Saturday, May 19, 2012

സിപിഐ എമ്മിന്റേത് വെല്ലുവിളികളെ അതിജീവിച്ച ചരിത്രം: എം എ ബേബി


കാലകാലങ്ങളായി ഉയര്‍ന്നുവന്ന വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്തി മുന്നേറിയ ചരിത്രമാണ് സിപിഐ എമ്മിനുള്ളതെന്ന് പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ ചിത്രവധം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ബ്രിട്ടീഷ് രാജാധിപത്യത്തിലടക്കം പാര്‍ടി നേരിട്ട് പരാജയപ്പെടുത്തിയ വെല്ലുവിളികളെകുറിച്ച് മറന്നുപോകരുത്. നായനാര്‍ ദിനാചരണത്തിന്റെ ഭാഗമായി ദേശാഭിമാനിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികള്‍ക്കൊപ്പം വലതുപക്ഷ മാധ്യമങ്ങളുടെ കടന്നാക്രമണങ്ങളും സിപിഐ എമ്മിനു നേരിടേണ്ടിവന്നിട്ടുണ്ട്. ചന്ദ്രശേഖരന്റ വധവുമായി പാര്‍ടിക്ക് ബന്ധമില്ലെന്ന് സുചിന്തിതമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സിപിഐ എമ്മിനുനേരെ എങ്ങനെയും കുറ്റാരോപണം നടത്താനാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ്. സിപിഐ എമ്മിലെ പലരെയും പ്രതിസ്ഥാനത്തുനിര്‍ത്താനുള്ള ഗൂഢനീക്കമാണ് നടത്തുന്നത്. സംഭവം നടന്നയുടന്‍ സിപിഐ എമ്മിനുമേല്‍ കുറ്റമാരോപിച്ചത് ഇതിന്റെ ഭാഗമാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍മൂലം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സാധ്യതയൊന്നുമില്ലെന്ന് മനസിലാക്കയതിന്റെ വ്യഗ്രതയാണ് യുഡിഎഫ് കാട്ടുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെ പഴിചാരാനായി പ്രദേശിക പ്രവര്‍ത്തകരെ മനപൂര്‍വം കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍വ്വശക്തിയുമെടുത്ത് പ്രതിരോധിക്കും. എന്നാല്‍, ഏതെങ്കിലും നിലവാരത്തിലുള്ള പ്രവര്‍ത്തകന് സംഭവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നനിലയില്‍ യുക്തിമായ തീരുമാനമെടുക്കാന്‍ ഒരു കാരണവശാലും അറച്ചുനില്‍ക്കുകയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

കസ്റ്റഡിയില്‍ എടുക്കുന്നവരുടെ മൊഴി വാക്കുകള്‍പോലും മാറാതെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെയും പൊലീസ് മേധാവിയുടെയും നിലപാടില്‍ വൈര്യുദ്ധമുണ്ട്. വേണ്ടിവന്നാല്‍ കേസ് സിബിഐ ഏറ്റെടുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. തന്റെ ഇച്ഛയ്ക്കനുസരിച്ച് കേസ് വന്നില്ലെങ്കില്‍ ഇടപെടുമെന്ന ഭീഷണി മുഴക്കുകയാണ്. ആരെയെങ്കിലുമൊക്കെ പ്രതികളാക്കി തങ്ങളുടെ അജണ്ട നടപ്പാക്കാനുള്ള ഗൂഢാലോചനയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് വിലപ്പോകില്ല. എന്നാല്‍, ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് സിപിഐ എമ്മും എല്‍ഡിഎഫും കേരള പൊതുസമൂഹവും പൂര്‍ണ പിന്തുണ നല്‍കും. ഈ കേസ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിന്റെ മറവില്‍ അഴിമതിക്കേസുകള്‍ ഒന്നൊന്നൊയി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. തന്നെ കൊല്ലാന്‍ പോകുന്നുവെന്ന് ഒരു മന്ത്രിതന്നെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് അതൊരു പ്രശ്നമായി തോന്നുന്നില്ല.

സംസ്ഥാനത്ത് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ഒരു മഹത്തായ വിപ്ലവ പ്രസ്ഥാനത്തിന്റെ ഭൂതകാലം മറച്ചുവച്ച്, വര്‍ത്തമാനകാലത്തിന്റെ പ്രസക്തിയെയും ചോദ്യം ചെയ്താണ് ആനന്ദും സക്കറിയായും ഉള്‍പ്പെടെയുള്ള ചില സാഹിത്യ പ്രവര്‍ത്തകര്‍ പ്രസ്താവന നടത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു വിഭാഗം ആളുകള്‍ പാഠപുസ്തകം പിടിച്ചെടുത്ത് കത്തിക്കുകയും അധ്യാപകനെ ചവുട്ടിക്കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍ മിക്ക സാംസ്കാരിക നായകരും നിശബ്ദരായിരുന്നു. എല്ലാത്തിലും സാംസ്കാരിക നായകര്‍ പ്രതികരിക്കണമെന്ന ആവശ്യം ശരിയല്ല. തനിക്കൊരു തെറ്റുപറ്റിയാല്‍ ആ തെറ്റിനോടൊപ്പമല്ല, പാര്‍ടിയോടൊപ്പം നില്‍ക്കുന്നവനാണ് ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് ഇഎംഎസ് ഓര്‍മ്മിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തുില്‍ സ്വന്തം ജീവിതത്തോട് ചേര്‍ത്തുപടിച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു ഇ കെ നായനാരെന്നും എം എ ബേബി പറഞ്ഞു.

deshabhimani news

1 comment:

  1. കാലകാലങ്ങളായി ഉയര്‍ന്നുവന്ന വെല്ലുവിളികളെ നേരിട്ട് പരാജയപ്പെടുത്തി മുന്നേറിയ ചരിത്രമാണ് സിപിഐ എമ്മിനുള്ളതെന്ന് പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ ചിത്രവധം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ബ്രിട്ടീഷ് രാജാധിപത്യത്തിലടക്കം പാര്‍ടി നേരിട്ട് പരാജയപ്പെടുത്തിയ വെല്ലുവിളികളെകുറിച്ച് മറന്നുപോകരുത്. നായനാര്‍ ദിനാചരണത്തിന്റെ ഭാഗമായി ദേശാഭിമാനിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete