Sunday, May 20, 2012

ചേലക്കരയില്‍ ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്


ചേലക്കര പഞ്ചായത്തംഗവും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പി എന്‍ റഫീക്കിനെ ഒരു സംഘം ആകമിച്ച് പരിക്കേല്‍പ്പിച്ച സംഭവം രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയും ഇക്കാര്യം വെളിപ്പെടുത്തുന്നു. അറസ്റ്റിലായ മൂന്നുപേരെയും റഫീക്ക് നേരത്തേ ആക്രമിച്ചിട്ടുണ്ട്. വളരെക്കാലമായുള്ള ഇവരുടെ വ്യക്തിവിരോധമാണ് സംഘം ചേര്‍ന്ന് റഫീക്കിനെ ആക്രമിക്കാന്‍ ഇടയായതെന്ന് ചേലക്കര സി ഐ വി ഹംസ പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റഫീക്കിനെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് ലീഗില്‍ ചേര്‍ന്നു. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ റഫീക്കിനെതിരെ എസ്ഐയെ കയേറ്റം ചെയ്തതിനടക്കംചേലക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സ്ഥിരം ക്രിമിനലാണെന്ന വസ്തുത മറച്ചാണ് മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ മാധ്യമങ്ങള്‍ പ്രതിക്കൂട്ടിലാക്കിയത്.

ബുധനാഴ്ച രാത്രിയാണ് ചേലക്കര മേപ്പാടത്ത് റഫീക്ക് ആക്രമിക്കപ്പെട്ടത്. പൊലീസ് എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ചേലക്കര മേപ്പാടം സ്വദേശികളായ തറയില്‍ ഷാജി, എടപ്പാടത്ത് രാമചന്ദ്രന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി അഷ്റഫ് കോടതിയില്‍ നേരിട്ട് ഹാജരായി. അറസ്റ്റിലായ രാമചന്ദ്രന് എട്ടുവര്‍ഷം മുമ്പ് റഫീക്ക് ആക്രമിച്ചതിന്റെ വിരോധമുണ്ട്. ഷാജിയെ ഒന്നരവര്‍ഷം മുമ്പാണ് റഫീക്ക് ആക്രമിച്ചത്. അന്നു മുതല്‍ ഷാജിക്കും ഇയാളോട് വിരോധമുണ്ട്. അഷ്റഫിനെ രണ്ടാഴ്ച മുമ്പാണ് പഴയന്നൂരില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ പോയപ്പോള്‍ റഫീക്കിന്റെ ആള്‍ക്കാര്‍ ആക്രമിച്ചത്. ബാറില്‍ പോയി വഴക്കുണ്ടാക്കിയ നിരവധി സംഭവങ്ങള്‍ റഫീക്കിന്റെ പേരിലുണ്ട്. ഈയിടെ, മദ്യപിച്ചശേഷം വിളിച്ചുവരുത്തിയ ഒട്ടോറിക്ഷക്കാരനുമായി ഇയാള്‍ വഴക്കുണ്ടാക്കി. മുഴുവന്‍ പ്രതികളേയും പടികൂടുന്നതോടെ വിശദാംശങ്ങള്‍ പൂര്‍ണമായി ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ റഫീക്ക് ആക്രമണക്കേസില്‍ സിപിഐ എം പ്രവര്‍ത്തകരെ പ്രതിയാക്കാന്‍ ഉന്നതങ്ങളില്‍നിന്ന് ഇടപെട്ടതായും സൂചനയുണ്ട്. റഫീക്കിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആക്രമണം സിപിഐ എമ്മിന്റെ തലയില്‍ വച്ചുകെട്ടി പ്രസ്താവന ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ്് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇടപെടലുണ്ടായത്. റഫീക്ക് പറയുന്നതിനുസരിച്ചാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ നിരപരാധികളേയും പ്രതികളാക്കാന്‍ നീക്കമുള്ളതായി സൂചനയുണ്ട്.

deshabhimani 200512

No comments:

Post a Comment