Monday, May 14, 2012

വി കെ സി മമ്മദ്കോയയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; വ്യാപക പ്രതിഷേധം


സിപിഐ എം നേതാവും മുന്‍ എംഎല്‍എയുമായ വി കെ സി മമ്മദ്കോയയുടെ ഒളവണ്ണയിലെ വീട്ടില്‍ പൊലീസിന്റെ അന്യായ റെയ്ഡ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഒളിപ്പിച്ചുവെന്നുപറഞ്ഞ് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് ചെറുവണ്ണൂര്‍ സിഐ സുനില്‍കുമാറിന്റെയും നല്ലളം എസ്ഐ പ്രദീപ്കുമാറിന്റെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വി കെ സി മമ്മദ്കോയ ഇല്ലാത്ത സമയത്താണ് റെയ്ഡിന്റെ ഉത്തരവുണ്ടെന്നുപറഞ്ഞ് വന്‍ പൊലീസ് സംഘമെത്തിയത്. ഭാര്യാമാതാവും മരുമകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പൊലീസ് സംഘത്തെ കണ്ട് ഇവര്‍ അമ്പരന്നു. വിവരമറിഞ്ഞെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ വീട്ടിലെ ഓരോ മുറിയും പൊലീസിന് കാണിച്ചുകൊടുത്തു. തുടര്‍ന്ന് എല്ലാ മുറിയും പരിശോധിച്ച് പൊലീസ് സംഘം മടങ്ങി.

ഞായറാഴ്ച രാവിലെ പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ യോഗം കോഴിക്കോട്ട് ചേര്‍ന്നിരുന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം നേതാക്കള്‍ക്കെതിരെ തിരിയാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചതെന്നാണ് സൂചന.

വി കെ സി മമ്മദ്കോയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് നടപടി അത്യന്തം ഹീനവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. മുന്‍ എംഎല്‍എയും സിപിഐ എം നേതാവും ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ പൊതുപ്രവര്‍ത്തകനെ താറടിച്ചുകാണിക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത് വെളിപ്പെടുത്തുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയക്കളിക്ക് പൊലീസ് കൂട്ടുനില്‍ക്കുകയാണ്. ഇത്തരം ഹീനമായ നടപടിയില്‍നിന്ന് പൊലീസ് പിന്തിരിയണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ എം നല്ലളം ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നല്ലളം പൊലീസ് സ്റ്റേഷനുമുമ്പില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏരിയാകമ്മിറ്റി അംഗം ടി മൊയ്തീന്‍കോയ, കെ പി എ ഹാഷിം, കെ എം റഫീഖ്് എന്നിവര്‍ നേതൃത്വം നല്‍കി. അരീക്കാട്ട് പ്രതിഷേധ യോഗവുമുണ്ടായി. പൊലീസ് റെയ്ഡില്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ്ജ് പ്രതിഷേധിച്ചു

deshabhimani 140512

No comments:

Post a Comment