Friday, May 18, 2012

മുഖ്യമന്ത്രിയുടെ വീടിനുനേരെ കല്ലേറ്: ഓഫീസ് ജീവനക്കാരന് പങ്ക്


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് കല്ലെറിഞ്ഞ സംഭവത്തിലെ അന്വേഷണം മരവിപ്പിച്ചത് അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് ആക്രമണത്തില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്. ഏഴുമാസം മുമ്പാണ് സഭാതര്‍ക്കത്തിന്റെ പേരില്‍ കല്ലേറുണ്ടായത്. കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍, പുതുപ്പള്ളിയിലെ പഞ്ചായത്തംഗം എന്നിവര്‍ കല്ലേറ് സംബന്ധിച്ചകാര്യങ്ങളില്‍ പങ്കാളികളാണെന്ന് സൈബര്‍സെല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാഗമ്പടത്തെ ഒരു ഹോട്ടല്‍മുറിയില്‍ ഇരുന്നാണ് സംഭവം പ്ലാന്‍ചെയ്തതെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയവിവരം. സംഭവം സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കുകയുമായിരുന്നു ആസൂത്രകരുടെ ലക്ഷ്യം. ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയപ്പോഴാണ് കള്ളി പുറത്തായത്. ഉടനെ ഉമ്മന്‍ചാണ്ടി കോട്ടയം എസ്പിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടകം ടിബിയില്‍ വിളിച്ചുവരുത്തി അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

2011 ഒക്ടോബര്‍ 20ന് രാത്രി എട്ടോടെയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഉമ്മന്‍ചാണ്ടിയുടെ അനുജന്‍ അലക്സ്ചാണ്ടിയുടെ പോര്‍ച്ചില്‍ കിടന്ന കാറിന്റെ പിന്നിലത്തെ ചില്ല് പൊട്ടുകയും ചെയ്തു. വീടിന്റെ ഭിത്തിക്ക് നേരെ കാര്യമായി ഏറുനടത്തിയിരുന്നില്ല. സംഭവം നടന്നയുടന്‍തന്നെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ചാനലുകളിലൂടെ ഫ്ളാഷ്വന്നു. അടുത്തദിവസം മാധ്യമങ്ങളിലും ഈ നിലയില്‍ വലിയ വാര്‍ത്ത സൃഷ്ടിച്ചു. രണ്ടുദിവസം സിപിഐ എമ്മിനും ഡിവൈഎഫ്ഐക്കും നേരെ അക്രമണങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ പിന്നീട് മിണ്ടാതായി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐയും സിപിഐ എമ്മും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവര്‍ എല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. ഇതുപുറത്തുവന്നതോടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൊലീസ് ചില സിപിഐ എം അനുഭാവികളുടെ വീടുകളിലും എത്തി. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസ് നായ ഓടിനിന്നത് കല്ലെറിഞ്ഞ സംഘത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുസമീപമായിരുന്നു. സംഭവം അറിയാമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അനുജന്‍ അലക്സ് ചാണ്ടി വീടിനുസമീപത്തുള്ള നാട്ടുകാരെ ആരെയും ചോദ്യം ചെയ്യാന്‍ പൊലീസിനെ അനുവദിച്ചിരുന്നില്ല. പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് സൈബര്‍സെല്ലിന്റെ സഹായം തേടുകയായിരുന്നു. കല്ലേറുനടന്ന സമയത്ത് ഉമ്മന്‍ചാണ്ടിയുടെ വീടിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ടവറുകള്‍ പരിശോധിച്ചു. ടവറിനുസമീപം സംശയകരമായി ഫോണ്‍ ഉപയോഗിച്ചവരെയും ചോദ്യംചെയ്തു. ഇവരുടെ ഫോണിലേക്ക് വന്ന കോളുകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ജീവനക്കാരനുള്ള പങ്ക് വ്യക്തമായത്. ഇതോടെ കല്ലേറ് സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അവസാനിപ്പിച്ചു.

ഓര്‍ത്തഡോക്സ് സഭാ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സഭാ വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്ന സമയമായിരുന്നു ഇത്. പുതുപ്പള്ളി പള്ളിയില്‍പോലും ഉമ്മന്‍ചാണ്ടി മൂന്നുമാസത്തോളം കയറിയിരുന്നില്ല. സഭാവിശ്വാസികള്‍ക്ക് മുഖ്യമന്ത്രിയോട് ഉണ്ടായിരുന്ന നീരസം മാറ്റി സഹതാപം സൃഷ്ടിക്കാന്‍ പേഴ്സണല്‍ അസിസ്റ്റന്റ് കണ്ടെത്തിയ മാര്‍ഗമാണ് കല്ലേറ് എന്ന നിഗമനത്തില്‍ പൊലീസ് എത്തി.

deshabhimani 180512

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് കല്ലെറിഞ്ഞ സംഭവത്തിലെ അന്വേഷണം മരവിപ്പിച്ചത് അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരന് ആക്രമണത്തില്‍ പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്. ഏഴുമാസം മുമ്പാണ് സഭാതര്‍ക്കത്തിന്റെ പേരില്‍ കല്ലേറുണ്ടായത്. കേസില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഞായറാഴ്ചകളില്‍ പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ജീവനക്കാരന്‍, പുതുപ്പള്ളിയിലെ പഞ്ചായത്തംഗം എന്നിവര്‍ കല്ലേറ് സംബന്ധിച്ചകാര്യങ്ങളില്‍ പങ്കാളികളാണെന്ന് സൈബര്‍സെല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നാഗമ്പടത്തെ ഒരു ഹോട്ടല്‍മുറിയില്‍ ഇരുന്നാണ് സംഭവം പ്ലാന്‍ചെയ്തതെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയവിവരം. സംഭവം സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിയുടെ പ്രതിഛായ വര്‍ധിപ്പിക്കുകയുമായിരുന്നു ആസൂത്രകരുടെ ലക്ഷ്യം. ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയപ്പോഴാണ് കള്ളി പുറത്തായത്. ഉടനെ ഉമ്മന്‍ചാണ്ടി കോട്ടയം എസ്പിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും നാട്ടകം ടിബിയില്‍ വിളിച്ചുവരുത്തി അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

    ReplyDelete