അഗര്‍ത്തല: ഒരു തരംഗത്തിലും ഉലയാതെ ത്രിപുരയിലെ ജനത ചുവപ്പുകോട്ട കാത്തു. സിപിഐ എം ആകെയുള്ള രണ്ടു സീറ്റും നിലനിര്‍ത്തിയ ഇടതുകോട്ടയില്‍ റെക്കോഡ് ഭൂരിപക്ഷവും വോട്ട് ശരാശരിയും സ്വന്തമാക്കിയാണ് സ്ഥാനാര്‍ഥികള്‍ ചരിത്രവിജയം കുറിച്ചത്. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഫലം പ്രഖ്യാപിച്ചിരുന്നില്ല. മുന്‍ വ്യവസായ-വാണിജ്യ മന്ത്രി ജിതേന്ദ്രചൗധരി അഞ്ചു ലക്ഷത്തോളം വോട്ടിന്റെ മൃഗീയഭൂരിപക്ഷം നേടിയാണ് ഈസ്റ്റ് ത്രിപുര പിടിച്ചടക്കിയത്.
ഏഴുതവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച അനുഭവപരിചയവുമായി രംഗത്തെത്തിയ ജിതേന്ദ്രചൗധരിക്കു മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സചിത്ര ദേബ് ബര്‍മ നിഷ്പ്രഭനായി. ട്രേഡ്യൂണിയന്‍ നേതാവ് ശങ്കര്‍പ്രസാദ് ദത്ത വെസ്റ്റ് ത്രിപുര സീറ്റില്‍ അഞ്ചുലക്ഷത്തിലധികം വോട്ടിനാണ് എതിരാളിയും ത്രിപുര സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലറുമായ അരുണോദയ് സാഹയെ തറപറ്റിച്ചത്. മൊത്തം വോട്ടിന്റെ 64 ശതമാനവും സിപിഐ എം സ്വന്തമാക്കി.
2009ല്‍ ഈസ്റ്റ് ത്രിപുര മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി ബാജു ബാന്‍ റിയാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിബാചന്ദ്ര ഹരാങ്ക്ഹാളിനെ മൂന്നുലക്ഷത്തോളം വോട്ടിനും വെസ്റ്റ് ത്രിപുരയില്‍ ഖഗന്‍ ദാസ് കോണ്‍ഗ്രസിന്റെ സുദീപ് ബര്‍മനെ രണ്ടരലക്ഷത്തോളം വോട്ടിനും പരാജയപ്പെടുത്തിയിരുന്നു.
deshabhimani
No comments:
Post a Comment