Saturday, May 19, 2012

സമരംചെയ്യുന്ന നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എംപിമാര്‍


ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സമരംചെയ്യുന്ന മലയാളി നേഴ്സുമാര്‍ക്ക് കേരളത്തില്‍നിന്നുള്ള എംപിമാരുടെ ഐക്യദാര്‍ഢ്യം. പണിമുടക്ക് തുടരുന്ന ഗ്രേറ്റര്‍ നോയിഡയിലെ ശാരദാസ് യൂണിവേഴ്സിറ്റി ആശുപത്രിയും ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും എംപിമാര്‍ സന്ദര്‍ശിച്ചു. സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍, എംപിമാരായ എ സമ്പത്ത്, എം പി അച്യുതന്‍, കെ പി ധനപാലന്‍, ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവരാണ് ആശുപത്രികളില്‍ എത്തിയത്.

ശമ്പള പരിഷ്കരണം നടപ്പാക്കുക, മിനിമം വേതനം ഉറപ്പാക്കുക, രോഗികളുടെയും നേഴ്സുമാരുടെയും അനുപാതം പുനഃക്രമീകരിക്കുക, മാനേജ്മെന്റിന്റെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദിവസങ്ങളായി നേഴ്സുമാര്‍ സമരത്തിലാണ്. ശാരദാസ് ആശുപത്രിയിലെ സമരം ഒരാഴ്ച പിന്നിട്ടു. 140 നേഴ്സുമാരാണ് ഇവിടെ സമരരംഗത്തുള്ളത്. നാലു നേഴ്സുമാരെ ഇതിനകം സസ്പെന്‍ഡ് ചെയ്തു. ന്യായമായ അവകാശങ്ങള്‍ നല്‍കുന്നില്ലെന്നും പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുരുക്കുന്നതായും നേഴ്സുമാര്‍ എംപിമാരോട് പറഞ്ഞു.

നേഴ്സുമാരുടെ ആവശ്യം ന്യായമാണെന്ന് പി കരുണാകരന്‍ പറഞ്ഞു. ചൂഷണം അംഗീകരിക്കാനാകില്ല. നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നേഴ്സുമാരുടെ ആവശ്യം അംഗീകരിക്കണമെന്ന് എംപിമാര്‍ മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച ശാരദ യൂണിവേഴ്സിറ്റി ആശുപത്രി മാനേജ്മെന്റുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് പി കരുണാകരന്‍ അറിയിച്ചു. ഗുഡ്ഗാവിലെ ആര്‍ട്ടിമസ് ആശുപത്രിയിലെ 60 മലയാളി നേഴ്സുമാരോട് ജോലി മതിയാക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടു. വേതനവര്‍ധന ആവശ്യപ്പെട്ടതിന്റെ പേരില്‍ രണ്ട് നേഴ്സുമാരെ വ്യാഴാഴ്ച മാനേജ്മെന്റ് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് ഭീഷണി.

deshabhimani 190512

1 comment:

  1. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സമരംചെയ്യുന്ന മലയാളി നേഴ്സുമാര്‍ക്ക് കേരളത്തില്‍നിന്നുള്ള എംപിമാരുടെ ഐക്യദാര്‍ഢ്യം. പണിമുടക്ക് തുടരുന്ന ഗ്രേറ്റര്‍ നോയിഡയിലെ ശാരദാസ് യൂണിവേഴ്സിറ്റി ആശുപത്രിയും ഫരീദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും എംപിമാര്‍ സന്ദര്‍ശിച്ചു. സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍, എംപിമാരായ എ സമ്പത്ത്, എം പി അച്യുതന്‍, കെ പി ധനപാലന്‍, ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവരാണ് ആശുപത്രികളില്‍ എത്തിയത്.

    ReplyDelete