Wednesday, April 14, 2010

ദളിത് ചിന്താ പ്രപഞ്ചത്തിലെ സൂര്യജ്വാല

ഡോ. ബി ആര്‍ അംബേദ്കര്‍ ജ്വലിക്കുന്ന ഒരു പ്രതീകമായിരുന്നു. കാലാകാലങ്ങളായി ജാതിപരമായും സാംസ്കാരികപരമായും ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ദളിത് സമൂഹത്തിന്റെ വിമോചനവും ഉന്നമനവും സ്വപ്നം കണ്ട കര്‍മബുദ്ധന്‍.

ഇന്ത്യയിലെ അധഃകൃത വര്‍ഗത്തെക്കുറിച്ച് ഉത്കണ്ഠാകുലമായ ചിന്തകളുടെ ഭാരവും പേറി ജീവിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കപ്പെട്ട കീഴാള വര്‍ഗത്തെപ്പറ്റി ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയുംചെയ്ത മനഷ്യസ്നേഹിയും ഭരണനിപുണനുമായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും ഉജ്വലനായ ആ സാമൂഹ്യ പരിഷ്കര്‍ത്താവ് ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന പീഡിത സമൂഹത്തിന്റെ കദനകഥകളില്‍ തൂലിക മുക്കിയാണ് എഴുതിയതും, അതോടൊപ്പം പ്രസംഗിച്ചതും.

അധഃസ്ഥിത വര്‍ഗങ്ങളുടെ കൈകളില്‍ അധികാരം ലഭ്യമായില്ലെങ്കില്‍ ഒരിക്കലും അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാവില്ലെന്ന് അനുഭവത്തിലൂടെ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് ചെങ്കോലും കിരീടവും കൈപ്പറ്റുന്ന ഇന്ത്യയിലെ ഉപരിവര്‍ഗം കീഴാളവര്‍ഗങ്ങളെ അധികാരത്തിന്റെ അയല്‍വക്കത്ത് അടുപ്പിക്കില്ല എന്നദ്ദേഹം ആശങ്കപ്പെട്ടു. മഹാത്മാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ സ്വരാജ് എന്ന ആശയത്തെ സംശയത്തോടെ വീക്ഷിച്ചു. കാലാകാലങ്ങളായി അധഃസ്ഥിത വര്‍ഗങ്ങള്‍ നേരിടുന്ന തൊട്ടുകൂടായ്മയും സാമ്പത്തികമായ പിന്നോക്കാവസ്ഥയും പീഡനങ്ങളും കോണ്‍ഗ്രസ്സിന്റെ സ്വരാജിലും നിലനില്‍ക്കുമെന്ന് ഡോക്ടര്‍ അംബേദ്കര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാവണം ദളിത് സമൂഹം സഹോദരങ്ങളായ മറ്റു നാട്ടുകാരോടൊപ്പം രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരം ഉചിതമായ അനുപാതത്തില്‍ പങ്കിടണമെന്ന് അദ്ദേഹം വാദിച്ചുകൊണ്ടിരുന്നത്.

1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ മൌവില്‍ റാംജി സക്പാലിന്റെയും ഭീമാഭായിയുടെയും പതിനാലാമത്തെ സന്താനമായി ഭീമാറാവു റാംജി ജനിച്ചു. അംബവഡേക്കര്‍ എന്ന ഗ്രാമത്തില്‍. പ്രിയ ഗുരുനാഥന്‍ ഗ്രാമത്തിന്റെ പേര് കൂട്ടിച്ചേര്‍ത്ത് പഠിക്കാന്‍ മിടുക്കനായിരുന്ന ആ വിദ്യാര്‍ഥിയെ ഭീംറാവു റാംജി അംബേദ്കര്‍ എന്ന് വിളിച്ചു.

അംബേദ്കറുടെ സ്കൂള്‍ വിദ്യാഭ്യാസം സത്താറയിലായിരുന്നു. സഹപാഠികള്‍ ബെഞ്ചുകളില്‍ നിരന്നിരിക്കവെ ദളിതനായതുകൊണ്ട് അംബേദ്കര്‍ നിലത്ത് പഴയൊരു ചാക്കിലിരുന്നാണ് പഠിച്ചത്. അതാവാം അംബേദ്കറെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആദ്യത്തെ അപമാന സംഭവം. അക്കാലം മുതലേ സവര്‍ണാധിപത്യത്തില്‍നിന്നും സ്വതന്ത്രമാകുന്ന ജീവിതാവസ്ഥകളെപ്പറ്റി അംബേദ്കര്‍ ചിന്തിച്ചുതുടങ്ങിയിരിക്കണം. ചുറ്റുപാടും കണ്ടുകൊണ്ടിരുന്ന ദളിത്വര്‍ഗങ്ങളുടെ ദാരിദ്ര്യവും നോവും നൊമ്പരങ്ങളും എങ്ങനെ പരിഹരിക്കാമെന്നോര്‍ത്ത് ആ വിദ്യാര്‍ഥിയുടെ മനം നീറിയിരിക്കണം.

അയിത്തക്കാരനായതുകൊണ്ട് സംസ്കൃതം പഠിക്കാന്‍ അനുമതി ലഭിക്കാതായപ്പോള്‍ അറിവിന്റെ ഉയരങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന വാശിയോടെ മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍നിന്ന് അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി. അതിനിടയില്‍ അക്കാലത്തെ സമുദായാചാരങ്ങള്‍ക്കനുസരിച്ച് രമാഭായ് എന്ന ഒമ്പത് വയസ്സുകാരിയുമായി വിവാഹം. മുംബൈയിലെ ബൈക്കുള മാര്‍ക്കറ്റിലെ ഒരു ഷെഡ്ഡായിരുന്നു വിവാഹ വേദി. ചന്ത പിരിഞ്ഞ നേരത്ത് നടന്ന താലിചാര്‍ത്ത് കര്‍മം.

അംബേദ്കറുടെ കര്‍മോന്മുഖമായ പില്‍ക്കാല ജീവിതത്തിന് ആക്കം നല്‍കിയത് ബറോഡ മഹാരാജാവ് സായിജിറാവു ഗെയ്ക്ക്വാഡ് സദയം അനുവദിച്ചു നല്‍കിയ ഇരുപത്തഞ്ചു രൂപ സ്കോളര്‍ഷിപ്പായിരുന്നു. ആ സ്കോളര്‍ഷിപ്പാണ് അംബേദ്കറെ എല്‍ഫിന്‍സ്റ്റണ്‍ കോളേജിലെത്തിച്ചതും 1912 ല്‍ ബി എ ബിരുദധാരിയാക്കിയതും.

അംബേദ്കര്‍ ബറോഡ മഹാരാജാവിന്റെ ഉദാരതയില്‍ ബി എ പാസാകുന്ന 1912 ലും ഇവിടത്തെ രാജഭരണം അയിത്ത ജാതിക്കാരെ കണ്ടാലും തൊട്ടാലും മൂന്നുതവണ ആറ്റില്‍ മുങ്ങി നിവര്‍ന്ന് ശുദ്ധമാവുന്ന കൂട്ടത്തിലായിരുന്നു. അക്കാലത്ത്, 1907 ല്‍, ഇങ്ങ് കേരളത്തിലും അയ്യന്‍കാളി രൂപംകൊടുത്ത സാധുജനപരിപാലന സംഘമുണ്ടായിരുന്നു. അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനുവേണ്ടിയുള്ള യാതനാഭരിതമായ സമരങ്ങളിലായിരുന്നു അയ്യങ്കാളി.

1913 ഫെബ്രുവരി രണ്ടിന് പിതാവ് മരിക്കുമ്പോള്‍ കോളേജ് വിദ്യാഭ്യാസം നേടിയ അംബേദ്കര്‍ ബറോഡ രാജാവിന്റെ സൈന്യത്തില്‍ ലഫ്റ്റനന്റ് റാങ്കിലുള്ള ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ബറോഡ മഹാരാജാവ് സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയ അംബേദ്കര്‍ക്ക് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നതിന് വീണ്ടുമൊരു സ്കോളര്‍ഷിപ്പ് അനുവദിച്ചു; പഠനം പൂര്‍ത്തിയാക്കി ബറോഡയെ പത്തുവര്‍ഷം സേവിക്കണമെന്ന കരാറില്‍.

1913 ജൂലൈയില്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന അംബേദ്കര്‍ ധനശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം എ ബിരുദമെടുത്തു. നാട്ടിലേക്ക് മടങ്ങാതെ അദ്ദേഹം അവിടെതന്നെ പഠനഗവേഷണങ്ങളില്‍ മുഴുകി. 'ദി എവല്യൂഷന്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ ഫൈനാന്‍സ് ഇന്‍ ബ്രിട്ടീഷ് ഇന്ത്യ' എന്ന തീസിസ് അവതരിപ്പിച്ച് പി എച്ച് ഡി നേടി. അറിവിന്റെ മേഖലകള്‍ തുറന്നു കിട്ടിയ ജിജ്ഞാസുവായ അദ്ദേഹം നിയമം പഠിക്കാന്‍ ലണ്ടനിലെത്തി. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ ധനശാസ്ത്ര പഠനത്തിന് ചേര്‍ന്നു.

ഇതിനിടയില്‍ സ്കോളര്‍ഷിപ്പ് കാലാവധി അവസാനിച്ചതിനാല്‍ അംബേദ്കര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രൊഫസര്‍ എഡ്വിന്‍കാനന്റെ അനുമതിയോടെ അംബേദ്കര്‍ തന്റെ ഉപരിപഠനം (ഡി എസ് സി) പൂര്‍ത്തിയാക്കിയത്.

ബറോഡ മഹാരാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി 1917 സെപ്തംബറില്‍ അംബേദ്കര്‍ നിയമിതനായി. മഹാരാജാവിന്റെ ആശ്രിതരായ സവര്‍ണ തമ്പുരാക്കന്മാരും പാഴ്സി ഉദ്യോഗസ്ഥന്മാരും ദളിതനായ അംബേദ്കറെ സഹിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞുമുള്ള അവരുടെ പീഡനങ്ങളില്‍ മനസ്സ് മടുത്ത ഡോ. അംബേദ്കര്‍ ജോലി രാജിവെച്ച് മുംബൈ നഗരത്തിലേക്ക് മടങ്ങി. ട്യൂഷന്‍ മാസ്റ്ററായും കണക്കപ്പിള്ളയായും ജീവിക്കുന്നതിനിടയില്‍ 1918 നവംബറില്‍ മുംബൈയിലെ സൈഡന്‍ഹാം കോളേജില്‍ ധനശാസ്ത്ര പ്രൊഫസറായി നിയമനം ലഭിച്ചു.

അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം എന്ന നിലയില്‍ ഏറ്റവും ദരിദ്രരും അപമാനിതരുമായി ദളിതര്‍ ജീവിക്കുന്ന കാലഘട്ടത്തിലാണ് ഒരു കോളേജ് പ്രൊഫസറായി മുംബൈ നഗരത്തില്‍ ഡോ. അംബേദ്കര്‍ എത്തിപ്പെടുന്നത്. അക്കാലത്ത് സംവരണ നിയമങ്ങളുടെയും രാഷ്ട്രീയ സംരക്ഷണത്തിന്റെയും ബലത്തില്‍ വിരലിലെണ്ണാവുന്ന ദളിതര്‍ മാത്രമേ ദാരിദ്ര്യ രേഖയ്ക്ക് പുറത്ത് ഭേദപ്പെട്ട നിലയില്‍ കണ്ടിരുന്നുള്ളൂ. അധഃസ്ഥിത വര്‍ഗത്തിന്റെ അവസ്ഥ ഉള്‍നാടന്‍ പ്രദേശങ്ങളിലും നഗരങ്ങളിലും വളരെ പരിതാപകരമായിരുന്നു. ഇന്നത്തെപ്പോലെ അന്നും ഭൂരിഭാഗം ദളിതുകളും ജമീന്ദാര്‍മാരുടെ അടിമത്തൊഴിലാളികളായാണ് പുലര്‍ന്നിരുന്നത്. ചെറിയൊരു ശതമാനമേയുള്ളൂ അവരുടെ കൂട്ടത്തില്‍ ചെറുകിട - ഇടത്തരം കര്‍ഷകരായിട്ട്. നഗരങ്ങളില്‍ നാടന്‍ ഫ്യൂഡല്‍ വ്യവസ്ഥയോട് താരതമ്യം ചെയ്യാവുന്ന അസംഘടിത മേഖലയിലാണ് ദളിതരുടെ ജീവിതം. വളരെ ചെറിയൊരു ശതമാനം ദളിതര്‍ക്ക് തൂപ്പുകാരായി ജോലി കിട്ടിയിരുന്നു. അതും ഒന്നോ രണ്ടോ ശതമാനത്തില്‍ താഴെ മാത്രം.

മറ്റാരേക്കാളും പിന്നോക്ക വര്‍ഗത്തിന്റെ ജീവിത പ്രശ്നങ്ങള്‍ക്ക് വ്യക്തമായൊരു രൂപരേഖ പ്രദാനം ചെയ്യാന്‍ ഡോക്ടര്‍ അംബേദ്കര്‍ക്ക് കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം. അതിനുവേണ്ടിയുള്ള ആയുധമായിട്ടാണദ്ദേഹം 1920 ജനുവരി 31 ന് 'മൂകനായക്' എന്നൊരു ദ്വൈവാരിക തുടങ്ങിവച്ചത്.

ബ്രിട്ടീഷ് ഭരണം കത്തിനിന്നിരുന്ന അക്കാലത്ത് ഇന്ത്യയുടെയും ബ്രിട്ടന്റെയും മൂലധന സഹകരണത്തില്‍ നമ്മുടെ രാജ്യത്ത് മുതലാളിത്തം തഴച്ചു വളര്‍ന്നിരുന്നു. യൂറോപ്പില്‍ നിന്ന് വ്യത്യസ്തമായ ഇന്ത്യന്‍ ഫ്യൂഡലിസത്തിന്റെ വളര്‍ച്ച പുത്തന്‍ മൂലധനത്തിലൂടെയായിരുന്നു. മുതലാളിത്തത്തിന്റെ ചൂഷണ രീതികളെക്കുറിച്ച് ബോധവാനായ അംബേദ്കര്‍ മുതലാളിത്തവും ബ്രാഹ്മണ്യവും ദളിത് വര്‍ഗത്തിന്റെ പ്രധാന ശത്രുക്കളായി കരുതി. മുതലാളിത്തം കെട്ടഴിച്ചുവിട്ട മനുഷ്യത്വരഹിതമായ തൊഴിലാളി ചൂഷണങ്ങളെപ്പറ്റി അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

മുംബൈ നിയമസഭയില്‍ നോമിനേറ്റഡ് അംഗമാവുന്ന 1927 ലാണ് അംബേദ്കര്‍ 'ബഹിഷ്കൃഭാരതം' എന്ന മറാത്തി പത്രം ആരംഭിക്കുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹം സര്‍ക്കാര്‍ വക ലോ കോളേജില്‍ ആക്ടിങ് പ്രൊഫസറായി. കോളേജിലെയും അസംബ്ളിയിലെയും തിരക്കിനിടയിലും 'ഡിപ്രസ്ഡ് ക്ളാസ്സസ് എഡ്യുക്കേഷണല്‍ സൊസൈറ്റി' എന്നൊരു സ്ഥാപനത്തിന് രൂപം നല്‍കി. ദളിത് വിദ്യാര്‍ഥികളുടെ ഉന്നമനത്തിനു വേണ്ടി പ്രയത്നിച്ചു. അവര്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിച്ചു.

1930ലാണ് ഡോ. അംബേദ്കര്‍ നാസിക്കില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭം ആരംഭിച്ചത്. അക്കൊല്ലമാണദ്ദേഹം ഇന്ത്യയിലെ ദളിതരെ പ്രതിനിധീകരിച്ച ്ലണ്ടനില്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്.

1931 ആഗസ്ത് 14ന് രണ്ടാം വട്ടമേശ സമ്മേളനത്തിന് പുറപ്പെടും മുമ്പ് ഗാന്ധിയുമായി അംബേദ്കര്‍ ആശയപരമായി ഒന്നിടഞ്ഞു. ദളിത് ജാതികളെ ഹിന്ദുവര്‍ഗത്തില്‍നിന്ന് രാഷ്ട്രീയമായി വേര്‍തിരിച്ചു കാണേണ്ട എന്നായിരുന്നു ഗാന്ധിയുടെ വാദം. അതിനോട് അംബേദ്കര്‍ യോജിച്ചില്ല. അധഃസ്ഥിത വര്‍ഗങ്ങള്‍ക്ക് പ്രത്യേകമായി നിയോജക മണ്ഡലങ്ങള്‍ ഉണ്ടാവണമെന്ന ആവശ്യം ബ്രിട്ടീഷ് ക്യാബിനറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യാനായി 1932 ആഗസ്തില്‍ അംബേദ്കര്‍ ലണ്ടനിലേക്ക് പോയി. അംബേദ്കറുടെ വാദം അംഗീകരിച്ച ബ്രിട്ടീഷ് ഭരണകൂടം അക്കൊല്ലം തന്നെ കമ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഗാന്ധിജി അതിഷ്ടപ്പെട്ടില്ല. ഇന്ത്യന്‍ പ്രാദേശിക അസംബ്ളികളില്‍ പ്രത്യേക സീറ്റുകള്‍ എന്ന ബ്രിട്ടീഷ് നയത്തില്‍ പ്രതിഷേധിച്ച് 1932 സെപ്തംബര്‍ 20 ന് ഗാന്ധിജി യര്‍വാദ ജയിലില്‍ ഉപവാസം ആരംഭിച്ചു. ഉപവസിക്കുന്ന ഗാന്ധിജിക്കുവേണ്ടി ജനം കണ്ണീരൊഴുക്കുന്നതു കണ്ടപ്പോള്‍ അംബേദ്കര്‍ മനസ്സു മാറ്റി. വീണ്ടും അദ്ദേഹം ഗാന്ധിജിയുമായി സംഭാഷണത്തിലേര്‍പ്പെട്ടു. 1932 സെപ്തംബര്‍ 26 ന് ഇരുവരും പുതിയൊരു കരാര്‍ ഒപ്പിട്ടു. അതാണ് ചരിത്രം ഇന്നറിയുന്ന പൂന കരാര്‍. അതോടെ ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു.

ഡോ. അംബേദ്കര്‍ മുംബൈ ലോ കോളേജ് പ്രിന്‍സിപ്പലായിരുന്ന 1935 ല്‍ അദ്ദേഹത്തിന്റെ സഹധര്‍മിണി അന്തരിച്ചു. 1937 ലായിരുന്നു മുംബൈ പ്രവിശ്യാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. വാശിയേറിയ മത്സരത്തില്‍ ഡോ. അംബേദ്കര്‍ വിജയിച്ചു. ആ വര്‍ഷം തന്നെ പുതിയൊരു രാഷ്ട്രീയ സംഘടന ഉദയം ചെയ്തു. ഇന്‍ഡിപ്പെന്‍ഡന്റ് ലേബര്‍പാര്‍ടി. ഡോ. അംബേദ്കര്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1940 ലാണ് 'തോട്സ് ഓഫ് പാകിസ്ഥാന്‍' എന്ന വിശ്രുതമായ ഗ്രന്ഥം അദ്ദേഹത്തില്‍നിന്നും നമുക്ക് കിട്ടിയത്. 1942 ല്‍ ചരിത്ര പുരുഷന്‍ വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌണ്‍സിലില്‍ അംഗമായി. ബംഗാള്‍ അസംബ്ളി അദ്ദേഹത്തെ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളിയിലെത്തിച്ചു. വിഭജനം ആ സ്ഥാനം നഷ്ടപ്പെടുത്തിയെങ്കിലും വീണ്ടും മുംബൈ നിയമസഭ ഡോ. അംബേദ്കര്‍ക്ക് ആ സ്ഥാനം തിരിച്ചു നല്‍കി.

വിശാല ഹൃദയനെന്നു നാം പറയുന്ന പണ്ഡിറ്റ് നെഹ്റുവിന് പോലും സ്വതന്ത്രഭാരതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഡോ. അംബേദ്കര്‍ക്ക് നല്‍കാന്‍ മഹാത്മാഗാന്ധിയുടെ അംഗീകാരം വേണ്ടിവന്നു എന്നതാണ് ചരിത്രപാഠം. അങ്ങനെയാണദ്ദേഹം കേന്ദ്ര നിയമമന്ത്രിയായതും ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായതും. 1948ല്‍ ആദ്യം ഡോ. അംബേദ്കറുടെ ഭരണഘടന രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.

ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഭരണഘടന 1949 നവംബര്‍ 26ന് രാഷ്ട്രം അംഗീകരിച്ചു. എന്നാല്‍ 1951 ഫെബ്രുവരി 5 ന് അവതരിപ്പിച്ച ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റില്‍ പാസായില്ല. നിരാശനായ നിയമമന്ത്രി ക്യാബിനറ്റില്‍നിന്ന് രാജിവെച്ചു.

ജാതീയമായി വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ കീഴാള സമൂഹം സഹിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ തന്റെ ക്യാബിനറ്റ് പദവിയെക്കൊണ്ട് കഴിയില്ല എന്ന് ഡോ. അംബേദ്കര്‍ക്ക് തോന്നിയിരിക്കണം. ജാതിയവശതകളും അതുകൊണ്ടുതന്നെ സാമ്പത്തിക ദാരിദ്ര്യവും സഹിക്കുന്ന വലിയൊരു ശതമാനം വരുന്ന ജനതയെയാകെ ദേശീയ രാഷ്ട്രീയത്തിന്റെ കാര്യപരിപാടിയിലേക്ക് നയിക്കണമെന്ന ആശയം ഡോ. അംബേദ്കര്‍ക്കുണ്ടായിരുന്നു. സ്വാതന്ത്യ്രത്തിലും സമത്വത്തിലും സാഹോദര്യത്തിലും അദ്ദേഹം ഉറച്ചുനിന്നു. തന്റെ നിലപാടുകളുടെ തിളക്കം അറിയാനുള്ള ഉരകല്ലായി ജീവിതാവസാനം വരെ അദ്ദേഹം മാര്‍ക്സിസത്തെ പരാമര്‍ശിച്ചുകൊണ്ടിരുന്നു. രക്തച്ചൊരിച്ചിലിലൂടെ വരുന്ന മാറ്റങ്ങളെ അംബേദ്കര്‍ സ്വാഗതം ചെയ്തില്ല. വിപ്ളവസാഹചര്യം എത്ര അനുകൂലമായിരുന്നാലും കലാപം നടത്താനുള്ള കരുത്തും ലക്ഷ്യബോധവും ജനങ്ങള്‍ ആര്‍ജിക്കുന്നതുവരെ യഥാര്‍ഥ വിപ്ളവം സംഭവിക്കുകയില്ല എന്നദ്ദേഹം വിശ്വസിച്ചു. എന്നിരുന്നാലും മാര്‍ക്സിനെപ്പോലെ തന്നെ ചൂഷണരഹിതമായൊരു സമൂഹമാണ് ഡോ. അംബേദ്കറും ലക്ഷ്യംവച്ചത്. ഇരുവരും ആര്‍ത്തന്മാരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും പ്രതിജ്ഞാബദ്ധരായിരുന്നു. രണ്ടുപേരും മാറ്റത്തിനു വേണ്ടി തപിച്ചവരായിരുന്നു.

1956 ഡിസംബര്‍ ആറിന് യശഃശരീരനാവുന്നതിന് ഏകദേശം രണ്ടുമാസം മുമ്പാണ് ഡോ. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചത്. ബുദ്ധനൊഴികെ മറ്റെല്ലാ മതാചാര്യന്മാരും മോക്ഷത്തെയാണ് പരമപ്രധാനമായി കാണുന്നതെന്നദ്ദേഹം എഴുതി. ബുദ്ധന്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു മാര്‍ഗദര്‍ശിയായിരുന്നു. സമത്വത്തിന്റെ പ്രതീകം.

ഇന്ത്യയില്‍ ദളിത് സമൂഹം അനുഭവിക്കുന്ന ദാരിദ്ര്യവും അവഗണനയും തൊട്ടുകൂടായ്മയും കണ്ടും അനുഭവിച്ചും മനം മടുത്തിട്ടാവണം ഒരു ഹിന്ദുവായി ജനിക്കാന്‍ വിധിക്കപ്പെട്ട താന്‍ ഒരു ഹിന്ദുവായി മരിക്കാന്‍ ആഗ്രഹിക്കുന്നില്ല - എന്ന് ഡോ. അംബേദ്കര്‍ പ്രതിജ്ഞയെടുത്തതും മരണത്തിനുമുമ്പ് ബുദ്ധനും അദ്ദേഹത്തിന്റെ ധര്‍മവും എന്ന വിശ്രുത കൃതി എഴുതിത്തീര്‍ത്തതും.

ടി കെ ഗംഗാധരന്‍ ദേശാഭിമാനി വാരിക 18042010

2 comments:

  1. ഡോ. ബി ആര്‍ അംബേദ്കര്‍ ജ്വലിക്കുന്ന ഒരു പ്രതീകമായിരുന്നു. കാലാകാലങ്ങളായി ജാതിപരമായും സാംസ്കാരികപരമായും ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ദളിത് സമൂഹത്തിന്റെ വിമോചനവും ഉന്നമനവും സ്വപ്നം കണ്ട കര്‍മബുദ്ധന്‍.

    ഇന്ത്യയിലെ അധഃകൃത വര്‍ഗത്തെക്കുറിച്ച് ഉത്കണ്ഠാകുലമായ ചിന്തകളുടെ ഭാരവും പേറി ജീവിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കപ്പെട്ട കീഴാള വര്‍ഗത്തെപ്പറ്റി ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയുംചെയ്ത മനഷ്യസ്നേഹിയും ഭരണനിപുണനുമായിരുന്നു. ഇരുപതാംനൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവും ഉജ്വലനായ ആ സാമൂഹ്യ പരിഷ്കര്‍ത്താവ് ഭാരതത്തിലെ ഭൂരിപക്ഷം വരുന്ന പീഡിത സമൂഹത്തിന്റെ കദനകഥകളില്‍ തൂലിക മുക്കിയാണ് എഴുതിയതും, അതോടൊപ്പം പ്രസംഗിച്ചതും.

    ReplyDelete