Saturday, May 19, 2012

അന്വേഷണം വഴിമുട്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് മന്ത്രി തിരുവഞ്ചൂര്‍


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തെളിയാതിരിക്കാനും അന്വേഷണം വഴിമുട്ടിക്കാനും ചില ശക്തികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മീറ്റ് ദ പ്രസില്‍ പറഞ്ഞു. സിപിഐ എമ്മിന്റെ പേരെടുത്തു പറയാതെ പറഞ്ഞുതുടങ്ങിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സിപിഐ എമ്മിനെ നേരിട്ട് കുറ്റപ്പെടുത്തി. അന്വേഷണസംഘത്തെ പിളര്‍ത്താനും ഉദ്യോഗസ്ഥരെ അപമാനിക്കാനുമാണ് ശ്രമം. സംഘത്തലവനായ വിന്‍സന്‍ എം പോളിന്റെയും അനൂപ് കുരുവിള ജോണിന്റെയും രാജ്മോഹന്റെയും പേരുകള്‍ പരാമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം ഈ ഉദ്ദേശ്യത്തോടെയാണ്.

കോഴിക്കോട് റൂറല്‍ എസ് പി രാജ്മോഹന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ഐപിഎസ് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അനൂപ് കുരുവിള ജോണ്‍ അന്വേഷണസംഘം വിടുന്നു എന്ന പ്രചാരണത്തിലും കഴമ്പില്ല. മന്ത്രി എന്ന നിലയില്‍ താന്‍ ഈ അന്വേഷണത്തില്‍ ഇടപെടില്ല.

സിപിഐ എം ഓഫീസ് സെക്രട്ടറിബാബുവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യത്തില്‍ വിടാവുന്ന വകുപ്പ് പ്രകാരമാണത്. എന്നാല്‍ അതിന്റെ പേരില്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന എം വി ജയരാജന്‍ ചെയ്തത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റമാണ്. അന്വേഷണത്തില്‍ ഇടപെടുന്നതും ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമവാഴ്ചയില്ലാത്ത അവസ്ഥ സൃഷ്ടിക്കാന്‍ അനുവദിക്കില്ല. മാധ്യമങ്ങളില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമമുണ്ട്.

ഭീഷണിയ്ക്കും സ്വാധീനത്തിനും വഴങ്ങരുതെന്നാണ് അന്വേഷണഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഒരു വിഭാഗം സിപിഐ എം പ്രവര്‍ത്തകരാണ് ഭീഷണി മുഴക്കുന്നതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും അത് തന്റെ അഭിമാനപ്രശ്നമല്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി.

ബാബുവിനെ വിട്ടത് ന്യായം: ഡിജിപി

കോട്ടയം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ വിട്ടയച്ചതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിജിപി ജേക്കബ്ബ് പുന്നൂസ്. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമല്ല ബാബുവിനെ വിട്ടത്. ജാമ്യം കൊടുക്കാവുന്ന കുറ്റമേ ബാബുവിനെതിരെ ചുമത്തിയിട്ടുള്ളൂ. കേസില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അനേവഷണമാണ് നടക്കുന്നത്. തെളിവുകള്‍ ശേഖരിച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ സമ്മര്‍ദ്ദം കേസിലില്ല-ഡിജിപി പറഞ്ഞു. ജനമൈത്രി പൊലീസിെന്‍ "മാലിന്യ മുക്ത നഗരം" പദ്ധതിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡിജിപി.

deshabhimani news

No comments:

Post a Comment