Sunday, May 18, 2014

പരസ്പരം പഴിചാരി യുഡിഎഫ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലുണ്ടായ ദയനീയ തോല്‍വിയെച്ചൊല്ലി യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മിലും കക്ഷികള്‍ക്കകത്ത് നേതാക്കള്‍ തമ്മിലും പഴിചാരല്‍ തുടങ്ങി. രോഷാകുലരായ കോണ്‍ഗ്രസുകാര്‍ ബിഷപ് ഹൗസ് അക്രമിക്കാന്‍പോലും മടികാണിക്കാത്തത് പരാജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുതയാണ് കാണിക്കുന്നത്. കെപിസിസി അഴിച്ചുപണിയണമെന്നു പറഞ്ഞ് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എയാണ് ആദ്യമായി രംഗത്ത് എത്തിയത്. എന്നാല്‍, പരസ്യമായ ചര്‍ച്ചയ്ക്കില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഒഴിഞ്ഞുമാറി.

ഇടുക്കിയിലെ തോല്‍വിയില്‍ തങ്ങളെ ആരും പഴിചാരേണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചത്. പരാജയത്തിന്റെ കുറ്റം തന്റെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്ന് ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസും പറഞ്ഞു. ഇതിനിടയിലാണ് ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടുക്കി ബിഷപ്് ഹൗസിന് നേരെ ബോംബെറിഞ്ഞത്. പൊന്നാനിയിലെ ഭൂരിപക്ഷം കുറഞ്ഞത് മുസ്ലിംലീഗിനെ ചൊടിപ്പിച്ചു. കോണ്‍ഗ്രസ് കാലുവാരിയെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പരാജയകാരണങ്ങള്‍ പരിശോധിക്കുമെന്നും ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

ചാലക്കുടിയിലും തൃശൂരിലും തോറ്റ സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടി. ചാലക്കുടിയില്‍നിന്ന് തന്നെ മാറ്റിയതുകൊണ്ട് പാര്‍ലമെന്റില്‍ എത്താനുള്ള അവസരം നഷ്ടമായെന്നാണ് തൃശൂരില്‍ തോറ്റ കെ പി ധനപാലന്‍ പറഞ്ഞത്. എന്നാല്‍, മണ്ഡലം വച്ചുമാറിയത് താന്‍ പറഞ്ഞിട്ടല്ലെന്നും പാര്‍ടി തീരുമാനപ്രകാരമാണെന്നുമാണ് ചാലക്കുടിയില്‍ തോറ്റ പി സി ചാക്കോയുടെ പ്രതികരണം. എം പി വീരേന്ദ്രകുമാറിനുണ്ടായ ദയനീയപതനം വീരന്‍ ജനതയെ ചൊടിപ്പിച്ചിട്ടുണ്ട്്. വീരനെ വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് അവരുടെ പരിഭവം. കണ്ണൂരില്‍ കെ സുധാകരന്റെ തോല്‍വിയും വടകരയിലെ നിറംകെട്ട വിജയവും കോണ്‍ഗ്രസിനകത്ത് തര്‍ക്കം മൂക്കാനിടയാക്കും.

വടകരയില്‍ ലീഗുകാര്‍ കാലുവാരിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയുണ്ട്. കണ്ണൂരില്‍ പി രാമകൃഷ്ണനെതിരെയാണ് സുധാകരന്‍ വിരല്‍ചൂണ്ടുന്നത്. വയനാട് ജില്ലയില്‍ ലീഗ് വോട്ടും കോണ്‍ഗ്രസ് വോട്ട് പൂര്‍ണമായും കിട്ടിയില്ലെന്ന് എം ഐ ഷാനവാസും പരാതിപ്പെടുന്നു. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം കിട്ടിയില്ലെന്നതും 20ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ചചെയ്തേക്കും. നിലവാരമില്ലെന്നു പറഞ്ഞ് അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെ ചൊല്ലിയുള്ള രൂക്ഷമായ ഭിന്നത ചര്‍ച്ചചെയ്യാനാണ് യുഡിഎഫ് യോഗം ചേരുന്നത്.

അതോടൊപ്പം നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചചെയ്യും. ഈ രണ്ട് വിഷയത്തിലും കെപിസിസിയും സര്‍ക്കാരും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലാണ്. രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ പിടിച്ചുനിന്നത് തന്റെ ഭരണശൈലിയാണെന്നു പറഞ്ഞ് അധികാരത്തില്‍ പിടിമുറുക്കാനും തര്‍ക്കവിഷയങ്ങളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായേക്കും. ഇത്തരം അവസരങ്ങളില്‍ സുധീരന്‍ എന്ത് നിലപാടെടുക്കുമെന്നതും ഇനി നിര്‍ണായകമാണ്.

തകര്‍ന്നടിഞ്ഞ കേന്ദ്രനേതൃത്വം കാര്യങ്ങളില്‍ അധികം ഇടപെടാനും ഇടയില്ല. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി പ്രസിഡന്റ് സുധീരന് ഭരണത്തില്‍ ഇടപെടാനുള്ള കരുത്തും ചോര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി നിര്‍വാഹക സമിതിയുടെ വിപുലമായ യോഗം 29ന് ചേരും.

deshabhimani

No comments:

Post a Comment