Saturday, May 19, 2012

പൊലീസ് നടപടിക്കെതിരെ ജനരോഷം


കള്ളക്കേസിനും പൊലീസ് ഭീകരതക്കുമെതിരെ വടകരയില്‍ ഉജ്വല ജനകീയ പ്രതിഷേധം. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എം പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നതിനെതിരായിരുന്നു സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്റെ നേതൃത്വത്തില്‍ ജനരോഷം. സമാധാനപരമായി നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്നപ്പോള്‍ വിവരമറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫീസ് പരിസരത്തെത്തി. അന്യായമായി വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാബുവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് എം വി ജയരാജന്‍, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍, കൂത്തുപറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പത്മജാ പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ രാവിലെ വടകര പൊലീസ് സ്റ്റേഷനിലെത്തി ഡിവൈഎസ്പി ജോസി ചെറിയാനുമായി സംസാരിച്ചു. ചോദ്യംചെയ്ത ശേഷം വിട്ടയക്കുമെന്ന് അറിയിച്ചതിനാല്‍ നേതാക്കള്‍ തിരിച്ചുപോയി. വെള്ളിയാഴ്ച വൈകിട്ടുവരെ വിട്ടയച്ചില്ല. ഇതേ തുടര്‍ന്ന് ജയരാജനും നേതാക്കളും വീണ്ടുമെത്തി. പൊലീസ് വാക്കുപാലിച്ചില്ലെന്നും പൗരാവകാശ ലംഘനമാണ് തുടരുന്നതെന്നും ജയരാജന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബാബു അപ്പോഴും അതേ ഓഫീസിലുണ്ടായിരുന്നു. സിഐ പി ശശിധരന്‍ നേതാക്കളുമായി സംസാരിച്ചു.

നിയമലംഘനത്തിനല്ല പൊലീസിന്റെ നീതി നിഷേധത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിനാണ് തങ്ങള്‍ എത്തിയതെന്ന് ജയരാജന്‍ പറഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. വിവരമറിഞ്ഞ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സതീദേവി, എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടേറെ നേതാക്കള്‍ സ്ഥലത്തെത്തി. ബാബുവിനെ എഡിജിപിയുടെ ക്യാമ്പ് ഓഫീസിലെത്തിച്ച ശേഷം വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ വിട്ടയക്കുംവരെ സമരത്തിലാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ പൊലീസ് ബാബുവിനെ എഡിജിപിയുടെ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. രാത്രി ഏഴിന് ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് നേതാക്കള്‍ സമരം അവസാനിപ്പിച്ചു. ബാബുവിനെ ജാമ്യത്തില്‍ വിട്ടതോടെ വടകരയില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനമുണ്ടായി. പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ- പൊലീസ് ഗൂഢാലോചനക്ക് താക്കീതായിരുന്നു പ്രകടനം. പ്രകടനത്തിന് പി സതീദേവി, ടി പി ബാലകൃഷ്ണന്‍ നായര്‍, കെ പി കുഞ്ഞമ്മത്കുട്ടി, സി ഭാസ്കരന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, പി എ മുഹമ്മദ്റിയാസ്, പി പി രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി. എം വി ജയരാജന്‍ സംസാരിച്ചു.

കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറിയെ വിട്ടയച്ചു

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്യായമായി കസ്റ്റഡിയിലെടുത്ത സിപിഐ എം കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി സി ബാബുവിനെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ട് ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് വിട്ടത്. പ്രതികള്‍ക്ക് താമസിക്കാന്‍ സഹായം നല്‍കിയെന്ന കുറ്റം ചുമത്തി ഐപിസി 212-ാം വകുപ്പു പ്രകാരമാണ് ബാബുവിന്റെ പേരില്‍ കേസ് ചുമത്തിയത്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്റെ നേതൃത്വത്തില്‍ അഭിഭാഷകസംഘം ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിനാലാണ് വിട്ടയക്കാന്‍ തയ്യാറായത്. ബാബുവിനെ കസ്റ്റഡിയില്‍ ഭീകരമായി മര്‍ദിച്ചു. പാര്‍ടി നേതാക്കളുടെ പേര് പറഞ്ഞാല്‍ വിട്ടയക്കാമെന്നായിരുന്നു പൊലീസ് നിലപാട്. ഇതിന് വിസമ്മതിച്ചപ്പോഴായിരുന്നു മര്‍ദനം. പുറത്തിറങ്ങിയ ബാബുവിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഏരിയാകമ്മിറ്റി ഓഫീസിനടുത്തുള്ള സിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആയിത്തറ മമ്പറത്തെ ഒരു കേസ് സംസാരിക്കാനെന്നായിരുന്നു സിഐ പറഞ്ഞത്. എന്നാല്‍ സ്റ്റേഷനിലെത്തിയ ബാബുവിനെ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. ഒഞ്ചിയം കേസില്‍ ചോദ്യം ചെയ്യാനെന്നായിരുന്നു പറഞ്ഞത്. വടകര ഡിവൈഎസ്പി ഓഫീസില്‍ രാത്രിയുടനീളം ചോദ്യംചെയ്തു. ബാബുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതറിഞ്ഞ് പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍, കൂത്തുപറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പത്മജാപത്മനാഭന്‍, പാര്‍ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ എന്നിവരാണ് ഡിവൈഎസ്പി ഓഫീസിലെത്തിയത്. ചോദ്യംചെയ്ത് വൈകിട്ട് വിട്ടയക്കുമെന്ന് അറിയിച്ചതിനാല്‍ നേതാക്കള്‍ പിരിഞ്ഞുപോയി. എന്നാല്‍ വൈകിട്ടും വിട്ടില്ല.

തുടര്‍ന്ന് നാലരക്ക് ഡിവൈഎസ്പി ഓഫീസിലെത്തി നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ജയരാജനും അഡ്വ. പത്മജാ പത്മനാഭന്‍, സി ഭാസ്കരന്‍, അഡ്വ. വി ഡി തങ്കച്ചന്‍ എന്നിവരും കുത്തിയിരുപ്പ് സമരം തുടങ്ങി. ഇതിനു ശേഷമാണ് ബാബുവിനെ എഡിജിപിയുടെ സാന്നിധ്യത്തിലെത്തിക്കാനും വിട്ടയക്കാനും തയ്യാറായത്. അതിനിടെ കേസില്‍ വെള്ളിയാഴ്ച ഒരാളെ കൂടി അറസ്റ്റുചെയ്തു. അഴിയൂര്‍ പുറത്തേകയ്യില്‍ ജാബിറിനെയാണ്(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ജാബിറിനെ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷകസംഘം വ്യാഴാഴ്ച അറസ്റ്റു ചെയ്ത രണ്ടുപേരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുന്നോത്ത്പറമ്പ് വടക്കയില്‍ മനോജിനെ(47) 14 ദിവസവും പാട്യം കിഴക്കയില്‍ സനോജിനെ(32) നാലുദിവസവുമാണ് കുന്നമംഗലം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്.

ഭീഷണി: എസ്പിക്ക് പരാതി നല്‍കി

വടകര: ഒഞ്ചിയം മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ജീവിക്കാനുവദിക്കാത്ത സാഹചര്യമുണ്ടെന്നും ഇത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ വടകര റൂറല്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. മുയിപ്രയിലും മറ്റും പാര്‍ടി പ്രവര്‍ത്തകരായതിനാല്‍ മാത്രം ഒട്ടേറെപ്പേര്‍ വധഭീഷണിനേരിടുകയാണ്. പലരും ജീവഭയത്തോടെയാണ് താമസിക്കുന്നത്. വീടുകയറി സ്ത്രീകളെയും കുട്ടികളെയും ആര്‍എംപിക്കാര്‍ ഭീഷണിപ്പെടുത്തുന്നു. ആര്‍എംപിയില്‍ ചേര്‍ന്നില്ലെങ്കില്‍ നാടുവിടാനാണ് കല്‍പ്പന. ഇതംഗീകരിക്കാനാവില്ല. നിരോധനാജ്ഞയായതിനാല്‍ പ്രവര്‍ത്തകരെ കാണാന്‍ പുറത്തുനിന്നുള്ള നേതാക്കളെയും മറ്റും അനുവദിക്കുന്നില്ല. ഇത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പൊലീസ് നിഷ്ക്രിയമായതിനാലാണ് അക്രവും ഭീഷണിയും തുടരുന്നത്. ഇതവസാനിപ്പിക്കാനും സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സമാധാനമായി ജീവിക്കാനുമുള്ള അവസ്ഥ ഉറപ്പാക്കണം- പരാതിയില്‍ അശോകന്‍ ആവശ്യപ്പെട്ടു.

സാഹിത്യ നായകന്മാര്‍ മുരട്ട് കിളവന്മാരെന്ന് പി സി ജോര്‍ജ്

കോട്ടയം: കേരളത്തിലെ സാഹിത്യനായകന്മാര്‍ മുരട്ട് കിളവന്മാരാണെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. അവരുടെ ദുഷ്ടമായ മനസ്സിലുള്ള വികൃതമായ രാഷ്ട്രീയമാണ് ഇപ്പോള്‍ പറയുന്നത്. സത്യം കാണാതിരിക്കുന്ന മനസ്സാണ് അവരില്‍ പലര്‍ക്കും. അതുകൊണ്ടാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ച് അവര്‍ പ്രതികരിക്കാത്തത്. കോട്ടയത്ത് കേരള യൂത്ത് വെല്‍ഫയര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച " ഉന്മൂലന രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്. കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബോബന്‍ ടി തെക്കേല്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍ പദ്മനാഭന്‍, അഡ്വ. ടിസി റോസ് കെ ചെറിയാന്‍, മാലേത്ത് പ്രതാപചന്ദ്രന്‍, റിജോ വാളാന്തറ എന്നിവര്‍ സംസാരിച്ചു.

പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ മുല്ലപ്പള്ളി തുറന്നുപറയണം: പന്ന്യന്‍

പത്തനംതിട്ട: ചന്ദ്രശേഖരന്‍ വധത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അത് പരസ്യമായി പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പൊലീസ് നിലപാട് ശരിയല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ പറയണം. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ നോക്കിനില്‍ക്കില്ല-പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം വിറ്റ് കാശാക്കുകയാണ് നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ്. ചന്ദ്രശേഖരന്റെ പടം വെച്ചാണ് വോട്ട് തേടുന്നത്. ഇതിന് യുഡിഎഫ് നെയ്യാറ്റിന്‍കരയിലെ ജനങ്ങളോട് മാപ്പുപറയേണ്ടി വരും. കേരള ചരിത്രത്തില്‍ മുമ്പില്ലാത്ത തരത്തില്‍ നഗ്നമായി ഭരണസ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്. സിപിഐ എമ്മില്‍നിന്നോ മറ്റ് കക്ഷികളില്‍നിന്നോ വരുന്നവരെ സിപിഐ സ്വീകരിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞത് അവര്‍ കോണ്‍ഗ്രസിലോ ബിജെപിയിലോ പോകാതിരിക്കുന്നതിനാണ്. ഇത് പാര്‍ടിയുടെ അഭിപ്രായമാണെന്നു പറഞ്ഞ പന്ന്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളില്‍ സെക്രട്ടറിമാരുടെ അഭിപ്രായം പാര്‍ടിനിലപാടാണെന്നും പറഞ്ഞു.

deshabhimani 190512

No comments:

Post a Comment