Saturday, May 17, 2014

സ്വതന്ത്രരുടെ വിജയം: വിമര്‍ശങ്ങള്‍ക്ക് മറുപടി

സ്വതന്ത്രരെ സ്ഥാനാര്‍ഥികളാക്കിയതിനെതിരെ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ക്കുള്ള മറുപടികൂടിയാകുകയാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്. വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേരെയാണ് സിപിഐ എം സ്ഥാനാര്‍ഥികളായി അണിനിരത്തിയത്. ഇതില്‍ രണ്ടു പേര്‍ മികച്ച വിജയം കൊയ്തപ്പോള്‍ മൂന്നുപേര്‍ ശക്തമായ പോരാട്ടത്തിലൂടെ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയതായി വോട്ടിങ് നില സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രമന്ത്രി എ കെ ആന്റണിമുതല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍വരെ സിപിഐ എമ്മിനെതിരെ ആക്ഷേപവുമായി രംഗത്തിറങ്ങിയിരുന്നു. അവര്‍ക്കുള്ള മറുപടിയായി തെരഞ്ഞെടുപ്പു ചിത്രം പ്രശസ്ത ചലച്ചിത്ര നടന്‍ ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരരംഗത്ത് ഇറക്കിയതിനെതിരെ ആക്ഷേപം കലര്‍ന്ന വിമര്‍ശമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉന്നയിച്ചത്.

കോണ്‍ഗ്രസിന്റെ ദേശീയനിരയില്‍ ശ്രദ്ധേയനായ പി സി ചാക്കോയെ ഇന്നസെന്റ് മുട്ടുകുത്തിച്ചപ്പോള്‍, അദ്ദേഹത്തിനെതിരായ വിമര്‍ശം പരാജയഭീതിയില്‍നിന്നായിരുന്നെന്ന് തെളിയുന്നു. കഴിഞ്ഞ തവണ ചാലക്കുടിയില്‍ കെ പി ധനപാലന്‍ 71,679 വോട്ടിനാണ് ജയിച്ചത്. സിപിഐ എം സ്വതന്ത്രനായി രംഗത്തിറങ്ങിയ ഇന്നസെന്റാകട്ടെ 13,884 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇടുക്കിയില്‍ എല്‍ഡിഎഫിനുവേണ്ടി രംഗത്തിറങ്ങിയ അഡ്വ. ജോയിസ് ജോര്‍ജിനെതിരെ യുഡിഎഫ് നേതാക്കള്‍ കൂട്ട ആക്രമണമാണ് നടത്തിയത്. മലയോരജനതയുടെ അകമഴിഞ്ഞ പിന്തുണയോടെ മത്സരരംഗത്ത് നിലയുറപ്പിച്ച ജോയിസ് ജോര്‍ജ് എതിരാളികളെ അലോസരപ്പെടുത്തിയത് എന്തുകൊണ്ടായിരുന്നുവെന്നതിന്് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം തെളിവാണ്. കോണ്‍ഗ്രസിലെ പി ടി തോമസ് 2009ല്‍ 74,796 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇടുക്കിയില്‍ വിജയിച്ചത്. ജോയിസ് ജോര്‍ജിന് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എറണാകുളത്ത് സിപിഐ എം സ്വതന്ത്രനായ ക്രിസ്റ്റി ഫെര്‍ണാണ്ടസും കേന്ദ്രമന്ത്രി കെ വി തോമസിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. പൊന്നാനിയിലെ സിപിഐ എം സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിനെ വെള്ളം കുടിപ്പിച്ച മത്സരമാണ് അദ്ദേഹം കാഴ്ചവച്ചത്.

2009ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ 82,684 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇക്കുറി ഭൂരിപക്ഷത്തില്‍ അരലക്ഷത്തില്‍പ്പരം വോട്ട് കുറയ്ക്കാന്‍ അബ്ദുറഹ്മാന് കഴിഞ്ഞു. പത്തനംതിട്ടയില്‍ എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസ് സിപിഐ എം സ്വതന്ത്രന്‍ എന്ന നിലയില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്. കഴിഞ്ഞ തവണ ആന്റോ ആന്റണി 1.11 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇത്തവണ ഭൂരിപക്ഷം 56,191 ആയി കുറഞ്ഞു. 1957 മുതല്‍ പല തെരഞ്ഞെടുപ്പുകളിലും വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ സ്വതന്ത്രരായി മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍ എന്നിവര്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്നു. പ്രൊഫ. എം കെ സാനു, ടി കെ ഹംസ എന്നിങ്ങനെ ഇവരുടെ നിര നീണ്ടതാണ്. വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ചുട്ടമറുപടിയായി ഈ തെരഞ്ഞെടുപ്പിലെ ചിത്രം തെളിഞ്ഞുനില്‍ക്കുന്നു.

deshabhimani

No comments:

Post a Comment