Friday, May 4, 2012

എല്‍കെജി പ്രവേശനത്തിനും കോഴ; വലവിരിച്ച് മാനേജ്മെന്റ്


പുതിയ അധ്യയനവര്‍ഷം പിറക്കാനിരിക്കെ ലക്ഷങ്ങള്‍ കോഴവാങ്ങാന്‍ അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ വലവിരിച്ചുതുടങ്ങി. "പ്രവേശനോത്സവ"മെന്ന പേരില്‍ കച്ചവടമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. എല്‍കെജി പ്രവേശനത്തിന് 10,000 മുതല്‍ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. കോഴ കൊഴുക്കുമ്പോഴും ഇത്തരം സ്കൂളുകളില്‍ പ്രവേശനം നേടാന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

മോഹനവാഗ്ദാനം നല്‍കിയാണ് സ്കൂളുകള്‍ കുട്ടികളെ ചാക്കിട്ടുപിടിക്കുന്നത്. എല്‍കെജിയില്‍ ചേരാന്‍ പല സ്കൂളുകളും പരീക്ഷയും അഭിമുഖവും സംഘടിപ്പിക്കുന്നു. ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പ്രവേശനത്തിന് പണംവാങ്ങരുതെന്നാണ് നിയമം. ഇത് കാറ്റില്‍പ്പറത്തിയാണ് മാനേജുമെന്റുകളുടെ കഴുത്തറുപ്പന്‍ പിരിവ്. നിയമനടപടി ഒഴിവാക്കാന്‍ കുറുക്കുവിദ്യകളും ഇവര്‍ പയറ്റുന്നുണ്ട്. വാങ്ങുന്ന പണത്തിന് കെട്ടിട നിര്‍മാണം, സ്കൂള്‍ നവീകരണം, യൂണിഫോം വില, വിവിധ പരിപാടികള്‍ തുടങ്ങിയവയുടെ പേരിലാണ് രശീതി നല്‍കുന്നത്. എന്നാല്‍, ഇവയ്ക്കെല്ലാം പിന്നീടും പണം നല്‍കേണ്ട ഗതികേടിലാണ് രക്ഷിതാക്കള്‍. കുട്ടികളുടെ ഭാവിയോര്‍ത്ത് പലരും പ്രതിഷേധിക്കാറില്ലെന്നുമാത്രം.

എയ്ഡഡ് സ്കൂളുകളും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ പിന്നിലല്ല. ഫ്ളക്സ് ബോര്‍ഡുകളും നോട്ടീസുകളും മറ്റുമായാണ് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ കുട്ടികളെ പിടിക്കുന്നത്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ അപേക്ഷിച്ച് പണപ്പിരിവ് കുറവാണെങ്കിലും ഇംഗ്ലീഷ് മീഡിയം, സ്കൂളിലെ ഭൗതികസാഹചര്യം, പഠന മികവ്, മുന്‍ വര്‍ഷങ്ങളിലെ വിജയ ശതമാനം തുടങ്ങിയവയെല്ലാം എയ്ഡഡ് സ്കൂളുകള്‍ക്ക് പ്രചാരണായുധങ്ങളാണ്. എയ്ഡഡ്-അണ്‍ എയ്ഡഡ് മേഖലയിലെ കടുത്ത മത്സരംമൂലം സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യം ഓരോവര്‍ഷവും പരുങ്ങലിലാണ്. പ്രവേശനത്തിനെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. കുട്ടികളെ ചേര്‍ക്കാന്‍ അധ്യാപകര്‍ നേരിട്ട് രംഗത്തിറങ്ങുന്നുമുണ്ട്. എന്നാല്‍, അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരമാണ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഭീഷണിയാകുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവ. സ്കൂളുകളില്‍ പ്രവേശനോത്സവം ഉള്‍പ്പെടെ വിപുലമായ പരിപാടി സംഘടിപ്പിച്ചാണ് കുട്ടികളെ ആകര്‍ഷിച്ചത്. കുട്ടികള്‍ കുറവുള്ള സ്കൂളുകളില്‍ അധ്യാപകര്‍ മുന്‍വര്‍ഷങ്ങളില്‍ ഫീല്‍ഡ് വര്‍ക്ക് നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കിയിട്ടില്ല.

deshabhimani 040512

1 comment:

  1. പുതിയ അധ്യയനവര്‍ഷം പിറക്കാനിരിക്കെ ലക്ഷങ്ങള്‍ കോഴവാങ്ങാന്‍ അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ വലവിരിച്ചുതുടങ്ങി. "പ്രവേശനോത്സവ"മെന്ന പേരില്‍ കച്ചവടമുറപ്പിക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. എല്‍കെജി പ്രവേശനത്തിന് 10,000 മുതല്‍ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. കോഴ കൊഴുക്കുമ്പോഴും ഇത്തരം സ്കൂളുകളില്‍ പ്രവേശനം നേടാന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

    ReplyDelete