Tuesday, May 15, 2012

അക്രമത്തിനൊരുക്കം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിക്കുന്നു


ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധസംഘം വ്യാപകമായ അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിക്കുന്നു. അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി വന്‍ തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് സംഭരിക്കുന്നത്. ഒഞ്ചിയം തയ്യില്‍ ഭാഗത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് കിലോവരുന്ന വെടിമരുന്ന് പൈപ്പ് ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികളും ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്ന തരത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയിട്ടും പൊലീസ് അധികൃതര്‍ നിസംഗത തുടരുകയാണ്.

കെട്ടിടങ്ങളും വീടുകളും തകര്‍ക്കാന്‍ ഉപയോഗിക്കുന്ന തരത്തിലാണ് പൈപ്പ് ബോംബുകള്‍ നിര്‍മിച്ചത്. ആളൊഴിഞ്ഞ ഈ വീട് കേന്ദ്രീകരിച്ച് വന്‍ തോതില്‍ ബോംബുകള്‍ നിര്‍മിച്ചതായി സൂചനയുണ്ട്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എണ്‍പതോളം വീടുകളാണ് ബോംബെറിഞ്ഞും തീവെച്ചും നശിപ്പിച്ചത്. ആയുധങ്ങള്‍ കണ്ടെത്താന്‍ മുയിപ്ര, ഒഞ്ചിയം ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ട് പൊലീസ് അധികൃതര്‍ അവഗണിക്കുകയാണ്.

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല: തിരുവഞ്ചൂര്‍

തിരു/കാസര്‍കോട്: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് എഡിജിപി വിത്സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് കാസര്‍കോട് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു തിരുവഞ്ചൂര്‍ പറഞ്ഞു. വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് തിരിമറി വ്യാപകമായ സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാവിഭാഗത്തിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുമായി ചെന്നിത്തല ചര്‍ച്ച നടത്തിയതില്‍ തെറ്റില്ല: വയലാര്‍ രവി

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തിയ മുറിയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കയറിയതില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി മാധ്യമങ്ങളോടു പറഞ്ഞു.

ആരെയെങ്കിലും കസ്റ്റഡിയിലെടുക്കണമെന്ന് പറയാനല്ല, കേസിന്റെ കാര്യം സംസാരിക്കാനാണ് ചെന്നിത്തല പോയത്. കേസില്‍ അറസ്റ്റ് വൈകുന്നത് മാധ്യമങ്ങളില്‍ പലതരത്തിലുള്ള വാര്‍ത്തകള്‍ വരുന്നതിനാലാകാം. കൊലപാതകം ആസൂത്രിതമായതിനാല്‍ പ്രതികളെ പിടിക്കല്‍ ശ്രമകരമാണ്. അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനത്തിനില്ല. ബാലകൃഷ്ണപിള്ള, ഗണേശ് തര്‍ക്കത്തില്‍ ഒന്നും ചെയ്യാനാകാത്ത നിലയാണ്. രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള മുന്നണിയാണിതെന്ന് എല്ലാവരും ഓര്‍ക്കണം. കോണ്‍ഗ്രസ് പുനഃസംഘടന ഉടന്‍ ഉണ്ടാവുമെന്നും വയലാര്‍ രവി പറഞ്ഞു.

deshabhimani 150512

1 comment:

  1. ഒഞ്ചിയം മേഖലയില്‍ പാര്‍ടി വിരുദ്ധസംഘം വ്യാപകമായ അക്രമത്തിന് തയ്യാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് അവഗണിക്കുന്നു. അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി വന്‍ തോതില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമാണ് സംഭരിക്കുന്നത്. ഒഞ്ചിയം തയ്യില്‍ ഭാഗത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് രണ്ട് കിലോവരുന്ന വെടിമരുന്ന് പൈപ്പ് ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികളും ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്ന തരത്തില്‍ ആയുധങ്ങള്‍ കണ്ടെത്തിയിട്ടും പൊലീസ് അധികൃതര്‍ നിസംഗത തുടരുകയാണ്.

    ReplyDelete