Tuesday, May 15, 2012
എയര്‍സെല്‍- മാക്സിസ് ഇടപാട് ഉത്തരമില്ലാതെ ചിദംബരം
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മകന് കാര്‍ത്തി ചിദംബരം സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയില്ലാതെ ആഭ്യന്തരമന്ത്രി പി ചിദംബരം. എയര്‍സെല്‍ കമ്പനിയില്‍ നിക്ഷേപമിറക്കിയ ആസ്ബ്രിഡ്ജ് കമ്പനി കാര്‍ത്തിയുടേതാണെന്ന് പ്രതിപക്ഷം രേഖകള്‍ സഹിതം പാര്‍ലമെന്റില്‍ സമര്‍ഥിച്ചു. തന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നതിലും ഭേദം നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നതാണെന്ന് ഉത്തരംമുട്ടിയ ചിദംബരം വൈകാരികമായി പ്രതികരിച്ചു. പ്രതിപക്ഷം വിശദമായ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭ പലവട്ടം സ്തംഭിച്ചു.
ചിദംബരം പ്രശ്നത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷം 193 ചട്ടപ്രകാരം പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ശൂന്യവേളയിലാണ് വിഷയം ഉന്നയിക്കപ്പെട്ടത്. ചിദംബരത്തിന്റെ മകന് 94 ശതമാനം ഓഹരി കൈയാളുന്ന ആസ്ബ്രിഡ്ജ് കമ്പനി വളഞ്ഞ വഴിയിലൂടെ എയര്‍സെല്‍ കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ആസ്ബ്രിഡ്ജ് കമ്പനി അഡ്വാന്റേജ് സ്ട്രാറ്റജിക്ക് കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ 76 ശതമാനം ഓഹരി വാങ്ങിയിരുന്നു. അഡ്വാന്റേജ് കമ്പനിയാണ് എയര്‍സെല്‍ കമ്പനിയില്‍ 26,00444 രൂപ നിക്ഷേപിച്ചത്. എയര്‍സെല്‍ കമ്പനിയുടെ 2006-07 വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ ഈ തുക രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പയെന്ന നിലയിലാണ് ബാലന്‍സ് ഷീറ്റില്‍ തുക രേഖപ്പെടുത്തിയിട്ടുള്ളത്. ആസ്ബ്രിഡ്ജ്- അഡ്വാന്റേജ് കമ്പനികളുടെ വെബ് വിലാസവും ഇ-മെയില്‍ വിലാസവും ഒന്നുതന്നെയായിരുന്നു. രണ്ട് കമ്പനികളും തമ്മിലുള്ള ബന്ധം ഇതില്‍നിന്ന് വ്യക്തം. 2ജി കേസിലേതിന് സമാനമായ ഗൂഢാലോചനയായി ഇതിനെ കാണാം. വിശദമായ അന്വേഷണം ആവശ്യമാണ്- ജെയ്റ്റ്ലി പറഞ്ഞു.
തനിക്കോ കുടുംബത്തിനോ എയര്‍സെല്‍ കമ്പനിയില്‍ ഓഹരിയില്ലെന്ന് മറുപടിയില്‍ ചിദംബരം ആവര്‍ത്തിച്ചു. ആസ്ബ്രിഡ്ജ് കമ്പനി മകനും സുഹൃത്തും ചേര്‍ന്ന് രണ്ടുലക്ഷം രൂപ മൂലധനത്തില്‍ ആരംഭിച്ചതാണ്. 1.80 ലക്ഷം രൂപയാണ് മകന് മുടക്കിയത്. ഇത് പിന്നീട് ബിസിനസ് പങ്കാളിക്ക് കൈമാറുകയും ചെയ്തു. നിലവില്‍ ഈ കമ്പനിയില്‍ മകന് നിക്ഷേപമില്ല. അഡ്വാന്റ്റേജ് കമ്പനി എയര്‍സെല്ലിന് വേണ്ടി കണ്‍സള്‍ട്ടന്‍സി ജോലിയെടുത്തിരുന്നു. അതിന്റെ ഭാഗമായാണ് പണം കൈമാറ്റം. 2006ല്‍ ഇടപാട് നടക്കുമ്പോള്‍ ആസ്ബ്രിഡ്ജിനും അഡ്വാന്റേജിനും ഒരു ബന്ധവുമില്ല. 2011ല്‍ ആസ്ബ്രിഡ്ജ് കമ്പനി അഡ്വാന്റേജില്‍ അഞ്ചുലക്ഷം രൂപ മുടക്കിയിട്ടുണ്ട്. എന്നാല്‍, ഈ നിക്ഷേപത്തിന് എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധമില്ല. രണ്ടു കമ്പനികള്‍ക്കും ഒരേ വെബ്, ഇ-മെയില്‍ വിലാസമാണെന്നത് അറിയില്ല. ആണെങ്കില്‍ത്തന്നെ അത് ഗൗരവത്തില്‍ എടുക്കേണ്ടതില്ല. രണ്ട് കമ്പനികളും ചെന്നൈയില്‍ ബിസിനസ് ചെയ്യുന്നവരാണ്. സ്വാഭാവികമായും ബന്ധമുണ്ടാകും. ആസ്ബ്രിഡ്ജ്- അഡ്വാന്റേജ് പ്രൊമോട്ടര്‍മാര്‍ പരസ്പരം അറിയില്ലെന്ന് ആരും പറയില്ല. അഡ്വാന്റേജിന്റെ ഇടപാടുകള്‍ ധനമന്ത്രാലയം പരിശോധിക്കട്ടെ. തനിക്കതില്‍ സന്തോഷമേയുള്ളൂ- ചിദംബരം പറഞ്ഞു.
ഈ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ചിദംബരം വികാരാധീനായി. 22 വര്‍ഷമായി തന്റെ സുഹൃത്തായ ജെയ്റ്റ്ലി ഇത്തരം ആരോപണം ഉന്നയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ചിദംബരം തന്റെ സത്യസന്ധതയെ സംശയിക്കുന്നതിലും ഭേദം നെഞ്ചില്‍ കത്തി കയറ്റുകയാണെന്നും പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് രണ്ടുമണി വരെ നിര്‍ത്തിയ സഭ പിന്നീട് ചേര്‍ന്നപ്പോഴും നടപടികള്‍ തടസ്സപ്പെട്ടു. രണ്ടുവട്ടം കൂടി സഭ നിര്‍ത്തി. ലോക്സഭയില്‍ പ്രസ്താവന നടത്തിയ ധനമന്ത്രി പ്രണബ്മുഖര്‍ജി എയര്‍സെല്‍-മാക്സിസ് ഇടപാടിന് അംഗീകാരം നല്കുന്നതില് അന്നത്തെ യുപിഎ സര്‍ക്കാര്‍ കാലതാമസം വരുത്തിയില്ലെന്ന് അവകാശപ്പെട്ടു. എയര്‍സെല്ലില്‍ കാര്‍ത്തിക്ക് ഓഹരി ഉറപ്പാക്കുംവരെ ധനമന്ത്രിയായിരുന്ന ചിദംബരം ഇടപാടിന് അംഗീകാരം നല്‍കിയില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. 2006 ലാണ് വിവാദമായ എയര്‍സെല്‍- മാക്സിസ് ഇടപാട് നടന്നത്.
(എം പ്രശാന്ത്)
2ജി കേസ്; രാജയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ 15 മാസമായി തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ രാജയ്ക്ക് ജാമ്യം ലഭിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ പി സെയ്നിയാണ് രാജയ്ക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ തമിഴ്നാട്ടില്‍ പോകരുതെന്നുള്ള വ്യവസ്ഥയിലും 25 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലുമാണ് രാജയ്ക്ക് ജാമ്യം ലഭിച്ചത്. രാജയുടെ ജാമ്യാപേക്ഷ 11ന് പരിഗണിച്ച കോടതി വിധി പറയാന്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ പ്രതികളായ മറ്റ് 18 പേര്‍ക്കും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് രാജ ജാമ്യാപേക്ഷ നല്‍കിയത്.
സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും പ്രത്യേക സിബിഐ കോടതിയുമാണ് മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും നിയമത്തിന് മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നും രാജ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ ടെലികോം സെക്രട്ടറി സിദ്ദാര്‍ഥ് ബഹുറയ്ക്ക് സുപ്രം കോടതി ജാമ്യം അനുവദിച്ചിരുന്നു. ബഹുറയ്ക്കെതിരെ ചുമത്തിയ അതേ കുറ്റങ്ങള്‍ തന്നെയാണ് തനിക്കെതിരെയും ചുമത്തിയതെന്നും ബഹുറയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും ജാമ്യം അനുവദിക്കണമെന്നും രാജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജയുടെ ജാമ്യാപേക്ഷ സിബിഐ ശക്തമായി എതിര്‍ത്തിരുന്നു. രാജക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിലനില്‍ക്കുന്നതെന്നും 2ജി ഇടപാടില്‍ 200 കോടി രൂപ രാജയും കൂട്ടാളികളും തിരിമറി നടനത്തിയിട്ടുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി.
deshabhimani 150512
Labels:
അഴിമതി,
വാര്‍ത്ത,
സ്പെക്ട്രം
Subscribe to:
Post Comments (Atom)
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മകന് കാര്‍ത്തി ചിദംബരം സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയില്ലാതെ ആഭ്യന്തരമന്ത്രി പി ചിദംബരം. എയര്‍സെല്‍ കമ്പനിയില്‍ നിക്ഷേപമിറക്കിയ ആസ്ബ്രിഡ്ജ് കമ്പനി കാര്‍ത്തിയുടേതാണെന്ന് പ്രതിപക്ഷം രേഖകള്‍ സഹിതം പാര്‍ലമെന്റില്‍ സമര്‍ഥിച്ചു. തന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നതിലും ഭേദം നെഞ്ചില്‍ കത്തി കുത്തിയിറക്കുന്നതാണെന്ന് ഉത്തരംമുട്ടിയ ചിദംബരം വൈകാരികമായി പ്രതികരിച്ചു. പ്രതിപക്ഷം വിശദമായ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാജ്യസഭ പലവട്ടം സ്തംഭിച്ചു.
ReplyDelete