Sunday, May 20, 2012

ആസൂത്രണത്തിലെ പാളിച്ച തിരിച്ചടിയായി; വൈദ്യുതിബോര്‍ഡ് വന്‍ സാമ്പത്തികക്കുഴപ്പത്തില്‍


ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചയെ തുടര്‍ന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തികക്കുഴപ്പത്തില്‍. വികസനപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി. പുറമേനിന്ന് വൈദ്യുതി വാങ്ങിയതിന്റെ പണം പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്തവിധം രൂക്ഷമാണ് പ്രതിസന്ധി. കേന്ദ്ര നിലയങ്ങളില്‍നിന്നു ലഭിക്കുന്ന 28 ദശലക്ഷം യൂണിറ്റിനു പുറമേ സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍നിന്ന് രണ്ടുമുതല്‍ മൂന്നുവരെ ദശലക്ഷം യൂണിറ്റും അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച് വഴി ലഭിക്കുന്ന നാലുമുതല്‍ അഞ്ചുവരെ ദശലക്ഷം യൂണിറ്റുമാണ് സംസ്ഥാനത്ത് ഇരുട്ടകറ്റുന്നത്. പ്രസരണ ലൈനുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാത്തതിനാല്‍ പീക്ക് സമയത്ത് തീവില നല്‍കി സ്വകാര്യ ഏജന്‍സികളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതമായതും ബോര്‍ഡിനെ തകര്‍ക്കുന്നു. യൂണിറ്റിന് 20 രൂപയിലധികം വരെ പീക്ക് സമയ വൈദ്യുതിക്ക് നല്‍കേണ്ടിവരുന്നു.

കേന്ദ്ര നിലയങ്ങളില്‍ നിന്നടക്കം വൈദ്യുതി വാങ്ങിയ വകയില്‍ ഏപ്രിലില്‍ 425.70 കോടി രൂപയാണ് ബോര്‍ഡ് മുടക്കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും പണം ചെലവിടുന്നത് നിര്‍ത്തിവച്ചു. സാധനസാമഗ്രികള്‍ വാങ്ങുന്നത് പൂര്‍ണമായി മുടങ്ങി. വന്‍കിട പദ്ധതികള്‍ക്ക് പണം ചെലവിടുന്നതിന് ബോര്‍ഡിലെ ധനവിഭാഗം വിലക്കേര്‍പ്പെടുത്തി. പുതിയ ട്രാന്‍സ്ഫോര്‍മര്‍ വാങ്ങുന്നതടക്കം നിലച്ചതോടെ വൈദ്യുതി വിതരണരംഗവും അനിശ്ചിതാവസ്ഥയിലാണ്. കേടുവന്ന മീറ്ററുകള്‍ മാറ്റിനല്‍കാനും കഴിയുന്നില്ല. 10.06 ലക്ഷം മീറ്ററാണ് പ്രവര്‍ത്തനരഹിതമായിട്ടുള്ളത്. ഇവ മാറ്റിനല്‍കുന്ന പദ്ധതി മുടങ്ങി. മീറ്ററുകളില്‍ നിന്ന് കൃത്യമായ റീഡിങ് ലഭിക്കാത്തത് ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങുന്നു. ട്രാന്‍സ്മിഷന്‍ വിഭാഗം ജീവനക്കാര്‍ക്ക് ലീവ് സറണ്ടര്‍ നല്‍കിയിട്ടില്ല.

പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ബില്ലുകള്‍ മാത്രം പാസാക്കിയാല്‍ മതിയെന്ന് ധനവിഭാഗം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതും പൂര്‍ണമായി നടപ്പാകുന്നില്ല. എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങിയതിലെ 180 കോടി കുടിശ്ശികയായി. അതേസമയം, ബോര്‍ഡിന്റെ ഫിനാന്‍സ് മെമ്പര്‍ക്കായി പുതിയ ടയോട്ട കൊറോള കാര്‍ വാങ്ങാന്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമായില്ല. വേനലിനു മുമ്പേ ഇടുക്കിയില്‍ നടത്തിയ അമിതോല്‍പ്പാദനമാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്. ചെറുകിട പദ്ധതികളില്‍നിന്ന് പരമാവധി ഉല്‍പ്പാദനം നടത്തിയും പുറമേനിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. അതിനു തയ്യാറാകാതെ ഇടുക്കിയില്‍ നടത്തിയ അമിതോല്‍പ്പാദനം മുല്ലപ്പെരിയാറിന്റെ പേരില്‍ പിന്നീട് തുടരുകയും ചെയ്തു. അമിതമായി ഉല്‍പ്പാദിപ്പിച്ച 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി തുച്ഛവിലയ്ക്ക് ദേശീയ ഗ്രിഡ് വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് വിറ്റു. സര്‍ചാര്‍ജ് ഈടാക്കിയും അധിക ഉപയോഗത്തിന് വന്‍തുക ഈടാക്കിയും ഇപ്പോള്‍ ഉപയോക്താക്കളെ പിഴിയുന്നതിനു പുറമേ വന്‍നിരക്ക് വര്‍ധനയ്ക്കുള്ള നിര്‍ദേശങ്ങളും ബോര്‍ഡ് റെഗുലേറ്ററി കമീഷന് സമര്‍പ്പിച്ചിട്ടുണ്ട്. വര്‍ധന സെപ്തംബര്‍ ഒന്നോടെ നിലവില്‍ വരും.
(ആര്‍ സാംബന്‍)

deshabhimani 210512

1 comment:

  1. ആസൂത്രണത്തിലെ ഗുരുതരമായ പാളിച്ചയെ തുടര്‍ന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തികക്കുഴപ്പത്തില്‍. വികസനപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി. പുറമേനിന്ന് വൈദ്യുതി വാങ്ങിയതിന്റെ പണം പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്തവിധം രൂക്ഷമാണ് പ്രതിസന്ധി. കേന്ദ്ര നിലയങ്ങളില്‍നിന്നു ലഭിക്കുന്ന 28 ദശലക്ഷം യൂണിറ്റിനു പുറമേ സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍നിന്ന് രണ്ടുമുതല്‍ മൂന്നുവരെ ദശലക്ഷം യൂണിറ്റും അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച് വഴി ലഭിക്കുന്ന നാലുമുതല്‍ അഞ്ചുവരെ ദശലക്ഷം യൂണിറ്റുമാണ് സംസ്ഥാനത്ത് ഇരുട്ടകറ്റുന്നത്. പ്രസരണ ലൈനുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാത്തതിനാല്‍ പീക്ക് സമയത്ത് തീവില നല്‍കി സ്വകാര്യ ഏജന്‍സികളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ നിര്‍ബന്ധിതമായതും ബോര്‍ഡിനെ തകര്‍ക്കുന്നു. യൂണിറ്റിന് 20 രൂപയിലധികം വരെ പീക്ക് സമയ വൈദ്യുതിക്ക് നല്‍കേണ്ടിവരുന്നു.

    ReplyDelete