Tuesday, May 22, 2012

കള്ളപ്പണം: പേരുകളില്ലാതെ ധവളപത്രം


വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേര് വെളിപ്പെടുത്താതെ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ധവളപത്രം. ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ അളവും തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലില്ല. . കള്ളപ്പണം തടയാന്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തകളും ഉടന്‍ സ്ഥാപിക്കണമെന്ന് ധവളപത്രം നിര്‍ദേശിച്ചു. 97 പേജുള്ള ധവളപത്രത്തില്‍ കള്ളപ്പണത്തിന്റെ നിര്‍വചനം, കള്ളപ്പണം സൃഷ്ടിക്കുന്ന വിവിധ മാര്‍ഗം, എങ്ങനെ അവ വിദേശബാങ്കുകളിലേക്ക് പോകുന്നു, വിദേശത്തു നിന്ന് അതിന്റെ തിരിച്ചൊഴുക്ക്, കള്ളപ്പണം തടയാന്‍ നിലവിലുള്ള സംവിധാനങ്ങളും സ്ഥാപനങ്ങളും, ഭാവിയില്‍ എന്തൊക്കെ നടപടി സ്വീകരിക്കാം തുടങ്ങിയ കാര്യങ്ങളുമുണ്ട്. കള്ളപ്പണം അളക്കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങളില്ല. നിലവില്‍ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ക്ക് പൊതുസ്വീകാര്യതയില്ല. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ അളവ് സംബന്ധിച്ച് പല കണക്കും പ്രചരിക്കുന്നുണ്ടെങ്കിലും അവയൊന്നും കൃത്യമല്ല. സ്വിസ് ബാങ്ക് അസോസിയേഷന്റെ കണക്കെന്ന നിലയില്‍ 1,45,600 കോടി അമേരിക്കന്‍ ഡോളര്‍ ഇന്ത്യയില്‍ നിന്ന് കള്ളപ്പണമായി സ്വിസ് ബാങ്കുകളിലുണ്ടെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു സംഘടന നിലവിലില്ലെന്ന് പരിശോധനയില്‍ ബോധ്യമായി. ഐഎംഎഫിന്റെ പഠനത്തില്‍ 1971-86 കാലയളവില്‍ 2000-3000 കോടി ഡോളര്‍ കള്ളപ്പണം വിദേശത്തേക്ക് ഒഴുകിയതായി പറയുന്നു. 1971-97 കാലയളവില്‍ 8800 കോടി ഡോളര്‍ പുറത്തേക്ക് ഒഴുകിയെന്ന തരത്തില്‍ 2001ല്‍ ഐഎംഎഫ് റിപ്പോര്‍ട്ട് പുതുക്കി. വികസ്വര രാജ്യങ്ങളിലെ കള്ളപ്പണം ഉല്‍പ്പാദനത്തിന്റെ കണക്ക് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജിഎഫ്ഐ) എന്ന സംഘടന കണക്കാക്കാറുണ്ട്. ഇപ്രകാരം 2000-2008 കാലയളവില്‍ 6.5 ലക്ഷം കോടി ഡോളറാണ് വികസ്വര രാജ്യങ്ങളിലെ കള്ളപ്പണമെന്ന് ജിഎഫ്ഐ കണക്കാക്കുന്നു. ഐഎംഎഫിന്റെയും ജിഎഫ്ഐയുടെയും കണക്കുകള്‍ പരിശോധന അര്‍ഹിക്കുന്നതാണെങ്കിലും ഇവയൊന്നും കൃത്യമാകണമെന്നില്ല. ഈ രംഗത്ത് കൂടുതല്‍ പഠനം വേണം.

ലോക്പാല്‍- ലോകായുക്ത സംവിധാനങ്ങള്‍ നിലവില്‍ വന്നാല്‍ അഴിമതിക്കേസുകളിലെ അന്വേഷണം വേഗത്തിലാക്കാം. സാമ്പത്തിക കുറ്റകൃത്യക്കേസുകള്‍ കേള്‍ക്കുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കണം. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവുകള്‍ നല്‍കണം. അഴിമതിയും കള്ളപ്പണവും തടയാന്‍ അഞ്ച് ബില്‍ കൊണ്ടുവന്നു. ലോക്പാല്‍ ബില്‍, ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍, വിസില്‍ ബ്ലോവേഴ്സ് ബില്‍, പൊതുസംഭരണബില്‍ എന്നീ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കള്ളപ്പണം തടയാന്‍ ചതുര്‍മുഖതന്ത്രത്തിന് രൂപംനല്‍കണം. നികുതി നിയമങ്ങളോട് സ്വയം വിധേയമാകാന്‍ കൂടുതല്‍ ആനുകൂല്യം നല്‍കുക, സമ്പദ്വ്യവസ്ഥയില്‍ ക്രമക്കേട് കൂടുതല്‍ സാധ്യതയുള്ള മേഖലകളില്‍ പരിഷ്കാരം കൊണ്ടുവരിക എന്നിവ ഇതിലുള്‍പ്പെടും.

സ്വര്‍ണഇറക്കുമതി ഉദാരമാക്കിയതോടെ കള്ളക്കടത്ത് കുറഞ്ഞു. സാമ്പത്തിക- റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ സമാനമായ പരിഷ്കാരം കൊണ്ടുവരണം. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കള്ളപ്പണം തടയാന്‍ ദേശവ്യാപകമായി സ്ഥിതിവിവരപ്പട്ടിക തയ്യാറാക്കണം. സ്വത്തുവില്‍പ്പനയില്‍ ടിഡിഎസ് ഏര്‍പ്പെടുത്തണം. പണമിടപാടിന് ഇലക്ട്രോണിക് സംവിധാനം കൊണ്ടുവരണം. പ്രകൃതിവിഭവങ്ങള്‍ അനുവദിക്കുമ്പോള്‍ നിരീക്ഷണസംവിധാനം മെച്ചപ്പെടുത്തണം. അഴിമതി തടയാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ ഉള്‍പ്പെടുത്തി സംയുക്ത കര്‍മസേനയ്ക്ക് രൂപംനല്‍കണം. കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുന്നുണ്ട്- ധവളപത്രം പറഞ്ഞു. ധവളപത്രം നിരാശാജനകമാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ കുറ്റപ്പെടുത്തി. പറയേണ്ടവ മറച്ചുവയ്ക്കുകയും അനാവശ്യമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നതാണ് ധവളപത്രമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 220512

No comments:

Post a Comment