Monday, May 14, 2012

മാര്‍ക്സിസ്റ്റ് വിരുദ്ധമഹാസഖ്യം അരങ്ങില്‍


ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി മാര്‍ക്സിസ്റ്റ്വിരുദ്ധരുടെ മഹാസഖ്യം രംഗത്ത്. സിപിഐ എമ്മിനെ തകര്‍ക്കുക എന്നത് ജീവിതവ്രതമാക്കിയ വലതുപക്ഷശക്തികള്‍ മുതല്‍ ഇടതുപക്ഷ പിന്തിരിപ്പന്മാരും അതിവിപ്ലകാരികളും വിപ്ലവവായാടികളുമെല്ലാം ഒരേലക്ഷ്യവുമായി ഒറ്റപ്ലാറ്റ്ഫോമില്‍ അണിനിരക്കുകയാണ്. മഹാശ്വേതാദേവി മുതല്‍ കേരളത്തിന് പുറത്തുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധരെയും നിരത്തി ബംഗാളില്‍ അരങ്ങേറിയ മാര്‍ക്സിസ്റ്റ്വിരുദ്ധ മഴവില്‍ മഹാസഖ്യത്തിന്റെ കേരളാപതിപ്പാണ് ഇപ്പോള്‍ രംഗത്തുവന്നത്. ശനിയാഴ്ച കോഴിക്കോട്ട് ഉയര്‍ന്നത് ഈ മഹാസഖ്യത്തിന്റെ പരസ്യപ്രവേശനമാണ്. സിപിഐ എമ്മിനെതിരെ ശത്രുപക്ഷത്തെയാകെ യോജിപ്പിച്ചുള്ള ഈ രാഷ്ട്രീയസഖ്യത്തിന്റെ തുടക്കത്തിന് ചില രാഷ്ട്രീയ ശിഖണ്ഡികളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശവംതീനിരാഷ്ട്രീയമാണ് ഒഞ്ചിയത്തെ മുന്‍നിര്‍ത്തി യുഡിഎഫ്-മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി പുറത്തെടുത്തിരിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലയില്‍ പ്രതികളെ പൊലീസ് അന്വേഷിച്ച് കണ്ടെത്തുംമുമ്പെ പ്രതികളെ നിശ്ചയിച്ച് വിചാരണനടത്തുന്ന ജനാധിപത്യ-നിയമവിരുദ്ധ പ്രവര്‍ത്തനത്തിലാണവരിപ്പോള്‍.

രാജ്യത്ത് ഏറ്റവും വലിയ സിപിഐ എം വിരുദ്ധവേട്ടയും അര്‍ധഫാസിസ്റ്റ്വാഴ്ചയുമാണ് ബംഗാളിലിപ്പോള്‍. മമതാബാനര്‍ജിയുടെ ഭരണത്തില്‍ ഒരുവര്‍ഷത്തിനകം മുന്നൂറ്റമ്പതോളം സിപിഐ എം പ്രവര്‍ത്തകരെ കൊലചെയ്തിട്ടുണ്ട്. സ്ത്രീകളെയടക്കം മാനഭംഗം നടത്തി പാര്‍ടിയെ ഉന്മൂലനം ചെയ്യാനുള്ള അധികാരപ്രയോഗത്തിലാണ് മമത. മമതയുടെ കൊലയാളി രാഷ്ട്രീയത്തിനെതിരെ ഒരക്ഷരം പറയാതെയാണ് ഈ ബംഗാളിയായ മഹാശ്വേതാദേവി കേരളത്തില്‍ വന്ന് സിപിഐ എമ്മിനെതിരെ പ്രസംഗിക്കുന്നതെന്നത് അവരുടെ രാഷ്ട്രീയാന്ധതക്കുള്ള വലിയ തെളിവാണ്. നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും പേരില്‍ ഒച്ചയിട്ട് ബംഗാളില്‍ മമതയെ വാഴിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവരാണ് മഹാശ്വേത. മമതയുടെ ഫാസിസ്റ്റ് വാഴ്ചയില്‍ കോണ്‍ഗ്രസുകാര്‍ പോലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. മമതയെ വിഷയമാക്കി കാര്‍ടൂണ്‍ വരച്ച കോളേജ് പ്രൊഫസര്‍ക്കെതിരെ നടപടിയെടുത്തും മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിച്ചും ഫാസിസത്തിന്റെ പാതയില്‍ തേരുതെളിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വാ തുറക്കാതെയാണ് ഈ വയോവൃദ്ധയായ സാഹിത്യകാരി കോഴിക്കോട്ട് വന്ന് പാര്‍ടിവിരുദ്ധത വര്‍ഷിക്കുന്നത്. മമതക്ക് സ്തുതിഗീതമാലപിക്കുന്നവരെ എഴുന്നള്ളിച്ച് സിപിഐ എമ്മിനെ അധിക്ഷേപിക്കുന്നവര്‍ ഇതിലൂടെ അവരുടെ കൃത്യമായ നയമാണ് വ്യക്തമാക്കുന്നത്.

ആഗോളവല്‍ക്കരണവിരുദ്ധനെന്ന് മേനിനടിച്ചശേഷം ആ നയത്തിന്റെ നടത്തിപ്പുകാരായ കോണ്‍ഗ്രസിന്റെ അടുക്കളയിലടിഞ്ഞുകൂടിയ എം പി വീരേന്ദ്രകുമാറിനെയും അഴിമതിയിലും ജനവിരുദ്ധതയിലും മത്സരിച്ച് മുന്നേറുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രി എം കെ മുനീറിനെയും ഒപ്പമിരുത്തിയായിരുന്നു മഹാശ്വേതയുടെ പ്രസംഗം. ജ്ഞാനപീഠം സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെട്ടിട്ടും സാധിക്കാതിരുന്നതിലുള്ള ജാള്യം ചടങ്ങില്‍ വീരേന്ദ്രകുമാറില്‍നിന്നുണ്ടായി. ജ്ഞാനപീഠം ലഭിച്ച മലയാള സാഹിത്യപ്രതിഭകളെ ഭര്‍ത്സിക്കയായിരുന്നു വീരന്‍. തലവെട്ടി-തീവെപ്പ് രാഷ്ട്രീയക്കാരുടെ തപ്പുകൊട്ടിലും ആര്‍പ്പുവിളിയിലുമായിരുന്നു ഈ മാര്‍ക്സിസ്റ്റ്വിരുദ്ധസംഘത്തിന്റെ ഒത്തുചേരല്‍.

deshabhimani 140512

2 comments:

  1. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി മാര്‍ക്സിസ്റ്റ്വിരുദ്ധരുടെ മഹാസഖ്യം രംഗത്ത്. സിപിഐ എമ്മിനെ തകര്‍ക്കുക എന്നത് ജീവിതവ്രതമാക്കിയ വലതുപക്ഷശക്തികള്‍ മുതല്‍ ഇടതുപക്ഷ പിന്തിരിപ്പന്മാരും അതിവിപ്ലകാരികളും വിപ്ലവവായാടികളുമെല്ലാം ഒരേലക്ഷ്യവുമായി ഒറ്റപ്ലാറ്റ്ഫോമില്‍ അണിനിരക്കുകയാണ്. മഹാശ്വേതാദേവി മുതല്‍ കേരളത്തിന് പുറത്തുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധരെയും നിരത്തി ബംഗാളില്‍ അരങ്ങേറിയ മാര്‍ക്സിസ്റ്റ്വിരുദ്ധ മഴവില്‍ മഹാസഖ്യത്തിന്റെ കേരളാപതിപ്പാണ് ഇപ്പോള്‍ രംഗത്തുവന്നത്. ശനിയാഴ്ച കോഴിക്കോട്ട് ഉയര്‍ന്നത് ഈ മഹാസഖ്യത്തിന്റെ പരസ്യപ്രവേശനമാണ്. സിപിഐ എമ്മിനെതിരെ ശത്രുപക്ഷത്തെയാകെ യോജിപ്പിച്ചുള്ള ഈ രാഷ്ട്രീയസഖ്യത്തിന്റെ തുടക്കത്തിന് ചില രാഷ്ട്രീയ ശിഖണ്ഡികളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശവംതീനിരാഷ്ട്രീയമാണ് ഒഞ്ചിയത്തെ മുന്‍നിര്‍ത്തി യുഡിഎഫ്-മാര്‍ക്സിസ്റ്റ്വിരുദ്ധമുന്നണി പുറത്തെടുത്തിരിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലയില്‍ പ്രതികളെ പൊലീസ് അന്വേഷിച്ച് കണ്ടെത്തുംമുമ്പെ പ്രതികളെ നിശ്ചയിച്ച് വിചാരണനടത്തുന്ന ജനാധിപത്യ-നിയമവിരുദ്ധ പ്രവര്‍ത്തനത്തിലാണവരിപ്പോള്‍.

    ReplyDelete