Wednesday, May 9, 2012

മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലം: മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിനുകൂലമാണെന്നും സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ സമിതിയിലെ കേരള പ്രതിനിധി ജ. കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ അണക്കെട്ടിന് അനുകൂലമാണ്.

ഉപാധികളോടെയാണെങ്കിലും പുതിയ അണക്കെട്ടിന് പച്ചക്കൊടി ലഭിച്ചു. അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണ്. സുപ്രീം കോടതിയില്‍ പുതിയ ഡാമിനായി സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിനെതിരെ കെ ടി തോമസ് സംസ്ഥാന താല്‍പര്യം സംരക്ഷിച്ച് ശക്തമായ നിലപാടെടുത്തു. പുതിയ അണക്കെട്ട് വരുന്നത് വരെ ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന് കേരളം വാദിക്കുമെന്നും അണക്കെട്ട് പണിയാനുള്ള ചെലവ് പൂര്‍ണ്ണമായും സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
ജലവിഭവ മന്ത്രി പി ജെ ജോസഫ് ജ. കെ ടി തോമസിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിനെതിരാണെന്നും കേരളത്തിന്റെ താല്‍പര്യത്തിനെതിരായാണ് ജ. കെ ടി തോമസ് പ്രവര്‍ത്തിച്ചതെന്നും ജോസഫ് പ്രതികരിച്ചിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും(എം) തമ്മിലുള്ള ഭിന്നത പുറത്തുവരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം. സര്‍വ്വകലാശാലകളുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരിച്ച് പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലിലെ സുരക്ഷ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും.

8 തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് റെസ്ക്യൂ ബോട്ടുകള്‍ അനുവദിക്കും. ഓരോ ബോട്ടിലും മറൈന്‍ ഹോം ഗാര്‍ഡായി 4 പേരെ വീതം നിയമിക്കും. ബോട്ടിലെ സ്രാങ്ക്, ഡ്രൈവര്‍ തുടങ്ങിയവരുടെ ശമ്പളം വര്‍ധിപ്പിക്കും. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് മലപ്പുറത്തും കാസര്‍കോഡും ജില്ലാകമ്മറ്റി ഓഫീസ് തുറക്കും. പിഎസ്സി ക്ലാസ് 3, ക്ലാസ് 4 പരീക്ഷകളില്‍ സ്പോര്‍ട്സിലെ 25 ഇനങ്ങള്‍ ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കപ്പെടുന്നുണ്ട്. ഇത് 32 ഇനങ്ങളാക്കി.

deshabhimani

1 comment:

  1. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിനുകൂലമാണെന്നും സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ സമിതിയിലെ കേരള പ്രതിനിധി ജ. കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ അണക്കെട്ടിന് അനുകൂലമാണ്

    ReplyDelete