Sunday, May 20, 2012

മമത ധൂര്‍ത്തടിക്കുന്നത് കോടികള്‍


സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നട്ടംതിരിയുമ്പോള്‍ വര്‍ഷപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കടം വാങ്ങേണ്ടി വരികയും എടുത്ത കടത്തിന്റെ പലിശ എഴുതിത്തള്ളാനും പ്രത്യേക സഹായത്തിനുംവേണ്ടി കേന്ദ്രത്തോട് കേഴുകയും ചെയ്യുമ്പോഴാണ് ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്ത്. ദേശീയ പത്രങ്ങളിലും സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലും രണ്ട് മുഴുവന്‍ പേജ് പരസ്യമാണ് ഞായറാഴ്ച വന്നത്. ചാനലുകളിലും ദീര്‍ഘമായ പരസ്യങ്ങളും. സര്‍ക്കാര്‍പരസ്യം കൂടാതെ മമതയെ പുകഴ്ത്തി വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും വക പ്രത്യേക പരസ്യങ്ങളും ഉണ്ടായിരുന്നു. ഇവ കൂടാതെ സംസ്ഥാനത്തൊട്ടാകെ നിരത്തുകളില്‍ പതിനായിരക്കണക്കിന് ഹോര്‍ഡിങ്ങും ബാനറും പ്രത്യക്ഷപ്പെട്ടു.

നേട്ടങ്ങള്‍ അവകാശപ്പെട്ട് ഒരാഴ്ച നീളുന്ന പ്രദര്‍ശനം കൊല്‍ക്കത്തയില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍കണ്ടീഷന്‍ സ്റ്റാളുകളില്‍ ഒരുക്കിയ പ്രദര്‍ശനത്തിന് കുറഞ്ഞത് 30 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. ബംഗാളിയിലും ഇംഗ്ലീഷിലുമുള്ള ലക്ഷക്കണക്കിന് ബഹുവര്‍ണ ലഘുലേഖകളും പുറത്തിറക്കി. കോടികള്‍ മുടക്കി ആഘോഷം സംഘടിപ്പിച്ചെങ്കിലും പ്രമുഖ കല- സാംസ്കാരിക പ്രവര്‍ത്തകരില്‍ പലരും സഖ്യകക്ഷിയായ കോണ്‍ഗ്രസും വിട്ടുനിന്നു. മമതയെ ശക്തമായി പിന്തുണച്ച വിദ്യാഭ്യാസ വിചക്ഷണന്‍ സുനന്ദ സന്യാല്‍, വിഖ്യാത സാഹിത്യ കാരി മഹാശ്വേതാദേവി, പ്രമുഖ നടന്‍ കൗശിക് സെന്‍, എഴുത്തുകാരന്‍ നബാരന്‍ ഭട്ടാചര്യ, പ്രശസ്ത കവി ശംഖ ഘോഷ്, വിമത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും പാട്ടുകാരനുമായ കബീര്‍ സുമന്‍ എന്നിവര്‍ അതില്‍ പ്രമുഖരാണ്.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായി കോണ്‍ഗ്രസ് ഇറക്കിയ ലഘുലേഖയില്‍ പറയുന്നു. വിദ്യാഭ്യാസമേഖല ഏറെ പിന്നോക്കം പോയി. തലതിരിഞ്ഞ ഭൂനയം കാരണം ഒരുവര്‍ഷമായി വ്യവസായമേഖലയില്‍ ഒരു പുരോഗതിയുണ്ടായില്ലെന്നും ലഘുലേഖയില്‍ പറയുന്നു. ഏകാധിപത്യഭരണമാണ് മമത ബാനര്‍ജി നടത്തുന്നതെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞെന്നും സംസ്ഥാനത്ത് ജനാധിപത്യം വന്‍ ഭീഷണിയിലാണെന്നും പിസിസി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസ് പേരിന് ഭരണത്തില്‍ പങ്കാളിയാണെങ്കിലും തങ്ങള്‍ക്ക് കാര്യമായ ഒരു പങ്കുമില്ല. ആഘോഷിക്കത്തക്കതായി ഒന്നുമില്ലാത്തതിനാലാണ് ഒഴിഞ്ഞുനിന്നതെന്നും ഭട്ടാചാര്യ പറഞ്ഞു.
(ഗോപി)

മമത-കോണ്‍ഗ്രസ് ഭിന്നത: കേരളത്തിന് കോച്ച് ഫാക്ടറി നഷ്ടമാകുന്നു

കേന്ദ്രസര്‍ക്കാരിലെ ഭിന്നതയെത്തുടര്‍ന്ന് പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്ടറി നഷ്ടപ്പെടുന്നു. പദ്ധതി വൈകിപ്പിച്ച് ക്രമേണ ഇല്ലാതാക്കാന്‍ ശ്രമം. ഫാക്ടറിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച സ്ഥലം വീണ്ടും സര്‍വേ നടത്തണമെന്ന റെയില്‍വേ ആവശ്യം പദ്ധതി ഇല്ലാതാക്കാനുള്ള നടപടിയായാണ് കണക്കാക്കുന്നത്. ഭൂമിയുടെ സര്‍വേനടപടി പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം റെയില്‍വേക്ക് കൈമാറിയത്. വീണ്ടും സര്‍വേ കഴിഞ്ഞ് നടപടി തുടങ്ങുമ്പോഴേക്കും മാസങ്ങള്‍ നീളും. അപാകം കണ്ടാല്‍ ഭൂമി വേണ്ടെന്ന് വയ്ക്കാനുമാണ് നീക്കം.

ആറുമാസത്തിനകം ഫാക്ടറിനിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്ന് റെയില്‍വേ മന്ത്രിയും മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയെങ്കിലും ആഗോളടെന്‍ഡറിനുള്ള നടപടിപോലും തുടങ്ങിയിട്ടില്ല. മുപ്പതുകോടി രൂപ ബജറ്റില്‍ അനുവദിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ റെയില്‍വേ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഭൂമി എറ്റെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. പദ്ധതി നടപ്പായാല്‍ സിപിഐ എമ്മിന് അതിന്റെ പിതൃത്വം ലഭിക്കുമെന്ന ഭയവും ഫാക്ടറിയെ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ പിറകിലുള്ളതായി ആക്ഷേപമുണ്ട്.

മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയാണ് ഫെബ്രുവരി 21ന് ഫാക്ടറിക്ക് കല്ലിട്ടത്. വിഭാവനം ചെയ്തതിന്റെ പത്തിലൊന്നായി ചുരുക്കി 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തില്‍ ചെറുകിട ഫാക്ടറിയാണ് അനുവദിച്ചത്. എന്നാല്‍, മുകുള്‍റോയ് റെയില്‍വേമന്ത്രിയായതോടെ ഫാക്ടറിയുടെ നടപടിയില്‍ നിഷേധസമീപനം തുടങ്ങി. കോണ്‍ഗ്രസുമായി ഇടഞ്ഞ മമത ബാനര്‍ജി കേരളത്തിന് കോച്ച് ഫാക്ടറി നല്‍കുന്നതിനെ എതിര്‍ക്കുകയാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് 430 ഏക്കര്‍ സ്ഥലം സൗജന്യമായി ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറിയത്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറിയാണ് വാഗ്ദാനം നല്‍കിയത്. പൂര്‍ണമായും പൊതുമേഖലയില്‍ വേണമെന്നാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേക്ക് നല്‍കിയപ്പോള്‍ സ്ഥലവിലയ്ക്ക് ആനുപാതികമായ ഓഹരി സംസ്ഥാന സര്‍ക്കാരിന് വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം വേണ്ടെന്നുവച്ചു. യുപിഎ കക്ഷികള്‍ തമ്മിലുള്ള വടംവലിയും സംസ്ഥാന സര്‍ക്കാരിന്റെ നയവും ജനതയുടെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നത്തിനാണ് കരിനിഴല്‍ വീഴ്ത്തുക.
(വേണു കെ ആലത്തൂര്‍)

ബംഗാളില്‍ വൈദ്യുതിനിരക്ക് വീണ്ടും കൂട്ടി

ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക "സമ്മാനമായി" വൈദ്യുതി നിരക്ക് വീണ്ടും വന്‍തോതില്‍ വര്‍ധിപ്പിച്ചു. മമത സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നാലാംതവണയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഈ വര്‍ഷംതന്നെയാണ് നാല് വര്‍ധനയും നടപ്പാക്കിയത്. 2011 ഡിസംബര്‍വരെ യൂണിറ്റിന് 4.27 രൂപയായിരുന്നത് ജനുവരി, ഫെബ്രുവരി, ഏപ്രില്‍, മെയ് മാസങ്ങളിലായി 5.82 രൂപയായി വര്‍ധിപ്പിച്ചു. യൂണിറ്റിന് 1.57 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതിനുപുറമെ സര്‍ക്കാര്‍ സര്‍ച്ചാര്‍ജും ഉണ്ടാകും. നിലവില്‍ ശരാശരി യൂണിറ്റിന് 6.25 രൂപ വരും. ജൂണില്‍ വീണ്ടും വര്‍ധന ഉണ്ടാകുമെന്ന് വൈദ്യുതിമന്ത്രി മനീഷ് ഗുപ്ത സൂചിപ്പിച്ചു. നിരക്കുവര്‍ധനമൂലം മാസം 200 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് 380 രൂപയോളം അധികം നല്‍കേണ്ടി വരും. റെയില്‍വേ യാത്രാനിരക്ക് വര്‍ധിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ടിക്കാരനായ മന്ത്രിയെ രാജി വയ്പിച്ച മമത ബാനര്‍ജിതന്നെയാണ് സംസ്ഥാനത്ത് അടിക്കടി വൈദ്യുതി നിരക്ക് കൂട്ടാന്‍ അനുമതി നല്‍കുന്നത്. വില വര്‍ധനമൂലം 650 കോടി രൂപയുടെ അധികവരുമാനമാണ് ഒരു വര്‍ഷം ലഭിക്കുക.
(ഗോപി)

deshabhimani news

1 comment:

  1. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍നട്ടംതിരിയുമ്പോള്‍ വര്‍ഷപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് മമത സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കടം വാങ്ങേണ്ടി വരികയും എടുത്ത കടത്തിന്റെ പലിശ എഴുതിത്തള്ളാനും പ്രത്യേക സഹായത്തിനുംവേണ്ടി കേന്ദ്രത്തോട് കേഴുകയും ചെയ്യുമ്പോഴാണ് ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്ത്. ദേശീയ പത്രങ്ങളിലും സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലും രണ്ട് മുഴുവന്‍ പേജ് പരസ്യമാണ് ഞായറാഴ്ച വന്നത്. ചാനലുകളിലും ദീര്‍ഘമായ പരസ്യങ്ങളും. സര്‍ക്കാര്‍പരസ്യം കൂടാതെ മമതയെ പുകഴ്ത്തി വിവിധ വകുപ്പുകളുടെയും കോര്‍പറേഷനുകളുടെയും വക പ്രത്യേക പരസ്യങ്ങളും ഉണ്ടായിരുന്നു. ഇവ കൂടാതെ സംസ്ഥാനത്തൊട്ടാകെ നിരത്തുകളില്‍ പതിനായിരക്കണക്കിന് ഹോര്‍ഡിങ്ങും ബാനറും പ്രത്യക്ഷപ്പെട്ടു.

    ReplyDelete