Friday, May 18, 2012

വഞ്ചന, വഞ്ചന വഞ്ചന മാത്രം


കേരളീയന്റെ ഒരുവര്‍ഷം പാഴായി എന്ന് പറയാനാകില്ല- ആറുവര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുപോയി എന്നാണ് അക്ഷരാര്‍ഥത്തില്‍ പറയേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വഞ്ചിച്ചതിന്റെ വലിയൊരു പട്ടികയാണ് നിരത്താനാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചു എന്നതില്‍ കവിഞ്ഞ ഒരുനേട്ടവും ചൂണ്ടിക്കാട്ടാനില്ല. കറുപ്പും വെളുപ്പുമെന്ന പോലെ വേര്‍തിരിക്കാവുന്നതാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലങ്ങള്‍. കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് അനുരോധമാണ് യുഡിഎഫ് ഭരണം; പ്രതിരോധം ഉയര്‍ത്തുന്നതായിരുന്നു എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ ലാഭത്തിലാക്കി, കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി, കാര്‍ഷിക കടാശ്വാസനിയമം കൊണ്ടുവന്നു, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തി, പൊതുജനാരോഗ്യ- വിദ്യാഭ്യാസരംഗങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു, പൊതുവിതരണ സമ്പ്രദായത്തിന് കരുത്തുപകര്‍ന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ഇന്ന് എല്ലാം എതിര്‍ദിശയിലാണ്.

നിത്യോപയോഗ സാധനങ്ങള്‍ക്ക് ദിവസവും വില കയറുന്നു. സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡറേഷനും നോക്കുകുത്തികളാകുന്നു. അവയിലൂടെ നല്‍കിയ സബ്സിഡികള്‍ കുറച്ചു. ജനങ്ങള്‍ പൊതുവിപണിയെ ആശ്രയിച്ചേ തീരൂ എന്നതാണ് അവസ്ഥ. റേഷന്‍കടകളിലൂടെ രണ്ടുരൂപ നിരക്കില്‍ അരിയും ഗോതമ്പും 40 ലക്ഷത്തോളം കുടുംബത്തിനു നല്‍കിയത് അട്ടിമറിച്ചു. പകുതിയോളം കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം നിഷേധിച്ചതാണ് യുഡിഎഫ് സംഭാവന. കേന്ദ്രം മണ്ണെണ്ണ വിഹിതത്തില്‍ 50,000 ലിറ്ററിന്റെ കുറവുവരുത്തിയപ്പോള്‍ കേരളം ചെയ്തത്, റേഷന്‍കടകളിലൂടെ നല്‍കിവന്ന മണ്ണെണ്ണ പാടേ നിര്‍ത്തലാക്കുകയാണ്. ലിറ്ററിന് 14.50 രൂപയ്ക്കു ലഭിച്ച മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയില്‍ 100 രൂപയ്ക്കുമേല്‍ വിലയാണ് ഇന്ന്. മത്സ്യബന്ധന ബോട്ടുകളേറെയും മണ്ണെണ്ണ കിട്ടാതെ കരയ്ക്കാണ്. മത്സ്യത്തൊഴിലാളികള്‍ കൊടിയ ദാരിദ്ര്യത്തില്‍- ഇതാണ് സര്‍ക്കാര്‍ ജനങ്ങളോടു കാണിക്കുന്ന ദ്രോഹത്തിന്റെ ചെറിയ ഉദാഹരണം.

കേന്ദ്രം എണ്ണവില വീണ്ടും വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ പോകുന്നു. ഡീസല്‍ വില തീരുമാനിക്കാനുള്ള അധികാരവും കമ്പനികള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിലക്കയറ്റം എത്രമാത്രം കഠിനമാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് അത്. കേന്ദ്രം ഏല്‍പ്പിച്ച അമിതഭാരം കുറയ്ക്കാന്‍ എണ്ണവില വര്‍ധനയില്‍ സംസ്ഥാനത്തിനുള്ള നികുതിവിഹിതം വേണ്ടെന്നുവച്ച് മേനിനടിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ഇനി അത് ചെയ്യാനാകുമോ? അല്ലെങ്കില്‍ കേരളത്തിലെ ജനജീവിതം വഴിമുട്ടുന്നത് ഒഴിവാക്കാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? ഉമ്മന്‍ചാണ്ടിക്ക് അതിന് ഉത്തരമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അട്ടിമറിക്കപ്പെടുകയാണ്. വിദ്യാഭ്യാസക്കച്ചവടത്തിന് സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍സഹായം നിര്‍ലോപം കിട്ടുന്നു.

എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ജാതി- മതശക്തികളുമായി കൂട്ടുചേര്‍ന്നാണ് യുഡിഎഫ് മത്സരിച്ചത്. ഇപ്പോള്‍ അത്തരം ശക്തികളുടെ തടവറയിലാണ് സര്‍ക്കാര്‍. അവരുടെ തീരുമാനപ്രകാരമാണ് മന്ത്രിമാരെ നിശ്ചയിച്ചതെന്ന് യുഡിഎഫുകാര്‍ തന്നെ ആക്ഷേപിച്ചു. മുസ്ലിംലീഗിന് വഴങ്ങി അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ചത് കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞു. മന്ത്രിമാരെ പോലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ചേരിതിരിച്ച് കേരളത്തിന്റെ ജനാധിപത്യസംസ്കാരത്തെയും മതേതര പാരമ്പര്യത്തെയും തകര്‍ക്കുകയാണ്. മന്ത്രിസഭയില്‍ അഴിമതിക്കേസുകളില്‍ പ്രതികളായവരെ കുത്തിനിറച്ചു. പാമൊലിന്‍ കേസിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടപ്പോള്‍ ചീഫ് വിപ്പിനെ ഉപയോഗിച്ച് ജഡ്ജിയെ ഭീഷണിപ്പെടുത്തി. ഇപ്പോഴിതാ, സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിച്ച് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ പോകുന്നു.

നാട്ടില്‍ ഗുണ്ടാ ആക്രമണങ്ങളും കവര്‍ച്ചകളും ഭവനഭേദനങ്ങളും മോഷണങ്ങളും പെരുകുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ കൊലപാതകപരമ്പരകള്‍ നടത്തുന്നു. അത് ശ്രദ്ധിക്കേണ്ട ആഭ്യന്തരമന്ത്രി, പൊലീസിനെ രാഷ്ട്രീയ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയാണ്. യുഡിഎഫിന്റെ രാഷ്ട്രീയ ദുഷ്ടലക്ഷ്യങ്ങള്‍ക്കായി പൊലീസിനെ നഗ്നമായി ദുരുപയോഗം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുന്നില്ലെന്നാണ് വടകരയിലെ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതിലൂടെ വ്യക്തമാകുന്നത്. നിസ്സാര ഭൂരിപക്ഷത്തിനു കിട്ടിയ ഭരണം അഴിമതിയുടെ കൂത്തരങ്ങാണ് ഇന്ന്. ആ അഴിമതി ഭരണത്തിന്റെ ആയുസ്സ് നീട്ടിക്കിട്ടാന്‍ നടത്തിയ കൂറ്റന്‍ അഴിമതിയാണ് കേരളചരിത്രത്തിലെ നാണംകെട്ട കൂറുമാറ്റം. കൂറുമാറി എത്തിയ ആളെ മുന്‍നിര്‍ത്തി നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് ജനവിധി തേടുമ്പോഴാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കടന്നെത്തുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കാനുള്ള അവസരമാണ് കേരളത്തിലെ ജനങ്ങള്‍ക്കാകെയും നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ക്ക് വിശേഷിച്ചും ഈ വാര്‍ഷികാചരണവേള.

deshabhimani editorial 180512

1 comment:

  1. കേരളീയന്റെ ഒരുവര്‍ഷം പാഴായി എന്ന് പറയാനാകില്ല- ആറുവര്‍ഷം മുമ്പത്തെ അവസ്ഥയിലേക്ക് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുപോയി എന്നാണ് അക്ഷരാര്‍ഥത്തില്‍ പറയേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വഞ്ചിച്ചതിന്റെ വലിയൊരു പട്ടികയാണ് നിരത്താനാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും അട്ടിമറിച്ചു എന്നതില്‍ കവിഞ്ഞ ഒരുനേട്ടവും ചൂണ്ടിക്കാട്ടാനില്ല. കറുപ്പും വെളുപ്പുമെന്ന പോലെ വേര്‍തിരിക്കാവുന്നതാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലങ്ങള്‍. കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് അനുരോധമാണ് യുഡിഎഫ് ഭരണം; പ്രതിരോധം ഉയര്‍ത്തുന്നതായിരുന്നു എല്‍ഡിഎഫ് ഭരണം. എല്‍ഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ ലാഭത്തിലാക്കി, കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി, കാര്‍ഷിക കടാശ്വാസനിയമം കൊണ്ടുവന്നു, സാമൂഹ്യസുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തി, പൊതുജനാരോഗ്യ- വിദ്യാഭ്യാസരംഗങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു, പൊതുവിതരണ സമ്പ്രദായത്തിന് കരുത്തുപകര്‍ന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ഇന്ന് എല്ലാം എതിര്‍ദിശയിലാണ്.

    ReplyDelete