Friday, May 16, 2014

മനോരമ കാവിയണിഞ്ഞ് കര്‍സേവ തുടങ്ങി

ബിജെപിക്കും സംഘപരിവാറിനും സംശയം നീങ്ങിയിട്ടില്ല. പക്ഷേ, "മലയാള മനോരമയ്ക്ക്" ലവലേശമില്ല സംശയം. ജയിക്കുന്നത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുംതന്നെ. കഴിഞ്ഞ മൂന്നുദിവസമായി "പ്രതിശ്രുത പ്രധാനമന്ത്രി"യെ വാഴ്ത്താനുള്ള ഭ്രാന്തുപിടിച്ച ഓട്ടത്തിലാണ് മനോരമ. ബിജെപി മന്ത്രിസഭ രൂപീകരിക്കുന്നതിനുമുമ്പുതന്നെ മനോരമ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കാന്‍ തുടങ്ങി.

കോണ്‍ഗ്രസിനെ വഴിയിലുപേക്ഷിച്ച് പുതിയ രാഷ്ട്രീയ യജമാനനെ തേടിയുള്ള മനോരമയുടെ ഈ വേഷപ്പകര്‍ച്ചയ്ക്കു കാരണം സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 29ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ്. വിദേശബാങ്കില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ ലിസ്റ്റില്‍ മനോരമ കുടുംബാംഗത്തിന്റെയും പേരുണ്ടായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തുടര്‍നടപടികളെടുത്ത് ബുദ്ധിമുട്ടിക്കുമോ എന്ന ആശങ്ക മനോരമ റിപ്പോര്‍ട്ടുകളുടെ പ്രേരണയാണെന്നു സംശയിക്കുന്നു.

മെയ് 12ന് പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തില്‍ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളുടെ കൃത്യതയില്ലായ്മയും പൊള്ളത്തരവും തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുണ്ട്. തൊട്ടടുത്ത ദിവസം എക്സിറ്റ് പോളുകളുടെ വാര്‍ത്തയാണ് മനോരമ ലീഡാക്കിയത്. എക്സിറ്റ് പോളില്‍ ബിജെപി എന്നായിരുന്നു വാര്‍ത്ത. പ്രവചനം ശരിയായാല്‍ മോഡി പ്രധാനമന്ത്രിയാകുമെന്നും കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് പുറത്താകുമെന്നും ലീഡ് വാര്‍ത്തയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കിയെന്നും മനോരമ കണ്ടെത്തി. മെയ് 14ന്റെ പത്രത്തില്‍ മനോരമ കുറെക്കൂടി മുന്നോട്ടുപോയി. ബിജെപിയെ പിന്തുണയ്ക്കാന്‍ എഐഎഡിഎംകെയും ഡിഎംകെയും മുന്നോട്ടുവരുമെന്നായിരുന്നു മനോരമ സൂചിപ്പിച്ചത്. ജയലളിത പിന്തുണച്ചേയ്ക്കുമെന്ന സൂചന നരേന്ദ്രമോഡിക്ക് ബിജെപിയില്‍ കൂടുതല്‍ കരുത്തുനല്‍കുമെന്ന വാര്‍ത്തയാണ് മെയ് 15ന് നല്‍കിയത്. എന്നാല്‍, നരേന്ദ്രമോഡിയുമായി ജയലളിതയ്ക്ക് അടുപ്പമുണ്ടെന്നു പറഞ്ഞ എഐഎഡിഎംകെ നേതാവ് മലൈസ്വാമിയെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയ ജയലളിതയുടെ നടപടി ബിജെപിക്കുമാത്രമല്ല, മനോരമയ്ക്കും തിരിച്ചടിയായി.

ബിജെപി മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരായിരിക്കുമെന്ന റിപ്പോര്‍ട്ടും മനോരമ നല്‍കി. മുരളീമനോഹര്‍ ജോഷി ആഭ്യന്തരം നോട്ടമിടുന്നെന്നും മറ്റു പ്രമുഖ നേതാക്കള്‍ സുപ്രധാന വകുപ്പുകള്‍ക്കായി അണിയറശ്രമങ്ങള്‍ നടത്തുന്നുവെന്നുമായിരുന്നു വാര്‍ത്ത. ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച നടക്കുന്നെന്നും കണ്ടെത്തി. ബിജെപിക്ക് ഒറ്റയ്ക്കോ എന്‍ഡിഎ എന്ന നിലയിലോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ല എന്നാണ് ബിജെപി ദേശീയനേതൃത്വവും സംഘപരിവാറും കാണുന്നത്. മറ്റു പാര്‍ടികളെ ഒപ്പം കൂട്ടാനുള്ള ശ്രമവും അവര്‍ നടത്തുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതോടെ ഇതുവരെയുള്ള വേഷംമാറ്റി കാവിയണിഞ്ഞ് മനോരമ തിരക്കിട്ട "കര്‍സേവ" ആരംഭിച്ചുകഴിഞ്ഞു.

deshabhimani

No comments:

Post a Comment