Thursday, May 10, 2012
വിദേശമദ്യ ലോബിയ്ക്കു വിടുപണിചെയ്യുന്ന യു ഡി എഫ് സര്‍ക്കാര്‍
മദ്യലോബിയും യു ഡി എഫും തമ്മിലുള്ള ബന്ധം ആര്‍ക്കും മൂടിവയ്ക്കാനോ മുറിച്ചെറിയാനോ കഴിയാത്തത്ര ശക്തമാണ്. മദ്യവിരുദ്ധ പ്രചാരണത്തിനും മദ്യവര്‍ജന മുദ്രാവാക്യങ്ങള്‍ക്കും വേണ്ടി എല്ലാ വര്‍ഷവും ഒരു ദിവസം - ഗാന്ധിജയന്തി ദിനം - യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് മാറ്റിവച്ചിട്ടുണ്ട്. അന്നേദിവസം മഹാത്മാഗാന്ധിയുടെ ചിത്രത്തെ സാക്ഷിയാക്കി മദ്യം വിഷമാണെന്നും. അതിന്റെ സമീപത്തുകൂടി പോകരുതെന്നും അവര്‍ ഉദ്‌ബോധിപ്പിക്കും. ബാക്കിയുള്ള 364 ദിവസങ്ങളിലും ആ ഉദ്‌ബോധങ്ങളുടെ നേര്‍വിപരീത ദിശയിലായിരിക്കും അവരുടെ പ്രവൃത്തികള്‍. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന സ്വന്തം പ്രഖ്യാപനങ്ങളെ മദ്യക്കുപ്പികളില്‍ കെട്ടിതാഴ്ത്തികൊണ്ടാണ് ഭരണം കൈവരുമ്പോഴെല്ലാം യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്നാം വാര്‍ഷികത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റും ആ പതിവ് തെറ്റിക്കുന്നില്ല. വാര്‍ഷികസമ്മാനമായി ഒരു പുതിയ ഡിസ്റ്റിലറി ആരംഭിക്കാനാണ് അവര്‍ തയ്യാറാകുന്നത്.
പ്രതിവര്‍ഷം 2 കോടി ലിറ്റര്‍ വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന ഡിസ്റ്റിലറിക്കുവേണ്ടി കണ്ടെത്തിയിട്ടുള്ളത് മുതലമട എന്ന അതിര്‍ത്തി ഗ്രാമമാണ്. ഇത് സംബന്ധിച്ച് എക്‌സൈസ് വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഉല്‍പാദനശേഷി 10 കോടി ലിറ്റര്‍ ആക്കി ഉയര്‍ത്താന്‍ ശേഷിയുള്ള പ്രോജക്ട് റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയതെന്നാണ്. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ പരക്കം പായുമ്പോള്‍ മാനംനോക്കി ഇരിക്കുന്ന ഗവണ്‍മെന്റാണ് 10 കോടി ലിറ്റര്‍ വിദേശമദ്യം ഒഴുക്കി ആരുടെയൊക്കയോ ധനദാഹം തീര്‍ക്കാന്‍ തിരക്കുകൂട്ടുന്നത്. അഹിംസയുടെ പ്രവാചകനെങ്കിലും മഹാത്മാഗാന്ധി തിരിച്ചുവന്നാല്‍ തന്റെ ഊന്നുവടികൊണ്ട് ഈ ജനവഞ്ചകരുടെ തലയ്ക്ക് അടിക്കുമായിരുന്നുവെന്ന് ഉറപ്പാണ്.
കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ മലിനീകരണത്തെ തുടര്‍ന്ന് ജനരോഷം ഉയര്‍ന്നപ്പോള്‍ പൂട്ടേണ്ടി വന്ന യുണൈറ്റഡ് ഡിസ്റ്റിലറിയാണ് മുതലമടയിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. എലത്തൂരില്‍ തൊഴിലില്ലാതായവരുടെ ദുരിതമകറ്റാനാണത്രെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുതലമടയില്‍ ഡിസ്റ്റിലറി സ്ഥാപിക്കുന്നത്! ലക്ഷക്കണക്കിന് തൊഴില്‍രഹിതരുടെ മുറവിളികള്‍ക്കുമുമ്പില്‍ കാതുപൊത്തിപ്പിടിക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ വിദേശമദ്യലോബിയുടെ കൈയ്യൊപ്പുണ്ടെങ്കിലേ തൊഴില്‍രഹിതരെ ഓര്‍ക്കുകയുള്ളു എന്നാണോ ഇതിനര്‍ത്ഥം.
മുതലമടയിലേയും സമീപത്തുള്ള അഞ്ചു പഞ്ചായത്തുകളുടേയും കുടിവെള്ളസ്രോതസുകളാണ് മീന്‍കര, ചുള്ളിയാര്‍ ഡാമുകള്‍. ആദ്യം രണ്ടുകോടി ലിറ്ററും പിന്നീട് പത്തുകോടി ലിറ്ററും വിദേശമദ്യം ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ട വെള്ളം ഊറ്റിയെടുത്താല്‍ ഈ ഡാമുകള്‍ വറ്റിവരളും. അവിടത്തെ ഭൂഗര്‍ഭജലവിതാനത്തേയും അതു ദോഷകരമായി ബാധിക്കും. താരതമ്യേന മാലിന്യമുക്തമായ മുതലമട ഗ്രാമത്തില്‍ പുതിയ മലിനീകരണ വിപത്തുകള്‍ക്ക് പുതിയ ഡിസ്റ്റിലറി വഴി തെളിക്കും. എന്നാല്‍ ഇതൊന്നും യു ഡി എഫ് സര്‍ക്കാരിന്റെ മദ്യലോബിപ്രീണനനയങ്ങളുടെ പരിഗണനാ പരിധിയില്‍പോലും വരുന്നില്ല. ജനങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കിലെന്ത് തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് ഡിസ്റ്റിലറി തുടങ്ങാനായല്ലോ എന്ന ചിന്തയാണ് അവരെ നയിക്കുന്നത്. മലിനീകരണത്തിന്റെ കെടുതികള്‍പേറി മുതലമട മറ്റൊരു പ്ലാച്ചിമടയാകുന്നതില്‍ അവര്‍ക്ക് തരിമ്പും പ്രയാസമില്ല. വിദേശമദ്യനിര്‍മാണം പോലെ ഒരു 'അഭിനവഗാന്ധിയന്‍' കര്‍മ്മപരിപാടിക്കുവേണ്ടി അതൊക്കെ വേണ്ടിവരുമെന്ന കാഴ്ചപ്പാടാണ് അവരെ നയിക്കുന്നത്.
മദ്യലഭ്യത പരമാവധി കുറയ്ക്കലാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ്. മദ്യനിരോധന സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അങ്ങനെവേണം പ്രസംഗിക്കാനെന്ന് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. അത്തരം പ്രസ്താവന തമാശകളില്‍ എക്‌സൈസ് മന്ത്രിയും മോശക്കാരനല്ല. ഈ പ്രസ്താവനകള്‍ അവരെ നോക്കികളിയാക്കി ചിരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അതും ഒരു തണലായി കാണുന്ന അപാരമായ തൊലിക്കട്ടിക്ക് യു ഡിഎഫ് എന്നും പേരുണ്ടെന്ന് ജനങ്ങള്‍ എത്രയോ കാലമായി കണ്ടറിഞ്ഞതാണ്. ഒരു ലിറ്റര്‍ മദ്യം പോലും അധികമായി ഉല്‍പാദിപ്പിക്കാന്‍ അനുവദിക്കാതെയാണ് പുതിയ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആരെ കബളിപ്പിക്കാനാണ്? മദ്യലഭ്യത കൂട്ടാനാണ് പുതിയ ഡിസ്റ്റിലറിക്ക് അനുമതി നല്‍കുന്നതെന്ന എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ് മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലേ? കോഴിക്കോട്ടെ പൂട്ടിയ ഡിസ്റ്റിലറിയുടെ പ്രതിമാസ ശേഷി 18 ലക്ഷം കുപ്പിയായിരുന്നെങ്കില്‍ മുതലമടയില്‍ തുറക്കാന്‍ പോകുന്ന ഡിസ്റ്റിലറിയുടെ ശേഷി 72 ലക്ഷം കുപ്പിയാണ്. 18 ലക്ഷത്തെക്കാള്‍ കുറവാണ് 72 ലക്ഷം എന്ന പുതിയ ഗണിതശാസ്ത്രം കണ്ടുപിടിക്കുന്നേടത്തോളം ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ വിദേശമദ്യ ലോബി പ്രേമം വളര്‍ന്നു വെന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ല.
714 ബാറുകള്‍ അധികൃതമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ 418 ബാറുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കാര്യം ഗവണ്‍മെന്റിനറിയുമോ? ഇതേക്കുറിച്ച് കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ബജറ്റ് രേഖകളോടൊപ്പം നിയമസഭയ്ക്ക് മുമ്പിലെത്തിയതാണ്. സംസ്ഥാന ഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന ഇത്തരം അനധികൃത ബാറുകള്‍ അടച്ചു പൂട്ടണമെന്ന് പ്രസ്തുത റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. അവയില്‍ ഒറ്റയെണ്ണംപോലും പൂട്ടിയില്ലെന്നു മാത്രമല്ല ഈ അധനികൃത മദ്യശാലകള്‍ക്ക് അംഗീകാരം നല്‍കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. വിദേശമദ്യ ലോബിയും യു ഡി എഫ് ഗവണ്‍മെന്റും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ പേരില്‍ കേരളം മദ്യത്തിന്റെ സ്വന്തം നാടാവുകയാണ്. ഇന്ത്യയില്‍തന്നെ ആളോഹരി മദ്യഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറുന്നു. തന്മൂലം ഉളവാകുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായി വളരുന്നു. അതിവേഗം ബഹുദൂരം 'വികസനവും കരുതലും' പൊടിപൊടിക്കുമ്പോള്‍ കേരളത്തിന്റെ നന്മകള്‍ മുഴുവന്‍ മദ്യക്കുപ്പിയില്‍ ആത്മഹത്യ ചെയ്യുകയാണ്. ആ ദുരന്തത്തിന് കാര്‍മികത്വം വഹിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ പൊങ്ങച്ചങ്ങള്‍ തട്ടിമൂളിക്കുന്നത്. ഈ വഞ്ചനയ്ക്ക് ജനങ്ങള്‍ മാപ്പ് കൊടുക്കില്ല. നെയ്യാറ്റിന്‍കരയില്‍ ബാലറ്റ് പെട്ടിയിലൂടെ ജനങ്ങള്‍ യു ഡി എഫിന് ശിക്ഷ വിധിക്കുകതന്നെ ചെയ്യും.
janayugom editorial 100512
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
മദ്യലോബിയും യു ഡി എഫും തമ്മിലുള്ള ബന്ധം ആര്‍ക്കും മൂടിവയ്ക്കാനോ മുറിച്ചെറിയാനോ കഴിയാത്തത്ര ശക്തമാണ്. മദ്യവിരുദ്ധ പ്രചാരണത്തിനും മദ്യവര്‍ജന മുദ്രാവാക്യങ്ങള്‍ക്കും വേണ്ടി എല്ലാ വര്‍ഷവും ഒരു ദിവസം - ഗാന്ധിജയന്തി ദിനം - യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് മാറ്റിവച്ചിട്ടുണ്ട്. അന്നേദിവസം മഹാത്മാഗാന്ധിയുടെ ചിത്രത്തെ സാക്ഷിയാക്കി മദ്യം വിഷമാണെന്നും. അതിന്റെ സമീപത്തുകൂടി പോകരുതെന്നും അവര്‍ ഉദ്‌ബോധിപ്പിക്കും. ബാക്കിയുള്ള 364 ദിവസങ്ങളിലും ആ ഉദ്‌ബോധങ്ങളുടെ നേര്‍വിപരീത ദിശയിലായിരിക്കും അവരുടെ പ്രവൃത്തികള്‍. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുമെന്ന സ്വന്തം പ്രഖ്യാപനങ്ങളെ മദ്യക്കുപ്പികളില്‍ കെട്ടിതാഴ്ത്തികൊണ്ടാണ് ഭരണം കൈവരുമ്പോഴെല്ലാം യു ഡി എഫ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്നാം വാര്‍ഷികത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റും ആ പതിവ് തെറ്റിക്കുന്നില്ല. വാര്‍ഷികസമ്മാനമായി ഒരു പുതിയ ഡിസ്റ്റിലറി ആരംഭിക്കാനാണ് അവര്‍ തയ്യാറാകുന്നത്.
ReplyDelete