Friday, May 16, 2014

ബിജെപിയെ പിന്തുണക്കില്ലെന്ന് കൂടുതല്‍ പാര്‍ടികള്‍

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി. മോഡിയുടെ മന്ത്രിസഭയിലേക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവുകൂടിയായ സുഷ്മ സ്വരാജ് പ്രഖ്യാപിച്ചു. സ്വന്തം പാര്‍ടിയിലെ കലാപം അടക്കാന്‍ ശ്രമം തുടരവെ എന്‍ഡിഎയില്‍ ചേരാന്‍ തങ്ങളില്ലെന്ന് കൂടുതല്‍ പ്രാദേശിക പാര്‍ടികള്‍ നിലപാടെടുത്തു. എഐഎഡിഎംകെയ്ക്കും ബിജു ജനതാദളിനും(ബിജെഡി) പിന്നാലെ തെലങ്കാന രാഷ്ട്രസമിതിയും(ടിആര്‍എസ്) ഡിഎംകെയും എന്‍സിപിയും ബിജെപിയെ പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും മോഡിയും നല്ല സുഹൃത്തുക്കളാണെന്ന് പ്രസ്താവിച്ച മുന്‍ രാജ്യസഭാംഗം മലൈസാമിയെ എഐഎഡിഎംകെ പുറത്താക്കി. ജയലളിത നേരിട്ടാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മലൈസാമിയെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത്. ബിജെപിയുമായി സഹകരിക്കാനുള്ള എഐഎഡിഎംകെയുടെ നീക്കത്തിന്റെ സൂചനയായി മലൈസാമിയുടെ പ്രസ്താവനയെ മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയലളിത തിടുക്കത്തില്‍ അച്ചടക്കനടപടി സ്വീകരിച്ചത്്. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതാണ് നല്ലതെന്ന് ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖരറാവുവിന്റെ മകളും പാര്‍ടി നേതാവുമായ കെ കവിത പറഞ്ഞു. യുപിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മൂന്നാംമുന്നണിക്ക് പിന്തുണനല്‍കും.

തെലങ്കാനയില്‍ ടിഡിപി-ബിജെപി സഖ്യത്തിന്റേതല്ലാത്ത ഏത് പാര്‍ടിയുടെ പിന്തുണയും സ്വീകരിക്കുമെന്നും കവിത അറിയിച്ചു. ഹിന്ദുത്വവര്‍ഗീയതയുടെ പ്രതിനിധിയായ ബിജെപിയെ ദീര്‍ഘകാലമായി ചെറുക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമാജ്വാദി പാര്‍ടി അറിയിച്ചു. കേന്ദ്രഭരണത്തില്‍ പങ്കുചേരാമെന്ന വ്യമോഹത്തിന്റെ പേരില്‍ ബിജെപിയുമായി സഹകരിക്കുന്നത് സ്വന്തം അടിത്തറ തകര്‍ക്കുമെന്ന തിരിച്ചറിവാണ് പ്രാദേശിക പാര്‍ടികള്‍ക്കുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ഐക്യജനതാദള്‍ (ജെഡിയു) പാര്‍ടികളും ബിജെപിയുമായി സഹകരിക്കാനാവില്ലെന്ന നിലപാടിലാണ്; പ്രത്യേകിച്ച് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍. ബിജെപിയിലെ ആഭ്യന്തരകലഹത്തെയും ഇതിനോട് ചേര്‍ത്തുവായിക്കണം.

എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സീറ്റിന്റെ എണ്ണം ഉദ്ദേശിക്കുന്നതിലും കുറഞ്ഞാല്‍ മോഡിക്കെതിരെ ശബ്ദം ഉയരുമെന്ന് ഉറപ്പാണ്. മോഡിതരംഗമുണ്ടെന്ന് പ്രചരിപ്പിച്ചിട്ടും സീറ്റ് കുറഞ്ഞാല്‍ ബിജെപിയിലെ മറ്റ് പ്രധാനമന്ത്രിമോഹികള്‍ രംഗത്തിറങ്ങും. എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, എന്നിങ്ങനെ നീളുന്നതാണ് പ്രധാനമന്ത്രിമോഹികളുടെ നിര. മോഡി മാറിനിന്നാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കാം എന്ന് പ്രാദേശികകക്ഷികള്‍ ആരെങ്കിലും നിലപാടെടുത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ബിജെപി നഷ്ടപ്പെടുത്തില്ല. 1990കളുടെ അവസാനം രഥയാത്രകളിലൂടെ ഹിന്ദുത്വവോട്ടുകള്‍ സമാഹരിച്ചത് എല്‍ കെ അദ്വാനിയാണ്; ഒടുവില്‍ പ്രധാനമന്ത്രിയായത് എ ബി വാജ്പേയിയും. ഈ സാഹചര്യത്തില്‍ ബിജെപിക്ക് ലഭിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാവുകയാണ്. ഉത്തര്‍പ്രദേശിലും മറ്റും ബിജെപി തരംഗം ഉണ്ടായാല്‍ മാത്രമേ മോഡിയുടെ മോഹം പൂവണിയൂ എന്നതാണ് നിലവിലുള്ള സാഹചര്യം.

സാജന്‍ എവുജിന്‍ deshabhimani

1 comment: