Saturday, May 12, 2012

തനിക്ക് വ്യത്യസ്ത നിലപാട്: വി എസ്


ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനും മറ്റും പാര്‍ടി വിട്ടതിനെക്കുറിച്ച് തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പാര്‍ടിയുടെ അഭിപ്രായമല്ലെന്നും വി എസ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡും മുസ്ലിംലീഗില്‍ ശിഹാബ് തങ്ങളുമാണ് അവസാനവാക്ക്. ആ രീതിയല്ല സിപിഐ എമ്മില്‍. ദക്ഷിണാമൂര്‍ത്തി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചത് 1964ലെ പിളര്‍പ്പിനു സമാനമാണ്. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള ഒരു സെറ്റ് സഖാക്കള്‍ പഞ്ചായത്തിലെ ചില പ്രശ്നങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞപ്പോള്‍ പാര്‍ടി നേതൃത്വം ചെവിക്കൊണ്ടില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് യോജിച്ചുപോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതിനു പകരം അപഹസിക്കുന്ന സമീപനമാണുണ്ടായത്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ടുക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായിരുന്നു. ഈ പ്രശ്നത്തില്‍ വിജയന്‍ എടുത്തിരിക്കുന്ന നിലപാടിനോട് യോജിപ്പില്ല.

1964ല്‍ സിപിഐ എം രൂപീകരിച്ചത് ചെയര്‍മാന്‍ എസ് എ ഡാങ്കേയുടെ പാര്‍ടി വിരുദ്ധ റിവിഷനിസ്റ്റ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു. ആശയപരമായ കാര്യങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്ത് ഏകീകൃത നിലപാട് എടുക്കുന്നതിനു പകരം ഏകാധിപത്യപരമായ സമീപനമാണ് ഡാങ്കേ സ്വീകരിച്ചത്. തെറ്റായ നയസമീപനം സംബന്ധിച്ച് അഭിപ്രായം പറയുന്നവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ച് പുറത്താക്കുകയല്ല വേണ്ടത്. ഡാങ്കേയുടെ സമീപനമാണോ പിണറായിക്കും എന്ന ചോദ്യത്തിന് തന്നെ, തന്നെ എന്ന് വി എസ് മറുപടി നല്‍കി. തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ അപ്പോള്‍ നോക്കാമെന്നും വി എസ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച ഡോ. ബാലരാമന്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. മുതലമടയില്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയ നടപടി റദ്ദാക്കണം. ഹൈക്കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനംചെയ്താണ് അഞ്ച് പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്ന തീരുമാനമെന്ന് വി എസ് പറഞ്ഞു.

deshabhimani 130512

1 comment:

  1. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനും മറ്റും പാര്‍ടി വിട്ടതിനെക്കുറിച്ച് തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പാര്‍ടിയുടെ അഭിപ്രായമല്ലെന്നും വി എസ് ആവര്‍ത്തിച്ചു. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡും മുസ്ലിംലീഗില്‍ ശിഹാബ് തങ്ങളുമാണ് അവസാനവാക്ക്. ആ രീതിയല്ല സിപിഐ എമ്മില്‍. ദക്ഷിണാമൂര്‍ത്തി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി രൂപീകരിച്ചത് 1964ലെ പിളര്‍പ്പിനു സമാനമാണ്. ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള ഒരു സെറ്റ് സഖാക്കള്‍ പഞ്ചായത്തിലെ ചില പ്രശ്നങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞപ്പോള്‍ പാര്‍ടി നേതൃത്വം ചെവിക്കൊണ്ടില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് യോജിച്ചുപോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതിനു പകരം അപഹസിക്കുന്ന സമീപനമാണുണ്ടായത്. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ടുക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടായിരുന്നു. ഈ പ്രശ്നത്തില്‍ വിജയന്‍ എടുത്തിരിക്കുന്ന നിലപാടിനോട് യോജിപ്പില്ല.

    ReplyDelete