Monday, May 14, 2012

പാര്‍ടികള്‍ക്ക് പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യം വേണം: യെച്ചൂരി


വര്‍ഷത്തില്‍ കുറഞ്ഞത് നൂറുദിവസം പാര്‍ലമെന്റ് ചേരുമെന്ന് ഉറപ്പാക്കി ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്ന് സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയകക്ഷികള്‍ക്ക് പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കണമെന്നും പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ യെച്ചൂരി ആവശ്യപ്പെട്ടു.

രണ്ട് ദശകമായി പാര്‍ലമെന്റ് ഒരിക്കല്‍ പോലും വര്‍ഷത്തില്‍ നൂറുദിവസം ചേര്‍ന്നിട്ടില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. 1992ല്‍ മാത്രം നൂറിനടുത്ത് എത്തി. 98 തവണ. 14-ാം ലോക്സഭ ആകെ ചേര്‍ന്നത് 332 ദിവസം മാത്രമാണ്. വാര്‍ഷിക ശരാശരി 66. ഇതില്‍ 24 ശതമാനം സമയവും ബഹളത്തെ തുടര്‍ന്ന് നഷ്ടമാവുകയും ചെയ്തു. ബ്രിട്ടനില്‍ വര്‍ഷം കുറഞ്ഞത് 160 തവണ പാര്‍ലമെന്റ് ചേരാറുണ്ട്. കൂടുതല്‍ തവണ ചേരാതെ ഭരണത്തിന്മേലുള്ള പാര്‍ലമെന്റിന്റെ ജാഗ്രത കാര്യക്ഷമമാകില്ല. വര്‍ഷത്തില്‍ കുറഞ്ഞത് നൂറുദിവസമെങ്കിലും പാര്‍ലമെന്റ് ചേരുമെന്നത് ഉറപ്പാക്കി ഭഭരണഘടനാഭേദഗതി കൊണ്ടുവരണം. പാര്‍ലമെന്റില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. 1952 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ആദ്യ പാര്‍ലമെന്റ് മുതല്‍ ഇതുവരെ അമ്പത് ശതമാനത്തിലേറെ ജനകീയവോട്ടുകളുടെ പിന്‍ബലത്തില്‍ ഒരു സര്‍ക്കാരും ഭരിച്ചിട്ടില്ല. അമ്പത് ശതമാനത്തിന് ഏറ്റവും അടുത്ത് എത്തിയത് 1984 ലെ രാജീവ്ഗാന്ധി സര്‍ക്കാരാണ്- 48.1 ശതമാനം. 36 ശതമാനം മാത്രം ജനകീയപിന്തുണയോടെ രാജ്യം അഞ്ചുവര്‍ഷം ഭരിച്ച സര്‍ക്കാരുകളുണ്ട്. ഈ പോരായ്മയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ട്.

ആനുപാതികപ്രാതിനിധ്യമെന്നത് ഗൗരവമായി പരിഗണിക്കണം. ഒരു വ്യക്തിക്ക് രണ്ട് വോട്ടാകാം. ഒന്ന് വ്യക്തിഗത സ്ഥാനാര്‍ഥിക്കും രണ്ടാമത്തേത് രാഷ്ട്രീയപാര്‍ടികള്‍ക്കും. ഇതുവഴി രാജ്യത്തിന്റെ വൈവിധ്യത്തിന് കോട്ടംതട്ടാതെ സൂക്ഷിക്കുകയുമാകാം. പാര്‍ടികള്‍ക്ക് കിട്ടുന്ന വോട്ടുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രാതിനിധ്യം നല്‍കാം. ഇതുവഴി വ്യക്തിഗത പ്രാതിനിധ്യവും രാഷ്ട്രീയപ്രാതിനിധ്യവുമാകും. 1928ല്‍ മോട്ടിലാല്‍ നെഹ്റു കമീഷന്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് വിസ്മൃതിയിലേക്ക് പോയി. രാജ്യത്ത് നീതിന്യായസംവിധാനത്തില്‍ സമഗ്രമായ പരിഷ്കാരവും ആവശ്യമാണ്. ഹൈക്കോടതികളിലും കീഴ്കോടതികളിലുമായി 3.2 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നതായി നിയമമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളത്. സുപ്രീംകോടതിയില്‍ അരലക്ഷത്തിലേറെ കേസുകള്‍ കെട്ടിക്കിടക്കുന്നു. രാജ്യത്ത് മൂന്നരലക്ഷത്തിലേറെ വിചാരണത്തടവുകാരുണ്ട്. ഇവരാരും കുറ്റക്കാരായി വിധിക്കപ്പെട്ടവരല്ല. വൈകിയെത്തുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്. മാധ്യമമേഖലയിലും മാറ്റങ്ങള്‍ ആവശ്യമാണ്. ആശയപ്രകാശനത്തിനുള്ള മൗലികാവകാശം നിലനിര്‍ത്തിത്തന്നെ മാധ്യമമേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരണം- യെച്ചൂരി പറഞ്ഞു.

deshabhimani 140512

1 comment:

  1. വര്‍ഷത്തില്‍ കുറഞ്ഞത് നൂറുദിവസം പാര്‍ലമെന്റ് ചേരുമെന്ന് ഉറപ്പാക്കി ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്ന് സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയകക്ഷികള്‍ക്ക് പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കണമെന്നും പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ യെച്ചൂരി ആവശ്യപ്പെട്ടു.

    ReplyDelete