Wednesday, May 2, 2012

മുരളീധരന്‍ കെപിസിസി എക്സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോയി


മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ മുരളീധരന്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമെന്ന രീതിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും വിലക്ക് ലംഘിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയായില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് താനാണെന്നും കെപിസിസി പ്രസിഡന്റ് പറയേണ്ട കാര്യങ്ങള്‍ താനും മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയും പറയുമെന്നും ചെന്നിത്തല തുടര്‍ന്നു. ചെന്നിത്തലയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ ഇറങ്ങിപ്പോയതെന്നാണ് സൂചന.

കഴിഞ്ഞദിവസം തിരുവമ്പാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുസ്ലീം ലീഗിനെതിരെ മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. മുസ്ലിം ലീഗിനകത്ത് തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിതന്നെ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നതെന്നും കോണ്‍ഗ്രസ്സ് മുരളീധരന്‍ പറഞ്ഞു. നാലു കൊടുത്താല്‍ അഞ്ചു വേണമെന്ന ആക്രാന്തമാണ് ലീഗിനെന്ന് അഞ്ചാം മന്ത്രിയെ പരാമര്‍ശിച്ച് മുരളി തുടര്‍ന്നു. ഒരുമിച്ചു പോകാമെങ്കില്‍ ഒരുമിച്ച്. അല്ലെങ്കില്‍ ലീഗിന് ലീഗിന്റെ വഴി. ഞങ്ങള്‍ക്കു ഞങ്ങളുടേതും.

എന്റെ മണ്ഡലത്തില്‍ ഈ സാധനമില്ല. വെടിനിര്‍ത്തലിനുശേഷമാണ് തനിക്കും ആര്യാടനുമെതിരെ ലീഗ് പ്രകടനം നടത്തിയത്. എസ്എസ്എല്‍സി പാസാകാത്ത ഒരാളെ വിസിയാക്കാന്‍ നോക്കി. പുറത്തുപറയാന്‍ കൊള്ളാത്ത കാര്യങ്ങളാണ് കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്നതെന്നും മുരളി പറഞ്ഞു. ഇത്തരത്തിലാണ് മുരളി ലീഗിനെതിരെ ആഞ്ഞടിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്.

ഗണേഷിനെതിരെ വീണ്ടും പിള്ള

ബാലകൃഷ്ണപിള്ള ഗണേഷ്കുമാര്‍ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. ഗണേഷിനെ നീക്കണമെന്നാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് പിള്ളയും ഗണേഷും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ഗണേഷ് പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും തര്‍ക്കമുടലെടുത്തത്. പിള്ള ചുമതലപ്പെടുത്തിയ പ്രകാരം പാര്‍ട്ടി സെക്രട്ടറി വേണുഗോപാലന്‍ നായര്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു. അടിയന്തിരമായി മന്ത്രിയെ പിന്‍വലിക്കാനുള്ള പിള്ളയുടെ തീരുമാനം ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള കത്ത് വൈകിട്ട് അഞ്ചിന് ഔദ്യോഗികമായി കൈമാറും. മന്ത്രിയുടെ സ്റ്റാഫിനെ മാറ്റാനടക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ പലവ്യവസ്ഥകളും മന്ത്രി പാലിച്ചില്ലെന്നാണ് പിള്ള വിഭാഗം പറയുന്നത്. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച വിവരവും മുഖ്യമന്ത്രിയെ അറിയിക്കും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുഡിഎഫിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നതാണ് പിള്ള ഗ്രൂപ്പിലെ പുതിയ സംഭവവികാസങ്ങള്‍.

deshabhimani news

3 comments:

  1. മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ മുരളീധരന്‍ കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നേതാക്കള്‍ പാര്‍ട്ടിയുടെ അഭിപ്രായമെന്ന രീതിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും വിലക്ക് ലംഘിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് ശരിയായില്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് താനാണെന്നും കെപിസിസി പ്രസിഡന്റ് പറയേണ്ട കാര്യങ്ങള്‍ താനും മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയും പറയുമെന്നും ചെന്നിത്തല തുടര്‍ന്നു. ചെന്നിത്തലയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ ഇറങ്ങിപ്പോയതെന്നാണ് സൂചന.

    ReplyDelete
  2. പരസ്യ പ്രസ്താവന കര്‍ശനമായി വിലക്കി: ചെന്നിത്തല

    അഞ്ചാം മന്ത്രിപ്രശ്നത്തില്‍ ലീഗ് നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പരസ്യപ്രസ്താവന ഇനി നിര്‍ത്തുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിസിസി യോഗ തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയത് എതിര്‍ക്കുന്നവരുണ്ട്. കെ മുരളീധരന്‍ കെപിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്ന് ചെന്നിത്തല അവകാശപ്പെട്ടു. ചിലര്‍ യോഗത്തില്‍ നിന്ന് നേരത്തെ പോയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍ കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും മറ്റുവിഷയങ്ങള്‍ സജീവ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

    ReplyDelete
  3. കെപിസിസി നിര്‍വ്വാഹകസമിതി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയതിന്റെ കാരണം എല്ലാവര്‍ക്കുമറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സാധാരണ യോഗം തീരുന്നതുവരെ ഇരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍ കെപിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ വാര്‍ത്ത രമേശ് ചെന്നിത്തല നിഷേധിച്ചിരുന്നു. ലീഗുമായുള്ള പ്രശ്നങ്ങള്‍ ഒരു ദുസ്വപ്നം പോലെ മറക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ യുഡിഎഫിനും കോണ്‍ഗ്രസിനും ദോഷം വരുന്ന പ്രസ്താവനകള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

    ReplyDelete