Wednesday, May 16, 2012
മാധവന്‍നായരെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്
ആന്‍ട്രിക്സ്-ദേവാസ് കരാറിന് അംഗീകാരം നേടുന്നതിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്നുപോലും വസ്തുതകള്‍ മറച്ചുവച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. പൊതുനിക്ഷേപം എങ്ങനെ സ്വകാര്യലാഭത്തിന് ഉപയോഗിക്കാമെന്നതിന് ലക്ഷണമൊത്ത ഉദാഹരണമാണ് ഈ കരാര്‍. ഭരണസംവിധാനത്തിന്റെ പൂര്‍ണമായ പാളിച്ചയ്ക്ക് തെളിവാണ് കരാര്‍-സിഎജി നിരീക്ഷിച്ചു.
മാധവന്‍ നായരെയാണ് റിപ്പോര്‍ട്ട് മുഖ്യമായും കുറ്റപ്പെടുത്തുന്നത്. പൊതുസേവനത്തില്‍ സത്യസന്ധത അതിന്റെ ഉയര്‍ന്ന രൂപത്തില്‍ നിലനിര്‍ത്തേണ്ടതുണ്ട്. എന്നാല്‍ പരസ്പരതാല്‍പ്പര്യങ്ങള്‍ കടന്നുകൂടുമ്പോള്‍ സത്യസന്ധത നഷ്ടമാവും. പല പദവികള്‍ ഒരേ സമയം വഹിച്ച മാധവന്‍ നായരുടെ കാര്യത്തില്‍ ഇത്തരത്തില്‍ പരസ്പരതാല്‍പ്പര്യം വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നിര്‍ദേശം പരിശോധിക്കാന്‍ ശങ്കര സമിതിയെ വച്ചത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എന്ന നിലയില്‍ മാധവന്‍നായരാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറിയെന്ന നിലയില്‍ നിര്‍ണായകവസ്തുത മറച്ചുവച്ച് കേന്ദ്രമന്ത്രിസഭയക്ക് അദ്ദേഹം കുറിപ്പ് നല്‍കി. ബഹിരാകാശ കമീഷന്‍ അധ്യക്ഷനെന്ന നിലയില്‍ ജിസാറ്റ്- ആറ്, ആറ് എ ഉപഗ്രഹങ്ങളുടെ വിക്ഷേപണാനുമതിക്കായുള്ള യോഗങ്ങളില്‍ അധ്യക്ഷനായി. എന്നാല്‍, ഇന്‍സാറ്റ് കോ-ഓഡിനേഷന്‍ കമ്മിറ്റി അധ്യക്ഷപദവി കൂടി വഹിച്ച അദ്ദേഹം ഈ സമിതിയുടെ യോഗം വിളിച്ചില്ല. ഇതിനാല്‍ ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും അഭിപ്രായം ശേഖരിച്ചില്ല. ഐഎസ്ആര്‍ഒ ചെയര്‍മാന്‍, ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമീഷന്‍ സെക്രട്ടറി, ആന്‍ട്രിക്സ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ ഒരേസമയം വഹിച്ചത് നിക്ഷിപ്ത താല്‍പ്പര്യത്തിന് വഴിയൊരുക്കി. അതല്ലെങ്കില്‍ ഏതെങ്കിലും ഘട്ടത്തില്‍ തിരുത്തല്‍ സാധ്യമാകുമായിരുന്നു. ഒരേ വ്യക്തി തന്നെ നിര്‍ണായകപദവികള്‍ ഒരേ സമയം വഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
ചട്ടങ്ങളും നയങ്ങളും നടപടിക്രമങ്ങളും മറികടന്നാണ് ബഹിരാകാശവകുപ്പ് ആന്‍ട്രിക്സ്-ദേവാസ് കരാറിന് അംഗീകാരം നല്‍കിയത്. മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥരായ ഡി
വേണുഗോപാല്‍, എം ജി ചന്ദ്രശേഖര്‍ എന്നിവര്‍ പ്രൊമോട്ട് ചെയ്യുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്കായി പൊതുതാല്‍പ്പര്യം ബലികഴിച്ചു. കേന്ദ്രമന്ത്രിസഭയുടെ അധികാരപരിധിയില്‍ വരുന്ന എസ് ബാന്‍ഡ് സേവനത്തിന് വകുപ്പ് നേരിട്ട് അംഗീകാരം നല്‍കി. തന്ത്രപര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട വിലപ്പെട്ട സ്പെക്ട്രം തരംഗശ്രേണി ദേവാസിന് നീക്കിവച്ചു. ദേവാസുമായി മാത്രമാണ് കരാറെന്ന നിര്‍ണായകവിവരം ബഹിരാകാശവകുപ്പ് മന്ത്രിസഭയില്‍നിന്ന് മറച്ചുവച്ചു. ഒന്നിലേറെ ഉപയോക്താക്കളുണ്ടെന്നാണ് ക്യാബിനറ്റ് നോട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിസഭയുടെ അംഗീകാരം കിട്ടുന്നതിനുമുമ്പുതന്നെ ദേവാസുമായി കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ പൂര്‍ണമായി പണം നല്‍കുന്ന ജിസാറ്റ്-ആറ്, ആറ് എ ഉപഗ്രഹങ്ങള്‍ സ്വകാര്യസ്ഥാപനമാണ് വിക്ഷേപിക്കുന്നതെന്നതും മറച്ചുവച്ചു. വന്‍വരുമാനം നേടാമായിരുന്ന 70 മെഗാഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം അനിശ്ചിതകാലത്തേക്ക് ദേവാസിന്റെ ഉപയോഗത്തിന് നല്‍കി. വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പുതന്നെ 575 കോടിയോളം രൂപ വിദേശനിക്ഷേപം ലഭിക്കത്തക്ക വിധത്തില്‍ ദേവാസിനായി കരാറില്‍ മാറ്റം വരുത്തുകയും ചെയ്തു- റിപ്പോര്‍ട്ടില്‍ പറഞ്ഞു.
റെയില്‍വേ പാളം തെറ്റുന്നു: സിഎജി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് സിഎജി റിപ്പോര്‍ട്ട്. റെയില്‍വേയുടെ സഞ്ചിതനിധിയില്‍ 93 ശതമാനം കുറവ് വന്നതായി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാര്യങ്ങള്‍ കുത്തഴിഞ്ഞ നിലയിലാണ്. 2010-11 റെയില്‍ബജറ്റില്‍ അന്ന് മന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനങ്ങളൊന്നും എവിടെയുമെത്തിയില്ല. മന്ത്രിയുടെ നേരത്തെയുള്ള പ്രഖ്യാപനംഎവിടെ എത്തിയെന്നത് തുടര്‍ന്നുള്ള ബജറ്റില്‍ ബോധപൂര്‍വം ഒഴിവാക്കുകയാണെന്നും പദ്ധതികളുടെ കാര്യത്തില്‍ തികഞ്ഞ അവ്യക്തതയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
റെയില്‍മന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ തുടര്‍പ്രവര്‍ത്തനം നടക്കുന്നില്ല. പദ്ധതികളുടെ കാര്യത്തില്‍ ശരിയായ നിരീക്ഷണ സംവിധാനമില്ല. മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനങ്ങളുടെ തല്‍സ്ഥിതി ബജറ്റ് രേഖകളില്‍ ഉള്‍പ്പെടുത്താറില്ല. സുതാര്യമല്ലാതെയാണ് ബജറ്റ് രേഖകള്‍ തയ്യാറാക്കുന്നത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയും ചരക്ക്-യാത്രാനിരക്കുകള്‍ യുക്തിസഹമാക്കിയുമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ. ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ റെയില്‍വേ വിപണിവിഹിതം ഗണ്യമായി വര്‍ധിപ്പിക്കണം. ഏറ്റെടുത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനവും പുനഃപരിശോധിക്കണം. റോഡ്ബന്ധമുള്ള സ്ഥലങ്ങളിലേക്ക് ഏറ്റെടുത്ത റെയില്‍പാതാ പദ്ധതികള്‍ കാര്യമായ പുരോഗതിയില്ലെങ്കില്‍ ഉപേക്ഷിക്കാം. സാമ്പത്തികലാഭം ഉറപ്പാക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ വേണം. ബജറ്റ് സംവിധാനം മെച്ചപ്പെടുത്തി ചെലവ് ചുരുക്കണം- സിഎജി നിര്‍ദേശിച്ചു.
deshabhimani 160512
Labels:
അഴിമതി,
സ്പെക്ട്രം,
റെയില്‍വേ
Subscribe to:
Post Comments (Atom)
ആന്‍ട്രിക്സ്-ദേവാസ് കരാറിന് അംഗീകാരം നേടുന്നതിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്നുപോലും വസ്തുതകള്‍ മറച്ചുവച്ചതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. പൊതുനിക്ഷേപം എങ്ങനെ സ്വകാര്യലാഭത്തിന് ഉപയോഗിക്കാമെന്നതിന് ലക്ഷണമൊത്ത ഉദാഹരണമാണ് ഈ കരാര്‍. ഭരണസംവിധാനത്തിന്റെ പൂര്‍ണമായ പാളിച്ചയ്ക്ക് തെളിവാണ് കരാര്‍-സിഎജി നിരീക്ഷിച്ചു.
ReplyDelete