Wednesday, May 16, 2012
പൊലീസ്- ആര്‍എംപി ഗൂഢാലോചന: സിപിഐ എം
ചന്ദ്രശേഖരന്‍ വധം; 5 പേര്‍ അറസ്റ്റില്‍
വടകര: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പറയക്കണ്ടി രവീന്ദ്രന്‍(47), ചൊക്ലി കവിയൂര്‍ മാരാങ്കുന്നുമ്മല്‍ ലംബു എന്ന പ്രദീപന്‍(34), അഴിയൂര്‍ സ്വദേശി ദീപു എന്ന ദിപിന്‍(27), കല്ലറോത്ത് രമ്യാനിവാസില്‍ കുട്ടു എന്ന രമേശ്(21), കോടിയേരി അനന്തം രജിത്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആയുധം ഒളിപ്പിച്ചുവെയ്ക്കല്‍, പ്രതികള്‍ക്ക് മറ്റ് സഹായങ്ങള്‍ ചെയ്തുകൊടുക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. അറസ്റ്റിലായ അഞ്ച് പേരെയും ബുധനാഴ്ച കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ജോഷി ചെറിയാന്‍ പറഞ്ഞു.
പൊലീസ്- ആര്‍എംപി ഗൂഢാലോചന: സിപിഐ എം
വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലീസും ആര്‍എംപിയും നടത്തിയ ഗൂഢാലോചനയാണ് പടയങ്കണ്ടി രവീന്ദ്രന്റെ അറസ്റ്റോടെ പുറത്തുവന്നതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം രാഷ്ട്രീയപ്രേരിതമായി നീങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രന്റെ അറസ്റ്റ്.
കൊല നടത്തിയവര്‍ക്ക് ചന്ദ്രശേഖരനെ കാണിച്ചുകൊടുത്തുവെന്നതാണ് രവീന്ദ്രനില്‍ ആരോപിച്ച കുറ്റം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചന്ദ്രശേഖരന്റെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉള്‍പ്പെടെ വടകരമണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചന്ദ്രശേഖരനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. പൊതുസമ്മതരായ രവീന്ദ്രനെയും രാമചന്ദ്രനെയുംപറ്റി പാര്‍ടി വിരുദ്ധരായ ആര്‍എംപി ക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. മെയ് 27ന് ഗൃഹപ്രവേശനം തീരുമാനിച്ചതിനിടയിലാണ് വ്യാജ കഥകളുണ്ടാക്കി രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചെന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എയും സിപിഐ എം നേതാവുമായ വി കെ സി മമ്മദ് കോയയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് സമാനമാണ് ഈ സംഭവവും. വാഹനാപകടത്തില്‍ പരിക്കേറ്റ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സക്കിടയിലാണ് രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ളക്കേസ് ചുമത്തിയുള്ള അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നുണവാര്‍ത്തകള്‍ക്ക് പിന്നില്‍ തീവ്രവാദബന്ധമുള്ള ചാനല്‍ ലേഖകന്‍
വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തെച്ചൊല്ലി സിപിഐ എമ്മിനെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനു പിന്നില്‍ തീവ്രവാദബന്ധമുള്ള ചാനല്‍ ലേഖകന്‍. തീവ്രവാദസംഘടനയുടെ ഇഷ്ടക്കാരനായ ഈ ലേഖകനോട് മത്സരിച്ച് മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ പണംപറ്റുന്ന മറ്റൊരു ചാനലുകാരനും രംഗത്തുണ്ട്. സിപിഐ എം ഓഫീസില്‍ പോസ്റ്ററൊട്ടിച്ച് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടയാളാണ് ഇദ്ദേഹം. മാര്‍ക്സിസ്റ്റ് വിരുദ്ധരുടെ താല്‍പര്യപ്രകാരം വാര്‍ത്ത ചമയ്ക്കുന്ന ഇരുവരും "മാസപ്പടി"ക്കാരെന്നാണ് മാധ്യമലോകത്ത് അറിയപ്പെടുന്നത്. ചന്ദ്രശേഖരന്‍ വധമുണ്ടായ ഉടന്‍ ചാനലിലൂടെ സിപിഐ എമ്മാണ് പ്രതികളെന്ന് തീവ്രവാദ ബന്ധമുള്ള ലേഖകന്‍ "കണ്ടുപിടിച്ചിരുന്നു". മെയ് നാലിന് രാത്രി 11 ന്റെ ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞത് "ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു, പിന്നില്‍ സിപിഐ എം" എന്നായിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗവും രണ്ട് ഏരിയാകമ്മിറ്റിയംഗങ്ങളും സംശയനിഴലില്‍ എന്നായി അടുത്ത വാര്‍ത്ത. പൊലീസ് പിടികൂടിയ ഇന്നോവയില്‍ "മാഷാ അള്ളാ" സ്റ്റിക്കര്‍ പ്രതികള്‍ പതിച്ചതാണെന്ന് അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങും നടത്തി.
കോഴിക്കോട്ടെ പ്രമുഖ തീവ്രവാദ സംഘടനയുടെ ഗുഡ്ബുക്കില്‍പെട്ട ആളാണ് ഈ ലേഖകന്‍. കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് വീണ്ടും വാര്‍ത്തയായപ്പോള്‍ ആരോപണ വിധേയനായ മുസ്ലിംലീഗ് നേതാവിന് അനുകൂല വാര്‍ത്തകള്‍ നല്‍കിയും ഇദ്ദേഹം ശ്രദ്ധേയനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ കോഴിക്കോട് ജില്ലയില്‍ ഇടതുപക്ഷം തകരുമെന്നും യുഡിഎഫിന് വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം നടത്തി "വിശ്വാസ്യത" പ്രകടമാക്കിയിരുന്നു. 2007 ആഗസ്തില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റര്‍ പതിക്കവെ പിടിയിലായ ആളാണ് തീവ്രവാദലേഖകന്റെ സയാമീസ് ഇരട്ടയായി പാര്‍ടിവിരുദ്ധവാര്‍ത്ത നല്‍കുന്നറിപ്പോര്‍ട്ടര്‍. കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ വീടിനുമുന്നിലെ മതിലില്‍ പോസ്റ്റര്‍ പതിച്ചത് അതിരാവിലെതന്നെ ബ്രേക്കിങ്ങ് വാര്‍ത്തയാക്കിയതും ഈ ലേഖകന്‍ തന്നെ. ഇടതുപക്ഷ ഏകോപന സമിതി എന്ന ഇടതുപക്ഷവിരുദ്ധര്‍ക്കായി കള്ളവാര്‍ത്ത ചമയ്ക്കുന്ന ഈ ലേഖകനെതിരെ ചാനലില്‍ ഈയിടെ നടപടിക്ക് നീക്കമുണ്ടായി. മന്ത്രി എം കെ മുനീര്‍ ഇടപെട്ടാണ് രക്ഷിച്ചത്.
മുന്‍വാക്കുകളില്‍ ഉറച്ച് ഡിജിപി: രാഷ്ട്രീയമാക്കാന്‍ തിരുവഞ്ചൂര്‍
തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണെന്നു പറയാനാകില്ലെന്ന തന്റെ മുന്‍ നിലപാട് ഡിജിപി ജേക്കബ് പുന്നൂസ് ആവര്‍ത്തിച്ചു. തൃശൂര്‍ സത്സംഗിന്റെ ആഭിമുഖ്യത്തില്‍ കേരള പൊലീസിനെ ആദരിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു ഡിജിപി. എല്ലാ കൊലപാതകത്തിലും ഉള്ളതുപോലെ ഇതിലും ഒരു കാരണമുണ്ട്. കൊലപാതങ്ങളുടെ കാരണം വ്യക്തിപരമാണ്. എന്തായാലും പ്രതികളെ പിടികൂടുകയാണ് പൊലീസിന്റെ കടമ. അത് ഭംഗിയായിചെയ്യുന്നുണ്ട്. നിരവധി പ്രതികളുള്ള കേസാണിത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. ഇവരുടെ രാഷ്ട്രീയമോ സംഘടനാപരമോ ആയ കാര്യങ്ങള്‍ പൊലീസി നറിയേണ്ട കാര്യമില്ലെന്നും ഡിജിപി പറഞ്ഞു. എന്നാല്‍, രാഷ്ട്രീയകൊലപാതകമാണെന്ന തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കാര്യങ്ങള്‍ തെളിഞ്ഞുവരികയാണെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റുള്ളവര്‍ തരുന്ന ലിസ്റ്റ് നോക്കി പ്രതികളെ പിടികൂടുന്ന ഏര്‍പ്പാട് ഇനി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ പങ്ക് അന്വേഷിച്ചതായി അറിയില്ല: ആഭ്യന്തരമന്ത്രി
തൃശൂര്‍: ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പി സി ജോര്‍ജിനും കെ സുധാകരനും പങ്കുണ്ടെന്ന പരാതിയില്‍ അന്വേഷണം നടന്നതായി അറിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡിജിപിയുമായി അഭിപ്രായവ്യത്യാസമില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡന്മാരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമാണോ എന്ന് പ്രതികളെ പിടികൂടുമ്പോള്‍ അറിയാം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് വെറുതെ പറഞ്ഞതുകൊണ്ടുകാര്യമില്ലെന്നും തെളിവുകള്‍ ഹാജരാക്കണമെന്നുമായിരുന്നു പ്രതികരണം. കേസ് കലക്കാന്‍ അന്വേഷണസംഘത്തെ നിര്‍വീര്യമാക്കാനാണ് സിപിഐ എം ശ്രമമെന്നും മന്ത്രി ആരോപിച്ചു.
കിണറ്റില്‍നിന്ന് ആയുധം കണ്ടെടുത്തു
പാനൂര്‍ (കണ്ണൂര്‍): ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന അഞ്ച് വടിവാളുകള്‍ ചൊക്ലി ടൗണിനടുത്ത കിണറ്റില്‍നിന്ന് അന്വേഷണസംഘം കണ്ടെടുത്തു. കടുക്കബസാര്‍ റോഡിലെ വാസുദേവ് സര്‍വീസ് സെന്ററിന്റെ കിണറ്റിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കിണര്‍ വറ്റിച്ചശേഷമാണ് ഇവ പുറത്തെടുത്തത്. കേസില്‍ പിടിയിലായ ചൊക്ലിയിലെ പ്രദീപന്‍ (34) നല്‍കിയ വിവരമനുസരിച്ചാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘം തലവന്‍ എഡിജിപി വിന്‍സണ്‍ എം പോള്‍, എഐജി അനൂപ് കുരുവിള ജോണ്‍, ഡിവൈഎസ്പി എ പി ഷൗക്കത്തലി, സിഐമാരായ വിനോദ്, ജയന്‍ ഡൊമിനിക് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
deshabhimani 160512
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലീസും ആര്‍എംപിയും നടത്തിയ ഗൂഢാലോചനയാണ് പടയങ്കണ്ടി രവീന്ദ്രന്റെ അറസ്റ്റോടെ പുറത്തുവന്നതെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ടി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം രാഷ്ട്രീയപ്രേരിതമായി നീങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്രന്റെ അറസ്റ്റ്.
ReplyDelete