Wednesday, May 2, 2012
വാര്‍ത്തകള്‍ - എന്‍റിക ലെക്സി, ഐസ്ക്രീം, രാഷ്ട്രപതി, സി.ബി.ഐ, തീവ്രവാദി
എന്‍റിക ലെക്സി ഉപാധികളോടെ വിട്ടു നല്‍കും
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടു നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ആവശ്യപ്പെടുന്ന സമയത്ത് നാവികരെയും കപ്പലും ഹാജരാക്കാമെന്ന് ഇറ്റലി സര്‍ക്കാര്‍ സമ്മതിച്ച സാഹചര്യത്തിലാണ് കപ്പല്‍ എന്‍റിക ലെക്സി വിട്ടു നല്‍കാന്‍ കോടതി അനുവദിച്ചത്. സമന്‍സ് കിട്ടിയാല്‍ നാവികരെയും കപ്പലും ഹാജരാക്കാമെന്ന് സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.
കപ്പല്‍ ഹാജരാക്കണമെങ്കില്‍ മൂന്ന് ആഴ്ച മുന്‍പ് സമന്‍സ് കിട്ടണമെന്നും സമന്‍സിനെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുമെന്നും സത്യവാങ്ങ്മൂലത്തിലുണ്ട്. കേസ് സംബന്ധിച്ച മറ്റു കാര്യങ്ങള്‍ കേരളഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചായിരിക്കും. കപ്പല്‍ ഉടമകള്‍ മൂന്നുകോടി രൂപ കെട്ടിവെക്കാനും ഉത്തരവിലുണ്ട്. കപ്പല്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഉണ്ടാക്കിയ കരാര്‍ ആവശ്യമെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്നും കഴിഞ്ഞ ദിവസം ഇറ്റലി ബോധിപ്പിച്ചിരുന്നു. കുടുംബത്തെ സഹായിക്കാനാണ് പണം കൊടുത്തതെന്നും അത് തിരിച്ചു നല്‍കേണ്ടതില്ലെന്നും ഇറ്റലി ഹര്‍ജിയില്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നിന്ന് ഐസ്ക്രീം അന്വേഷണ റിപ്പോര്‍ട്ട് നല്‍കില്ല
കൊച്ചി: ഐസ്ക്രീം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയിലെ കേസിന്റെ രേഖയല്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് അത് വിഎസ്സിന് വാങ്ങാമെന്നും കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജ. പി ചിദംബരേഷും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് മരവിപ്പിച്ചു
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി മെയ് 28 വരെ മരവിപ്പിച്ചു. അതുവരെ തല്‍സ്ഥിതി തുടരാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്. ഹരിദത്തിനോടൊപ്പം സമ്പത്ത് കേസ് അന്വേഷിച്ച സിബിഐ ഇന്‍സ്പെക്ടര്‍മാരായ എസ് ഉണ്ണിക്കൃഷ്ണന്‍നായര്‍, കെ കെ രാജന്‍ എന്നിവര്‍ സ്ഥലംമാറ്റത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍ കെ ജോര്‍ജ് ജോസഫിെന്‍റ ഉത്തരവ്. ഏപ്രില്‍ 18ന് ഇരുവരും സ്ഥലംമാറ്റ ഉത്തരവുപ്രകാരം റിലീവ് ചെയ്തതായി സിബിഐ കോടതിയെ അറിയിച്ചു. ഉണ്ണിക്കൃഷ്ണന്‍നായരെ കൊല്‍ക്കത്തിയിലേക്കും രാജനെ ഗുവാഹത്തിക്കുമാണ് സ്ഥലംമാറ്റിയത്. എന്നാല്‍, ഇവര്‍ ഇതുവരെ ഈ സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല.
സംഘാംഗങ്ങളായ ഉദ്യോഗസ്ഥര്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ഹരിദത്തിന്റെ മരണക്കുറിപ്പിലെ പരാമര്‍ശമാണ് സ്ഥലംമാറ്റത്തിനു കാരണമെന്നും സത്യാവസ്ഥ മനസിലാക്കാതെയുള്ള നടപടിയാണിതെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹരിദത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ തങ്ങളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നുവെന്നാണ് പറയുന്നത്. തങ്ങളുടെ ഒരു സമ്മര്‍ദ്ദവും ഹരിദത്തിനുമേല്‍ ഉണ്ടായിട്ടില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐജി, പാലക്കാട് എസ്പി എന്നിവരുള്‍പ്പെടെ 16 ഉദ്യോഗസ്ഥര്‍ക്ക് സമ്പത്ത് സംഭവത്തില്‍ പങ്കാളിത്തമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവരെ ഒഴിവാക്കാനുള്ള വന്‍ സമ്മര്‍ദ്ദമുണ്ടായെങ്കിലും ഹരിദത്തും തങ്ങളും ഉള്‍പ്പെട്ട സംഘം അതിനെയെല്ലാം പ്രതിരോധിച്ച് സത്യസന്ധമായ അന്വേഷണമാണ് നടത്തിയത്.
അന്വേഷണമേല്‍നോട്ടത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2011 സെപ്തംബര്‍ മൂന്നിന് രണ്ട് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. തങ്ങളെ അന്വേഷണവുമായി സഹകരിപ്പിക്കാത്ത സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. ഹരിദത്തുമായി കൂടിയാലോചനയ്ക്കുപോലും സമ്മതിച്ചില്ല. ഇതിനിടെയാണ് ഹരിദത്ത് ആത്മഹത്യചെയ്തത്. രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള സമ്മര്‍ദ്ദമാണ് തങ്ങള്‍ക്കും ഹരിദത്തിനും മേല്‍ ഉണ്ടായിരുന്നതെന്നും ഹര്‍ജിക്കാര്‍ പറയുന്നുണ്ട്.
രാഷ്ട്രപതി: എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതിസ്ഥാനാര്‍ഥിയെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. എല്ലാ കക്ഷികളോടും അഭിപ്രായം ചോദിക്കാതെ ബിജെപി മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന് പിന്തുണ അറിയിച്ചതാണ് അഭിപ്രായവ്യത്യാസത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഏകപക്ഷീയമായ പ്രഖ്യാപനത്തെ എന്‍ഡിഎ ഘടകകക്ഷികള്‍ എതിര്‍ത്തിരിക്കുകയാണ്. കലാമിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ മാത്രം തീരുമാനമാണിതെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരദ്യാദവ് പറയുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമല്ല. എന്‍ഡിഎയിലെ പാര്‍ട്ടിയിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഹമീദ് അന്‍സാരിയെയും പ്രണബ് മുഖര്‍ജിയെയും പിന്തുണക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമസ്വരാജ് അറിയിച്ചിരുന്നു. എന്നാല്‍ ജെഡിയുവിന് ഹമീദ് അന്‍സാരിയെയാണ് താല്‍പര്യം. ആര്‍ജെഡിയും മറ്റു കക്ഷികളും പിന്തുണക്കുന്നത് ഹമീദ് അന്‍സാരിയെയാണ്. യുപിഎക്കും എന്‍ഡിഎക്കും പുറമെ സമാജ്വാദിപാര്‍ട്ടിയുടെ തീരുമാനം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്.
കേരളത്തിന്റെ വനമേഖലകളില്‍ തീവ്രവാദി സാന്നിധ്യം: ഡിജിപി
ആലപ്പുഴ: കേരളത്തിന്റെ വനപ്രദേശങ്ങളില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. എന്നാല്‍ തീവ്രവാദികളുടെ പ്രവര്‍ത്തനവും പരിശീലനവും വ്യാപകമല്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പുമായി ചേര്‍ന്ന് തീവ്രവാദികളുടെ സാന്നിധ്യം തടയാന്‍ നടപടികള്‍ തുടങ്ങിയതായും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഗഢ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റ് ബന്ധമുള്ളവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവര്‍ നേരിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവുകളില്ല. നേരത്തെ കേരള-തമിഴ്നാട്-കര്‍ണ്ണാടക വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടു നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ആവശ്യപ്പെടുന്ന സമയത്ത് നാവികരെയും കപ്പലും ഹാജരാക്കാമെന്ന് ഇറ്റലി സര്‍ക്കാര്‍ സമ്മതിച്ച സാഹചര്യത്തിലാണ് കപ്പല്‍ എന്‍റിക ലെക്സി വിട്ടു നല്‍കാന്‍ കോടതി അനുവദിച്ചത്. സമന്‍സ് കിട്ടിയാല്‍ നാവികരെയും കപ്പലും ഹാജരാക്കാമെന്ന് സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.
ReplyDelete