Friday, May 4, 2012
പൊതുവിതരണം തകര്‍ച്ചയില്‍; വില കുതിക്കുന്നു
പൊതുവിതരണ സംവിധാനങ്ങള്‍ തകര്‍ച്ചയിലേക്കു നീങ്ങിയതോടെ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) വഴിയുള്ള 13 ഇനം നിത്യോപയോഗസാധനങ്ങളുടെ സബ്സിഡി നിരക്കിലുള്ള വിതരണം നിലച്ചു. റേഷന്‍കടകള്‍ വഴിയുള്ള അരിവിതരണവും അവതാളത്തിലാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഒരു രൂപ അരിയുടെ അളവ് കുത്തനെ കുറച്ചു. ഹോര്‍ട്ടികോര്‍പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ശുഷ്ക്കമായതോടെ വിപണിയില്‍ പച്ചക്കറിവിലയും പൊള്ളുന്ന സ്ഥിതിയായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നയാെപൈസയുടെ വര്‍ധനയില്ലാതെ വിതരണം ചെയ്ത പഞ്ചസാര, മുളക്, പയര്‍, ഉഴുന്ന് തുടങ്ങിയ 13 ഇനം നിത്യോപയോഗസാധനങ്ങളില്‍ ഭൂരിപക്ഷവും സപ്ലൈകോയില്‍ ഇപ്പോള്‍ ലഭ്യമല്ല.
സപ്ലൈകോയുടെ വിപണി ഇടപെടലിനുള്ള ബജറ്റ് വിഹിതം 50 കോടിയായി കുറച്ചതാണ് പ്രതിസന്ധിക്കു കാരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ 105-120 കോടിയാണ് സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നത്. സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 121 കോടി കൊടുക്കാത്തതും ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അനാസ്ഥമൂലം ഏപ്രിലിലെ റേഷന്‍ വിതരണം അവസാന ആഴ്ചയാണ് ആരംഭിച്ചത്. ഇതുമൂലം പല ജില്ലയിലും അരി വിതരണം മുടങ്ങി. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 25 കിലോയ്ക്ക് പകരം 19 കിലോ അരിയാണ് നല്‍കിയത്. കെ വി തോമസിന് കേന്ദ്ര ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചിട്ടും കേരളത്തിന് അനുവദിച്ച 1,13,000 ടണ്‍ അരി പുനഃസ്ഥാപിച്ചില്ല. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകുന്നില്ല. 26,566 ടണ്‍ അരിയാണ് ഇപ്പോഴും കേരളത്തിന് പ്രതിമാസ വിഹിതമായി ലഭിക്കുന്നത്. ഇടയ്ക്കിടെ ഇടക്കാല അലോട്ട്മെന്റ് കിട്ടുന്നതുമൂലമാണ് റേഷന്‍ പൂര്‍ണമായി മുടങ്ങാത്തത്.
കേരളത്തില്‍ വിലക്കയറ്റത്തിന്റെ തോത് ഉയരുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കും സാക്ഷ്യപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തേക്കാള്‍ ഉപഭോക്തൃവില സൂചിക കുറവുള്ളത് മൂന്നു സംസ്ഥാനങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏഴായി. ലേബര്‍ ബ്യൂറോ കഴിഞ്ഞ ദിവസം പ്രസിദ്ധികരിച്ച കണക്കനുസരിച്ച് കേരളത്തിലെ വില സൂചിക 605 ആണ്. ബിഹാര്‍ (554), ഒറീസ (559), ഉത്തര്‍പ്രദേശ് (599), പശ്ചിമ ബംഗാള്‍ (588), ത്രിപുര (548), മേഖലായ (599), മണിപ്പൂര്‍ (604), ഹിമാചല്‍ പ്രദേശ് (539) എന്നീ സംസ്ഥാനങ്ങളിലെ വിലസൂചിക കേരളത്തേക്കാള്‍ കുറവാണ്.
നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ആദ്യഘട്ടം രണ്ടായിരം റേഷന്‍ കടകള്‍ വഴി 13 ഇനം സാധനങ്ങള്‍ നല്‍കാനും പിന്നീട് സംസ്ഥാനത്തെ 14,400 റേഷന്‍കടകളിലേക്കും വ്യാപിപ്പിക്കാനുമായിരുന്നു പദ്ധതി. അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ സ്തംഭിച്ചു.
പെട്രാളിയും ഉല്‍പന്നങ്ങളുടെ അടിയ്ക്കടിയുള്ള വിലക്കയറ്റവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാണ് ഏറ്റുവുമധികം ബാധിക്കുന്നത്. ഡീസലിന്റെ വിലനിയന്ത്രണാവകാശം പെട്രോളിയം കമ്പനികള്‍ക്ക് കൈവരുന്നതോടെ അതിരൂക്ഷമായ വിലക്കയറ്റത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കും. സംസ്ഥാനത്തെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് തീരദേശത്ത് ജനജീവിതം വറുതിയിലാക്കി. മണ്ണെണ്ണ കിട്ടാതായതോടെ മത്സ്യതൊഴിലാളികള്‍ക്ക് പണി മുടങ്ങി. മത്സ്യലഭ്യത കുറഞ്ഞതോടെ വിലയും വളരെ വര്‍ധിച്ചു.പാചകവാതക ക്ഷാമവും ജനജീവിതം ദുസ്സഹമാക്കുന്നു. പാചകവാതക സിലിണ്ടറിന് 70 ദിവസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
(ആര്‍ സാംബന്‍)
deshabhimani 040512
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete