Saturday, May 12, 2012

കൂട്ടക്കൊല ജാഫ്രിയുടെ പ്രകോപനം കൊണ്ടെന്ന് എസ്ഐടി


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയ്ക്ക് കാരണം മുന്‍ എം പി എഹ്സാന്‍ ജാഫ്രിയുടെ പ്രകോപനമാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്ഐടി) റിപ്പോര്‍ട്ട്. ഗോധ്ര സംഭവത്തിനുശേഷം മുസ്ലിങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനെത്തിയ രോഷാകുലരായ ആള്‍ക്കൂട്ടത്തിനു നേരെ ജാഫ്രി വെടിവച്ചതാണ് 2002 ഫെബ്രുവരി 28ന് അദ്ദേഹമടക്കം 70 മുസ്ലിങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയതെന്നാണ് ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കിയ എസ്എടി കണ്ടെത്തിയത്. ജാഫ്രി കൊല്ലപ്പെട്ടത് സ്വന്തം കുറ്റംകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കുന്ന റിപ്പോര്‍ട്ട് മോഡിയെ അടിമുടി വെള്ളപൂശുന്നു. മുറിവേറ്റ ഹിന്ദുവിന്റെ സ്വാഭാവിക പ്രതികരണമാണ് ഗുജറാത്ത് നരഹത്യയിലേക്ക് നയിച്ചതെന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ "അടി-തിരിച്ചടി" സിദ്ധാന്തത്തെ ന്യായീകരിക്കാനാണ് ആര്‍ കെ രാഘവന്‍ റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നത്.

എഹ്സാന്‍ ജാഫ്രി ജനക്കൂട്ടത്തിനുനേരെ വെടിവച്ചതാണ് ആദ്യ ക്രിയ, പിന്നീടുണ്ടായ കൂട്ടക്കൊല അതിന്റെ സ്വാഭാവിക പ്രതികരണമായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ മോഡി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ ഈ നിരീക്ഷണം നടത്തിയത്.

2002 മാര്‍ച്ച് ഒന്നിന് സീ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്ത് നരഹത്യ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്നമട്ടില്‍ ലഘൂകരിച്ച് മോഡി രംഗത്തെത്തിയത്. മോഡിയുടെ പ്രതികരണം കേസെടുക്കത്തക്കതല്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗോധ്ര നിവാസികളെ കുറ്റവാസനയുള്ളവരെന്ന് മോഡി വിശേഷിപ്പിച്ചതിനെയും റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നു. എന്നാല്‍, സാകിയ ജാഫ്രിയുടെ പരാതിക്ക് നല്‍കിയ വിശദീകരണക്കുറിപ്പില്‍ എഹ്സാന്‍ ജാഫി വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥമാണെന്നും എസ്ഐടി വിശദീകരിക്കുന്നുണ്ട്. ജാഫ്രി വെടിയുതിര്‍ത്തതു പ്രകോപനമായെന്ന വിശദീകരണത്തിനു തൊട്ടുപിന്നാലെയാണ് ഇത്.

വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന സാക്കിയ ജാഫ്രിയുടെ പാരാതിയിലാണ് ഗുല്‍ബര്‍ഗ കൂട്ടക്കൊല അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് സാകിയ ജാഫ്രി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യാ സമയത്ത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുപ്രകാരം മോഡിയെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണെന്ന അമിക്കസ് ക്യൂരെ രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോഡിയുടെ പങ്ക് പുനരന്വേഷിക്കണം: സിപിഐ എം

ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് പുനരന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മോഡിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട് പൊള്ളയാണെന്നും മോഡി വഹിച്ച കുറ്റകരമായ പങ്ക് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുടെ കലി തീര്‍ക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി മോഡി മുതിര്‍ന്ന ഉദ്യോഗസ്ഥരോടും പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞത് കുറ്റകരമല്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഒരു അടഞ്ഞ മുറിക്കുള്ളില്‍ നടത്തിയ പരാമര്‍ശമെന്ന നിലയിലാണ് ഇത് കുറ്റകരമല്ലെന്ന് എസ്ഐടിയുടെ വിചിത്രമായ വാദം. സംഘര്‍ഷാവസ്ഥയില്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത് കുറ്റകരമായ നടപടിയായോ ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടമോ ആയി കാണേണ്ടതില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുള്‍പ്പെടെയുള്ളവരെ കലാപകാരികള്‍ കൊന്നുതള്ളിയതിനെ എസ്ഐടി റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുമുണ്ട്. കലാപകാരികള്‍ക്കു നേരെ വെടിയുതിര്‍ത്ത് ജാഫ്രി അവരെ പ്രകോപിച്ചുവെന്നാണ് എസ്ഐടി പറയുന്നത്. ഇത്തരം വാദങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മാത്രമല്ല അടിക്ക് തിരിച്ചടിയുണ്ടാകുമെന്ന മോഡിയുടെ പ്രസ്താവനയെ തങ്ങളുടെ ന്യായീകരണത്തിന് അടിത്തറയാക്കുകയുംചെയ്യുന്നു.

ഗുജറാത്തില്‍ ഭരണസംവിധാനം നടത്തിയ ബോധപൂര്‍വമായ നടപടികളെ സമഗ്രമായി വിലയിരുത്താന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. യുക്തിയുടെ പ്രയോഗം തീരെയില്ലാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. മോഡിയെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ടിനോട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും കുറ്റക്കാരെ കണ്ടെത്തുന്നതിനും മോഡിയുടെ പങ്കിന്റെയും നടപടികളുടെയും കാര്യത്തില്‍ പുതിയ അന്വേഷണം ആവശ്യമാണ്- പിബി പറഞ്ഞു.

deshabhimani 120512

1 comment:

  1. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊലയ്ക്ക് കാരണം മുന്‍ എം പി എഹ്സാന്‍ ജാഫ്രിയുടെ പ്രകോപനമാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്ഐടി) റിപ്പോര്‍ട്ട്. ഗോധ്ര സംഭവത്തിനുശേഷം മുസ്ലിങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനെത്തിയ രോഷാകുലരായ ആള്‍ക്കൂട്ടത്തിനു നേരെ ജാഫ്രി വെടിവച്ചതാണ് 2002 ഫെബ്രുവരി 28ന് അദ്ദേഹമടക്കം 70 മുസ്ലിങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയതെന്നാണ് ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കിയ എസ്എടി കണ്ടെത്തിയത്. ജാഫ്രി കൊല്ലപ്പെട്ടത് സ്വന്തം കുറ്റംകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കുന്ന റിപ്പോര്‍ട്ട് മോഡിയെ അടിമുടി വെള്ളപൂശുന്നു. മുറിവേറ്റ ഹിന്ദുവിന്റെ സ്വാഭാവിക പ്രതികരണമാണ് ഗുജറാത്ത് നരഹത്യയിലേക്ക് നയിച്ചതെന്ന മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ "അടി-തിരിച്ചടി" സിദ്ധാന്തത്തെ ന്യായീകരിക്കാനാണ് ആര്‍ കെ രാഘവന്‍ റിപ്പോര്‍ട്ടിലൂടെ ശ്രമിക്കുന്നത്.

    ReplyDelete