാക്കള്‍ക്ക് പ്രീ-സെന്‍സറിങ്ങിന് അനുമതി നല്‍കി. ഇന്റര്‍നെറ്റില്‍ ഓരോ മിനിറ്റിലും സംഭരിക്കുന്ന വിവരം മുന്‍കൂട്ടി പരിശോധിക്കുക സാധ്യമല്ല. അതിനാല്‍ നിയമവിധേയമല്ലാത്തവയും എതിര്‍പ്പുള്ളവയും ആര്‍ക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് നിഷ്കര്‍ഷിക്കണം. അങ്ങനെ ഉന്നയിക്കപ്പെടുന്നവ എടുത്തുമാറ്റാനുള്ള ഉത്തരവാദിത്തം അത് പ്രസിദ്ധീകരിച്ചയാളിനാകണം. ക്രിമിനല്‍സ്വഭാവമുള്ളവയ്ക്കെതിരെ പൊലീസ് നടപടിയെടുക്കാമെന്ന നിയമവും ആവശ്യമാണ്.

ഐടി നിയമഭേദഗതി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ്) റൂള്‍ പിന്‍വലിക്കണം. ഉന്നതവിദ്യാഭ്യാസരംഗത്തെ പുരോഗമനീക്കങ്ങള്‍ സംരക്ഷിക്കണം. സര്‍വകലാശാല അക്കാദമിക് സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. കച്ചവടക്കണ്ണോടെ സര്‍വകലാശാലകളെ സമീപിക്കുന്ന വാണിജ്യലോബികളുടെയും ജാതിമതസംഘടനകളുടെയും കടന്നുവരവ് ചെറുക്കണം. ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം, കോളേജ് ക്ലസ്റ്ററുകള്‍ തുടങ്ങിയ പരിഷ്കാരം നടപ്പാക്കാന്‍ മുന്‍കൈയെടുക്കണം. കുടുംബശ്രീ സംവിധാനം തകര്‍ക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 140512

1 comment:

  1. സ്കൂള്‍ പാഠ്യപദ്ധതിയില്‍ കേരള സിലബസ് സിബിഎസ്ഇ, ഐസിഎസ്ഇയേക്കാള്‍ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ശാസ്ത്രസാഹിത്യ പരിഷത് ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 9, 10 ക്ലാസുകളിലെ ഊര്‍ജതന്ത്രം, ഗണിതം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. സിലബസ്, പാഠപുസ്തകത്തിലെ അവതരണം, രേഖകളുടെ പരിശോധന, ക്ലാസ് നിരീക്ഷണം, അധ്യാപകരുടെ അഭിപ്രായം, അഭിമുഖം എന്നിവയിലൂടെയായിരുന്നു വിവരശേഖരണം. കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. കെ എന്‍ ഗണേഷ്, ഒ എം ശങ്കരന്‍, പ്രൊഫ. കെ പാപ്പൂട്ടി എന്നിവരുടെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് പഠനം നടത്തിയത്. ഗണിതത്തില്‍ അളവുകള്‍, ത്രികോണമിതി, സംഖ്യാശാസ്ത്രം എന്നീ മേഖലകളാണ് പരിഗണിച്ചത്. 11,12 ക്ലാസുകളിലേക്ക് പര്യാപ്തമായ നിലയിലാണ് കേരളത്തില്‍ 9,10 ക്ലാസുകളിലെ ആശയങ്ങള്‍ ക്രമീകരിച്ചതെന്ന് പഠനം വിലയിരുത്തി.

    ReplyDelete